HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

എങ്കിലും എന്റെ മാത്തുക്കുട്ടീ....

എങ്കിലും എന്റെ മാത്തുക്കുട്ടീ....
പേരു കേള്‍ക്കുമ്പോള്‍ ഒരു ഇമ്പമൊക്കെ തോന്നും. കടല്‍ കടന്നുപോയ ഒരു മലയാളിയുടെ ജീവിതകഥ എന്നൊക്കെ നമ്മള്‍ വിചാരിക്കും. മധ്യതിരുവിതാംകൂറിലെ മലയാളികള്‍ യൂറോപ്പിലേക്ക് ജീവിതപ്പച്ച തിരഞ്ഞുപോയിട്ട് പതിറ്റാണ്ടുകള്‍ പലതു കഴിഞ്ഞെങ്കിലും യൂറോപ്യന്‍ പ്രവാസത്തിന്റെ കഥകള്‍ ഏറെയൊന്നും മലയാള സിനിമ പറഞ്ഞിട്ടില്ല. ജര്‍മനിയിലെ മലയാളി നഴ്സിന്റെ ഭര്‍ത്താവായ മാത്തുക്കുട്ടിയുടെ കഥ കൊണ്ടെങ്കിലും ആ പരിമിതി പരിഹരിക്കപ്പെടുമെന്ന് നമ്മള്‍ വെറുതെ വിചാരിച്ചു. നായകന്‍ മമ്മൂട്ടി. കര്‍ത്താവ് രഞ്ജിത്ത് ഉളവായ ദിവ്യന്‍, ചൊല്ലുന്നതോ ഹാസ്യമയസ്വരത്തില്‍ ആനന്ദലബ്ധിക്കിനിയെന്തു വേണം എന്നു നമ്മള്‍ വെറുതെ ആശിച്ചു. ജര്‍മനിയിലെ ഷൂട്ടിങ്, ആറുകോടിയോളം കൊടുത്ത് ഏഷ്യാനെറ്റ് വാങ്ങിയ സിനിമ, മോഹന്‍ലാലും ദിലീപും അതിഥിവേഷങ്ങളിലെത്തുന്നു, അങ്ങനെ എന്തെല്ലാമായിരുന്നു! അവസാനം പവനായി ശവമായി എന്നു പറഞ്ഞപോലെയായി മാത്തുക്കുട്ടിയുടെ സ്ഥിതി.
ഈ ചിത്രത്തില്‍ രഞ്ജിത്ത് എന്ന പ്രതിഭാശാലിയായ തിരക്കഥാകൃത്തിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. പ്രാഞ്ചിയേട്ടനില്‍ അരിപ്രാഞ്ചിയായി വന്ന് വിസ്മയിപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച മമ്മൂട്ടിയെ വെല്ലുവിളിക്കാന്‍ മാത്രം മാത്തുക്കുട്ടി ആയിട്ടില്ല. പാതിവെന്തിട്ടേയുള്ളൂ ആ കഥാപാത്രം. പരകായപ്രവേശത്തിലൂടെ മമ്മൂട്ടി ആ വേവുകുറവിനെ പരിഹരിക്കുന്നുണ്ട്. മാത്തുക്കുട്ടി മോഹന്‍ലാലിനോട്, ‘‘ഞാന്‍ വലിയ ഫാനാ ട്ടോ, ആടിന്റെ ചോര കുടിക്കുന്ന ആ സിനിമയൊക്കെ ബഹുജോറായിരുന്നു, ആ സൈസൊന്നും ഇപ്പോ ഇറങ്ങുന്നില്ല അല്യോ’’ എന്ന് ചോദിക്കുന്ന രംഗം. എന്നാല്‍ മമ്മൂട്ടിക്ക് രക്ഷിച്ചെടുക്കാവുന്ന സിനിമയല്ല മാത്തുക്കുട്ടി. അത്രക്കു പരിതാപകരമാണ് അതിന്റെ പ്രമേയം. പറയുന്ന പ്രമേയമെന്തെന്നതിനെപ്പറ്റി സംവിധായകനു തന്നെ വ്യക്തതയില്ലെന്നു തോന്നുന്നു. പിന്നെയല്ലേ പ്രേക്ഷകന്. ഇത് രഞ്ജിത്തിന്റെ സിനിമയാണോ എന്ന് ഇടക്കിടെ നമുക്ക് ഒരു സംശയം തോന്നും. ആ സംശയം ദൂരീകരിക്കാന്‍ സാക്ഷാല്‍ രഞ്ജിത്ത് തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ ഇടക്കിടെ വോയ്സ് ഓവര്‍ നരേഷന്‍ നല്‍കുന്നുണ്ട്.
