Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആരെടാ ഈ കോറസ്....

ആരെടാ ഈ കോറസ്....

text_fields
bookmark_border
ആരെടാ ഈ കോറസ്....
cancel
camera_alt????? ????????? ???? ????????

തിയറ്ററിൽ പോയി സിനിമ കാണുകയല്ലാതെ സിനിമാ നിര്‍മാണത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ഞങ്ങളുടെ അറുപതുകളില്‍ ‘101 ചലച്ചിത്ര ഗാനങ്ങള്‍’, ‘250 സിനിമാ ഗാനങ്ങള്‍’ എന്നിങ്ങനെ പാട്ടു പുസ്തകങ്ങള്‍ ലഭ്യമായിരുന്നു. ചെറുപ്പക്കാരൊക്കെ കൗതുകപൂര്‍വം അതു വാങ്ങി ഓരോ പേജും ആകാംക്ഷയോടെ മറിച്ചു നോക്കിയ ഒര​ു കാലമുണ്ടായിരുന്നു. എല്ലാ പാട്ടുകാരെയും അവര്‍ക്കറിയാമെങ്കിലും ‘യേശുദാസും കോറസും’, ‘സുശീല ആന്​റ്​ കോറസ്​’, ‘ജയചന്ദ്രനും കോറസും’ എന്നിങ്ങനെ കാണുമ്പോള്‍ ‘ആരെടാ ഈ കോറസ്...? കൂടുതല്‍ പാട്ടുകളും ഇവനാണല്ലോ പാടിയിരിക്കുന്നത്...!’’ എന്നു ഞങ്ങൾ അന്തംവിട്ടിരുന്നിട്ടുണ്ട്​. ഇന്ന് കഥ മാറി. കോറസെന്നല്ല, സിനിമാ നിര്‍മ്മാണത്തി​​​​െൻറ എല്ലാ സൂക്ഷ്മാംശങ്ങളും ഏതാണ്ടെല്ലാവർക്കുമറിയാം. വേണ്ടിവന്നാൽ ഒരു സിനിമ തന്നെ എടുക്കാനുള്ള പരിജ്​ഞാനവുമുണ്ട്​.

ഒരു പാട്ടു കേട്ടാല്‍ അതാരു പാടി, രചിച്ചതാര്..? സംഗീതം നല്‍കിയതാര്...? തുടങ്ങിയ അത്യാവശ്യകാര്യങ്ങള്‍ അറിയുന്നതോടെ ആസ്വാദകനു തൃപ്തിയാകും. എന്നാൽ, നാല്‍പതും അമ്പതും വാദ്യോപകരണ കലാകാരന്മാരും ചിലപ്പോൾ എട്ടോ പത്തോ കോറസ്​ ഗായകരും ഒരു നല്ല സൗണ്ട് എഞ്ചിനീയറും ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സ്റ്റുഡിയോയും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് യേശുദാസി​​​​െൻറയോ ജയചന്ദ്ര​​​​െൻറയോ ജാനകിയുടെയോ ഒരു ഗാനം പിറക്കുന്നതെന്ന വസ്തുത അധികമാരുംഓര്‍ക്കാറില്ല.

സി.ഒ. ആ​േൻറാ, റാഫി, നടേഷ്​ ശങ്കർ, ദേവരാജൻ മാസ്​റ്റർ, എം.കെ. അർജുനൻ, എസ്​. രാജേന്ദ്രബാബു, അലക്​സ്​ എന്നിവർ റെക്കോർഡിഗിനിടയിൽ

