Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightപ്രിയനും ലാലിനും ഒപ്പം...

പ്രിയനും ലാലിനും ഒപ്പം പ്രേക്ഷകര്‍

text_fields
bookmark_border
പ്രിയനും ലാലിനും ഒപ്പം പ്രേക്ഷകര്‍
cancel

മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചപ്പോഴൊക്കെ മലയാളത്തില്‍ ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. ചിത്രവും തേന്മാവിന്‍ കൊമ്പത്തും പോലുള്ള മെഗാഹിറ്റുകള്‍. ഇടക്കാലത്ത് ബോളിവുഡില്‍ ചേക്കേറിയപ്പോള്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കാനായില്ല. വല്ലപ്പോഴൂം വന്ന് ചെയ്തു പോവുന്ന സിനിമകളാവട്ടെ തിയറ്ററില്‍ പച്ചപിടിച്ചതുമില്ല. മലയാള സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് ബോളിവുഡിലെ വലിയ സംവിധായകനായി മാറാന്‍ പ്രിയദര്‍ശന് എളുപ്പം കഴിഞ്ഞു. ഹിന്ദിയില്‍ മാത്രം 26 സിനിമകളാണ് പ്രിയദര്‍ശന്‍ ചെയ്തത്. ഡേവിഡ് ധവാന്‍ കഴിഞ്ഞാല്‍ ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത സംവിധായകനാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകരില്‍ ഒരാള്‍ എന്ന് ഫിലിംഫെയര്‍.


കച്ചവട സിനിമകളുടെ ചേരുവ നന്നായി അറിയാവുന്ന ആളാണ്. കുറച്ച് ചിരിയും പാട്ടും നൃത്തവുമൊക്കെയായി പ്രേക്ഷകരെ രസിപ്പിച്ചിരുത്തുക എന്നതില്‍ കവിഞ്ഞ ഉദ്ദേശ്യമൊന്നും പ്രിയദര്‍ശനില്ല. ഒടുവിലായി പ്രിയനും മോഹന്‍ലാലും ഒരുമിച്ച അറബീം ഒട്ടകവും പി. മാധവന്‍ നായരും, ഗീതാഞ്ജലി എന്നീ സിനിമകള്‍ക്ക് തിയറ്റില്‍ തണുത്ത പ്രതികരണമാണ് കിട്ടിയത്. ജയസൂര്യയെ നായകനാക്കിയ ആമയും മുയലും പോയ വഴി ആരും കണ്ടതുമില്ല. എന്നാല്‍ ‘ഒപ്പം’ ആ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് തിയറ്ററില്‍ കാണുന്നത്. പ്രേക്ഷകര്‍ പ്രിയദര്‍ശനെ കൈയൊഴിഞ്ഞിട്ടില്ലെന്ന് തിയറ്ററിലെ ആരവങ്ങള്‍ പറയുന്നു. നിങ്ങള്‍ പ്രിയദര്‍ശന്‍െറയും മോഹന്‍ ലാലിന്‍െറയും ആരാധകനാണെങ്കില്‍, തീര്‍ച്ചയായും ഒപ്പം ഇഷ്ടപ്പെടും. അതല്ലാതെ ഒരു പുതുമയും ഈ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കരുത്. യുക്തിയെ പരണത്തുവെച്ചിട്ടു വേണം ഈ സിനിമ കാണാന്‍. സംഭവം ഒരു ക്രൈംത്രില്ലര്‍ ഒക്കെയാണെങ്കിലും സസ്പെന്‍സ് ഒന്നും പ്രതീക്ഷിക്കേണ്ട. കൊന്നയാളെ കൊല നടന്ന നിമിഷം തന്നെ കാണിക്കുന്നുണ്ട്. അയാളുടെ ലക്ഷ്യം എന്താണെന്ന് വിശദീകരിക്കുന്നുണ്ട്. അതിന്‍െറ കാരണങ്ങളും.


