Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'വീട്ടുകാർ കല്യാണം...

'വീട്ടുകാർ കല്യാണം ആലോചിച്ച് തുടങ്ങി'

text_fields
bookmark_border
വീട്ടുകാർ കല്യാണം ആലോചിച്ച് തുടങ്ങി
cancel

മലയാള സിനിമയില്‍ വേറിട്ട വഴികളിലൂടെ നടക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. സിനിമയില്‍ സഹസംവിധായകനായെത്തി അഭിനയത്തിലെത്തിയ ഉണ്ണി, മലയാള സിനിമയിൽ തന്‍റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്.  'നന്ദനം' എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിച്ചുകൊണ്ട് ശ്രദ്ധേയമായ അദ്ദേഹം പിന്നീട് ഇരുപതിലധികം സിനിമയില്‍ വേഷമിട്ട് ‘അവരുടെ രാവുകള്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ജനത ഗാരേജ് എന്ന തെലുങ്ക് ചിത്രത്തില്‍ മോഹന്‍ലാലിന്‍െറ വില്ലനായി അഭിനയിക്കാനിരിക്കേ ഉണ്ണി മുകുന്ദന്‍ ‘മാധ്യമം’ ഓണ്‍ലൈനോട് മനസ്സ് തുറക്കുന്നു.

താൽപര്യം കൊണ്ട് സിനിമയിലെത്തിയതായിരുന്നോ?
പണ്ട് തൊട്ടേ സിനിമയോട് താല്‍പര്യമുണ്ട്. 18, 19 വയസ്സില്‍ കഥ പറച്ചിലായിരുന്നു പ്രധാന ജോലി. പിന്നീട് അച്ഛനോടാണ് സിനിമയോടുള്ള താല്‍പര്യം അറിയിച്ചത്. അച്ഛന്‍ പിന്തുണച്ചു. അമ്മയും അച്ഛനുമൊക്കെ 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അഭിനയിച്ച സിനിമ കാണാൻ തീയറ്ററില്‍ പോകുന്നത്. അങ്ങനെയുള്ള ഒരു കുടുംബമാണ് എന്‍റെത്. ഞാൻ അഭിനേതാവായതില്‍ അവര്‍ക്ക് സന്തോഷവും കൗതുകവുമാണ്. അഭിനയിച്ച സിനിമ വിജയിച്ചതുകൊണ്ടായില്ല. ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കാര്യം കഷ്ടമാണ്. എന്‍െറ കാര്യത്തില്‍ എല്ലാം നല്ല രീതിയിലാണ്. ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സിനിമ ലഭിക്കുന്നു. ഒരു വിധത്തില്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എന്നെ ജനങ്ങള്‍ ഇഷ്ടപ്പടുന്നു എന്നതിനാലാണത്.
 


നായകസങ്കല്‍പത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട്?
പുതിയ സംവിധായകരായാലും പ്രധാന നടന്മാരെ വെച്ചാണ് സിനിമകളുണ്ടാക്കുന്നത്. ഒരു സിനിമയുടെ തുടക്കത്തിൽ തന്നെ അതിങ്ങനെയായിരിക്കണം എന്ന സങ്കല്‍പമുണ്ടാകും. മറ്റു ഭാഷകളില്‍ തിരക്കഥാപ്രാധാന്യമായാണ് സിനിമപോകുന്നത്. നടന് ഉയരവും തൂക്കവും ഭംഗിയുമൊന്നുമില്ലെങ്കിലും സിനിമയുണ്ടാക്കാനാവുന്നുണ്ട്. മലയാളത്തില്‍ അങ്ങനെയുണ്ടാകുന്നില്ല. ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. പ്രേക്ഷകര്‍ അതിന് തയാറല്ല. അതിന് നിര്‍മാതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
 
ചില പരീക്ഷണങ്ങള്‍ മലയാളത്തില്‍ നടക്കുന്നില്ലേ?
ശരിയാണ്. പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അത്തരമൊരു സിനിമയായിരുന്നു ‘ഡാ തടിയാ’. ഹിന്ദിയില്‍ നവാസുദ്ദീന്‍ സിദ്ദീഖിയെ വെച്ച് സിനിമ ചെയ്യുന്ന പോലെ മലയാളത്തില്‍ സിനിമയുണ്ടാകുന്നില്ല. പ്രധാന നടനേക്കാള്‍ ഫ്ളക്സിബിളായിട്ട് അഭിനയിക്കുന്ന എത്രയോ നല്ല സഹനടൻമാരുണ്ട്. അവരെ വെച്ച് മലയാളത്തില്‍ ഒരു റിയലിസ്റ്റിക്കായ സിനിമ വരുന്നില്ല.

