Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'പ്രണയമല്ല;...

'പ്രണയമല്ല;  സാമൂഹികാവസ്ഥയാണ് എന്‍െറ സിനിമയുടെ പ്രമേയം'

text_fields
bookmark_border
പ്രണയമല്ല;  സാമൂഹികാവസ്ഥയാണ് എന്‍െറ സിനിമയുടെ പ്രമേയം
cancel

‘കിസ്മത്ത്’ എന്ന സിനിമയിലൂടെ സംവിധായകന്‍െറ വേഷമണിഞ്ഞ രാഷ്ട്രീയക്കാരന്‍ ഷാനവാസ് കെ. ബാവക്കുട്ടി സംസാരിക്കുന്നു. ‘കമ്മട്ടിപ്പാട’ത്തിന് പിന്നാലെ മറ്റൊരു ദലിത് നായിക സ്ക്രീനിലത്തെുന്ന സിനിമയില്‍ നാടിന്‍െറ സാമൂഹികാവസ്ഥകളാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന്  അദ്ദേഹം പറയുന്നു. ഒപ്പം ഒരു നവാഗതന്‍ സിനിമ സംവിധാനംചെയ്യാനൊരുങ്ങുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങളും വ്യക്തമാക്കുന്നു. 

പ്രണയമല്ല;  സാമൂഹികാവസ്ഥയാണ് എന്‍െറ സിനിമയുടെ പ്രമേയം

 മലയാളിയുടെ കാഴ്ചയെ  വേറിട്ടതലത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന സെമി റിയലിസ്റ്റിക് സിനിമകള്‍  വരുംകാല പ്രതീക്ഷയാണ്. സിനിമാറ്റിക് സങ്കല്‍പത്തില്‍നിന്ന് പൂര്‍ണ റിയലിസ്റ്റിക്കിലേക്ക് എടുത്തുചാടിയാലുണ്ടാകുന്ന അപകടം ബോധ്യമുള്ള പുതിയതലമുറ സിനിമാക്കാരാണ് സെമി റിയലിസ്റ്റിക്കില്‍ പിടിമുറുക്കിയിരിക്കുന്നത്. ‘കിസ്മത്തി’ന്‍െറ സംവിധായകന്‍ ഷാനാവാസ് കെ. ബാവക്കുട്ടിയെ ആ കൂട്ടത്തില്‍പെടുത്താം. അതിനപ്പുറത്ത് ജാതീയതയുടെ മുഖം പച്ചയായി ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ച അപൂര്‍വം സംവിധായകരുടെ ഗണത്തിലാണ് ഷാനവാസ് വരുക. പൊന്നാനിയില്‍ പത്ത് വര്‍ഷക്കാലം മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന അദ്ദേഹത്തിന്‍െറ സിനിമാപ്രവേശം അപ്രതീക്ഷിതമായിരുന്നില്ല.  ഉള്ളിലെ രാഷ്ട്രീയത്തിന്‍െറ നേര്‍പതിപ്പായി തന്‍െറ സിനിമകളെ കാണുന്ന ഷാനവാസിന് സിനിമാപ്രവേശം ഒരു അനിവാര്യതയായിരുന്നു. ആദ്യ സിനിമാനുഭവങ്ങള്‍ ഷാനവാസ് കെ.ബാവക്കുട്ടി  മാധ്യമവുമായി പങ്കുവെക്കുന്നു.

പ്രണയം പ്രമേയമായ സിനിമയാണ് കിസ്മത്ത്. പക്ഷേ  അതിലൂടെ പറയാന്‍ ശ്രമിക്കുന്നത് ഒരു രാഷ്ട്രീയമാണ്..?

തീര്‍ച്ചയായും, ഞാന്‍ പറയാന്‍ ശ്രമിച്ചത് കേവലം പ്രണയം മാത്രമായിരുന്നില്ല. നമ്മുടെ നാടിന്‍െറ സാമൂഹികബോധം അടയാളപ്പെടുത്തുക തന്നെയായിരുന്നു. ഇതിലെ കഥാപാത്രങ്ങളായ അനിതയും ഇര്‍ഫാനും സാമൂഹികാവസ്ഥയുടെ രണ്ടു പ്രതീകങ്ങളാണ്. ജാതിയും മതവും പ്രായവുമെല്ലാം തിരസ്കരിച്ച് ഒരുമിച്ച് ജീവിക്കാനൊരുങ്ങുന്നവരെ സമൂഹം എങ്ങനെ കാണും എന്നത് എന്‍െറ നാടിന്‍െറ പശ്ചാത്തലത്തില്‍ പറയാനാണ് ഞാന്‍ ശ്രമിച്ചത്. സിനിമയില്‍ അധിക സമയം ചെലവഴിക്കുന്നതും അത്തരം രംഗങ്ങള്‍ക്ക് വേണ്ടിയാണ്. പ്രണയം പൂര്‍ണാര്‍ഥത്തില്‍ കയറിവരുന്നത് വളരെ കുറച്ച് മാത്രമാണ്. 


