Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightമൗഗ്ളിയുടെ...

മൗഗ്ളിയുടെ അതിജീവനങ്ങള്‍

text_fields
bookmark_border
മൗഗ്ളിയുടെ അതിജീവനങ്ങള്‍
cancel

വിക്രിയ കാട്ടിയ കുട്ടിച്ചാത്തന്‍ നീട്ടിപ്പിടിച്ച ഐസ്ക്രീമില്‍നിന്ന് ഊര്‍ന്നുവീണ ചെറിപ്പഴം കണ്ട് തിയറ്ററിലെ ഇരുട്ടിലിരുന്ന് അറിയാതെ നാവ് നീട്ടിപ്പോയ അന്നത്തെയാ കുട്ടികള്‍ക്ക് ഇപ്പോള്‍ വയസ്സ് നാല്‍പത് കഴിഞ്ഞിട്ടുണ്ടാവും. അന്ധതയുടെ ഇരുട്ടറയില്‍നിന്ന് ഒരു കടവാവലായി ആ കുട്ടിച്ചാത്തന്‍ അകലത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പറന്നുപോയപ്പോള്‍ അന്ന് കണ്ണീരണിഞ്ഞവര്‍ക്ക് ഇന്ന് മൗഗ്ളിയെന്ന ബാലന്‍ ഷേര്‍ഖാന്‍റെ കോന്ത്രന്‍ പല്ലുകളില്‍നിന്ന് ജീവനുവേണ്ടി പരക്കംപായുമ്പോള്‍ മൂന്നു പതിറ്റാണ്ടുമുമ്പത്തെ ആ കൈ്ളമാക്സ് ഓര്‍ത്ത് നെടുവീര്‍പ്പ് വന്നിട്ടുണ്ടാവണം.തിര വിസ്മയങ്ങളില്‍ എന്നും അതിശയമായി അനുഭവപ്പെടുന്ന ത്രിമാനത്തിന്‍െറ സാധ്യതകളിലൂടെ റുഡ്യാര്‍ഡ് കിപ്ളിങ്ങിന്‍െറ ‘ദ ജംഗിള്‍ ബുക്ക്’ 3 കെ പ്രൊജക്ഷന്‍െറ കാലത്തിരുന്ന് കാണുമ്പോള്‍ പല തലമുറകള്‍ പല രീതിയില്‍ വായിച്ച കഥകളുടെ പ്രായഭേദമില്ലാത്ത അനുഭവമായി മാറുകയാണ്.

ഒട്ടു മിക്ക ഭാഷകളിലും ബാലസാഹിത്യത്തിന്‍െറ ചുമരില്‍ പതിഞ്ഞ ചിത്രമാണ് ബഗീര കരിമ്പുലിയുമായി ചങ്ങാത്തം കൂടി നടക്കുന്ന, ബാലു കരടിയുടെ മാറില്‍ തല ചായ്ച്ച് ഉറങ്ങുന്ന ചപ്രത്തലമുടിക്കാരന്‍ മൗഗ്ളി എന്ന ബാലന്‍. ചത്രകഥയായി മൗഗ്ളിയെ വായിച്ചനുഭവിച്ചവരെയും പോഗോ മുതല്‍ കൊച്ചു ടി.വി വരെ കണ്ടുവളര്‍ന്ന ബാല്യങ്ങളെയും ഒരേപോലെ ഈ അവധിക്കാലത്ത് പച്ചയില്‍ ഇരുണ്ട കാടിന്‍റെ വന്യത സ്വന്തം സ്വീകരണ മുറിപോലെ ചേര്‍ത്തുനിര്‍ത്തുന്നു വാള്‍ട്ട് ഡിസ്നി പിക്ചേഴ്സിന്‍െറ ‘ദ ജംഗിള്‍ ബുക്ക്’.

മൂന്നാമത്തെ തവണയാണ് ഡിസ്നി പിക്ചേഴ്സ് മൗഗ്ളിയെ സില്‍വര്‍ സ്ക്രീനില്‍ എത്തിക്കുന്നത്. 1967ല്‍ കാര്‍ട്ടൂണ്‍ അനിമേഷനിലൂടെയായിരുന്നു ആദ്യം. വുള്‍ഫ്ഗായംഗ് റെയ്തര്‍മാന്‍ സംവിധാനം ചെയ്ത വരച്ചുചേര്‍ത്ത ചിത്രങ്ങളുടെ ആ തിരശ്ശീലക്കാഴ്ച പൂര്‍ണമായും കുഞ്ഞു മനസ്സുകളെ ലക്ഷ്യമാക്കിയായിരുന്നു. 1997ല്‍ മനുഷ്യരെയും മൃഗങ്ങളെയും അനിമേഷന്‍െറ സാധ്യതകളെയും ചേര്‍ത്ത് ഡങ്കന്‍ മക്ലാക്ലന്‍ ചമച്ച ദൃശ്യഭാഷ്യവും കുട്ടികളെയാണ് ഏറെ ആകര്‍ഷിച്ചത്. കോടികള്‍ ഗ്രോസ് കളക്ഷനുള്ള ഹോളിവുഡില്‍ ഈ രണ്ട് ജംഗിള്‍ ബുക്കുകളും വലിയ വിജയമൊന്നുമായിരുന്നില്ല.

