Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightശുചിത്വമാണ്...

ശുചിത്വമാണ് ആനന്ദത്തിലേക്കുള്ള വാതിൽ; മോഹൻലാലിന്‍റെ ബ്ലോഗ്

text_fields
bookmark_border
mohanlal-blog
cancel

ഭൂട്ടാനിലേക്ക് നടത്തിയ തീര്‍ഥയാത്രക്ക് ശേഷമാണ് താന്‍ ആനന്ദത്തിന്‍റെ പൊരുള്‍ തിരിച്ചറിഞ്ഞതെന്നും ഈ യാത്രക്ക് ശേഷം താനൊരു പുതിയൊരു മനുഷ്യനായെന്നും മോഹൻലാൽ. തന്‍റെ ബ്ലോഗിലൂടെയാണ് താരം ശുചിത്വത്തിന്‍റെ പ്രധാന്യത്തെ കുറിച്ച് വിവരിക്കുന്നത്. 

ജീവിച്ചിരിക്കുമ്പോൾ ഇത്രയധികം വൃത്തിയില്ലായ്മ സൃഷ്ടിക്കുന്നത് എന്തിനാണ്. ഭൂട്ടാനിൽ വൃത്തികെട്ട ചവറുകൂമ്പാരങ്ങൾ കണ്ടില്ല.നമുക്ക് ഉള്ളിലെ ശുദ്ധിയാണോ പുറത്തെ ശുദ്ധിയാണോ നഷ്ടപ്പെട്ടതെന്ന് ആലോചിക്കേണ്ട വിഷയമാണ്. ചുറ്റുപാടുകളുടെ വൃത്തിയും ശുദ്ധിയും നഷ്ടപ്പെട്ടതു മുതലാണ് നമ്മുടെ സ്വഭാവത്തിലും ചിന്തയിലും പ്രവൃത്തിയിലും താളപ്പിഴകൾ ഉണ്ടാകാൻ തുടങ്ങിയതെന്നും മോഹൻലാൽ പറയുന്നു. 

മാറ്റം തുടങ്ങാൻ ഏറ്റവും നല്ല ദിവസമാണ് ഒക്ടോബർ രണ്ട്. എല്ലാ വർഷവും ഒരാഴ്ച ശുചീകരണ വാരം നടത്താറുണ്ട്. എന്നാൽ 365 ദിവസം കൊണ്ട് ഉണ്ടാക്കിയ മാലിന്യം ഏഴു ദിവസം കൊണ്ട് ഇല്ലാതാക്കാം എന്നു വിചാരിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരമെന്നും ശുചിത്വം എന്നത് തുടർ പ്രക്രിയ ആകണമെന്നും ലാൽ ബ്ലോഗിൽ കുറിച്ചു. 

 

ബ്ലോഗിന്‍റെ പൂർണരൂപം

ആനന്ദം... നമ്മുടെ ഉള്ളിലാണ്... നമുക്ക് ചുറ്റിലും... കഴിഞ്ഞ തവണ ഭൂട്ടാനില്‍ ഇരുന്നാണ് ഞാന്‍ എന്റെ ബ്ലോഗ് കുറിച്ചത്. അഞ്ച് ദിവസത്തെ യാത്ര ആയിരുന്നു. ശരിക്കും ഒരു തീര്‍ത്ഥാടനം പോലെ... മലകളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചുരാജ്യത്തിലെ ജീവിതം കണ്ട്, പ്രകൃതിയെ അറിഞ്ഞ്, പതിനായിരം അടിയിലധികം ഉയരത്തിലുള്ള തക്സാങ്ങ് ബുദ്ധവിഹാരം (Tigers Nest) കണ്ട് പ്രാര്‍ത്ഥിച്ച് അതിശാന്തമായി കടന്നുപോയ കുറച്ച് ദിവസങ്ങള്‍. അത് എന്നില്‍ നിറച്ച ഊര്‍ജ്ജം ചെറുതല്ല. ഭൂട്ടാന്‍ എന്ന മനോഹര രാജ്യത്തിനും അവിടത്തെ നല്ലവരായ മനുഷ്യര്‍ക്കും നന്ദി...