എന്തിനോ വേണ്ടി പിടിക്കുന്ന സിനിമകള്‍ എന്ന വിഭാഗത്തില്‍പെടുത്താവുന്ന ചില സിനിമകള്‍ അദ്ദേഹം നേരത്തെ എടുത്തിട്ടുണ്ടല്ലോ. റോക് ആന്‍റ് റോള്‍, ചന്ദ്രോല്‍സവം തുടങ്ങിയ ചിത്രങ്ങള്‍. അക്കൂട്ടത്തില്‍പെടും മാത്തുക്കുട്ടി. ചന്ദ്രോല്‍സവം ഇവിടെ ഓര്‍ത്തത് വെറുതെയല്ല. അമ്പതുകളോട് അടുത്ത പ്രായമുള്ള മോഹന്‍ലാലിന്റെ കഥാപാത്രം കാമുകിയെ ഓര്‍ത്ത് കോളജ് മാഗസിനിലെ പഴകിപ്പുളിച്ച സാഹിത്യം പറയുന്നുണ്ട് ചന്ദ്രോല്‍സവത്തില്‍. കാഴ്ചയില്‍ അമ്പതിനോടടുത്ത (കാലം തൊടാതെ പോയ പത്തുവര്‍ഷങ്ങള്‍ മമ്മൂട്ടിയുടെ ജീവിതത്തിലുണ്ട്) മാത്തുക്കുട്ടിയുടെ നഷ്ടപ്രണയത്തിന്റെ വിസ്്തരിച്ചുള്ള ദൃശ്യങ്ങള്‍ കാണുമ്പോള്‍ ന്യൂജനറേഷന്‍ പ്രേക്ഷകപ്പിള്ളേര്‍ക്ക് പഴയ നൂറു സിനിമകളെങ്കിലും പുളിച്ചുതികട്ടും. ചന്ദ്രോല്‍സവവും റോക്ക് ആന്‍റ് റോളും ഓര്‍ക്കാന്‍ വേറെയുമുണ്ട് ന്യായമായ കാരണങ്ങള്‍. രഞ്ജിത്തിന്റെ പല നായകന്മാരും സൗഹൃദവലയത്തിന്റെ കാര്യത്തില്‍ രഞ്ജിത്തിനെ പോലെ തന്നെയാണ്. ശിങ്കിടികളുടെ ഒരു സംഘമുണ്ടാവും എപ്പോഴും കൂടെ. അവര്‍ക്ക് വേറെ ജോലിയൊന്നുമുണ്ടാവില്ല. നായകന്റെ പിറകെ നിഴലായി നടക്കുക എന്നതാണ് അവരുടെ ജോലി. സിനിമ തീരുംവരെ അവര്‍ അങ്ങനെ നടക്കും. നായകന്റെ ആജ്ഞാനുവര്‍ത്തികള്‍, റാന്‍മൂളികള്‍. അയാള്‍ വെള്ളമടിക്കുമ്പോള്‍ കൂടെ വെള്ളമടിക്കണം. പാട്ടുപാടുമ്പോള്‍ കൂടെപ്പാടണം. കൂലി ആവശ്യമില്ല. വീടും കുടിയുമില്ലാത്തവരായിരിക്കും അവര്‍. അങ്ങനെ മൂന്നുനാലുപേര്‍ മാത്തുക്കുട്ടിയുടെ കൂടെയുമുണ്ട്. സവിശേഷവ്യക്തിത്വമൊന്നും അവര്‍ക്ക് വേണ്ട എന്ന തിരക്കഥാകൃത്ത് നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്.