തെലുങ്ക് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനായി അഭിനയിക്കുന്നു എന്ന് കേട്ടു?

ഞാന്‍ വില്ലന്‍ കഥാപാത്രങ്ങളോട് സാമ്യമുള്ള സിനിമകളാണ് കൂടുതലും ഞാൻ ചെയ്തത്.  ബാങ്കോക് സമ്മറില്‍ ഞാന്‍ വില്ലനായിരുന്നു. ബാംഗ്ളൂര്‍ മാര്‍ച്ചില്‍ സഹനടനായിരുന്നു. മല്ലു സിങ്ങില്‍ എനിക്ക് വ്യത്യസ്ത വേഷമായിരുന്നു. എല്ലാ തരം വേഷങ്ങളും ചെയ്യുമെന്ന് തീരുമാനിച്ചതിലാണത്. മോഹന്‍ലാലിന്‍െറ തെലുങ്ക്- ചിത്രത്തിൽ വില്ലനായാണ് അഭിനയിക്കുന്നത്. കഥാപാത്രത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കാറുള്ളത്. ദൈവസഹായത്താല്‍ കാണാന്‍ കുഴപ്പമില്ലാത്ത ഒരു മുഖവും ശരീരവുമുള്ളതിനാല്‍ പല ഹീറോ കഥാപാത്രങ്ങളും കിട്ടുന്നുണ്ട്. നായകനായഭിനയിച്ച 'ഒരു മുറൈ വന്ത് പാര്‍ത്തായ' എന്ന ചിത്രത്തില്‍ എന്‍റെ കൂടെ കഴിവുള്ള ഒരുപാട് കലാകാരൻമാർ പ്രവർത്തിച്ചിട്ടുണ്ട്. ഒരു നായകന്‍റെ കൂടെ പ്രധാന വേഷത്തിലെത്തിയാൽ മാത്രമേ അവർക്ക് പുതിയ അവസരങ്ങൾ ലഭിക്കു. അവരുടെ അവസ്ഥയില്‍ ഒറ്റയടിക്ക് നയകനാവുകയെന്നതും ബുദ്ധിമുട്ടാണ്.  

മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത സിനിമയുണ്ടാകാത്തത്?

സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രധാന്യമുള്ള  സിനിമകള്‍ ചുരുക്കമാണ്.‘നീന’ അങ്ങിനെയാരു ചിത്രമാണ്. പിന്നെ ‘ഹൗ ഓള്‍ഡ് ആര്‍ യു’. അതിൽ മഞ്ജു വാര്യർ എന്ന 'സ്റ്റാർ വാല്യു' ഉണ്ടായിരുന്നു. എന്നാൽ ലാല്‍ ജോസിന്‍റെ നീനയിൽ ആര്‍ക്കും പരിചയമില്ലാത്ത ഒരു പുതിയ നടിയെ ടൈറ്റില്‍ റോളില്‍ വെച്ച് സിനിമ ചെയ്തു. ഇത്തരം പരീക്ഷണങ്ങൾ വളരെ കുറവാണ്. ഞാന്‍ ഉദ്ദേശിക്കുന്നത് നീന പോലെയുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളും പുരുഷ കേന്ദ്രീകൃത സിനിമകളും ഉണ്ടാകണമെന്നാണ്. ഒന്നുകില്‍ അവാര്‍ഡ് സിനിമകള്‍ അല്ലെങ്കില്‍ വാണിജ്യ സിനിമകള്‍ മാത്രമേ ഇവിടെ ഉണ്ടാകുന്നുള്ളു.

സിനിമയിൽ ട്രെന്‍ഡ് എന്നതുണ്ടോ?

ഓരോ സമയത്ത് ഓരോ ട്രെന്‍ഡ് വരും. അപ്പോള്‍ ട്രെന്‍ഡ് അനുസരിച്ച് അങ്ങനെ പോകും. അല്ലാതെ ഈ പടം ചെയ്താല്‍ സൂപ്പര്‍ഹിറ്റാകും എന്നൊന്നും പറയാൻ കഴിയില്ല. ഒരു ഭാഗ്യം കൂടിയായാണ് ഞാനതിനെ കാണുന്നത്. മമ്മൂക്ക, ലാലേട്ടന്‍ എന്നിവര്‍ക്ക് താഴെയുള്ള നായകന്‍മാര്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുണ്ടാകുന്നുണ്ട്. ഒരു പരിധി കഴിഞ്ഞാല്‍ അവരും സോളോ ആകും. ഒരര്‍ഥത്തില്‍ സിനിമ ഒരു വിശ്വാസത്തിന്‍െറ പുറത്ത് കുറെ പേര്‍ ഒന്നിക്കുന്ന ഒരു തരം ചൂതാട്ടമാണ്.