ഓരോ യാത്രയും ഓരോ നവീകരണമാണ് എന്ന് പറയാറുണ്ട്. യാത്ര പോയ ആളല്ല ഒരിക്കലും തിരിച്ച് വരുന്നത്. ആവുകയുമരുത്. പുതിയ എന്തെങ്കിലും ഒരു നന്മ, വിശാലമായ എന്തെങ്കിലും വീക്ഷണം അയാളില്‍ ഉണ്ടാവണം. അപ്പോള്‍ മാത്രമേ യാത്ര അയാളില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. പ്രത്യേകിച്ച് തീര്‍ത്ഥാടനങ്ങള്‍. 'തീര്‍ത്ഥാടനം' എന്ന വാക്ക് ഞാന്‍ എടുത്തു പറയാന്‍ കാരണമുണ്ട്. ഭൂട്ടാനിലേക്കുള്ള എന്റെ യാത്ര തികച്ചും തീര്‍ത്ഥാടനം തന്നെയായിരുന്നു. തീര്‍ത്ഥാടനം എന്ന വാക്കിലും സങ്കല്പത്തിലും 'തീര്‍ത്ഥം' എന്നൊരു വാക്കുണ്ട്. തീര്‍ത്ഥം സേവിക്കാം, തീര്‍ത്ഥത്തില്‍ കുളിക്കാം. ഒന്ന് അകത്തെ മാലിന്യം കളയുന്നു. രണ്ടാമത്തേത് പുറത്തേ മാലിന്യവും. അപ്പോഴാണ് തീര്‍ത്ഥാടകന്‍ പുതിയ ഒരാളാവുന്നത്. അയാളില്‍ ഒരു പുതിയ സൂര്യന്‍ ഉദിക്കുന്നത്. പുതിയ പുതിയ നക്ഷത്രങ്ങള്‍ തെളിയുന്നത്. എന്നില്‍ അങ്ങനെ സംഭവിച്ചു.

ഒരു ദേശം നിങ്ങളില്‍ മതിപ്പുളവാക്കുന്നത് അതിന്റെ പരിസരഭംഗികൊണ്ടും ജീവിതഭംഗികൊണ്ടുമാണ്. ഇത് രണ്ട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഭൂട്ടാനില്‍ തിംപു, പാരോ എന്നീ നഗരങ്ങളില്‍ ഞാന്‍ താമസിച്ചു. അതിന്റെ തെരുവുകളിലൂടെ നടന്നു. ചന്തകളിലും ചെറിയ ചെറിയ ഹോട്ടലുകളിലും പോയി. ആളുകളുമായി സംസാരിച്ചു, മലവഴികളിലൂടെ വടി കുത്തി നടന്നു. വെള്ളച്ചാട്ടങ്ങള്‍ കണ്ടു. ബുദ്ധവിഹാരങ്ങളും പ്രാര്‍ത്ഥനാകേന്ദ്രങ്ങളും കണ്ടു. പാര്‍ക്കുകളില്‍ പോയി. എല്ലായിടവും ഏറെ വൃത്തിയുള്ളതായിരുന്നു. വൃത്തിയാക്കി വെയ്ക്കാന്‍ ഓരോ പൗരനും നന്നായി ശ്രമിക്കുന്നുമുണ്ടായിരുന്നു. 

വൃത്തികെട്ട ചവറുകൂമ്പാരങ്ങള്‍ നഗരത്തിലില്ല. മാലിന്യം നിക്ഷേപിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ ഉണ്ട്. അവിടെ മാത്രം നിക്ഷേപിക്കാന്‍ ജനങ്ങള്‍ നന്നായി ശ്രദ്ധിക്കുന്നു. നഗരങ്ങളില്‍ ബഹളമേയില്ല. കാരണം ആര്‍ക്കും ധൃതിയില്ല. ആരും ഹോണ്‍ ഉപയോഗിക്കില്ല. അഞ്ച് ദിവസത്തെ യാത്രയില്‍ ഒരു തവണപോലും വാഹനങ്ങളുടെ ഹോണടി കേട്ടില്ല. റോഡില്‍ സീബ്രാവരയിലൂടെയല്ലാതെ മുറിച്ചുകടന്നാല്‍ വലിയ പിഴയാണ്. എല്ലാവരും അത് അനുസരിക്കുന്നു. രാത്രികള്‍ അതീവശാന്തമാണ്. അന്തരീക്ഷം ശുദ്ധമാണ്. നിറയെ നിറയെ പക്ഷികള്‍. ആളുകള്‍ വണങ്ങികൊണ്ടു മാത്രമേ സംസാരിക്കൂ. നിങ്ങളുടെ നേരെ കൈ ചൂണ്ടുകപോലുമില്ല. പകരം കൈത്തലം മുഴുവനുമായാണ് നീട്ടുക. വളരെ ശാന്തരായ മനുഷ്യര്‍.

