HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

നീലാകാശത്തിനു കീഴെ, ചുവന്ന ഭൂമിയിലൂടെ...

നീലാകാശത്തിനു കീഴെ, ചുവന്ന ഭൂമിയിലൂടെ...

ഓരോ തലമുറക്കും ഒരു സഞ്ചാരകഥയുടെ ആവശ്യമുണ്ട്. ഭൂമിശാസ്ത്രംകൊണ്ടും വിവിധ ജനതതികളുമായുള്ള സമ്പര്‍ക്കംകൊണ്ടും സംസ്കാരങ്ങളുടെ സംഘര്‍ഷം കൊണ്ടും പരിവര്‍ത്തനം ചെയ്യപ്പെടുന്നവരുടെ കഥ. പതിനഞ്ച് മുതല്‍ ഇരുപത്തിയഞ്ച് വരെയാണ് സഞ്ചാരത്തിനു പറ്റിയ പ്രായം. മുതുകിലൊരു സഞ്ചി തൂക്കി ഒരു മോട്ടോര്‍ സൈക്കിളില്‍ കയറി റോഡിലൂടെ കുതിച്ചുപായാനുള്ള പ്രായം.
-ഷൂസെ റിവേറ (‘മോട്ടോര്‍ സൈക്കിള്‍ ഡയറീസി’ന്റെ തിരക്കഥാകൃത്ത്)

.
മലയാളത്തിലെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമയാണ് ‘നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി’. സമീര്‍ താഹിര്‍ നിര്‍മിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഭാഷയിലെ ആദ്യത്തെ ലക്ഷണമൊത്ത റോഡ് മൂവി കൂടിയാണ്. ന്യൂ ജനറേഷന്‍ സിനിമയുടെ മുന്നണിപ്പോരാളി ആര് എന്ന ചോദ്യത്തില്‍ രാജേഷ് പിള്ളക്കും ലിജോ ജോസ് പല്ലിശ്ശേരിക്കും ആഷിഖ് അബുവിനും രാജീവ് രവിക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു സമീര്‍ താഹിര്‍. മലയാള സിനിമക്ക് ഹാഷിര്‍ മുഹമ്മദ് എന്ന പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു തിരക്കഥാകൃത്തിനെ കൂടി സമ്മാനിച്ചിരിക്കുന്നു ഈ ചിത്രം. കാഴ്ചകളിലൂടെ കഥ പറയാനറിയാം ഹാഷിറിന്. അതില്‍ ജീവിതത്തിന്റെസ്പര്‍ശമുണ്ട്. കലുഷിതമായ ഇന്ത്യന്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് അനിവാര്യമായ രാഷ്ട്രീയബോധവുമുണ്ട്. ‘അഞ്ചു സുന്ദരികളി’ലെ അന്‍വര്‍ റഷീദിന്റെ ‘ആമി’ എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രതിഭാസ്പര്‍ശം തെളിയിച്ച് രംഗപ്രവേശം ചെയ്ത ഹാഷിര്‍ മുഹമ്മദ് സാങ്കേതികത്തികവില്‍ സമ്പന്നമെങ്കിലും ഭാവനയില്‍ ദരിദ്രമായ സമകാലിക മലയാള സിനിമക്ക് ഒരു വാഗ്ദാനം തന്നെയാണ്.

