Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിഗ് സ്ക്രീനില്‍ വളര്‍ന്നു പടരുമ്പോള്‍
cancel
camera_alt????? ????

നീണ്ട പന്ത്രണ്ടുവര്‍ഷം ഒരേ സ്വപ്നത്തിനു പിന്നാലെ നടക്കുക, താന്‍ നല്‍കിയ ആശയം വെള്ളിത്തിരയില്‍ എത്തുക, അത് രാജ്യമൊട്ടാകെ വന്‍ വിജയമായിത്തീരുകയും ആളുകള്‍ക്ക് പ്രചോദനമാവുകയും ചെയ്യുക. ഇതൊന്നും ചെറിയ കാര്യമല്ല. പറഞ്ഞുവരുന്നത് ബോക്സ്ഓഫിസില്‍ വന്‍ വിജയം നേടിയ ‘ദംഗല്‍’ സിനിമയെ കുറിച്ചാണ്. വിജയമാവുക മാത്രമല്ല, രാജ്യമൊട്ടാകെയുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമായി എന്നതുകൂടിയാണ് ‘ദംഗല്‍’ സിനിമയുടെ വിജയം. ആ വിത്ത് മുള പൊട്ടിയതിന് പിന്നില്‍ ഒരു മലയാളിയായിരുന്നു; തൃശൂര്‍ക്കാരിയായ ദിവ്യ റാവു. വാള്‍ട്ട് ഡിസ്നിയുടെ അസോസിയറ്റ് പ്രൊഡ്യൂസര്‍ ആയിരുന്ന ദിവ്യ റാവുവായിരുന്നു ദംഗല്‍ സിനിമയുടെ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. ഒരു ഐഡിയ ഉണ്ടാവുന്നതു മുതല്‍ അതിനെ നട്ടുനനച്ച് വളര്‍ത്തി ചിത്രീകരിച്ച് സ്ക്രീനില്‍ എത്തിക്കുന്നതുവരെയുള്ള മുഴുവന്‍ പരിപാടികളുടെയും ഉത്തരവാദിത്തം ദിവ്യക്കായിരുന്നു. 

ഒരു സിനിമയുടെ എല്ലാ ഘട്ടത്തിലും അധ്വാനം ആവശ്യമുള്ള ജോലി ആയിരുന്നു അത്. സ്ക്രിപ്റ്റ് നല്ലതാണോ എന്ന് നോക്കുക, എഴുതുന്നതും സംവിധാനം ചെയ്യുന്നവരുമായ ആളുകളുടെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുക. സിനിമക്കുവേണ്ടി നിര്‍മാതാവിനെയും താരങ്ങളെയും കണ്ടുപിടിക്കുക, പ്രീ പ്രൊഡക്ഷന്‍, ഷൂട്ട്, പോസ്റ്റ് പ്രൊഡക്ഷന്‍ എല്ലാം കഴിഞ്ഞ് തിയറ്ററിലെ തിരശ്ശീലയില്‍ സിനിമയായി അത് എത്തുംവരെ അവിരാമം ജോലിയാണ്. പരസ്യമേഖലയില്‍നിന്നാണ് ദിവ്യ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ രംഗത്തും സിനിമയിലുമെല്ലാം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു. സംവിധായകരായ നാഗേഷ് കുക്കുനൂര്‍, നന്ദിത ദാസ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് അമൂല്യമായ അനുഭവസമ്പത്തായിരുന്നു ദിവ്യക്ക് നല്‍കിയത്. ദംഗലിനെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും ദിവ്യ സംസാരിക്കുന്നു...

ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ദംഗല്‍ പോലെയുള്ള ഒരു സിനിമയുടെ പ്രസക്തി എത്രത്തോളമാണ്? ഈ ആശയത്തിലെ ‘സ്ത്രീ ശാക്തീകരണം’ എന്ന എലമെന്‍റ് ആണോ നിങ്ങളെ ആകര്‍ഷിച്ചത്?
ലോകത്താകമാനമുള്ള ആയിരക്കണക്കിന് പ്രേക്ഷകരാണ് ദംഗലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. അതിയായ സന്തോഷമുണ്ട്. സിനിമ പോലെയുള്ള ഒരു മാസ് മീഡിയക്ക് ലോകത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരമൊരു സംരംഭത്തിനുവേണ്ടിയുള്ള പരിശ്രമത്തിന്‍െറ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. 2012ല്‍ ഡിസ്നിക്കുവേണ്ടി ഞാന്‍ നല്‍കിയ സ്റ്റോറി ഐഡിയയായിരുന്നു ദംഗലിന്‍േറത്. സ്പോര്‍ട്സ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി ആയതിനാല്‍ ആ കഥ എന്നെ ഏറെ സ്പര്‍ശിച്ചിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് കാലത്താണ് ഗീത, ബബിത എന്നീ പെണ്‍കുട്ടികളുടെ ജീവിതകഥയിലേക്ക് ഞാനത്തെുന്നത്. പിന്നീട് അതവിടത്തെന്നെ കിടന്നു. 2012ലാണ് ഡിസ്നി വഴി ഇത് ചിത്രീകരിക്കപ്പെടണമെന്ന ആശയം തോന്നിയത്. പ്രതീക്ഷ, പ്രചോദനം, സ്നേഹം  മുതലായവയെല്ലാം ഒത്തുചേര്‍ന്ന ഒരു റിയല്‍ സ്റ്റോറി ആയിരുന്നു അത്. അതിലുപരി ഹൃദയഹാരിയായ പിതൃ-പുത്രി ബന്ധവും അതിലുണ്ട്. ഹരിയാനയുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും വിഷയമാകുന്നു. സ്ത്രീപുരുഷ വിവേചനം ഏറ്റവും കുറഞ്ഞ മേഖലയായാണ് കായികരംഗം എനിക്ക് തോന്നിയിട്ടുള്ളത്. ലിംഗഭേദമന്യേ ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ ബലവാനാക്കാന്‍ സ്പോര്‍ട്സിന് കഴിവുണ്ട്.

ദിവ്യ ദംഗല്‍ ടീമിനൊപ്പം
 


സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മുന്നൊരുക്കങ്ങള്‍ എന്തൊക്കെയായിരുന്നു? 
ഇതിന്‍െറ സ്റ്റോറി ഐഡിയ എന്‍േറതായിരുന്നു എന്ന് മാത്രമേയുള്ളൂ. തിരക്കഥ എഴുതുമ്പോള്‍ ഞാനും കൂടെയുണ്ടായിരുന്നു.  അതിനുശേഷം പ്രീ പ്രൊഡക്ഷന്‍ ജോലികളിലും ഒപ്പം ഉണ്ടായിരുന്നു. ആമിര്‍ഖാന്‍ എന്ന വ്യക്തിയുടെ കൂടെ പ്രവര്‍ത്തിക്കുന്നത് അമൂല്യമായ അനുഭവം തന്നെയാണ്. എന്‍െറ വ്യക്തിത്വത്തിലും ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളിലും പ്രഫഷനിലുമെല്ലാം ആ എഫക്റ്റ് വളരെ പോസിറ്റീവായിതന്നെ കൂടെയുണ്ടാവും.