ഭൂട്ടാന് ഈ അവസ്ഥ സ്വര്‍ഗത്തില്‍ നിന്ന് ആരെങ്കിലും പ്രത്യേക പാക്കേജായി കൊണ്ടുവന്ന് നല്‍കിയതല്ല. അവര്‍ സ്വയം ജീവിച്ചുണ്ടാക്കിയതാണ്. പുറത്തെ വൃത്തിയും അകത്തെ വൃത്തിയും അതിമനോഹരമായി ഈ രാജ്യത്ത് അവര്‍ സംഗമിപ്പിച്ചു. പുറമേ വൃത്തിയില്ലാതെ മനസ്സിന് വൃത്തിയുണ്ടാവില്ല എന്നും മനസ്സില വൃത്തിയില്ലാതെ ചുറ്റുപ്പാടുകള്‍ക്ക് വൃത്തിയുണ്ടാവില്ല എന്നും അവര്‍ മനസ്സിലാക്കി. അത് അവര്‍ക്ക് ഭംഗിയുള്ള ഒരു ലോകവും ജീവിതവും നല്‍കി. പുറത്തെ പ്രവൃത്തിയാണ് പലപ്പോഴും പുറത്തെ പ്രവര്‍ത്തിയെ നയിക്കുന്നത്. അകത്തെ വൃത്തി എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ദുഷ്ചിന്തയില്ലായ്മയാണ്. നെഗറ്റീവ് ഊര്‍ജ്ജത്തിനെ പുറംതള്ളല്‍. എന്നിട്ട് ആ സ്ഥലത്തേക്ക് നല്ല ചിന്തകളും സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തികളും നിറയ്ക്കല്‍. അപ്പോള്‍ നമ്മുടെ കണ്ണുകളിലേക്ക് പുതിയൊരു പ്രകാശം പരക്കും. ഈ ലോകത്തെ പുതിയൊരു വെളിച്ചത്തില്‍ കാണാനും സാധിക്കും.


എന്നാല്‍ ഈ ആന്തരിക ശുദ്ധീകരണം നടക്കണമെങ്കില്‍ നാം ജീവിക്കുന്ന പരിസരങ്ങളും ശുദ്ധമായിരിക്കണം. വൃത്തിഹീനമായ ഒരു സ്ഥലത്ത് ഇരുന്ന് നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. സാധിക്കില്ല. പുറംലോകത്തെ മാലിന്യം എത്രയും വേഗം നമ്മുടെ ഉള്ളിലേക്ക് കയറും. അതിന്റെ ദുര്‍ഗന്ധം പരക്കും. അത് സൃഷ്ടിക്കുന്ന രോഗങ്ങള്‍ പടരും. നമ്മുടെ പുറംജീവിതത്തെ എന്നപോലെ അകംജീവിതത്തേയും അത് നശിപ്പിക്കും. പൂര്‍ണ്ണമായിതന്നെ.നമുക്ക് ഉള്ളിലെ ശുദ്ധിയാണോ പുറത്തെ ശുദ്ധിയാണോ ആദ്യം നഷ്ടപ്പെട്ടത്.... ആലോചിക്കേണ്ട വിഷയമാണ്. ചുറ്റുപാടുകളുടെ വൃത്തിയും ശുദ്ധിയും നഷ്ടപ്പെട്ടത് മുതലാണ് നമ്മുടെ സ്വഭാവത്തിലും ചിന്തകളിലും പ്രവൃത്തിയിലുമെല്ലാം താളപ്പിഴകള്‍ സംഭവിച്ചത്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ വൃത്തി ആരെങ്കിലും പുറത്ത് നിന്നുവന്ന നഷ്ടപ്പെടുത്തിയതല്ല. നാം തന്നെ ഇല്ലാതാക്കിയതാണ്...