തിരക്കഥയുടെ പ്രസക്തി?

ഇന്ന് തിരക്കഥയിൽ നടനോ നടിക്കോ ഇടപെടാനാവും. മുമ്പ് എം.ടിയുടെയോ ലോഹിസാറിന്‍െറയോ ഒക്കെ തിരക്കഥയില്‍ ഒരു അക്ഷരംപോലും അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ സമ്മതിക്കില്ലായിരുന്നു. തിരക്കഥയുടെ ബലത്തിലാണ് അന്ന് സിനിമ മുന്നോട്ട് പോകുന്നത്. ഇപ്പോൾ ഫീല്‍-ഗുഡ് ചിത്രങ്ങളാണ് കൂടുതലും. പഞ്ചുള്ള കഥാപാത്രങ്ങൾ അപൂര്‍വമേയുണ്ടാകുന്നുള്ളൂ. എക്കാലവും ഓര്‍ക്കുന്ന കഥാപാത്രങ്ങളുണ്ടാകുന്നില്ല. മുതിർന്ന സിനിമാക്കാർക്ക് അതിന് കഴിഞ്ഞിട്ടുണ്ട്. ന്യൂജന്‍ ഫിലിം മേക്കേഴ്സിന്‍െറ സംഭാവന കുറച്ചുകൂടി 'ലൈറ്റ്' ചിത്രങ്ങളാണ്. ഇന്നത്തെ ഒരു ട്രെന്‍ഡ് അതായിരിക്കാം. കുറെ കഴിഞ്ഞാല്‍ ഇവ  ഒരു നൊള്‍സ്റ്റാജിയയായി തിരിച്ചത്തെും.ഹീറോ തന്നെ വേണ്ടാത്ത തലത്തിലൊക്കെ സിനിമയെത്താം. എന്നാലും മുഖ്യധാരാ സിനിമ മാറില്ല. അത് നായകന്‍, നായിക, പാട്ട് എല്ലാമായി നിലനില്‍ക്കും. അതേസമയം ഒരു നടന്‍െറ തീയതിക്കായി അഞ്ച് വര്‍ഷം 23 വയസ്സുള്ള ഒരു സംവിധായകന്‍ കാത്തിരിക്കുകയെന്നത് കഷ്ടമാണ്. അയാളുടെ സുപ്രധാന കാലമാണ് നഷ്ടമാകുന്നത്. നടനല്ല തിരക്കഥക്കാണ് പ്രധാനമെന്ന രീതിയിലേക്ക് മാറണം. അതിന് സമയമെടുക്കും. മാറ്റം ക്രമേണ നടക്കുന്ന ഒന്നാണ്. സിനിമ ഒരു വണ്‍മാന്‍ ഷോ ആണ്.

കുടുംബം മലയാളസിനിമയില്‍ നിന്ന് പടിയിറങ്ങിപ്പോയി എന്ന വിശ്വസിക്കുന്നുണ്ടോ?
ഇല്ല. ഞാന്‍ ഒടുവിലഭിനയിച്ച ഒരു 'മുറൈ വന്ത് പാര്‍ത്തായ'യില്‍ അച്ഛന്‍, അമ്മ, അമ്മാവന്‍മാര്‍ ഒക്കെയുണ്ട്. നാല് കഥാപാത്രങ്ങളുണ്ടെങ്കിൽ ഇപ്പോൾ സിനിമ ചെയ്യാനാവും. അണുകുടുംബമാണ് ഇപ്പോൾ കൂടുതലും. കൂട്ടുകുടുംബം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമാണ്. കഴിഞ്ഞ 15 വര്‍ഷമായി എന്‍റേതും അണുകുടുംബമാണ്. അപ്പോള്‍ ഞാന്‍ കഥയെഴുതുമ്പോള്‍ അണുകുടുംബത്തെ കുറിച്ചാണ് എഴുതുക. ജനറേഷന്‍ മാറുന്നതിനനുസരിച്ച് സിനിമയിലും മാറ്റങ്ങൾ വരും.
 