ശ്യാം, ജോണ്‍സണ്‍,  ഇളയരാജ, എ.ആര്‍ റഹ്​മാൻ, കെ.ജെ. ജോയി, ഔസേപ്പച്ചന്‍, മോഹന്‍ സിതാര, ഗോപീ സുന്ദർ തുടങ്ങിയ പലരും ഒരുകാലത്ത്‌ വാദ്യോപകരണ കലാകാരന്മാരായിരുന്നു. എന്നാൽ, കോറസ്‌ കലാകാരന്മാരുടെ അവസ്ഥ വിഭിന്നമാണ്. അപൂര്‍വം ചിലരേ രക്ഷപ്പെട്ടിട്ടുണ്ടാവൂ. മിക്കവരും കോറസ് ആലാപനത്തില്‍ നിന്ന് മുക്തരാകാതെ രംഗം വിടേണ്ടി വന്നവരാണ്​. ആദ്യകാല മലയാള ഗാനങ്ങള്‍ ശ്രദ്ധിച്ചാല്‍ കോറസ് പാടിയിരിക്കുന്നവര്‍ തമിഴരോ തെലുങ്കരോ ആണെന്ന്​ തിരിച്ചറിയാം. ഉച്ചാരണപ്പിശക് ധാരാളം ഉണ്ടാകും. പക്ഷേ, പില്‍ക്കാലത്ത് മലയാളം കോറസ് ഗായകര്‍ എത്തിയതോടെ ഉച്ചാരണവും ആലാപനവും മികച്ചതായി. ആ കൂട്ടത്തിൽ എടുത്തു പറയാവുന്നവർ സംഗീത സംവിധായകന്‍ രവീന്ദ്രനും ഗായകന്‍ സി.ഒ. ആ​േൻറായുമാണ്​.  

പീറ്റര്‍ - റൂബന്‍ എന്ന ഇരട്ട സംഗീത സംവിധായകരിലെ പീറ്റര്‍ എന്ന പരമേശ്വരന്‍ ഭാഗവതര്‍ ദേവരാജന്‍ മാസ്റ്ററുടെ സംഘത്തിലെ മികച്ച കോറസ് ഗായകനായിരുന്നു. ജയചന്ദ്രന്‍, ആ​േൻറാ, അയിരൂര്‍ സദാശിവന്‍, ശ്രീകാന്ത്, നിലമ്പൂര്‍ കാര്‍ത്തികേയന്‍, മാധുരി തുടങ്ങിയ ഗായകരൊക്കെ ദേവരാജന്‍ മാസ്റ്ററുടെ പല ഗാനങ്ങള്‍ക്കും കോറസ് പാടിയിട്ടുണ്ട്. എച്ച്.എം.വിയുടെ ആദ്യകാല ഗാനങ്ങളിൽ യേശുദാസി​​​​െൻറ ഗാനത്തിന് ആൻറോയും ആൻറോയുടെ  ഗാനത്തിന് യേശുദാസും കോറസ് പാടിയവരാണ്. രവീന്ദ്രന്‍ വളരെക്കാലം കോറസ് ഗായകനായും പിന്നീട്​ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച ശേഷമാണ് സംഗീതസംവിധാന രംഗത്തേക്ക് കടന്നത്. സി.ഒ ആൻറോയാക​െട്ട മികച്ച ഗായകനായി പ്രശസ്തനായ ശേഷം കോറസ് ഗായകനായി മാറുകയായിരുന്നു.

സംഗീത സംവിധായകൻ രവീന്ദ്രൻ

ഞാനും കുറച്ചുകാലം കോടമ്പാക്കത്ത് കോറസ് ഗായകനായി ജീവിച്ചു. രവീന്ദ്രനാണ് എന്നെ ആദ്യമായി കോറസ് പാടിച്ചത്. ടി.എസ്. മോഹന്‍ സംവിധാനം ചെയ്ത ‘വിധിച്ചതുംകൊതിച്ചതും’ എന്ന ചിത്രത്തി​​​​െൻറ ഗാനങ്ങളുടെ റെക്കോഡിംഗ് തരംഗിണിയില്‍ നടക്കുന്നു. പൂവച്ചൽ ഖാദറി​​​​െൻറ ‘ഒാളം മാറ്റി മുമ്പേ പോയ്​ മുളം തോണി ദൂരെ മുങ്ങാത്തോണി...’ എന്ന ഗാനം യേശുദാസ് പഠിച്ചുകൊണ്ടിരിക്കുന്നു. സമീപത്ത് അഞ്ചാറു പേര്‍ കോറസ് ഗായകരായി ഇരിപ്പുണ്ട്. സി.ഒ ആൻറോയാണ്​ പ്രധാനി. ഞാന്‍ എല്ലാം വീക്ഷിച്ചു നില്‍ക്കുകയാണ്. പെട്ടെന്ന് രവീന്ദ്രന്‍ എന്നെ നോക്കിക്കൊണ്ട്, ‘‘ബാബൂ, കോറസി​​​​െൻറ കൂടെ ചേര്‍ന്ന് പാട്. വരികള്‍ ആൻറോ പറഞ്ഞുതരും..’’ അല്‍പം ജാള്യതയോടെ ഞാന്‍ സംഘത്തിൽ ചേര്‍ന്നു. പാട്ടി​​​​െൻറ ഈണം അതിനകംതന്നെ എന്നില്‍ പതിഞ്ഞിരുന്നു.