പക്ഷേ, 2016ല്‍ ജോന്‍ ഫാവറോ അനിമേഷന്‍െറ അതിനൂതനമായ സങ്കേതങ്ങളെ മുഴുവന്‍ പ്രയോഗിച്ച് സൃഷ്ടിച്ച ‘ജംഗിള്‍ ബുക്ക്’ അപൂര്‍വമായൊരു ദൃശ്യാനുഭവം തന്നെയാണ്. കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും ഈ ചിത്രം ഇതിനകം തന്നെ ആകര്‍ഷിച്ചുകഴിഞ്ഞു. ഹോളിവുഡിലെ സമീപകാല ഹിറ്റുകളില്‍ മുന്‍നിരയില്‍ എത്തുമെന്ന് ആദ്യ ദിനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നു.

നീല്‍ സേഥി എന്ന ഇന്ത്യന്‍ വംശജനായ ബാലനാണ് മൗഗ്ളിയായി അഭിനയിക്കുന്നത്. ബാക്കിയെല്ലാം അനിമേഷന്‍ കഥാപാത്രങ്ങള്‍. പക്ഷേ, അവര്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നവര്‍ ചില്ലറക്കാരല്ല. ഹോളിവുഡിലെ വമ്പന്‍ താരങ്ങള്‍. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ സിനിമയില്‍ മഹാത്മാ ഗാന്ധിയായി വേഷമിട്ട ബെന്‍ കിംഗ്സിലിയാണ് മൗഗ്ളിയുടെ സംരക്ഷകനായ ബഗീര എന്ന കരിമ്പുലിയുടെ ശബ്ദമായി നിറയുന്നത്. പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സീരിയല്‍ നടനുമായ ഇദ്രിസ് എല്‍ബയുടെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തിലൂടെ മൗഗ്ളിയുടെ ശത്രുവായ കടുവ ഷേര്‍ഖാന്‍ തിയറ്ററിനെ വിറപ്പിക്കുന്നു. ബാലു കരടിയുടെ കളിതമാശകള്‍ ഹോളിവുഡിലെ കൊമേഡിയനായ ബില്‍ മുറേയാണ് ശബ്ദായമാനമാക്കുന്നത്. ‘12 ഇയര്‍ എ സ്ലേവ്’ എന്ന ഒസ്കാര്‍ ചിത്രത്തില്‍ പാറ്റ്സിയെന്ന അടിമ സ്ത്രീയായി വേഷമിട്ട ലുപിത നിയോങ്ഒയാണ് മൗഗ്ളിയുടെ വളര്‍ത്തമ്മയായ രക്ഷ എന്ന ചെന്നായക്ക് ശബ്ദമേകിയിരിക്കുന്നത്.

കാട്ടില്‍നിന്ന് ബഗീരക്ക് കിട്ടിയ മനുഷ്യക്കുഞ്ഞാണ് മൗഗ്ളി. ബഗീര ആ കുഞ്ഞിനെ രക്ഷയെന്ന ചെന്നായക്ക് വളര്‍ത്താന്‍ നല്‍കിയതാണ്. രക്ഷയും ഭര്‍ത്താവ് അകേലയും സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം മൗഗ്ളിയെയും വളര്‍ത്തി. മനുഷ്യക്കുഞ്ഞിനെ മൃഗങ്ങള്‍ക്കൊപ്പം വളര്‍ത്തുന്നത് ഷേര്‍ഖാന് എതിര്‍പ്പായിരുന്നു. പലവട്ടം ഷേര്‍ഖാന്‍ മൗഗ്ളിയെ കൊല്ലാന്‍ നോക്കിയതുമാണ്. കടുത്ത വേനലില്‍ സമാധാന കരാറിന്‍െറ കാലം കഴിഞ്ഞാല്‍ തീര്‍ച്ചയായും കൊല്ലുമെന്ന് ഷേര്‍ഖാന്‍ ഭീഷണി മുഴക്കുകയും ചെയ്യുന്നു.