മോഹന്‍ലാല്‍ ആദ്യമായി അന്ധനായി അഭിനയിക്കുന്നുവെന്നതാണ് ചിത്രത്തിന്‍െറ പ്രത്യേകത. അന്ധനാണ് എന്നേയുള്ളൂ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണി അവതരിപ്പിച്ചതുപോലെ ഒരു വേഷമല്ല. ലാല്‍ അവതരിപ്പിക്കുന്ന ജയരാമന് ശബ്ദം കൊണ്ടും ഗന്ധംകൊണ്ടും സ്പര്‍ശം കൊണ്ടും എല്ലാം തിരിച്ചറിയാം. എന്തിന് ഒരു തവണ മാത്രം സാമീപ്യ മറിഞ്ഞ പ്രതിയോഗിയുടെ മണം കൊണ്ട് അയാളുടെ സാന്നിധ്യം അയാള്‍ തിരിച്ചറിയുന്നുണ്ട്. പലയിടത്തും ജയരാമന്‍ സഹതാപമുണര്‍ത്തുന്ന കഥാപാത്രമാണ്. ഒരു കൊലപാതകത്തിന് അയാള്‍ സാക്ഷിയാവേണ്ടി വരുന്നു. കൊലയാളിയെ കണ്ടെത്തിയില്ലെങ്കില്‍ അയാളില്‍ കുറ്റം ചുമത്തപ്പെടുന്ന അവസ്ഥ. പക്ഷേ അവിടെ ജയരാമന്‍ എന്ന നിസ്സഹായനായ കഥാപാത്രത്തെ മോഹന്‍ലാല്‍ എന്ന നടന്‍ കീഴ്പ്പെടുത്തിക്കളയുന്നു. മോഹന്‍ലാലിന്‍െറ ആരാധകര്‍ക്കു വേണ്ടി ജയരാമന്‍ അതിമാനുഷനാവുന്നു. അന്ധനായ അയാള്‍ ഇരുട്ടുമുറിയില്‍ തന്നെ അടച്ച നാലഞ്ചു പോലീസുകാരെ നിഷ്പ്രയാസം കീഴ്പ്പെടുത്തുന്നു. വാതിലുകള്‍ അടയ്ക്കരുത് എന്നു പറഞ്ഞത് നിങ്ങള്‍ പേടിച്ചോടുമ്പോള്‍ നിങ്ങള്‍ക്ക് പോകാനൊരു വഴിയില്ലാതാവും എന്നു വിചാരിച്ചിട്ടാണ് എന്നു പറഞ്ഞ് ജയരാമന്‍ അവരെ എതിരിടുമ്പോള്‍ ആ കഥാപാത്രം വേറെ ഒരാളാവുന്നു. അതുവരെ അയാളോട് നമുക്കു തോന്നിയ സഹതാപം, ആ കഥാപാത്രത്തിന്‍റെ അവസ്ഥകളില്‍ തോന്നിയ വിഷമം ഒക്കെ ഇല്ലാതാവും. കഥയിലെ ഇത്തരം ഒത്തുതീര്‍പ്പുകളാണ് കഥാപാത്രത്തെ നിര്‍വീര്യമാക്കുന്നത്.