പില്‍ക്കാലത്ത് മലയാളത്തിലും തമിഴിലുമായി നിരവധി പാട്ടുകള്‍ക്ക് ഞാന്‍ കോറസ് പാടി. കാത്തലിക് സിറിയന്‍ ബാങ്കിലെ റാഫിയും വിദ്യാധരന്‍ മാസ്​റ്ററുടെ അനുജന്‍ നടേശനും പാടാൻ എത്തിയതോടെ ആൻറോ ചേട്ടന്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ നാല്‍വര്‍ സംഘം മലയാളത്തിലെ മികച്ച കോറസ് ഗായകരായി. ദേവരാജന്‍ മാസ്​റ്റർ, അര്‍ജുനന്‍ മാസ്​റ്റർ, ശ്യാം, രവീന്ദ്രന്‍, ജോണ്‍സണ്‍, എം.ജി. രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ്, രാജാമണി, ഔസേപ്പച്ചന്‍, എസ്.പി വെങ്കടേഷ്, എസ്​. ബാലകൃഷ്ണൻ ത​ുടങ്ങിയ സംഗീത സംവിധായകരുടെ സ്ഥിരം കോറസ് ഗായകരായി ഞങ്ങള്‍. 

ജെറി അമല്‍ദേവി​​​​െൻറ റെക്കോഡിംഗില്‍ ആദ്യമായി പാടിയ അനുഭവം ഒരിക്കലും മറക്കാനാവില്ല. ‘സ്രാവ്’ എന്ന ചിത്രത്തിനു വേണ്ടി ഒരു സംഘഗാനം തരംഗിണിയിൽ​ റെക്കോഡ്‌ ചെയ്യുകയാണ്. റെക്കോഡിംഗ്‌ രംഗത്തെ പതിവുകളൊന്നും നിശ്ചയമില്ലായിരുന്നു അദ്ദേഹത്തിന്. കോടമ്പാക്കത്തും പരിസരത്തുമുള്ള എല്ലാ ഗായകരെയും അദ്ദേഹം പാടാന്‍ ക്ഷണിച്ചു. തരംഗിണിയില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥ. ആള്‍ക്കൂട്ടം കണ്ട് ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും തിരികെപ്പോയി. ഒരു പാട്ടു തന്നെ എല്ലാവരും പഠിക്കുകയാണ്. കോറസ് പാടാന്‍ മാത്രം പത്തു പുരുഷന്മാരും പത്തു സ്ത്രീകളും എത്തിയിട്ടുണ്ട്. പി. സുശീല എത്തിയപ്പോൾ അവര്‍ക്ക് പാട്ടി​​​​െൻറ ഏതു ഭാഗം നല്‍കണമെന്ന ആശയക്കുഴപ്പം. രണ്ടോ നാലോ വരികളാണ്‌ സുശീലാമ്മ പാടിയത്. കോറസ് പാടുന്ന സ്ത്രീകളിൽ കൗസല്യ പ്രധാന ഗായികയാണ്. ത​​​​െൻറ കാർ സ്വയം ഡ്രൈവ്‌ ചെയ്ത്​ സ്റ്റുഡിയോയില്‍ വരുന്ന ഒരേയൊരു ഗായിക. റിഹേഴ്‌സല്‍ തീരാറാകുമ്പോള്‍ മാത്രമാണ് അവര്‍ സാധാരണ കടന്നു വരുക. പക്ഷേ, ഇവിടെ വൈകിവന്ന കൗസല്യയെ ജെറി പാടാന്‍ അനുവദിച്ചില്ല. അവരോട് ആരും ഒരിക്കലും ഇത്തരത്തില്‍ പെരുമാറിയിട്ടില്ല. ഇരുപതു പേർ കോറസ് പാടാനുണ്ടായിരുന്നിട്ടും പാട്ട് നന്നാവാതെ വന്നപ്പോള്‍ അദ്ദേഹം പാട്ടുകാരുടെ ബൂത്തിൽ വന്ന് ഓരോരുത്തരോടും പാടാന്‍ പറഞ്ഞു. പലരും അതുവരെ പാടാതെ ചുണ്ടനക്കുകയായിരുന്നു. പാട്ടു പഠിക്കാതെ ചുണ്ടനക്കി പ്രതിഫലംവാങ്ങുന്ന ചിലര്‍ അക്കാലത്ത് ഉണ്ടായിരുന്നു. അക്കൂട്ടരെ കൈയോടെ പിടികൂടി പുറത്താക്കിയ ശേഷമമാണ്‌ ജെറി പാട്ട് റെക്കോഡ്‌ ചെയ്തത് - ‘തുമ്പിതുള്ളും തീമല...’ എന്ന പാട്ട്​. പക്ഷേ, എന്തുകൊണ്ടോ ആ സിനിമ റെക്കോർഡിoഗിനപ്പുറം പോയില്ല. സിനിമ മുടങ്ങിപ്പോയി.