സ്വന്തം വീടിന്റെയും ശരീരത്തിന്റെയും വൃത്തി സമൂഹത്തിന്റെ വൃത്തികേടാക്കി മാറ്റുകയാണ് നാം മിക്കപ്പോഴും ചെയ്യുക. എന്റെ വീടും പരിസരവും വൃത്തിയാവണം, നാട് മലിനമായാലും എന്ന വിചാരം നമ്മുടെ ചുറ്റുപാടുകളേയും നമ്മുടെ തന്നെ മനസ്സിനേയും ഒരു പോലെ മലിനമാക്കുന്നു. ഇത് മാറിയേ തീരൂ. ഈ മാറ്റം തുടങ്ങാന്‍ ഏറ്റവും നല്ല ദിനം വരാന്‍ പോകുന്നു. ഒക്ടോബര്‍ 2: ഗാന്ധിജയന്തി. വൃത്തിയാണ്. വൃത്തിയിലാണ് ദൈവം കുടികൊള്ളുന്നത് എന്ന് വിശ്വസിച്ച മനുഷ്യന്റെ ജന്മനാള്‍. എല്ലാവര്‍ഷവും നാം ഒരാഴ്ച ശുചീകരണവാരം നടത്താറുണ്ട്. എന്നാല്‍ 365 ദിവസങ്ങള്‍ കൊണ്ടുണ്ടാക്കിയ മാലിന്യം 7 ദിവസം കൊണ്ട് ഇല്ലാതാക്കാം എന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം.


ശുചിത്വം എന്നത് ഒരു തുടര്‍പ്രക്രിയ ആണ്... ആവണം. അത് നമ്മുടെ ശരീരത്തില മാത്രമല്ല, ആത്മാവിലും ചേര്‍ന്ന് നില്‍ക്കുന്നതാവണം. മരിച്ചാല്‍ നാം കുളിച്ചിട്ടാണ് ഈ ഭൂമി വിട്ടുപോകുക. ചിലര്‍ ചാരമാവും, മറ്റ് ചിലര്‍ മണ്ണടരുകളില്‍ അലിഞ്ഞ് ചേരും. ഭൂമിക്ക് ഒരു വിധത്തിലും വൃത്തികേടുണ്ടാക്കാതെ, ഭാരമാവാതെ. അങ്ങനെയുള്ളപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ നാം ഇത്രയധികം വൃത്തിയില്ലായ്മ സൃഷ്ടിക്കുന്നത് എന്തിനാണ്? എന്തുകൊണ്ടാണ്? ശുചിത്വം ഒരു സാമൂഹ്യപാഠമാണ്, അതിലുപരി ജീവിതപാഠമാണ്, ആവണം, ആവട്ടെ.... അകവും പുറവും ശുദ്ധമായ ഒരു ജീവിതം...

ആനന്ദത്തിന്റെ രഹസ്യമറിയാനാണ് ഞാന്‍ ഭൂട്ടാനിലേക്ക് പോയത്. ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ആനന്ദത്തിന്റെ രഹസ്യം അകത്തുള്ള സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളേയും എപ്പോഴും നന്മയുടെയും സ്നേഹത്തിന്റെയും ശക്തികൊണ്ട് ജ്വലിപ്പിച്ച് നിര്‍ത്തുക. അപ്പോള്‍ നമ്മുടെ ജീവിതം ആനന്ദമയമായി മാറും.... നമ്മുടെ ഉള്ളില്‍ തന്നെയാണ് ആനന്ദം...

 

സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam newsMovie Newsthe complete actorcleanliness
News Summary - blog thecompleteactor cleanliness opens the door to happiness-Movie News
Next Story