തങ്ങള്‍ക്ക് കഴിയാത്ത കാര്യങ്ങള്‍ കുട്ടികള്‍ ചെയ്യണം എന്നത് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍, പലപ്പോഴും അത് നിര്‍ബന്ധിതമായ അടിച്ചേല്‍പിക്കലുകള്‍ക്ക് വഴിവെക്കാറുണ്ട്. ഈ സിനിമയിലും അതേപോലൊരു തീം അല്ലേ ഗ്ലോറിഫൈ ചെയ്യുന്നത്?
വേണ്ട പ്രായത്തില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ശരിയായ ഗൈഡന്‍സ് ലഭിക്കേണ്ടത് അനിവാര്യമാണ്. കുഞ്ഞുങ്ങളുടെ കഴിവ് ഏതു മേഖലയിലാണെന്ന് നോക്കി അവ പരിപോഷിപ്പിക്കേണ്ടത് അവരുടെ ചുമതലയാണ്. ഏറ്റവും കുറഞ്ഞത് കുട്ടിയുടെ ബോധതലത്തില്‍ തന്‍െറ കഴിവിനെക്കുറിച്ച് വ്യക്തമായ ധാരണ വളര്‍ത്താന്‍ സഹായിക്കുകയെങ്കിലും ചെയ്യുക. അത് അവര്‍ക്കൊപ്പം വളര്‍ന്നു വലുതാവുകയോ ഇല്ലാതായി പോവുകയോ ചെയ്യട്ടെ.

ദംഗല്‍ സിനിമയില്‍ മഹാവീര്‍ സിങ് ഭാര്യയോട് പറയുന്നത് റെസ് ലിങ്ങില്‍ തന്‍െറ പുത്രിമാര്‍ പ്രാപ്തരാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ ഒരു വര്‍ഷം മാത്രം മതി. അങ്ങനെ അല്ളെങ്കില്‍ അവര്‍ അവര്‍ക്കിഷ്ടമുള്ള വഴിക്ക് തിരിയട്ടെ എന്നാണ്. കുട്ടികളെ അവര്‍ക്കിഷ്ടമല്ലാത്ത വഴികളിലൂടെ പോവാന്‍ നിര്‍ബന്ധിക്കുന്നത് നല്ല കാര്യമല്ല എന്നുതന്നെയാണ് അഭിപ്രായം. പക്ഷേ, അവരെ ബോധവത്കരിക്കേണ്ടത് ആവശ്യമാണ്. പൂര്‍ത്തീകരിക്കപ്പെടാതെപോയ സ്വന്തം താല്‍പര്യങ്ങള്‍ കുഞ്ഞുങ്ങളിലൂടെ സാക്ഷാത്കരിക്കുക എന്നത് ഏതൊരു രക്ഷാകര്‍ത്താവിനും സ്വാഭാവികമായുണ്ടാകുന്ന ആഗ്രഹമാണ്. എന്നാല്‍, അവരെ അമിതമായി അതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് കുട്ടികളെ റെബല്‍ ആക്കിമാറ്റും. 

സമൂഹത്തിന്‍െറ താഴത്തെട്ടിലുള്ള സ്ത്രീകളുടെ പ്രാതിനിധ്യം മറ്റേതു മേഖലയിലും എന്നതുപോലെതന്നെ കായികരംഗത്തും വളരെ കുറവാണ്. കഴിവുറ്റ നിരവധിപേര്‍ കണ്ടെടുക്കപ്പെടാതെ ഉള്‍ഗ്രാമങ്ങളിലും മറ്റും ജീവിക്കുന്നു. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് രാജ്യത്തിന്‍െറ കൂടി ആവശ്യമല്ലേ?
ശരിയാണ്. ഗീതയുടെയും ബബിതയുടെയും കഥ തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക് പ്രചോദനമേകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഒന്നാമത്തെ കാര്യം മിക്ക പെണ്‍കുട്ടികളും തങ്ങളുടെ കഴിവിനെക്കുറിച്ച് ബോധവതികളേയല്ല. ഇനി അഥവ അങ്ങനെയെന്തെങ്കിലും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍തന്നെയും അവ പരിപോഷിപ്പിച്ചെടുക്കാന്‍ വേണ്ട സാഹചര്യം ഉണ്ടായിരിക്കുകയുമില്ല.