ഒരു ദലിത്-മുസ്ലിം പ്രണയ കഥയുടെ പശ്ചാത്തലത്തില്‍ സവര്‍ണ മുസ്ലിം-ഹൈന്ദവതയെയാണ് താങ്കള്‍ ഇതിലൂടെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്?

ഞാനായി നിര്‍ത്തുന്നതല്ല. അത്തരമൊരു രാഷ്ട്രീയ പരിസരമാണ് ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അത് പലപ്പോഴും പലരും പറയാന്‍ മടിക്കുന്നു.  മതത്തെ ചോദ്യം ചെയ്യുകയല്ല. മതവും ജാതിയും മനുഷ്യനെ എത്രമാത്രം വര്‍ഗീകരിച്ചിരിക്കുന്നുവെന്ന് കാണിക്കുകയാണ്. ഇതിലെ കഥാപാത്രം ഇര്‍ഫാന്‍െറ ബാപ്പ പറയുന്നുണ്ട്. നീ ആരുടെ കൂടെ വേണെങ്കിലും ജീവിച്ചോ, പക്ഷേ അതിന് വേണ്ടി എനിക്ക് എന്‍െറ സ്ഥാനമാനങ്ങള്‍ കളയാന്‍ പറ്റില്ല, മഹല്ലില്‍ എനിക്കുള്ള സ്ഥാനമാനങ്ങള്‍ അതാണ് എനിക്ക് വലുത്. എന്ന രീതിയില്‍ മകനോട് സംസാരിക്കുന്നുണ്ട്. അപ്പോള്‍ അതില്‍നിന്നെല്ലാം ബോധ്യമാണ്. ദൈവഭയമല്ല, തന്‍െറ പദവികളിലെ അഹങ്കാരം ഇല്ലാതാവുന്നതാണ് പ്രശ്നം. അത്തരം കഥാപാത്രങ്ങള്‍ എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട്. അതു പോലെതന്നെ പേരിന്‍െറ കൂടെ നായര്‍ എന്നത് കണ്ടതുകൊണ്ട് പൊലീസ് സ്റ്റേഷനില്‍നിന്ന് കേസില്ലാതെ പറഞ്ഞയക്കുന്ന രംഗവും ഇതിനകത്തുള്ളതാണ്. ഇതെല്ലാം ഇവിടെ നിലനില്‍ക്കുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ചെറുമി എന്നാണ് നായികയെ വിളിക്കുന്നത്. ജാതിപ്പേര് വിളിക്കുന്നത് സിനിമയില്‍ മനപ്പൂര്‍വം ഉള്‍പ്പെടുത്തിയതാണ്. ഇത് ഇന്നും നാട്ടില്‍ വ്യാപകമായി പ്രയോഗിക്കുന്നുണ്ട്. സാധാരണ സെന്‍സര്‍ ബോര്‍ഡ് ഇത്തരം വാക്കുകള്‍ മുറിച്ച് കളഞ്ഞ് സിനിമയെ നശിപ്പിക്കാറുണ്ട്. എന്‍െറ കാര്യത്തില്‍ അതില്ലാത്തത് ഭാഗ്യമെന്ന് കരുതുന്നു. അതുകൊണ്ട് പറയാനുദ്ദേശിച്ചതെന്തോ അത് പൂര്‍ണാര്‍ഥത്തില്‍ പറയാനായി.

ഒരു യഥാര്‍ഥ സംഭവത്തിന്‍െറ ചുവടുപിടിച്ചാണ് സിനിമയിലേക്ക് കടന്നതെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങളുടെ നാട്ടില്‍  നിലനില്‍ക്കുന്ന രാഷ്ട്രീയ പശ്ചാത്തലം അതിന്‍െറ ഭാഗഭാക്കായിട്ടുണ്ടായിരിക്കുമല്ലോ?