നിങ്ങള്‍ ഒരു അന്ധനായിട്ടും നിങ്ങളെ എന്തുകൊണ്ട് അയാള്‍ ഇതുവരെ കീഴ്പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് അത് എളുപ്പമല്ല എന്ന് അയാള്‍ക്കറിയാം എന്ന് ജയരാമന്‍ പറയുന്നുണ്ട്. നരസിംഹത്തിലെയും ആറംതമ്പുരാനിലെയും ആത്മാരാധകനായ ആ അതിമാനുഷന്‍ തന്നെ ഇവിടെ ജയരാമന്‍. അതിന്‍െറ അളവിലും തുക്കത്തിലും അല്‍പം വ്യത്യാസം കാണുന്നുവെന്നു മാത്രം. തന്നത്തെന്നെ പുകഴ്ത്തി ആനന്ദംകൊള്ളുന്ന നാര്‍സിസിസ്റ്റ് ആയ കഥാപാത്രങ്ങളുടെ മുന്‍മാതൃക അതേപടി ആവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ചിത്രത്തിന് ഈ സ്വീകാര്യത കിട്ടുകയില്ലായിരുന്നു. ദൃശ്യം എന്ന ചിത്രത്തില്‍ ലാലിന്‍െറ കഥാപാത്രത്തെ പൊലീസുകാര്‍ ചവിട്ടിമെതിക്കുന്ന രംഗമുണ്ട്. അവിടെ ലാല്‍ കഥാപാത്രമായി തന്നെ നില്‍ക്കുകയായിരുന്നു. ആ നിസ്സഹായത നമുക്ക് അനുഭവിക്കാനായി. സൂപ്പര്‍താരം കഥാപാത്രത്തിനു മീതെ വളര്‍ന്ന് പൊലീസുകാരെ അടിച്ചൊതുക്കിയിരുന്നെങ്കില്‍ നമുക്ക് ദൃശ്യം എന്ന സിനിമ തന്നെ അതേ അളവില്‍ ആസ്വദിക്കാന്‍ പറ്റുമായിരുന്നില്ല. അതുകൊണ്ട് അന്ധനായ ജയരാമന്‍െറ ഒറ്റയാള്‍ പോരാട്ടത്തില്‍ നാലഞ്ചുപേര്‍ തെറിച്ചുവീഴുന്നതു കാണുമ്പോള്‍ ഉണ്ടാവുന്ന കല്ലുകടി ചെറുതല്ല. ആ കല്ലിന് ഇമ്മിണി വലുപ്പമുണ്ട്.


യുക്തിബോധം ഒട്ടുംതന്നെ പ്രവര്‍ത്തിപ്പിക്കാതെ അടങ്ങിയിരുന്നു വേണം ഈ സിനിമ കാണാന്‍. എന്നാലേ നിങ്ങള്‍ക്ക് ഈ ചിത്രം ആസ്വദിക്കാനാവൂ. ഒരു ആഡംബര ഫ്ലാറ്റിലാണ് കൊല നടക്കുന്നത്. പക്ഷേ അവിടെ സി.സി ടിവിയില്ല എന്നത് വിചിത്രമായി തോന്നും. ഉണ്ടായിട്ടും പ്രവര്‍ത്തിക്കുന്നില്ല, അല്ളെങ്കില്‍ കൊലക്കു മുമ്പ് കൊലയാളി അത് പ്രവര്‍ത്തനരഹിതമാക്കി എന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ തന്നെ അത് പ്രേക്ഷകരുടെ യുക്തിബോധത്തോടുള്ള ബഹുമാനമായി മാറിയേനെ. വില്ലന് നായകനെ നിഷ്പ്രയാസം കീഴ്പ്പെടുത്താവുന്ന നിരവധി രംഗങ്ങള്‍ നാം കാണുന്നുണ്ട്. പക്ഷേ അതൊന്നും വില്ലന്‍ ഉപയോഗിക്കുന്നില്ല. കണ്ണും കാഴ്ചയുമുള്ളവരെപ്പോലും തെളിവില്ലാതെ കൊന്നൊടുക്കിയ കൊടും വില്ലനാണ്. നാടു നീളെ അയാള്‍ കൊല നടത്തിയിട്ടും എല്ലാ കൊലയിലും ഇരയുടെ ചൂണ്ടുവിരല്‍ മുറിച്ചെറിഞ്ഞിട്ടും പോലീസിന് കൊലയാളിയെപ്പറ്റി ഒരു തുമ്പും കിട്ടുന്നുമില്ല. ജസ്റ്റിസ് കൃഷ്ണമുര്‍ത്തി എന്തിനാണ് ആ ഫ്ലാറ്റിലെ എല്ലാവരും ഒത്തുകൂടുന്ന കല്യാണച്ചടങ്ങില്‍ പങ്കെടുക്കാതെ ഫ്ലാറ്റിലിരുന്നത് എന്നതിനും വിശദീകരണമില്ല. അയാള്‍ ഉന്നതങ്ങളില്‍ പിടിപാടുള്ളയാളാണ്.  അടുത്ത ഉന്നം താനാണ് എന്ന് അയാള്‍ ജയരാമനോട് പറയുന്നുണ്ട്. എന്നിട്ടും പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നില്ല.