അമല്‍ നീരദിന്റെ ‘ബിഗ് ബി’യുടെയും ആഷിഖ് അബുവിന്റെ ‘ഡാഡി കൂളി’ന്റെയും ഛായാഗ്രാഹകനായി വന്ന് സംവിധാനത്തിലേക്ക് തിരിഞ്ഞ സമീര്‍ താഹിര്‍ ആദ്യസിനിമയായ ‘ചാപ്പാ കുരിശി’ല്‍നിന്നും ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. കൊറിയന്‍ചിത്രമായ ‘ഹാന്‍ഡ്ഫോണി’ല്‍ നിന്നു കടംകൊണ്ട പ്രമേയമെന്ന് ആരോപണമുയര്‍ന്നെങ്കിലും മലയാള സിനിമ ‘ട്രാഫിക്കി’ലൂടെ കൈവരിച്ച ഗതിവേഗത്തെ ത്വരിതപ്പെടുത്താന്‍ ആ ചിത്രം ഉപകരിച്ചു. മലയാളിപ്രേക്ഷകന്‍ ശീലിച്ചുപോന്ന ചില ക്ളീഷെകളെ ആ ചിത്രം കുടഞ്ഞെറിഞ്ഞു. പകര്‍ന്നാട്ടത്തിന്റെ പുതുമാതൃകയുമായി വന്ന ഫഹദ് ഫാസിലിന് വേണ്ട ഇടം കൊടുത്തു. മലയാളിയുടെ അനുഭവലോകത്തേക്ക് മൊബൈല്‍ ഫോണ്‍ വന്നണഞ്ഞിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് മൊബൈല്‍ കഥാപാത്രമായി ഒരു സിനിമ വരുന്നത്. ജീവിക്കുന്ന കാലത്തെപ്പറ്റി ബോധമുള്ള ചലച്ചിത്രകാരന്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ജീവിതത്തില്‍ ഇടപെടുന്ന വിധം ആവിഷ്കരിക്കുകയായിരുന്നു ‘ചാപ്പാ കുരിശി’ല്‍. മൂന്നു നാലു കഥാപാത്രങ്ങളുടെ പരിമിതവൃത്തത്തില്‍ നിന്ന് വൈയക്തിക സംഘര്‍ഷങ്ങളുടെ കഥ പറഞ്ഞ ആദ്യചിതത്തില്‍ നിന്ന് ‘നീലാകാശ’ത്തിലേക്ക് എത്തുമ്പോള്‍ സമീറിന്റെകാന്‍വാസ് വിശാലമാവുന്നു. വ്യക്തികളില്‍നിന്ന് അത് രാഷ്ട്രത്തിലേക്ക് പടരുന്നു. ഇന്ത്യയുടെ ഭൂഭാഗദൃശ്യങ്ങളുടെ വിസ്തൃതമായ വിതാനത്തിലൂടെ മതം, സ്വത്വം, രാഷ്ട്രീയം എന്നീ വിഷയങ്ങളിലൂന്നിയ ഒരു സര്‍ഗാത്മകസഞ്ചാരമാണ് ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’. ഇംഗ്ളീഷ് പേരിട്ടില്ളെങ്കില്‍ സിനിമ ന്യൂജനറേഷന്‍ ആവില്ല എന്ന ധാരണയെ ആദ്യ ചിത്രത്തില്‍ തന്നെ പൊളിച്ചിരുന്നു സമീര്‍. ഇപ്പോഴിതാ, ഇന്ത്യയുടെ ആകാശങ്ങളിലൂടെ, കടല്‍നീലിമയിലൂടെ, ചോര വീണു ചുവന്നുപോയ ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന് അനുയോജ്യമാംവിധം മലയാളത്തെളിമയുള്ള ശീര്‍ഷകം തന്നെ നല്‍കിയിരിക്കുന്നു സമീര്‍.