ഇത് എന്‍െറ നാട്ടില്‍ നടന്ന സംഭവമാണ്. കഥയില്‍ കാര്യമായ മാറ്റമൊന്നുമില്ല. കഥാപാത്രങ്ങളാണ് മാറിയത്. നാട്ടില്‍ നടന്നതാണെന്ന് മാത്രമല്ല, ഞാന്‍ കണ്ട കഥകൂടിയായിരുന്നു.  എന്‍െറ പൊതുപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പൊന്നാനി പൊലീസ് സ്റ്റേഷനിലത്തെിയപ്പോള്‍ കണ്ട കാഴ്ചകളിലൊന്നായിരുന്നു. അനിത എന്ന കഥാപാത്രം എന്‍െറ പരിചയത്തിലുള്ള കുട്ടി കൂടിയാണ്. പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയത്തെിയതായിരുന്നു. പക്ഷേ, അവരെ സഹായിക്കാനോ രക്ഷിക്കാനോ എനിക്ക് കഴിഞ്ഞില്ല. ആ കുറ്റബോധമാണ് പിന്നീടുണ്ടായ കഥകള്‍ തേടി ഇറങ്ങാനിടയാക്കിയത്. അന്ന് അനിതയോട് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചിരുന്നെങ്കിലും അപ്പോഴത്തെ സാഹചര്യമനുസരിച്ച് തിരസ്കരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്‍െറ സ്വഭാവം അറിയാവുന്നതുകൊണ്ടാണ് കൗണ്‍സിലറെന്ന നിലക്ക് സഹായം ചോദിച്ചത്. സാധാരണക്കാര്‍ നീതിതേടി വരുന്ന ഇടമാണെങ്കിലും പലപ്പോഴും പല പൊലീസുകാരും മോശമായ രീതിയിലായിരിക്കും പെരുമാറുക. ഇപ്പോള്‍ ഞാന്‍ തന്നെ  രാഷ്ട്രീയക്കാരനാണ്. എന്നാല്‍, ടിപ്പിക്കല്‍ രാഷ്ട്രീയക്കാരന്‍െറ വേഷം ധരിക്കാറില്ല. പാന്‍റും ഷര്‍ട്ടുമാണ് വേഷം. ആദ്യകാലങ്ങളില്‍  സ്റ്റേഷനിലത്തെുമ്പോള്‍ എന്നോടും ഇങ്ങനത്തെന്നെയാണ് പെരുമാറിയിരുന്നത്. ഞാന്‍ കൗണ്‍സിലറാണെന്ന് പറയുമ്പോഴാണ് ഇരിക്കാന്‍ കസേര തരുന്നത്. ഇത് എന്‍െറ നാട്ടിന്‍െറ മാത്രം  പ്രശ്നമല്ല. എല്ലായിടത്തും സമാനമായിരിക്കും. എല്ലാ പൊലീസുകാരും മോശക്കാരെന്നല്ല. എന്‍െറ നല്ലവരായ പല സുഹൃത്തുക്കളും പൊലീസുകാരാണ്. അത്തരക്കാര്‍ ഉള്ളത് കൊണ്ടാണ് ഇപ്പോഴും ജനം പൊലീസില്‍ വിശ്വാസമര്‍പ്പിക്കുന്നത്. അങ്ങനെയായിരിക്കണം അവരും അവിടെ അഭയം തേടിയത്തെിയത്. പക്ഷേ, വൈകുന്നേരം ഞാന്‍ സ്റ്റേഷനിലത്തെിയപ്പോള്‍ സംഭവം കൈവിട്ടിരുന്നു. അവരുടെ വീട്ടുകാരും മറ്റും സ്റ്റേഷനിലത്തെി വലിയ ബഹളമായിരുന്നു. ഞാന്‍ ഇടപെട്ടപ്പോള്‍ അവരെന്നോട് പറഞ്ഞത് ഷാനവാസ് ഇതിലിടപെടേണ്ട. നിന്‍െറ രാഷ്ട്രീയം ഇതില്‍ കലര്‍ത്തണ്ട, ഞങ്ങളുടെ കുടുംബപ്രശ്നമാണ് എന്ന് പറഞ്ഞു. രണ്ട് വീട്ടുകാരും കലിതുള്ളി നില്‍ക്കുമ്പോള്‍ ഒരു സീനൊഴിവാക്കാന്‍ ഞാാനും വിട്ടുനിന്നു. പക്ഷേ, ആ പയ്യന്‍ ആത്മഹത്യചെയ്തുവെന്ന് പിന്നീട് അറിഞ്ഞപ്പോള്‍ ശരിക്കും കുറ്റബോധംകൊണ്ട് നില്‍ക്കാനായില്ല. 