 

സിനിമയിലെ കുറ്റകൃത്യങ്ങള്‍ പ്രേക്ഷകരെ വഴിതെറ്റിക്കുമെന്ന ആരോപണം ?
സിനിമ കണ്ട് ഒരാള്‍  ചീത്തയായി എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. സിനിമ കുറ്റകൃത്യങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. ഒരു കൊലപാതകം നടന്നിട്ടുണ്ട്. വാര്‍ത്തകളില്‍ സിനിമയിലുള്ളതിനേക്കാൾ വയലന്‍സും ദോഷങ്ങളുമുണ്ട്. അതിനാല്‍ സിനിമ കണ്ട് ചീത്തയാകുന്നു എന്ന് പറയുന്നത് ശരിയല്ല. ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ കാണുന്നത്. അല്ലാതെ സിനിമയില്‍ നടക്കുന്നത് ജീവിതത്തില്‍ കാണില്ല. ജീവിതം സിനിമയാക്കുമ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തും.

സിനിമയില്‍ മൂല്യബോധം ഇല്ലാതായില്ലേ?

ജീവിതത്തില്‍ മൂല്യബോധമുണ്ടെങ്കില്‍ സിനിമയിലുമുണ്ട്. സിനിമയില്‍ ഇല്ലെങ്കില്‍ ജീവിതത്തിലുമില്ല. ഒരു തിരക്കഥാകൃത്ത് ഏത് സാഹചര്യത്തില്‍ നിന്ന് വരുന്നു അത് ആ സിനിമയില്‍ പ്രതിഫലിക്കും. സിനിമ ഒരു കലാകാരന്‍റെ കാഴ്ചപ്പാടാണ്. സമൂഹത്തില്‍ നല്ല ആളുകളും ചീത്ത ആളുകളുമുണ്ട്. ഇന്നത്തെ സിനിമ സമൂഹത്തിന്‍െറ പ്രതിഫലനം മാത്രമാണ്. പെയിന്‍റിങിനേക്കാള്‍ ജനങ്ങളെ സ്വാധീനിക്കുന്നത് സിനിമയാണ്.  കൂടാതെ സിനിമ കുറച്ചുകൂടി എളുപ്പമാണ്. ഇന്ന് പലരും അസിസ്റ്റ് ചെയ്യാതെയാണ് സിനിമ ചെയ്യുന്നത്. ഞാന്‍ എട്ട് വര്‍ഷം മുമ്പ് സിനിമാജീവിതം തുടങ്ങിയ പോലെയുള്ള സാഹചര്യമാണ് ഇപ്പോൾ. ഫിലിം റോള്‍ ഉപയോഗിച്ച് സിനിമ ചെയ്തിരുന്ന, ഡിജിറ്റലിലേക്ക് മാറുന്ന സന്ദര്‍ഭത്തില്‍ വന്ന നടനാണ് ഞാൻ. 'ന്യൂ ജന്‍' എന്ന് പറയുന്ന വികാരമൊന്നും ഞാൻ അഭിനയിച്ച സിനിമകള്‍ക്കില്ല. എന്‍െറ സിനിമകള്‍ കുടുംബ കേന്ദ്രീകൃതമാണ്. ഇപ്പോള്‍ ഞാനും മാറിക്കൊണ്ടിരിക്കുകയാണ്. വിനോദം മാത്രം കൊടുക്കുന്ന സിനിമകളാണ് ഞാന്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്.

ചെയ്ത വേഷങ്ങളില്‍ സംതൃപ്തനാണോ?
കിട്ടിയതെല്ലാം വ്യത്യസ്ത വേഷങ്ങളായിരുന്നു. മല്ലു സിങ്, വിക്രമാദിത്യന്‍ എന്നിവ. എനിക്ക് ഇഷ്ടപ്പെട്ട സിനിമ പാതിരാമണലും ഒറീസ്സയുമായിരുന്നു. കെ.എല്‍ 10 പത്തില്‍ ഞാന്‍ മലബാര്‍ ഭാഷയാണ് സംസാരിച്ചിരിക്കുന്നത്. എനിക്ക് അതൊരു ചലഞ്ചായിരുന്നു. എന്നോട് ചിലര്‍ പറഞ്ഞു, അതിലെ ഭാഷ മനസ്സിലായില്ലെന്ന്. അത് എന്നെ അമ്പരപ്പിച്ചു. തമിഴ് സിനിമ ഇവിടെ ഓടുന്ന കാലത്താണ് കേരളത്തിലെ ഭാഷ പ്രേക്ഷകര്‍  മനസ്സിലായില്ലെന്ന് പറയുന്നത്. എന്നാലും നടനെന്ന നിലയില്‍ എനിക്ക് ഗുണം ചെയ്ത കഥാപാത്രമായിരുന്നു അത്. ഇപ്പോള്‍ ഞാനും ഹാസ്യ സിനിമകള്‍ ചെയ്യുന്നു. ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്ന് എന്നെ മാറ്റാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.  ഒരു പത്ത് സിനിമയെടുത്തു നോക്കുമ്പോള്‍ ഉണ്ണി എന്തൊക്കെയോ ചെയ്യുന്നുവെന്ന തോന്നലുണ്ടായാല്‍ മതി. ഞാന്‍ സംതൃപ്തനാണ്.