ന്യൂജനറേഷന്‍ സിനിമ സാങ്കേതികതയില്‍ അഭിരമിക്കുന്നു, അതിന്റെഉള്ളു പൊള്ളയാണ് എന്ന് ആവര്‍ത്തിക്കുന്ന വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം. സാങ്കേതികത്തികവാര്‍ന്ന ദൃശ്യങ്ങള്‍ ഒരുക്കുമ്പോഴും ഉള്ളടക്കത്തിന്റെ കനം അതേപടി നിലനിര്‍ത്തുന്നുണ്ട്. ഒരു യുവാവിന്റെ യാത്രയാണ് പ്രമേയം. അതിലൂടെ രാഷ്ട്രീയവും മതവും പ്രണയവും പ്രശ്നവത്കരിക്കപ്പെടുകയാണ്. തീര്‍ച്ചയായും നമ്മുടെ ഓര്‍മ വാള്‍ട്ടര്‍ സാലസിന്റെ സമകാലിക ക്ളാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസി’ല്‍ ചെന്നത്തെും. ചിത്രത്തിന് പ്രചോദനമായത് ആ ലാറ്റിനമേരിക്കന്‍ സിനിമ തന്നെയാണ് എന്നതില്‍ സംശയമില്ല. 23കാരനായ ചെഗുവേരുടെ യാത്രയാണ് അതിന്റെ പ്രമേയം. സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനാഡോക്ക് ഒപ്പം ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ പാതകളിലൂടെ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ സഞ്ചാരത്തിലൂടെ ആ ദേശത്തിന്റെ ആത്മാവിനെ അടുത്തറിയുകയാണ് ചെഗുവേര. ദരിദ്രജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അനീതിയും ആ യുവാവ് നേരില്‍ കാണുന്നു. ആ യാത്രയില്‍ അനുഭവിച്ചറിഞ്ഞ ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളില്‍നിന്നാണ് ഇരുപതാം നൂറ്റാണ്ടിലെ മഹാനായ വിപ്ളവകാരി ജനിക്കുന്നത്. ചെഗുവേരയുടെ പ്രണയവും യൗവനത്തിന്റെ ലഹരികളും ആ ചിത്രത്തിലുണ്ടായിരുന്നു. ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനയുടെ മുന്‍നിരനേതാവായിരുന്ന യുവാവ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് സമീര്‍ താഹിറിന്റെ സിനിമയില്‍ നാം കാണുന്നത്. മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍ എന്നപോലെ വിപ്ളവകാരിയായ യുവാവിന്റെ പ്രണയവും ശരീരകാമനകളും രാഷ്ട്രീയബോധവുമൊക്കെ ഈ ചിത്രത്തിലും കടന്നുവരുന്നു. എന്നുവെച്ച് ഈ ചിത്രത്തിന്റെ മൗലികതയെ അത് ഒരിക്കലും പരിക്കേല്‍പ്പിക്കുന്നില്ല. രണ്ടും രണ്ടു സിനിമകള്‍ തന്നെയാണ്. ഒരു സമകാലിക ലോകക്ളാസിക്കില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മെച്ചപ്പെട്ട സിനിമ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ പേരില്‍ സമീര്‍ താഹിറും ഹാഷിര്‍ മുഹമ്മദും അഭിനന്ദനമര്‍ഹിക്കുന്നു. മലയാളത്തില്‍ ഉണ്ടായ ശുദ്ധകലാസിനിമകള്‍ എല്ലാം തന്നെ ഇത്തരത്തില്‍ ലോകക്ളാസിക്കുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചവയാണ്.

കോഴിക്കോട് സ്വദേശിയായ കാസി, കണ്ണൂര്‍ക്കാരനായ സുനി എന്നീ യുവാക്കള്‍ നടത്തുന്ന ബുള്ളറ്റ് യാത്രയിലൂടെ അവര്‍ ഇന്ത്യയെ അറിയുകയാണ്. സഞ്ചാരപഥങ്ങളില്‍ നിന്നാണ് അവര്‍ ജീവിതം അറിയുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോവുമ്പോള്‍ അവര്‍ സമകാലിക ഇന്ത്യന്‍ മനുഷ്യാവസ്ഥയുടെ ചിതറിയ ചില കാഴ്ചകള്‍ കാണുന്നു. അതില്‍ കോര്‍പറേറ്റുകള്‍ ഭരണകൂടത്തെ സ്വാധീനിച്ച് പാവപ്പെട്ട ഗ്രാമീണരെ ചൂഷണം ചെയ്യുന്ന ഗ്രാമങ്ങളുണ്ട്. അടിച്ചമര്‍ത്തലിനെതിരെയുള്ള ചെറുത്തുനില്‍പ്പിനായി അവരെ സംഘടിപ്പിക്കുന്ന നക്സല്‍ നേതാവുണ്ട്, ആസാം കലാപമുണ്ട്. നാഗാലാന്‍റിലെ തീവ്രവാദമുണ്ട്. വിദ്യാഭ്യാസക്കച്ചവടത്തെ ജീവിതംകൊണ്ട് ചോദ്യം ചെയ്ത രജനി എസ്.ആനന്ദിന്റെ സ്മരണയുണര്‍ത്തുന്ന കാമ്പസ് രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചകളുണ്ട്. കിടക്കപ്പൊറുതി കിട്ടാതെ വിവിധ ദേശങ്ങളിലൂടെ അലഞ്ഞുനടക്കുന്ന ബൊഹീമിയന്‍ സഞ്ചാരികളുണ്ട്. സിരകളില്‍ ലഹരിയും ഉന്മാദവും സംഗീതവുമായി കഴിയുന്നവരുണ്ട്. ചിതറിയ ചില ജീവിതക്കാഴ്ചകളാണ് ചിത്രം നിറയെ.
മതത്തിനും ദേശത്തിനും അതീതമായ ഒരു മനുഷ്യബന്ധത്തെപ്പറ്റിയാണ് ആത്യന്തികമായി സിനിമ സംസാരിക്കുന്നത്. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിനെ വായിക്കുന്ന, തൃശൂര്‍ എഞ്ചിനിയറിങ് കോളജിലെ നാഗാലാന്‍റ് സ്വദേശിയായ പെണ്‍കുട്ടിയാണ് കാസിയുടെ പ്രണയിനി. അവളെത്തേടിയുള്ള യാത്രയായിരുന്നില്ല അവന്റെത്. യാത്രാമധ്യേ അവന്റെ വഴികള്‍ നിശ്ചയിക്കപ്പെടുകയായിരുന്നു. എല്ലാം മറക്കാന്‍ വേണ്ടി നടത്തിയ യാത്ര പ്രതീക്ഷിക്കാത്ത ഒരു ലക്ഷ്യത്തിലത്തെിച്ചേരുന്നു.