ഷാനവാസ് ബാവക്കുട്ടി രാജീവ് രവിയോടൊപ്പം
 


ഷാനവാസ് കെ.ബാവക്കുട്ടിയെന്ന മുനിസിപ്പല്‍ കൗണ്‍സിലര്‍ എങ്ങനെയാണ് ഒരു സിനിമാക്കാരനാകുന്നത്?

ഞാനൊരു സി.പി.എമ്മുകാരനും നഗരസഭാ കൗണ്‍സിലറുമായിരുന്നു. രാഷ്ട്രീയവും സിനിമയും ചെറുപ്പം മുതല്‍ എന്‍െറ ഭാഗമാണ്.  26ാം വയസ്സില്‍ കൗണ്‍സിലറായ ആളാണ് ഞാന്‍. സിനിമാകമ്പം ചെറുപ്പംമുതലേ തലക്ക് പിടിച്ചിരുന്നു. ഞാന്‍ മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. ‘ബ്ളാക്ക് ബോര്‍ഡ്’, ‘ഈറന്‍’, ‘കണ്ണേറ്’ എന്നിവയായിരുന്നു ആ കൊച്ചു സിനിമകള്‍. ഇതെല്ലാം ഞാന്‍ കൗണ്‍സിലറായിരിക്കെ തന്നെ ചെയ്തതാണ്. പക്ഷേ അന്നൊന്നും ഞാന്‍ സിനിമയെടുക്കണമെന്ന് ചിന്തിച്ചിട്ടുപോലുമില്ല. ഇറങ്ങുന്ന സിനിമകള്‍ കാണും. മിക്കഭാഷയിലുള്ള സിനിമകളും പരമാവധി കാണാന്‍ ശ്രമിക്കും. സിനിമകണ്ടാല്‍ അതിന്‍െറ സംവിധായകനടക്കമുള്ള അണിയറപ്രവര്‍ത്തകരെ കാണാനും അഭിപ്രായം പറയാനും ശ്രമിക്കും. എവിടെന്നെങ്കിലും നമ്പര്‍ സംഘടിപ്പിച്ച് വിളിക്കും. എന്‍െറ കാഴ്ചപ്പാട് പങ്കുവെക്കും. 

അങ്ങനെയാണ് രാജീവ് രവി എന്ന സംവിധായകന്‍ ‘അന്നയും റസൂലി’ന്‍െറയും  കുറച്ച് ഭാഗം എന്‍െറ നാട്ടില്‍ ഷൂട്ട് ചെയ്യുന്നത്. പക്ഷേ, എനിക്ക് ആ ഷൂട്ടിങ് സെറ്റിലേക്ക് ഒന്നു പോയി നോക്കാന്‍ പോലും സാധിച്ചില്ലായിരുന്നു. അന്നത്തെ സാഹചര്യം മൂലം എന്തോ അതിന് കഴിഞ്ഞില്ല. പക്ഷേ, ആ സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ കണ്ടു.  മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു ആ ചിത്രം. ഞാന്‍ കണ്ട പല കഥാപാത്രങ്ങളും അതിനകത്തുണ്ട് എന്നു തോന്നി. അങ്ങനെയാണ് അതിന്‍െറ സംവിധായകനെ തേടി ഇറങ്ങുന്നത്. ആദ്യം രാജീവേട്ടന്‍െറ നമ്പര്‍ തേടിപിടിച്ച് വിളിച്ചു. പക്ഷേ,  അദ്ദേഹം ഫോണ്‍ എടുത്തില്ല. എങ്കിലും രാത്രി എന്നെ തിരിച്ചുവിളിച്ചു. ആരാണെന്ന് ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ പതിവുപോലെ പങ്കുവെച്ചു. സിനിമാവിശേഷങ്ങള്‍ ഒറ്റ ഫോണ്‍കോളില്‍ കുറേ സമയം പറഞ്ഞോണ്ടിരുന്നു. പിന്നീട് ആ ബന്ധം തുടര്‍ന്നു. അദ്ദേഹം എന്‍െറ നമ്പര്‍ സേവ് ചെയ്തിരുന്നു.  എന്‍െറ വര്‍ക്കുകള്‍ പുള്ളിയെ കാണിക്കണമെന്നുണ്ടായിരുന്നു. ആ ആവശ്യം തള്ളിയില്ല. വീട്ടിലേക്ക് വിളിച്ച് വരുത്തി അതെല്ലാം കണ്ടു. ഇതിനിടയില്‍ എനിക്ക് പറയാനുള്ള കഥയും അദ്ദേഹത്തോട് പറഞ്ഞു. കഥ രാജീവേട്ടനും ശരിക്കും ഇഷ്ടമായി. ഇത് നമുക്ക് ചെയ്യാമെന്ന് വാക്കും തന്നു. ഇതിലെ ജീവിച്ചിരിക്കുന്ന നായിക കഥാപാത്രത്തോട്, സിനിമയിലെ അനിതയോട് കാര്യം പറഞ്ഞു. നിന്നെക്കുറിച്ച് ഒരു സിനിമയെടുക്കുന്നുവെന്ന് പറഞ്ഞു. എതിര്‍പ്പൊന്നുമില്ലാത്തതുകൊണ്ട് മുന്നോട്ടുപോയി.