സിനിമയുടെ ആദ്യഭാഗത്തെ ചില സീനുകള്‍ കാണുമ്പോള്‍ ഇത് ‘സ്പിരിറ്റി’നു വേണ്ടി എഴുതിയതാണോ എന്ന് നമ്മള്‍ സംശയിച്ചുപോവും. സ്വാതന്ത്ര്യദിനത്തില്‍ ഗാന്ധിയനായ തോമസ് മാഷ് പ്രസംഗിക്കുന്നതിനിടെ തൊട്ടപ്പുറത്ത് നിന്ന് മദ്യപിക്കുന്നവരെ കാട്ടിയുള്ള സാമൂഹിക വിമര്‍ശനം കാണുമ്പോള്‍ പ്രത്യേകിച്ചും. ആ കുടിയന്മാര്‍ സംവിധായകന്റെ നിര്‍ദേശമനുസരിച്ചാണ് ആ യോഗസ്ഥലത്തു വന്ന് വെള്ളമടിക്കുന്നത് എന്നും തോന്നും കണ്ടാല്‍. അത്രമേല്‍ അസ്വാഭാവികമാണ് ആ രംഗം. കേരളത്തെപ്പറ്റി ഉന്നയിക്കാന്‍ അറിയുന്ന സാമൂഹിക വിമര്‍ശനം അതു മാത്രമേയുള്ളോ? കുടി നിര്‍ത്തിയവരെപ്പോലും ബാറിലേക്ക് ഓടിക്കുന്ന ‘സ്പിരിറ്റി’ന് സാമൂഹികപ്രസക്തിയുള്ള ഗുണപാഠസിനിമക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിനാല്‍ തന്റെ തുടര്‍ന്നുള്ള എല്ലാ ചിത്രങ്ങളിലും അത്തരമൊരു രംഗം ഉണ്ടാവണം എന്ന് സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ടാവാം. കാശുള്ളവന്‍ കുടിക്കുന്നത് പ്രശ്നമല്ല, കാശില്ലാത്തവന്‍ കുടിച്ചാല്‍ അവന്റെ വീട്ടില്‍ ഒളികാമറ വെച്ച് അത് നാട്ടുകാരെ കാണിച്ച് കാശില്ലാത്ത കുടിയനെ ജനമധ്യത്തില്‍ തൊലിയുരിച്ച് കാട്ടേണ്ടതാണ് എന്ന ഉദാത്തമായ സന്ദേശം പകരുന്ന ‘സ്പിരിറ്റ്’ സാന്ദര്‍ഭികമായി ഓര്‍ത്തുപോവും ‘മാത്തുക്കുട്ടി’ കാണുമ്പോള്‍. മാത്തുക്കുട്ടിയും കൂട്ടരും ഹോട്ടലിലിരുന്ന് വിശദമായി മദ്യപിക്കുന്നുണ്ട്. അപ്പോഴൊന്നും ഈ സാമൂഹിക വിമര്‍ശനം തിരക്കഥയില്‍ തലപൊക്കുന്നില്ല.
പറഞ്ഞില്ളേ, പാവങ്ങള്‍ കുടിച്ചാലേ അതൊരു സോഷ്യല്‍ ഈവിള്‍ ആവൂ. ‘സ്പിരിറ്റി’ല്‍ മോഹന്‍ലാലിന്റെ മദ്യപാനവും മധുവിന്റെ അവിഹിതബന്ധവുമല്ല വിമര്‍ശനത്തിന്റെ ലക്ഷ്യകേന്ദ്രം. മറിച്ച് പാവം പ്ളംബറുടെ കള്ളുകുടിയാണ്. പാര്‍ട്ടി ഡ്രിങ്കിംഗ്/ ബാര്‍ ഡ്രിങ്കിംഗ് നടത്തുന്ന ഉപരിവര്‍ഗക്കാര്‍ കുഴപ്പക്കാരല്ല, സാദാ കള്ളുകുടിയന്മാരാണ് ഭാര്യയെയും മക്കളെയും കുടിച്ചുവന്ന് തൊഴിക്കുന്നത്. മദ്യപാനത്തിന്റെ മാനദണ്ഡത്തിലുള്ള ഈ വര്‍ഗവിശകലനപാടവത്തിന്റെ പേരില്‍ കൊടുക്കാം നമുക്ക് ഒരു ദേശീയ അവാര്‍ഡു കൂടി ഇത്തരം ചിത്രങ്ങള്‍ക്ക്.