എസ്.എഫ്.ഐ പ്രവര്‍ത്തകനായ കാസിയോട് ഇടതുപക്ഷനേതാവ് പറയുന്നത് ‘‘മാളികവീട്ടിലെ അബ്ദുഹാജീടെ മോനല്ലേ, എന്തു രാഷ്ട്രീയക്കാരനായാലും ആ ചോരേടെ സ്വഭാവം കാണിക്കാതിരിക്ക്യോ’’ എന്നാണ്. അവിടെ ഇടതുപക്ഷക്കാരനായിരിക്കുമ്പോഴും മതം കാസിക്ക് ഒരു ബാധ്യതയാവുന്നുണ്ട്. മതം തന്റെ സ്വത്വത്തെ ചൂഴ്ന്നുനില്‍ക്കുന്ന പ്രതിസന്ധിയായി അവന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയം ഇസ്ലാമുമായി സംവാദാത്മകമായ ഒരു സമീപനം സ്വീകരിച്ചിട്ടില്ലെന്ന ജെ.ദേവികയുടെ നിരീക്ഷണം ഇവിടെ ചേര്‍ത്തുവായിക്കുക. ‘‘സി.പി.എമ്മിലെ ‘മുസ്ലിം സ്വത്വവാദ രാഷ്ട്രീയ' നിലപാടുകാര്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു ആധുനികതയെക്കുറിച്ചല്ല സംസാരിക്കാന്‍ തയാറായത്. ഇരുപതാം നൂറ്റാണ്ടിന്റെആദ്യകാലത്തെ ആശയങ്ങളെ തന്നെ പുനചംക്രമണം ചെയ്യാനാണ് അവര്‍ ഉദ്യമിച്ചത്. തെരഞ്ഞെടുപ്പിന്റെ സമയം വന്നപ്പോള്‍ അവര്‍ മഅ്ദനിയെ ഇരുകരങ്ങളും നീട്ടി സ്വാഗതം ചെയ്തു. എന്നാല്‍, അതേസമയം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിന്റെ നിലപാടുകളുമായി യാതൊരുതരത്തിലുള്ള സംവാദത്തിനും അവര്‍ ഒരുങ്ങിയില്ല. സി.പി.എമ്മിന്റെ തലപ്പത്ത് ഇന്നുള്ള വിഭാഗത്തിന് അധികാരവും താല്‍ക്കാലികനേട്ടങ്ങളുമാണ് പ്രധാനം.