ഗോസിപ്പുകളെ എങ്ങനെ കാണുന്നു?
ഗോസിപ്പുകളെ പോസറ്റീവായിട്ടേ കാണുന്നുള്ളു. കലാഭവൻ മണിയുടെ സംസ്കാരത്തിനിടക്ക് ഒരാൾ സെൽഫിയെടുത്തത് വിവാദമായല്ലോ. അതിനെ പോസറ്റീവായി കാണുമ്പോള്‍ അവസാനത്തിലും മണി കാമറക്ക് മുമ്പിലായിരുന്നു എന്ന് പറയാം.  അതേസമയം സമൂഹത്തിന്‍െറ പക്ഷത്തു നിന്ന് നോക്കുമ്പോള്‍ ഒരു നടന്‍െറ മരണം പോലും ആകാംക്ഷയാണ്. അത് സിനിമ ഉണ്ടാക്കുന്ന ഒരുതരം പരിവേഷമാണ്. ഈ ആകാംക്ഷയാണ് ഗോസിപ്പുമുണ്ടാക്കുന്നത്. അഭിനേതാവാണെങ്കിലും ഒരു മനുഷ്യനാണ്.  ഗോസിപ്പുകളുണ്ടാകുന്നതിൽ വിഷമമില്ല. അതേ സമയം വീട്ടുകാരെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഞാൻ പ്രതികരിക്കും.
 
 

അസിസ്റ്റന്‍റ് ആയി സിനിമയിലേക്ക് വന്ന താങ്കൾ സംവിധായകനാകുമോ ?
തീര്‍ച്ചയായും. ഞാന്‍ സംവിധാനം ചെയ്യും. സംവിധാനം മാത്രമല്ല, നിര്‍മാണവും. സിനിമയുടെ മറ്റു മേഖലകളിലൊക്കെ ആഗ്രഹമുണ്ട്. ആഗ്രഹങ്ങള്‍ക്ക് ഒരു കുറവുമില്ല.  ശുഭാപ്തി വിശ്വാസിയാണ്. ആ വിശ്വാസം തന്നെയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.

സംവിധാനം ചെയ്യുന്ന സിനിമ എങ്ങനെയുള്ളതായിരിക്കും?
അതിനെ കുറിച്ച് ഒരു സങ്കല്‍പമൊക്കെയുണ്ട്. പക്ഷേ അത് ഇപ്പോള്‍ പറയുന്നത് ശരിയായിരിക്കില്ല.

ബോഡി ബില്‍ഡിങിന് സമയം കണ്ടത്തെുന്നതെപ്പോള്‍?

14 വര്‍ഷത്തോളമായി രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കും. ഏഴര വരെ എക്സസൈസ് ചെയ്യും. ചിലപ്പോള്‍ ജിമ്മില്‍ പോയി വെറുതെ പാട്ടൊക്കെ കേട്ട് ഇരിക്കും.