അനിതയുടെ വിളിക്കായി കാത്തിരിക്കുന്നുവെന്ന് താങ്കള്‍ മറ്റൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അവര്‍ സിനിമ കണ്ടിട്ട് വിളിച്ചോ?

ഇല്ല, അവര്‍ സിനിമ കണ്ടില്ല. മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കഴിവതും കാണാന്‍ ശ്രമിക്കാമെന്നും പറഞ്ഞു. സിനിമ കണ്ട് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അവരോട് സംശയം തോന്നി ഇതിനകം പലരും ചോദിച്ചിരുന്നത്രേ. ആ അനിത നീയാണോ എന്ന്. അല്ലാ എന്നല്ളേ അവര്‍ക്ക് പറയാനൊക്കൂ. സിനിമയില്‍ കാണുന്നതുപോലെ അവര്‍ പുറത്തൊന്നുമല്ല. നാട്ടില്‍തന്നെയാണ്, അതുകൊണ്ട് സിനിമ കാണാതിരിക്കാനാവില്ല. 


സംവിധായകരായ രാജീവ് രവിയും  ലാല്‍ജോസും ഈ സിനിമക്ക് ജീവന്‍ നല്‍കിയവരാണെന്ന് കേട്ടിട്ടുണ്ട്. അത് എത്രകണ്ട് സത്യമാണ്?

ഈ സിനിമ  ഉണ്ടായതില്‍ ഞാന്‍ ആദ്യം നന്ദി പറയേണ്ടത് അവരോട് രണ്ട് പേരോടാണ്. ഷൂട്ട് ചെയ്ത് പെട്ടിയിലിരുന്നത് ഒരു കൊല്ലത്തോളമാണ്. അവരുടെ ഇടപെടലില്ലായിരുന്നുവെങ്കില്‍ ഈ സിനിമ പുറംലോകം കാണില്ലായിരുന്നു.  എന്‍െറ തിരക്കഥക്ക് അനുസരിച്ച്  ഷൂട്ട് ചെയ്തെങ്കിലും ഇന്ന് കാണുന്ന രീതിയിലത്തൊന്‍ രാജീവേട്ടന്‍െറ പങ്ക് വലുതാണ്.  ആദ്യം രണ്ടര മണിക്കൂര്‍ ഉണ്ടായിരുന്ന സിനിമ ഒന്നേ മുക്കാല്‍ മണിക്കൂറിലേക്ക് ഒതുക്കിയത് അദ്ദേഹത്തിന്‍െറ ഉപദേശം മൂലമാണ്. സിനിമകണ്ട് അദ്ദേഹം പറഞ്ഞത്, ഷാനവാസ് ഒരു പത്ത് ആവര്‍ത്തി കാണൂ. എന്നാല്‍, പലതും മാറ്റാന്‍ കഴിയും. ഞാനും എഡിറ്റര്‍മാരായ അജിത്ത് കുമാറും ജിതിന്‍ മനോഹറും അങ്ങനെ ഒരുപാട് ആവര്‍ത്തി കണ്ടു. ജിതിന്‍ എന്‍െറ നിഴലുപോലെ ഒരു കൊല്ലമായുള്ള ആളാണ്. നിരവധി തവണകണ്ടപ്പോള്‍ മാറ്റം അനിവാര്യതയാണെന്ന് ഞങ്ങള്‍ക്കും ബോധ്യമായി. അങ്ങനെ ചുരുങ്ങിയ ദൈര്‍ഘ്യത്തില്‍ കഥപറയാനായി.  