സിനിമ തുടങ്ങി ആദ്യത്തെ അരമണിക്കൂറോളം ഇതൊരു ഫാമിലി ഡ്രാമയാണ് എന്നു നാം വിചാരിക്കും. ക്രൈം ത്രില്ലറായി മാറുന്നതിനു മുമ്പ് കുറേ ക്ലീഷേ കുടുംബദൃശ്യങ്ങളിലൂടെ കടന്നുപോവുന്നുണ്ട് ഈ സിനിമ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തറവാട്ടിലെ വല്യേട്ടനാണ് ജയരാമന്‍. നമ്മുടെ സ്ഥിരം വല്യേട്ടന്‍ സിനിമകളിലെ പോലെ തന്നെ ക്ളീഷേ കഥാപാത്രം. അയാള്‍ കുടുംബത്തിന്‍െറ ഭാരം മുഴുവന്‍ സ്വന്തം ചുമലില്‍ ഏറ്റെടുക്കുന്നു. മറ്റുള്ളവര്‍ അത് തിരിച്ചറിയുന്നതേയില്ല. അനുജന്‍ ഇടക്കിടെ വന്ന് കുത്തുവാക്കുകള്‍ പറയുകയും വഴക്കിട്ടുപോവുകയും ചെയ്യുന്നു. അനിയത്തിയുടെ വിവാഹം നടത്താനുള്ള പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് അയാള്‍. അതിനായി സ്വന്തമായുള്ള കട അയാള്‍ പിള്ളച്ചേട്ടനു വില്‍ക്കുന്നുമുണ്ട്. അത് ത്യാഗമാണ്. അതുകൊണ്ട് ആരെയും അറിയിക്കുന്നുമില്ല. എണ്‍പതുകളിലെ സിനിമകളിലെപ്പോലെ തന്നെ സഹോദരിയുടെ വിവാഹം കഴിക്കാന്‍ ഒരു സഹോദരന്‍ പെടുന്ന കഷ്ടപ്പാടുകളാണ് നാം കാണുന്നത്. ഇത്ര വലിയ ഭാരമാണോ ഇക്കാലത്തും കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ന് പ്രിയദര്‍ശനോട് ആരും ചോദിച്ചുപോവും. ഇതോടൊപ്പം ഇറങ്ങിയ ഊഴം എന്ന ചിത്രത്തിലും കണ്ടു, മകളുടെ വിവാഹം നടത്താനുള്ള കഷ്ടപ്പാടുകളെപ്പറ്റി വാചാലനാവുന്ന ഒരു അച്ഛനെ. ക്ലീഷേയായ കഥാസന്ദര്‍ഭങ്ങളെ അതേപടി തുടരുന്നതാണ് ഇങ്ങനെ സാമൂഹിക യാഥാര്‍ഥ്യത്തിനു നിരക്കാത്ത കഥാഗതികളും സന്ദര്‍ഭങ്ങളും വരാന്‍ കാരണം.