ദിവ്യ മഹാവിര്‍ ഫോഗട്ടിനും ഭാര്യക്കുമൊപ്പം
 


കായികമേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം. പലപ്പോഴും വരുമാനമുള്ള ജോലി കൂടിയാണ് കായിക ഇനങ്ങള്‍. ഇതുകൂടി മനസ്സിലാക്കണം. ഇതിനായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പെണ്‍കുട്ടികള്‍ ഇതൊരു ഓപ്ഷന്‍ ആയെങ്കിലും കാണണം. മാതാപിതാക്കളുടെ സഹകരണത്തോടെ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുകയും അവരെ ശരിയായ ദിശയില്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള അതോറിറ്റികള്‍ ഉണ്ടാവുകയും വേണം. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇതിനായി ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് എന്‍െറ വിശ്വാസം. എന്നാല്‍, ഇവയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് അറിയില്ല.

കേരളവുമായുള്ള ആത്മബന്ധത്തെക്കുറിച്ച്?
കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് ഞാന്‍ ജനിച്ചത്. പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍. കുട്ടിക്കാലത്ത് വേനലവധികള്‍ കേരളത്തിലായിരുന്നു. ഭര്‍ത്താവും മുംബൈ മലയാളിയാണ്. ഇപ്പോഴും ഇടക്കിടെ കേരളത്തില്‍ വരാറുണ്ട്. 

സിനിമയുടെ കഥകളിലും ആവിഷ്കരണത്തിലും ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ രീതികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ദംഗല്‍ പോലൊരു ആശയം ദക്ഷിണേന്ത്യയില്‍ ആയിരുന്നെങ്കില്‍ സ്വീകരിക്കപ്പെടുമായിരുന്നോ? സിനിമയില്‍ പ്രാദേശികമായ ഈ വ്യത്യാസം എത്രത്തോളം ശ്രദ്ധിക്കേണ്ടതാണ്?

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ആണെങ്കിലും ദംഗല്‍ പോലൊരു കഥ സ്വീകരിക്കപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. തിരക്കഥയില്‍ സ്വാഭാവികമായും മാറ്റങ്ങള്‍ ഉണ്ടാകുമല്ളോ. ഇവിടെയുള്ള പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് വേണം ചേരുവകള്‍ ചേര്‍ക്കാന്‍. ബോളിവുഡ് സിനിമയില്‍ മാത്രം കൂടുതല്‍ പ്രവര്‍ത്തിച്ചു പരിചയം ഉള്ളതിനാല്‍ എനിക്ക് അതേക്കുറിച്ച് കൂടുതല്‍ പറയാനറിയില്ല.

മുംബൈയില്‍ ഭര്‍ത്താവ് വിജേഷ് നായരും കുടുംബവുമൊത്ത് താമസിക്കുന്ന ദിവ്യ റാവു ഇപ്പോള്‍ ഫ്രീലാന്‍സ് ആയി ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ജോലി ചെയ്യുന്നു. കൂടാതെ ഭര്‍ത്താവും ചേച്ചിയുടെ ഭര്‍ത്താവ് രതീഷ് റാവുവും ചേര്‍ന്ന് നടത്തുന്ന ഹാപ്പി യോഗി കമ്പനിയില്‍ അഷ്ടാംഗ വിന്യാസ യോഗ അധ്യാപികയുടെ റോളും ചെയ്യുന്നുണ്ട്. നാല് ചിത്രങ്ങളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ദിവ്യ ഇപ്പോള്‍ സ്വന്തം സിനിമയുടെ സ്ക്രിപ്റ്റിനെക്കുറിച്ചും ആലോചിച്ചു തുടങ്ങിയിരിക്കുന്നു. അധികം വൈകാതെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഈ മലയാളിപ്പെണ്‍കുട്ടിയുടെ പേരും കാണാനാവും എന്ന് ദംഗലിന്‍െറ  വിജയകാഹളം സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dangaldivya raowaltdisneyassociate producer
News Summary - walt disney former associate producer divya rao bollywood film dangal
Next Story