പ്രധാന ഗായകനോ ഗായികയ്‌ക്കോ പാട്ടിൽ ചെറിയ പൊടിക്കൈകള്‍ പ്രയോഗിക്കാന്‍ അനുവാദം ലഭിച്ചേക്കാം. എന്നാൽ, കോറസ് ഗായകര്‍ എല്ലാ സ്വരവും കൃത്യമായി ഒരുപോലെ പാടണം. ഒരാൾ തെറ്റിച്ചാൽ വീണ്ടും ആദ്യം മുതല്‍ എടുക്കേണ്ടിവരും. ഞങ്ങളുടെ നാല്‍വര്‍ സംഘം ഇക്കാര്യത്തിൽ വളരെ കൃത്യത ഉള്ളവരായിരുന്നു. അതിനാല്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള കോറസ് ഗായകരായി ഞങ്ങള്‍. ഘനഗംഭീരമാണ് ആൻറോച്ചേട്ട​​​​െൻറ ശബ്ദം. അതുകൊണ്ട് മൈക്കി​​​​െൻറ ഏറ്റവും പിറകിലേ അദ്ദേഹം നില്‍ക്കാറുള്ളു. 

ഇന്നും പലയിടത്തുനിന്നുമായി ഞങ്ങൾ പാടിയ ആ പാട്ടുകൾ കേൾക്കാം. ബസ്സിൽ, റോഡരികിലൂടെ നടന്നുപോക​ു​േമ്പാൾ,ചായ കുടിക്കാൻ കയറുന്ന ഹോട്ടലിൽ, ടി.വിയിൽ... അങ്ങനെ പാ​െട്ടാഴുകുന്ന എല്ലായിടത്തും ഞങ്ങൾ ഞങ്ങളുടെ ശബ്​ദം തിരിച്ചറിയുന്നു. പക്ഷേ, ആ പാട്ടിൽ ഞങ്ങളുമുണ്ടെന്ന്​ ഞങ്ങളല്ലാതെ മറ്റാർക്കും അറിയില്ല... ആ പാട്ടിൽ കേൾക്കുന്ന കോറസിൽ എ​​​​െൻറ ശബ്​ദവുമുണ്ടെന്ന്​ പറഞ്ഞാൽ ആരും വിശ്വസിക്കുകയുമില്ല...

സി.ഒ. ആ​േൻറായും കുടുംബവും

നൂറുകണക്കിന്​ പാട്ടുകൾക്ക്​ ഞങ്ങൾ കോറസ്​ പാടി. അതിൽ മിക്കതും ഹിറ്റുകള​ുമായിരുന്നു. ഇന്നും ഹിറ്റ്​ ചാർട്ടിൽ തന്നെ തുടരുന്നവ. ‘പന്തിരുചുറ്റും പച്ചോലപ്പന്തലിണക്കി...’ (ഉത്സവപ്പിറ്റേന്ന്), ‘ഹേ...ഘനശ്യാമമോഹന കൃഷ്ണാ...’(കിഴക്കുണരും പക്ഷി), ‘പുലരേ പൂങ്കോടിയില്‍...’ (അമരം), ‘ആനന്ദ നടനം ആടിനാര്‍...’ (കമലദളം), ‘രാമായണക്കാറ്റേ...’ (അഭിമന്യൂ), ‘വിശ്വംകാക്കുന്ന നാഥാ...’ (വീണ്ടുംചില വീട്ടുകാര്യങ്ങള്‍), ‘തീയിലുരുക്കി തിന്തിന്ന... തിന്തിന്ന...’ (പൊന്‍മുട്ടയിടുന്ന താറാവ്), ‘മച്ചകത്തമ്മയെ കാല്‍തൊട്ടുവന്ദിച്ചു...’  (ചിന്താവിഷ്ടയായ ശ്യാമള), ‘കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി...’ (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍), ‘അവനവന്‍ കുരുക്കുന്ന...’ (റാംജിറാവുസ്പീക്കിംഗ്), ‘ഉന്നം മറന്നു തെന്നിപ്പറന്ന...’ (ഇന്‍ ഹരിഹര്‍നഗര്‍)... ഓർമിക്കാന്‍ ഇങ്ങനെ ഞങ്ങള്‍ പാടിയ നൂറുകണക്കിനു പാട്ടുകളുണ്ട്. യേശുദാസ് പുറത്തിറക്കുന്ന തരംഗിണിയുടെ അയ്യപ്പ ഭക്തിഗാനങ്ങള്‍ക്കും ഞങ്ങളായിരുന്നു കോറസ് ഗായകര്‍. ഒരേ ഈണത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാകും കസറ്റ് ഇറക്കുക.