ഭക്ഷണത്തില്‍ നിയന്ത്രണമുണ്ടോ?
എനിക്കിഷ്ടമുള്ളത് കഴിക്കും. മസില്‍ കൂടുമ്പോള്‍ ചോറൊക്കെ ഒഴിവാക്കും. നെയ്യപ്പം, ഉണ്ണിയപ്പം ഒക്കെയാണ് ഇഷ്ടപ്പെട്ടത്. നല്ല ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ഞാന്‍ എക്സസൈസ് ചെയ്യുന്നത്. പെപ്സി, കൊക്കോകോള എന്നിവ ഒഴിവാക്കിയിട്ട് 14 വര്‍ഷമായി. അതുപോലെ കെ.എഫ്.സി. എനിക്ക് ദഹിക്കാറില്ല. അതുകൊണ്ട് കഴിക്കാറില്ല. ഫാസ്റ്റ് ഫുഡും കഴിക്കാറില്ല. പുതിയ ജനറേഷന്‍ ഫാസ്റ്റ് ഫുഡാണ് കഴിക്കുന്നത്. ഇത് അപകടകരമാണ്. എന്‍െറ ചെറുപ്പത്തില്‍ പൈസ കൊടുത്ത് വാങ്ങി ബര്‍ഗര്‍ കഴിക്കാനുള്ള അവസ്ഥയൊന്നുമുണ്ടായിരുന്നില്ല. അപ്പോള്‍ അമ്മ എനിക്ക് ഉണ്ണിയപ്പമുണ്ടാക്കി തരും. അവിലോസ്പൊടി എനിക്കിഷ്ടമാണ്. സേമിയാ ഉപ്പുമാവും ഇഷ്ടമാണ്. എന്‍െറ അമ്മ പറയും നിന്നെ സുഖിപ്പിക്കാന്‍ നല്ല എളുപ്പമാണെന്ന്. ഇങ്ങനത്തെ ചില്ലറ സാധനങ്ങള്‍ തന്നാല്‍ മതിയല്ലോ

വിവാഹത്തെകുറിച്ച് ആലോചിച്ചിട്ടുണ്ടോ?
ഇപ്പോള്‍ വീട്ടുകാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഈയിടെ അച്ഛന്‍ കല്യാണത്തെകുറിച്ചക്കൊ സംസാരിച്ചു. ഞാൻ അമ്മയെ നോക്കി ചിരിച്ചു എനിക്ക് മനസ്സിലായി അച്ഛന്‍ സീരിയസായിട്ടാണെന്ന്. പക്ഷേ വീട്ടില്‍ ഞാന്‍ പതിനാല് വയസ്സുകാരനെപ്പോലെയാണ്. എന്നാലും യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ടല്ലേ മതിയാകൂ.

ഭാവി വധുവിനെകുറിച്ചുള്ള സങ്കല്‍പം?
ചെറുപ്പത്തിലെ സങ്കല്‍പം നല്ല സേമിയോ ഉപ്പുമാവുണ്ടാക്കുന്ന പെണ്ണാകണം എന്നായിരുന്നു (ചിരിക്കുന്നു) ഇപ്പോള്‍ എന്നെ മനസ്സിലാക്കുന്നവളാകണം എന്നാണ്. സിനിമാ നടന്‍ കഴിഞ്ഞിട്ടും ഒരാളുണ്ട് എന്ന തിരിച്ചറിവുണ്ടാകണം. എന്‍െറ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം മാത്രമേ ആളുകള്‍ കണ്ടിട്ടുള്ളൂ. എന്‍െറ വൃത്തികെട്ട മുഖം അമ്മക്കറിയാം. ദേഷ്യക്കാരനാണ്. വാശി പിടിക്കും. അങ്ങനെ പലര്‍ക്കുമുള്ള ദുശ്ശീലങ്ങള്‍ എനിക്കുമുണ്ട്. അതെല്ലാം മനസ്സിലാക്കി വളരെ സന്തോഷപൂര്‍വം എന്നെ സ്വീകരിക്കുന്നവളാകണം.

അങ്ങനെയാരെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ?
ഇല്ല. ഞാന്‍ ശ്രമിച്ചു. നടന്നില്ല. ഇനിയിപ്പോള്‍ അതിനു സമയവുമില്ല. ഞാന്‍ കണ്ടത്തെിയിട്ട് വീട്ടുകാരെ കാണിക്കുമ്പോൾ അവര്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഇടി കൂടാനൊന്നും വയ്യ. ഇനി വീട്ടുകാര്‍ക്കിഷ്ടമുള്ള രീതിയില്‍ നടക്കട്ടെ (വീണ്ടും ചിരിക്കുന്നു)

ഭാവിയിലെ ആഗ്രഹങ്ങള്‍?
ഇനി കൂടുതല്‍ അംഗീകാരം കിട്ടണം. സ്റ്റേറ്റ് അവാര്‍ഡൊക്കെയാണ് ആഗ്രഹങ്ങള്‍. ഇത് സഫലമാകും എന്ന് തന്നെയാണ് വിശ്വാസം.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unni mukundan
Next Story