മറ്റൊന്ന് ലാല്‍ജോസ് സാര്‍. സിനിമ വിതരണത്തിന് ഒരു നിര്‍വാഹവുമില്ലാതിരിക്കുകയായിരുന്നു. കഥകേട്ട് ആരും ഏറ്റെടുക്കാന്‍ തയാറായില്ല. തിയറ്ററില്‍ ആളുകയറാന്‍ പാകത്തിലുള്ളതൊന്നും സിനിമക്കകത്ത് ഇല്ല. കഥയാണെങ്കില്‍ ഇത്തരത്തിലുള്ളതും എന്ന് പറഞ്ഞാണ് കൈയൊഴിഞ്ഞത്.  മുപ്പതോ നാല്‍പതോ ലക്ഷം തന്നാല്‍ അവരുടെ ബാനറില്‍ ഇറക്കാമെന്നും പറഞ്ഞു. വലിയ മുതല്‍മുടക്കിന് കഴിയാത്തതിനാല്‍ നിരാശയില്‍ നില്‍ക്കുമ്പോഴാണ് രാജീവേട്ടന്‍ ലാല്‍ ജോസ് സാറിനോട് കാര്യം പറയുന്നത്. എല്‍.ജെ ഫിലിംസ് അന്നേരം തന്നെ നിരവധി സിനിമ ഉള്ളതുകൊണ്ട് ഏറ്റെടുക്കുമോ എന്ന് ഉറപ്പില്ല. എന്നാല്‍, അദ്ദേഹത്തെ കാണിക്കാമെന്ന് തീരുമാനിച്ചു. ഇപ്പോള്‍ സ്പേസ് ഇല്ളെന്നും രാജീവ് പറഞ്ഞത് കൊണ്ട് ആദ്യം സിനിമ കാണാം എന്നും ലാലു സാര്‍ പറഞ്ഞു. കണ്ട ഉടന്‍ എനിക്ക് കൈ തന്നിട്ട്, ഇത് നമ്മള്‍ ചെയ്യുമെന്ന് പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടമായി. പിന്നീട് കൊച്ചുകുട്ടിയെപ്പോലെ കഥയും കഥാപാത്രങ്ങളും രൂപപ്പെട്ട പശ്ചാത്തലം ചോദിച്ചറിഞ്ഞു. ഇത് ഗംഭീരമാണെങ്കിലും ഇതില്‍ എന്തോ കുറവ് തോന്നുന്നില്ളേ എന്ന് അദ്ദേഹം പറഞ്ഞു. എനിക്കും അങ്ങനെ തോന്നിയിരുന്നു. പക്ഷേ എന്താണെന്നറിയില്ലായിരുന്നു. അങ്ങനെ വരുത്തിയ മാറ്റങ്ങളിലൊന്നാണ് ‘‘ഓള് ആ ജാതിയായത് ഓള്‍ടെ കുഴപ്പാ.. .ഞാന്‍ ഈ ജാതിയായത് ന്‍െറ ഗുണാ..?’’ എന്ന രംഗം. രാജീവേട്ടനോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ലാലു മാറ്റം പറഞ്ഞിട്ടുണ്ടേല്‍ മാറ്റണം. ജനങ്ങളുടെ പള്‍സ് കൃത്യമായി അറിയുന്നയാളാണ് ലാലു. ഏതായാലും സിനിമ  ഇറങ്ങിയ ശേഷം അത് ‘കിസ്മത്തി’ന്‍െറ ക്യാച്ച് വേഡായി മാറി. 


സംവിധായകനെന്ന നിലയില്‍ തുടക്കക്കാരനാണ് താങ്കള്‍, സാമ്പത്തികം ഒരു വലിയ ഘടകമായിരിക്കുമല്ലോ? എന്തുകൊണ്ട് ഒരു കമേഴ്സ്യല്‍ പശ്ചാത്തലത്തിലേക്ക് പോയില്ല. രാജീവ് രവി സ്റ്റൈലില്‍ സെമിറിയലിസ്റ്റിക്കിന് ശ്രമിച്ചു...