സ്ത്രീവിരുദ്ധതയില്ലാതെ എന്ത് രഞ്ജിത്ത് സിനിമ എന്നാലോചിച്ചിരിക്കുമ്പോള്‍ ദേ വരുന്നു സ്ത്രീവിരുദ്ധത.
നഞ്ചെന്തിനു നാനാഴി എന്നുചോദിച്ചതുപോലെ ഡയലോഗ് ഒന്നേയുള്ളൂവെങ്കിലും അതുമതി അതിന്റെ ധര്‍മം നിറവേറ്റാന്‍. ‘‘ജര്‍മനീലെ നഴ്സായാലും കേരളത്തിലെ ഡോക്ടറായാലും ഭാര്യ ഭാര്യ തന്നെ’’എന്ന് ഭാര്യ ജാന്‍സമ്മയെക്കുറിച്ച് മാത്തുക്കുട്ടി.(വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടി വന്നുകേറുമ്പോ ചെരിപ്പൂരി കാലു മടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞുതീരുമ്പോ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം എന്ന് നരസിംഹം). ജര്‍മനീലെ നഴ്സായാലും കേരളത്തിലെ ഡോക്ടറായാലും ഭാര്യയുടെ സ്വഭാവം ഒന്നുതന്നെ എന്നാണ് മാത്തുക്കുട്ടി പ്രഖ്യാപിക്കുന്നത്. നഴ്സായ ഭാര്യ ജാന്‍സമ്മ അധ്വാനിക്കുന്ന സ്ത്രീയാണ്. അവള്‍ വെറുമൊരു വീട്ടമ്മയല്ല. അവള്‍ ജോലി ചെയ്യുന്നു, സമ്പാദിക്കുന്നു. തനിക്കു പറയാനുള്ളത് തുറന്നു പറയുന്നു. അതാണ് മാത്തുക്കുട്ടിയുടെ പ്രശ്നം. ഡോക്ടര്‍, നഴ്സ് തുടങ്ങിയ ഉദ്യോഗങ്ങളാണ് പ്രശ്നം. ഉദ്യോഗമില്ലാതെ അടങ്ങിയൊതുങ്ങിക്കഴിയുന്ന സ്ത്രീയാകുമ്പോള്‍ ഭര്‍ത്താവിന് കീഴ്പ്പെട്ടിരിക്കും. ഇവിടെ ജാന്‍സമ്മ അങ്ങനെ വിധേയത്വം കാട്ടുന്നില്ല. വിധേയത്വം കാട്ടാത്ത സ്ത്രീകളെ മെരുക്കാനുള്ള വിദ്യ മലയാള സിനിമ നേരത്തെ വികസിപ്പിച്ചെടുത്തിരുന്നു. കരണത്തടി. അതേതായാലും ചിത്രത്തിലില്ല. അത്രയും ആശ്വാസം.
മാത്തുക്കുട്ടി ജന്മഗ്രാമത്തിലെത്തുമ്പോള്‍ അവിടെ പതിവുള്ളതുപോലെ ഗാന്ധിയനും അധ്യാപകനുമായ നെടുമുടിവേണുവുണ്ട്. ഗ്രാമമാവുമ്പോള്‍ നല്ലവനായ ഒരു റിട്ടയേര്‍ഡ് അധ്യാപകനില്ലാതെ പറ്റില്ലല്ലോ. ‘ഓര്‍ഡിനറി’യില്‍ അത് ലാലു അലക്സായിരുന്നു. പിന്നെ കുറുമ്പിയായ ഒരു ഗ്രാമീണപെണ്‍കുട്ടിയും നിര്‍ബന്ധമാണ്. മലയോരഗ്രാമത്തിലാണെങ്കില്‍ പിന്നെ നല്ലവനായ പള്ളീലച്ചന്‍ വേണമല്ലോ. അതുമുണ്ട്. ബാലചന്ദ്രമേനോന്റെരൂപത്തില്‍. പള്ളീലച്ചനായാല്‍ അസാരം കലാഹൃദയം വേണമല്ളോ. അതുമുണ്ട് ആവശ്യത്തിന്. അങ്ങനെ പത്തു സിനിമ കണ്ട് ആര്‍ക്കും എഴുതാവുന്ന പതിനൊന്നാമത് സിനിമയായി മാറുന്നുണ്ട് ‘മാത്തുക്കുട്ടി’യുടെ ഭൂരിഭാഗവും.