സി.ഒ. ആ​േൻറാ

തൊണ്ണൂറുകളുടെ അവസാനം വരെ ഇത്തരത്തിൽ തിരക്കായിരുന്നു. ക്രമേണ മലയാള ഗാനങ്ങളുടെ റെക്കോഡിംഗ് എറണാകുളത്തും തൃശൂരും തിരുവനന്തപുരത്തുമായി മാറിയതോടെ ഞങ്ങളുടെ കോറസ് സംഘത്തിന് തൊഴിലില്ലാതായി. എനിക്ക് ഇന്ത്യാടുഡേയിലും റാഫിക്ക് ബാങ്കിലുംജോലി ഉണ്ടായിരുന്നതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. നടേശന്‍ ജോണ്‍സ​​​​െൻറയും രാജാമണിയുടെയും സഹായിയായി ഏറെക്കാലം പ്രവര്‍ത്തിച്ചു. പിന്നീട്‌ നടേഷ് ശങ്കര്‍ എന്ന പേരിൽചില ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചെങ്കിലും വളര്‍ന്നു വികസിക്കാനായില്ല. അങ്ങനെ നടേശന്‍ നാട്ടിലേക്കു തിരികെപ്പോയി. സി.ഒ. ആ​േൻറാ രോഗത്തിനടിമയായി. കുറച്ചുകാലത്തിനു ശേഷം ത​​​​െൻറ ആരാധകരെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞു. ഇപ്പോഴും പഴയ സഹഗായകരെ വഴിയില്‍ കാണാറുണ്ട്​. അപ്പോൾ ഞങ്ങൾക്ക്​ പറയുവാനും ഒാർക്കുവാനുമുള്ളത്​ സ്​റ്റുഡിയോകളിൽനിന്ന്​ സ്​റ്റുഡിയോകളിലേക്ക്​ പാഞ്ഞുനടന്ന ആ പഴയ കോറസ്​ കാലം തന്നെ....

എന്നെങ്കിലുമൊരിക്കൽ ആൾക്കൂട്ടത്തിനിടയിൽനിന്ന്​ മുന്നോട്ടു കയറി ഒര​ു പാട്ട്​ തന്നെത്തേടിയെത്തും എന്ന വിശ്വാസത്തിലാണ് ഒാരോ കോറസ്​ ഗായകനും സ്​​റ്റുഡിയോയുടെ പടി ഒാരോ വട്ടവും ചവിട്ടുന്നത്​. ത​​​​െൻറ ഉൗഴവും എപ്പോഴെങ്കിലുമെത്തുമെന്ന പ്രതീക്ഷ. അപൂർവം ചിലർക്ക്​ ആ ഭാഗ്യം ഒത്തുവന്നിട്ടുണ്ട്​. ബഹുഭൂരിപക്ഷവും ആൾക്കൂട്ടത്തിൽ ലയിച്ച സ്വരം കണക്കെ വിസ്​മൃതിയിലാണ്ടുപോയി. ഉൗരും പേരും ​േപാലുമില്ലാത്ത ഗായകരുടെ ശ്​മശാനം കൂടിയാണ്​ കോടമ്പാക്കം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newskodampakkam stories
News Summary - kodampakkam stories-movies-malayalam news
Next Story