സിനിമയെടുത്ത് കുറെ പണമുണ്ടാക്കണം എന്ന് കരുതി ഈ രംഗത്തേക്ക് വന്ന ആളൊന്നുമല്ല ഞാന്‍. ഒരര്‍ഥത്തില്‍ രാജീവേട്ടനും അങ്ങനെതന്നെയാണ്. അദ്ദേഹത്തിന്‍െറ സിനിമ കണ്ടവര്‍ക്കറിയാം. എന്‍െറ സിനിമ വാണിജ്യ താല്‍പര്യങ്ങള്‍ തേടി പോയിരുന്നുവെങ്കില്‍ ഞാന്‍ നേരത്തേ പറഞ്ഞില്ളേ, എന്‍െറ ലക്ഷ്യം പൂര്‍ത്തീകരിക്കില്ലായിരുന്നു. ഞാന്‍ കണ്ട ജീവിതങ്ങളുടെ കഥ പറയാന്‍ പറ്റില്ലായിരുന്നു. ഒരു  ബ്രഹ്മാണ്ഡചിത്രം ചെയ്യണമെന്ന ആഗ്രഹമൊന്നും മനസ്സില്‍ ഇല്ല. എപ്പോഴും ഇത്തരം റിയലിസ്റ്റിക് ആയി സിനിമ ചെയ്യണം എന്നു തന്നെയാണ് ഇഷ്ടപ്പെടുന്നത്. പ്രേക്ഷകന് ഇഷ്ടപ്പെടില്ല എന്ന് കരുതിയാണ് പലരും അതിന് മുതിരാത്തത്. കാഴ്ചക്കാരന്‍െറ കാഴ്ചനിലവാരം ആദ്യം തന്നെ സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണല്ളോ പലരും. അതുകൊണ്ട് കാഴ്ചാശീലങ്ങളില്‍ മാറ്റം വരില്ല എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. അവരുടെ ശീലങ്ങളും നിലവാരവും സിനിമകള്‍ക്കനുസരിച്ച് മാറ്റം വരുന്നവയാണ്. അവിടെ അണ്ടര്‍ എസ്റ്റിമേഷനാണ് പ്രശ്നം. പറഞ്ഞുവന്നത് റിയലിസ്റ്റിക് കമേഴ്സ്യലായിക്കൂടാ എന്നില്ലായെന്നാണ്. 


തിയറ്റര്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഈ സിനിമയുടെ കാര്യത്തിലുമുണ്ടായിരുന്നല്ലോ. പിന്നീട് എങ്ങനെയാണ് അതിനെ തരണംചെയ്തത്? 

 സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനെ കുറിച്ച് പറയുമ്പോള്‍ വളരെ സങ്കടകരമാണെന്ന് പറയാതെ വയ്യ. എല്‍.ജെ ഫിലിംസിന്‍െറ ബാനറിലായിരുന്നിട്ടും കമേഴ്സ്യല്‍ ചേരുവകളില്ലാത്തതിനാല്‍ തള്ളിക്കളയുകയായിരുന്നു. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളാണ് ആകെ നിരാശപ്പെടുത്തിയത്. ഏതാണ്ട് പത്ത്ലക്ഷത്തോളം കൊടുത്തിട്ട് ചിത്രാഞ്ജലിയിലാണ് സിനിമ പൂര്‍ത്തിയാക്കിയത്.  പുതിയ ആളെന്ന നിലയില്‍ ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വളരെ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍, അവിടെ ചെയ്ത വര്‍ക്കായിരുന്നിട്ടുപോലും തിയറ്ററുകള്‍ അനുവദിക്കാന്‍ അവര്‍ക്ക് മടിയായിരുന്നു. ഒടുവില്‍ അതിന്‍െറ എം.ഡിയോട് പറഞ്ഞിട്ടും രക്ഷയുണ്ടായിരുന്നില്ല. എനിക്ക് വേണേല്‍ വിസ്മയയിലോ ലാല്‍മീഡിയയിലോ പോകാമായിരുന്നു. സര്‍ക്കാറിന്‍െറ സംവിധാനത്തിലുള്ള പ്രതീക്ഷയായിരുന്നു വിനയായത്.  കീശനിറയെ കോടികള്‍വെച്ച് പടമെടുത്തവരല്ലല്ളോ ഞങ്ങള്‍. എന്‍െറ സുഹൃത്ത് ഷൈലജ മണികണ്ഠനും മറ്റു ചിലരും വളരെ കഷ്ടപ്പെട്ടാണ് സിനിമക്ക് വേണ്ട പണം കണ്ടത്തെിയിരുന്നത്. നവാഗതര്‍ക്ക് നിരാശമാത്രം നല്‍കുന്നതാണ് ചിത്രാഞ്ജലി എന്ന് അതോടെ ബോധ്യമായി. വളരെ കഷ്ടപ്പെട്ടാണ് ചുരുക്കം ചിലതിയറ്ററിലെങ്കിലും സിനിമയത്തെിക്കാനായത്. ആദ്യ ആഴ്ച ആലപ്പുഴ ജില്ലയില്‍ ഒരിടത്തും റിലീസിങ് സെന്‍റര്‍ തന്നില്ല. ചേര്‍ത്തലയിലെങ്കിലും തരണമെന്ന് പറഞ്ഞിട്ടും തള്ളുകയായിരുന്നു. കിട്ടിയ തിയറ്ററുകളെല്ലാം ചെറിയതുമാണ്. സിനിമ ക്ളിക്ക് ആയതോടെയാണ് കൂടുതല്‍ തിയറ്റര്‍ ലഭിച്ചത്. ഒരാഴ്ചയിലെ പ്രതിസന്ധി തരണംചെയ്ത് ഓള്‍ ഇന്ത്യാ റിലീസിനും സാധിച്ചു.  