സിനിമയുടെ ഇന്‍ര്‍വെല്‍ പഞ്ച് അപാരമായ ഭാവനാശക്തിയാല്‍ മെനഞ്ഞെടുത്തതാണ്. സര്‍ഗാത്മകതയുടെ ഉച്ചസ്ഥായിയില്‍ വിരാജിക്കുന്ന ഏതോ ദിവ്യനിമിഷത്തിലാണ് ആ രംഗം എഴുതപ്പെട്ടത് എന്ന് ആര്‍ക്കും മനസ്സിലാവും. സ്പോയിലര്‍ ആവാതിരിക്കാന്‍ ആ രംഗം എന്തെന്ന് പറയുന്നില്ല. അറിയണമെങ്കില്‍ പടം കാണുക. പഞ്ച് മൂക്കിനിട്ടു കിട്ടുമ്പോള്‍ വിവരമറിയും!
ജര്‍മനിയില്‍ ചിത്രീകരിച്ച മലയാള സിനിമ എന്നു കേട്ട് ഇനി കുറച്ച് ജര്‍മനി കണ്ടിരിക്കാം എന്നു വിചാരിച്ചാലോ? അതുമില്ല. ടൈറ്റില്‍ കാര്‍ഡില്‍ ചില ജര്‍മന്‍ കാഴ്ചകള്‍ കാണാം. പിന്നെ ഒരു ജര്‍മന്‍ ഗ്രാമത്തിലെ സ്വപ്നദൃശ്യം. അത്രയൊക്കെത്തന്നെ. നേരിട്ടുപോയി ജര്‍മനി കാണാന്‍ പാങ്ങില്ലാത്തവരെ അങ്ങനെ നിരാശപ്പെടുത്തും മാത്തുക്കുട്ടി. മെറ്റ്മാന്‍ എന്ന ജര്‍മന്‍ നഗരത്തിലാണ് കഥതുടങ്ങുന്നത്. മലയാളികളും ജര്‍മന്‍ വംശജരും തമ്മിലുള്ള സാംസ്കാരിക സങ്കലനങ്ങളുടെയോ സംഘര്‍ഷങ്ങളുടെയോ തലങ്ങളിലേക്ക് എത്തിനോക്കുന്നുപോലുമില്ല.