ഒരു പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ ആവശ്യമായ സാമൂഹികവും സാംസ്കാരികവുമായ സംവാദങ്ങളുടെ അനിവാര്യത സംബന്ധിച്ച് അവര്‍ക്കു യാതൊരു ധാരണയുമില്ല. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തു നിന്നുകൊണ്ട് മലബാറിലെ മുസ്ലിം സമൂഹവുമായി ആഴത്തിലുള്ള ഒരു സംവാദപ്രക്രിയക്കു തുടക്കമിടാനോ അതിലൂടെ ഈ സമൂഹത്തെ ആധുനികത സംബന്ധിച്ച പുതിയൊരു ആത്മപരിശോധനയിലേക്ക് കൊണ്ടുപോവാനോ അവര്‍ക്കു കഴിഞ്ഞില്ല.’’ (ഇസ്ലാമും ഇടതുപക്ഷവും നവീനചിന്തകളും, കാഫില ഡോട്ട് ഓര്‍ഗ്). വ്യവസ്ഥാപിത ഇടതുപക്ഷം സ്വീകരിച്ച ഇതേ സമീപനം തന്നെയാണ് ചിത്രത്തില്‍ ഇടതുപക്ഷനേതാവ് സ്വീകരിക്കുന്നത് എന്നു കാണാം.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ എസ്.എഫ്.ഐ കാമ്പസ് പിടിച്ചെടുക്കണമെങ്കില്‍ കാസിയുടെ തീപ്പൊരി പ്രസംഗങ്ങളും സമരനേതൃത്വവും അയാള്‍ക്ക് /പാര്‍ട്ടിക്ക് ആവശ്യമാണ്. പക്ഷേ തന്റെ നീക്കുപോക്കുരാഷ്ട്രീയത്തിന്റെവരുതിയില്‍ നില്‍ക്കാതെ വരുമ്പോള്‍ അവനെ നേരിടാന്‍ അവന്റെ മതം അയാള്‍ ആയുധമാക്കുന്നു. ഇസ്ലാമായ ഒരാള്‍ ഇടതുപക്ഷമായതുകൊണ്ടുമാത്രം അയാള്‍ മതസ്വത്വത്തില്‍നിന്ന് പൂര്‍ണമായ വിടുതി നേടുന്നില്ളെന്ന പൊതുബോധത്തെ വിമര്‍ശിക്കുകയാണ് ആ കഥാപാത്രത്തിലൂടെ. മതവുമായി ബന്ധപ്പെട്ട് കാസി അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ കേവലം വൈയക്തികമല്ല. ആസാം കലാപത്തെ തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ട് വിലപിക്കുന്ന ഉമ്മയില്‍ കാസി തന്റെ ഉമ്മയെ കാണുന്നുണ്ട്. അപ്പോഴാണ് അവന്‍ തന്റെ വേരുകളെക്കുറിച്ച് ആലോചിക്കുന്നത്. വേരുകള്‍ പറിച്ചെറിഞ്ഞുള്ള യാത്രയായിരുന്നു അവന്റെത്. മുസ്ലിം ആയതുകൊണ്ട് കൊല ചെയ്യപ്പെട്ട ഒരാളുടെ ഉമ്മയാവാം ആസാമിലെ തെരുവില്‍ ഇരുട്ടില്‍ കാസി കണ്ടുമുട്ടുന്നത്. അത് തന്റെമതസ്വത്വത്തെ സംബന്ധിച്ച അവന്റെ ആത്മസംഘര്‍ഷം വര്‍ധിപ്പിക്കുന്നു. തെരുവില്‍ അവന്‍ രക്ഷിക്കുന്ന പെണ്‍കുട്ടിയുടെ പേര് ഫാത്തിമ എന്നാണ്. ആ പേര് തന്റെ മതാതീത പ്രണയവുമായി ബന്ധപ്പെട്ട് വീടിന്റെ ഒരോര്‍മയിലേക്ക് അവനെ നയിക്കുന്നു.