മോഹന്‍ലാല്‍ എന്ന പ്രതിഭയെ സംബന്ധിച്ചിടത്തോളം അനായാസമായി അഭിനയിപ്പിച്ചുഫലിപ്പിക്കാവുന്ന സാധാരണ കഥാപാത്രമാണ് ജയരാമന്‍. അത് അദ്ദേഹം അതിമനോഹരമായി ചെയ്തിട്ടുമുണ്ട്. ശിക്കാറിനും ശേഷം സമുദ്രക്കനി മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് ഈ ചിത്രത്തില്‍. പശുപതിയെ ഊഴത്തില്‍ നാം കണ്ടു. സമുദ്രക്കനിയെ ഒപ്പത്തിലും. തമിഴിലെ മികച്ച കാരക്ടര്‍ നടന്മാരെ മലയാള സിനിമ ഉപയോഗപ്പെടുത്തുന്നതില്‍ സന്തോഷം. അവരെ പതിവു വില്ലന്മാരായി ഒതുക്കാതിരുന്നാല്‍ അത്രയും നല്ലത്. പി. കൃഷ്ണപ്പിള്ളയായി വേഷമിട്ട വസന്തത്തിന്‍െറ കനല്‍വഴികളും നക്സലൈറ്റായി വേഷമിട്ട ശിക്കാറുമാണ് സമുദ്രക്കനിയുടെ മലയാളത്തിലെ മിന്നുന്ന പ്രകടനങ്ങള്‍. ‘ഒപ്പ’ത്തില്‍ പക്ഷേ ആ പ്രതിഭയുടെ കഴിവ് ഉപയോഗപ്പെടുത്താന്‍ മാത്രമുള്ള കഥാപാത്രമൊന്നുമല്ല കൊടുത്തിരിക്കുന്നത്.


‘‘ഒരു പട്ടിയെ വാങ്ങുമ്പോള്‍ പെഡിഗ്രി നോക്കിയാണ് വാങ്ങുക, അതുപോലെ പെഡിഗ്രി നോക്കിയിട്ടു വേണം കുടുംബത്തിലെ കല്യാണം നിശ്ചയിക്കാന്‍’’ എന്ന് ജസ്റ്റിസ് കൃഷ്ണമൂര്‍ത്തി പറയുന്നുണ്ട്. പെഡിഗ്രി എന്നു പറഞ്ഞാല്‍ കുലമഹിമ, ആഭിജാത്യം എന്നൊക്കെ അര്‍ഥം. ഒരു പഞ്ചാബി പെണ്‍കുട്ടിയും മലയാളി യുവാവും തമ്മിലുള്ള പ്രണയത്തിന്‍െറ മധ്യസ്ഥനായാണ് കൃഷ്ണമൂര്‍ത്തി അതു പറയുന്നത്. പറയുന്നത് കൃഷ്ണമൂര്‍ത്തി എന്ന ബ്രാഹ്മണനാണ്. ആ സംഭാഷണമെഴുതിയ പ്രിയദര്‍ശന്‍െറ മനസ്സ് ഏതു പക്ഷത്തു നില്‍ക്കുന്നുവെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാവും. ഒരു ഫ്ലാറ്റിലെ രണ്ടുപേര്‍ തമ്മിലുള്ള പ്രണയത്തില്‍ ഫ്ലാറ്റ് അസോസിയേഷന് എന്തു കാര്യം എന്നൊക്കെ ചിത്രം കാണുന്ന ആരും ചോദിച്ചുപോവും. സമീപകാലത്ത് കാവ്യഭംഗിയാര്‍ന്ന വരികള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഗാനരചയിതാവാണ് ബി.കെ ഹരിനാരായണന്‍. ഒപ്പത്തിലെ മിനുങ്ങും മിന്നാ മിനുങ്ങേ എന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. തമിഴ് ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി കാമറ ചലിപ്പിക്കുന്ന എന്‍.കെ ഏകാംബരം ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഹിന്ദി ചിത്രങ്ങളില്‍നിന്ന് മലയാളി കടമെടുത്ത കല്യാണ ദിവസമുള്ള പാട്ടും ഡാന്‍സും ചിത്രത്തിലുണ്ട്. ഒരു പഞ്ചാബി-മലയാളി കല്യാണത്തിന്‍െറ പശ്ചാത്തലത്തില്‍. നിറങ്ങള്‍ വാരിവിതറിയുള്ള ആ ഗാനരംഗത്തില്‍ പ്രിയദര്‍ശന്‍െറ കൈയൊപ്പു കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlaloppampriyadarshanVimala Raman
Next Story