മാനസാന്തരം വന്ന് അര്‍ഥവത്തായ സിനിമയിലേക്കു മാറിയ രഞ്ജിത്ത് തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയിന്‍റ്, പാലേരി മാണിക്യം, ഇന്ത്യന്‍ റുപ്പീ തുടങ്ങിയ മികച്ച ചില ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രമേയപരവും ശില്‍പപരവുമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ ചിത്രങ്ങള്‍ മുഖ്യധാരാ സിനിമയെ നവീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. പക്ഷേ ചെറുപ്പക്കാര്‍ പുത്തന്‍ പ്രമേയവുമായി വരുന്ന കാലത്ത് മാത്തുക്കുട്ടി കാലഹരണപ്പെട്ട സിനിമയാവുന്നു. ഒരു അഭിനയമുഹൂര്‍ത്തമോ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു രംഗമോ, എന്തിന്, കൊള്ളാവുന്ന ഒരു സംഭാഷണമോ ചിത്രത്തിലില്ല. ഒരു എഴുത്തുകാരന്‍/ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ രഞ്ജിത്ത് നടത്തിയ ആത്മവഞ്ചനയാണ് ‘മാത്തുക്കുട്ടി’യായി പുറത്തുവന്നത്. ഒരു തട്ടിക്കൂട്ട് സിനിമ. വിപണിമൂല്യമുള്ള താരവും സംവിധായകനും ബാനറും ഒരുമിക്കുമ്പോള്‍ എന്തെങ്കിലുമൊരു ഉല്‍പന്നമുണ്ടാക്കിയാല്‍ മതി, വിറ്റുപോവും എന്ന ലാഘവപൂര്‍വമായ സമീപനം. അത് സ്വന്തമായി ഒരു പ്രേക്ഷകവൃന്ദമുള്ള രഞ്ജിത്തില്‍നിന്നും പ്രേക്ഷകരെ അകറ്റുക തന്നെ ചെയ്യും. തന്നെത്തന്നെ ആവര്‍ത്തിച്ച് വശംകെട്ട സത്യന്‍ അന്തിക്കാടിനെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞ പോലെ ഒരു പരിണതിക്ക് ഇവിടെയും സാധ്യതയുണ്ട്. സിനിമ എന്നത് വിറ്റുപോവാനുള്ള ചരക്കു മാത്രമായി കണ്ട് പാതിമനസ്സോടെ എഴുതുന്ന എഴുത്തുകാരന്‍ ആത്മവഞ്ചന നടത്തുകയാണ്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് തുക വാങ്ങിയ ചിത്രമാണ് ‘മാത്തുക്കുട്ടി’. അഞ്ചുകോടി 75 ലക്ഷം രൂപ. നേരത്തെ കമ്മത്ത് ആന്‍റ് കമ്മത്തിന് കിട്ടിയത് നാലുകോടി 90 ലക്ഷം. ചിത്രത്തിന്റെ കലാപരതയോ വിനോദമൂല്യമോ പ്രമേയഗൗരവമോ ഒന്നുമല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. ബ്രാന്‍ഡ് നെയിം ആണ് വില്‍ക്കപ്പെടുന്നത്. ഉള്ളുപൊള്ളയായ ഒരു ഉല്‍പന്നം മനോഹരമായ പാക്കിംഗില്‍ വലിയ ബ്രാന്‍ഡ് നെയിം എഴുതിച്ചേര്‍ത്ത് വില്‍ക്കപ്പെടുകയാണ്. ചാനലുകളില്‍ വന്നാല്‍ അരമണിക്കൂര്‍ തികച്ച് ജനങ്ങള്‍ ഈ ചിത്രത്തിന്റെ മുന്നിലിരിക്കില്ല. ഇത്തരം ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ പരസ്യം നല്‍കുന്ന കമ്പനികള്‍ പണം ദുര്‍വ്യയം ചെയ്യുകയാണ്. മലയാള സിനിമ മാറുന്നു എന്നു പറയുമ്പോഴും ഇല്ലാത്ത ബ്രാന്‍ഡ്/ താരമൂല്യത്തിന്റെ പേരിലുള്ള ഈ സാറ്റലൈറ്റ് കച്ചവടം താരാധിപത്യത്തെ താങ്ങിനിര്‍ത്തുക തന്നെയാണ്. പ്രേക്ഷകര്‍ തിയറ്ററില്‍ കൈയൊഴിയുന്ന ചിത്രങ്ങള്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നു വിശ്വസിക്കുന്നത് മൂഢത്വമാണ്.
അനുബന്ധമായി ഒരു ഫേസ്ബുക്ക് കമന്‍റ് ചേര്‍ക്കട്ടെ: യൂ ട്യൂബ് ട്രെയിലറില്‍ മാത്തുക്കുട്ടി കേരളത്തെക്കുറിച്ച്: എന്ത് കോണോത്തിലെ നാടാ ഉവേ.?
കമന്‍റ് : എന്ത് കോണോത്തിലെ പടമാ ഉവേ.?
വാല്‍ക്കഷണം: തിയറ്ററില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ ഒരു പയ്യന്റെ ഉച്ചത്തിലുള്ള ആത്മഗതം: അഞ്ചു പൈസക്കില്ലാത്ത പടത്തിന് ആറുകോടി സാറ്റലൈറ്റ്.
movies@madhyamam.com