സിനിമയില്‍ രാഷ്ട്രീയമായി വിയോജിക്കേണ്ടിവരുന്ന ഒരു രംഗമുണ്ട്. ഇന്ത്യന്‍ സൈന്യത്തില്‍ അംഗമായിരുന്നു അസിയുടെ പിതാവ്. സൈന്യം നടത്തിയ ഒരു ഓപറേഷനില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുന്നു. അതത്തേുടര്‍ന്നുണ്ടായ പ്രതികാരത്തില്‍ അസിയുടെ മാതാപിതാക്കള്‍ കൊല ചെയ്യപ്പെടുന്നു. ആ കുടുംബത്തെ തന്നെ ഉന്മൂലനം ചെയ്യാന്‍ അവര്‍ ഇറങ്ങിത്തിരിക്കുന്നതായാണ് സൂചന. അസിയും അവരുടെ കണ്ണില്‍ ഒരു ഇരയാണ്. ആ സൂചനയില്‍ രാഷ്ട്രീയമായ ശരികേടുണ്ടെന്നു തോന്നുന്നു. ഒരു പാന്‍ ഇന്ത്യന്‍ സാംസ്കാരിക ഉല്‍പന്നമായി സിനിമ മാറുമ്പോള്‍ പ്രത്യേകിച്ചും. ഇന്ത്യന്‍ ഭരണകൂടം അഭിസംബോധന ചെയ്യാതിരുന്ന ചില സാമൂഹികപ്രശ്നങ്ങളില്‍നിന്ന് വളര്‍ന്നുവന്നിട്ടുള്ള ഒന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദം.

അടിച്ചമര്‍ത്തപ്പെട്ടവരുടെ സായുധ ഉയിര്‍ത്തെഴുന്നേല്‍പ്പിനെതിരായ ഭരണകൂട നടപടികള്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മണിപ്പൂരിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം തെളിയുന്ന ചിത്രം ‘ഇന്ത്യന്‍ പട്ടാളക്കാരേ, ഞങ്ങളെ ബലാല്‍സംഗം ചെയ്യുക’ എന്ന ബാനര്‍ കൊണ്ട് നഗ്നശരീരം മറച്ചുപിടിച്ച സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്ന നിസ്സഹായതയാണ്; പ്രത്യേകസായുധാധികാര നിയമം പിന്‍വലിക്കാന്‍ പത്തുവര്‍ഷമായി സമരം ചെയ്യുന്ന ഇറോം ശര്‍മിളയുടെ മുഖമാണ്. മനുഷ്യരെ ചവുട്ടിമെതിക്കുന്ന സൈന്യത്തെ വെറുതെ വിടുകയും സൈന്യത്തിനാല്‍ കൊല്ലപ്പെട്ട സിവിലിയന്‍മാര്‍ക്കുവേണ്ടി പ്രതികാരം ചെയ്യുന്നവര്‍ കുറ്റവാളികളായ സൈനികരുടെ പിന്‍തലമുറയെപ്പോലും വേട്ടയാടുന്നവരായി കാട്ടിക്കൊണ്ട് അവരെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും ചെയ്യുന്നു ഈ ചിത്രം. ഒരൊറ്റ ദൃശ്യത്തിലും ഒരു സംഭാഷണത്തിലുമൊതുങ്ങുന്ന ഈ സീനിന്റെ അപകടകരമായ രാഷ്ട്രീയധ്വനികളെ കണ്ടില്ളെന്നു നടിക്കാനാവില്ല. ആഴത്തിലുള്ള രാഷ്ട്രീയവായനയില്‍ ചലച്ചിത്രം അങ്ങനെ പ്രശ്നസങ്കീര്‍ണമാവുന്നുണ്ട്.