മൗഗ്ളിയെ രക്ഷിക്കാന്‍ ഒരേയൊരു വഴിയെ ബഗീര കണ്ടുള്ളു. അവനെ മനുഷ്യരുടെ കൈകളില്‍ ഏല്‍പ്പിക്കുക. താഴ്വാരത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ പക്കല്‍ മൃഗങ്ങള്‍ ‘ചുവന്ന പൂവ്’ എന്ന് വിളിക്കുന്ന തീയുണ്ട്. അത് ഷേര്‍ഖാനില്‍നിന്ന് മൗഗ്ളിയെ കാക്കുമെന്ന് ബഗീരക്ക് വിശ്വാസമുണ്ട്. പണ്ട് മൗഗ്ളിയുടെ പിതാവിനെ ഷേര്‍ഖാന്‍ കൊല്ലുന്നത് നേരില്‍ കണ്ടയാളാണ് ബഗീര. മൗഗ്ളിക്കാണെങ്കില്‍ കാടുവിട്ടുപോകാന്‍ ഒട്ടു മനസ്സില്ല.

ഷേര്‍ഖാന്‍െറ വധ ശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് കാട്ടുപോത്തുകളുടെ പുറത്തേറി രക്ഷപ്പെട്ട മൗഗ്ളി അകപ്പെട്ടത് കാ എന്ന കൂറ്റന്‍ പാമ്പിന്‍െറ വായയില്‍. അവിടെനിന്ന് അവനെ രക്ഷപ്പെടുത്തുന്നത് ബാലു കരടി. മൗഗ്ളിയെ കുരങ്ങുകള്‍ തട്ടിയെടുത്ത് പാറയിടുക്കിലൂടെ കയറിപ്പോകുന്നതും കിങ് ലൂയി എന്ന ആള്‍ക്കുരങ്ങിന്‍െറ തടവിലായ മൗഗ്ളിയെ രക്ഷപ്പെടുത്താന്‍ ബാലുവും ബഗീരയും നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ ഗുഹാക്ഷേത്രം ഇടിഞ്ഞു തകരുന്നതും ത്രിമാന വിസ്മയത്തിന്‍െറ അപൂര്‍വ കാഴ്ചകളാണ്.

കാട്ടില്‍ ജീവിക്കാന്‍ മൃഗങ്ങള്‍ക്ക് ജന്മസിദ്ധമായ കഴിവുകളുണ്ട്. അത് ആര്‍ജിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ മൗഗ്ളി പരാജയപ്പെട്ടിട്ടുമുണ്ട്. മനുഷ്യന്‍െറ തന്ത്രങ്ങളിലൂടെ അതിജയിക്കാനാണ് മൗഗ്ളിയെ ബഗീര ഉപദേശിക്കുന്നത്. ആ തന്ത്രങ്ങളിലൂടെയായിരുന്നു മൗഗ്ളി കുഴിയില്‍ വീണുപോയ ആനക്കുട്ടിയെ രക്ഷിച്ചതും ആനസംഘത്തിന്‍െറ പ്രിയപ്പെട്ടവനായി തീരുന്നതും.
എപ്പോള്‍ വേണമെങ്കിലും ചാടിവീണേക്കാവുന്ന ഷേര്‍ഖാനെതിരെ മൗഗ്ളിയുടെ തന്ത്രങ്ങള്‍ എത്ര ഫലപ്രദമാകും എന്നതാണ് ചിത്രത്തിന്‍െറ ഗതിയെ നിര്‍ണയിക്കുന്നത്.

2009ലെക്കാള്‍ അനിമേഷന്‍ രംഗത്തുണ്ടായ വളര്‍ച്ചക്ക് അടയാളമിടുന്ന ചിത്രം കൂടിയാണ് ജംഗിള്‍ ബുക്ക്. 2009ല്‍ ജയിംസ് കാമറോണ്‍ ‘അവതാര്‍’ ത്രിമാന സാധ്യതയിലൂടെ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന പരിമിതികള്‍ ഈ ചിത്രം മറികടന്നിട്ടുണ്ട്. കാലമിനിയും കറങ്ങിത്തിരിയുമ്പോള്‍ സിനിമ എന്ന പ്രതലത്തില്‍ ഇനിയുമിനിയും ‘ജംഗിള്‍ ബുക്ക്’ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കാം.

മുറിവാല്‍: എത്രയെത്ര ത്രീ ഡി സിനിമകള്‍ വന്നാലും ഇന്നും മൈ ഡിയര്‍ ആയി ആ കുട്ടിച്ചാത്തന്‍ തന്നെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’. ഇനിയൊരിക്കലും സെല്ലുലോയിഡിന്‍െറ ഭംഗിയില്‍ ആ ചിത്രം വെള്ളിത്തിരയില്‍ മൂന്നു പതിറ്റാണ്ടു മുമ്പുള്ള ആ ദൃശ്യ ഭംഗിയില്‍ കാണാനാവില്ലെന്ന് ചിത്രത്തിന്‍െറ തിരക്കഥാകൃത്തായിരുന്ന രഘുനാഥ് പലേരി പറഞ്ഞത് ഓര്‍ക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Jungle Book 2016
Next Story