ചിത്രത്തില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളിലൊന്ന് ബംഗാളി ഗ്രാമങ്ങളിലെ പാവങ്ങളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന നക്സല്‍ നേതാവായ ബിമല്‍ദായാണ്. ബിമല്‍ദാ ഇ.എം.എസിനെ ഇന്നും ഓര്‍ക്കുന്നു. ആ ശബ്ദം പോലും. അപ്പോള്‍ ഇ.എം.എസിന്റെ വാക്കുകള്‍ ശബ്ദപഥത്തില്‍ മുഴങ്ങുന്നു. ബിമല്‍ദാ ‘ബലികുടീരങ്ങളേ...’ പാടുന്നു. എഴുപതുകളില്‍ സത്യജിത്റേയുടെ ‘പ്രതിദ്വന്ദി’യിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ധൃതിമന്‍ ചാറ്റര്‍ജിയെ ബിമല്‍ദാ ആയി മലയാള സിനിമയില്‍ കണ്ടതില്‍ സന്തോഷം. സത്യജിത് റായ്, മൃണാള്‍സെന്‍, അപര്‍ണാ സെന്‍ തുടങ്ങിയ വിഖ്യാത ചലച്ചിത്രകാരന്മാരുടെ പ്രിയപ്പെട്ട നടന്മാരിലൊരാളായ ധൃതിമന്‍ ചാറ്റര്‍ജി മലയാളത്തിന്റെ നവതരംഗസിനിമയിലും സാന്നിധ്യമറിയിക്കുന്നു. കാസിയും സുനിയും പോവുമ്പോള്‍ നിങ്ങളുടെ തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കും എന്നല്ല ബിമല്‍ദാ പറയുന്നത്, ‘‘ബുള്ളറ്റിന്റെ ശബ്ദത്തിന് ഞാന്‍ ചെവിയോര്‍ത്തിരിക്കും’’ എന്നാണ്. അധ്വാനിച്ചു ജീവിക്കുന്ന ആ ഗ്രാമീണരുടെ ഇടയില്‍, അവരുടെ ഉപജീവനങ്ങളില്‍, അതിജീവനങ്ങളില്‍ ഒരു കൈത്താങ്ങായി തങ്ങള്‍ക്കു ചെയ്യാവുന്ന ഒരു കാര്യം ആ എഞ്ചിനിയറിംഗ് ബിരുദധാരികള്‍ ചെയ്തുവെച്ചുപോവുന്ന ദൃശ്യം മനസ്സിനെ സ്പര്‍ശിക്കും.

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ വേഷത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയിരിക്കുന്നു. മലയാളവും ഇംഗ്ളീഷും ഹിന്ദിയും തമിഴും അനായാസം സംസാരിക്കുന്ന കഥാപാത്രം ദുല്‍ഖറിന്റെ കൈകളില്‍ ഭദ്രം. കണ്ണൂര്‍ഭാഷ പറയുന്ന സുനിയായി സണ്ണിവെയ്നിന്റെ പ്രകടനവും ശ്രദ്ധേയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായുള്ള ക്വാട്ടയില്‍ എഞ്ചിനിയറിങ് പഠിക്കാന്‍ തൃശൂരിലത്തെുന്ന നാഗാലാന്‍റുകാരിയായി മണിപ്പൂരി നടി സുര്‍ജ ബാല രംഗത്തുവരുന്നു. സംവിധായകന്റെ കാസ്റ്റിങ് മികവ് തെളിയിക്കുന്ന മറ്റൊരു കഥാപാത്രമാണ് ഗൗരി എന്ന ബംഗാളി പെണ്‍കുട്ടി. ഇന സാഹ എന്ന ബംഗാളി നടിയാണ് ഗൗരിയെ അവതരിപ്പിച്ചിരിക്കുന്നത്. ‘സുനി,ഗൗരി ഫ്ളോര്‍ മില്‍’ എന്ന് സുനി എഴുതിവെക്കുമ്പോഴുള്ള പ്രണയാര്‍ദ്രമായ ചിരിയിലൂടെ ഗൗരി നമ്മുടെ കൂടെപ്പോരും. ഗിരീഷ് ഗംഗാധരന്റെ ഫ്രെയിമുകളിലൂടെ പ്രേക്ഷകനും ഇന്ത്യയെ കണ്ടത്തൊനുള്ള യാത്രയില്‍ ഭാഗഭാക്കാവുന്നുണ്ട്. റെക്സ് വിജയന്റെസംഗീതവും ചിത്രത്തെ സമ്പന്നമാക്കുന്നു.

ഉപശീര്‍ഷകങ്ങള്‍ ദൃശ്യങ്ങളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ മലയാളം അറിയാവുന്ന ആരെങ്കിലും അതൊന്ന് വായിച്ചുനോക്കേണ്ടതായിരുന്നു. ബിമല്‍ദാ മൈനിങ് കമ്പനികളെപ്പറ്റി പറയുമ്പോള്‍ ‘കംബനി’ എന്ന് മൂന്നിടത്ത് ആവര്‍ത്തിക്കുന്നുണ്ട്. കല്ലുകടിയാവുന്നു ഈ അശ്രദ്ധ. മലയാള സിനിമ മാറ്റത്തിന്റെ പാതയിലൂടെ ബുള്ളറ്റില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അടിവരയിടുന്നു ഈ ചിത്രം.

movies@madhyamam.com