പുതുമുഖ നായകന്‍ ഷൈന്‍നിഗമും ശ്രുതിയും വിനയ് ഫോര്‍ട്ടുമെല്ലാം  മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം കൂടിയായിരുന്നു കിസ്മത്ത്.  സിനിമയുടെ കാസ്റ്റിങ്ങില്‍ സംവിധായകന്‍െറ റോള്‍ എത്രത്തോളമായിരുന്നു? 

അവരുടെ  കഴിവ് തന്നെയാണ് അതില്‍ മുതല്‍ക്കൂട്ടായത്. അതില്‍ ഞാന്‍ ഭാഗഭാക്കായി എന്നുമാത്രം. ഒരുപക്ഷേ,  എന്‍െറ പരിചയക്കുറവാണ് ഈ കാസ്റ്റിങ്ങിന് കാരണം. ആരുടെയും കീഴില്‍ സഹസംവിധാനംപോലും ചെയ്യാത്തയാളാണ് ഞാന്‍. അതുകൊണ്ട് എനിക്ക് മുന്‍വിധികള്‍ കുറവായിരുന്നു. ഈ സിനിമയിലേക്ക് ആദ്യം നായകനാക്കാന്‍ സമീപിച്ചത് ഒരു യുവനടനെയാണ്. പക്ഷേ, അദ്ദേഹം കുറച്ച് സമയം കഴിഞ്ഞേ ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞതുകൊണ്ട് അന്വേഷണം വേറെ ഒരാളിലേക്ക് പോകുകയായിരുന്നു. ‘അന്നയും റസൂലും’, ‘കമ്മട്ടിപ്പാടം’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച അബിക്കയുടെ മകന്‍ ഷൈനിനെ സംവിധായകന്‍ രാജീവേട്ടന്‍ തന്നെയാണ് സജസ്റ്റ് ചെയ്തത്. ആ  സെലക്ഷന്‍ തെറ്റിയില്ല എന്ന് പിന്നീട് ബോധ്യമായി. നായികയായി ശ്രുതിയായിരുന്നില്ല മനസ്സില്‍ ഉണ്ടായിരുന്നത്.  പുതുമുഖമടക്കമുള്ള പല നടിമാരെയും തിരഞ്ഞു. നിലവിലെ നായികമാരുടെ പട്ടികയില്‍പെട്ട ആരും ഇത്തരം റോള്‍ ചെയ്യാന്‍ താല്‍പര്യം കാണിച്ചില്ല. അത് സ്വാഭാവികമായിരിക്കും. പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തിയത് സിനിമയിലേക്ക് ഒരു എന്‍ട്രി കാത്തുനില്‍ക്കുന്ന പല നടിമാരെയും സമീപിച്ചപ്പോള്‍ അവര്‍ക്കും ഈ ദലിത് പെണ്‍കുട്ടിയുടെ വേഷം ചെയ്യാന്‍ കഴിയില്ല എന്ന മറുപടിയാണ്. തുടക്കം ഇത്തരം കഥാപാത്രങ്ങള്‍ ആവരുത് എന്നും അവരും തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ഒരു ദലിത് സ്ത്രീയുടെ വേഷം കെട്ടാന്‍പോലും അഭിനേതാക്കള്‍ മടി കാണിക്കുന്നുവെന്നത് നമ്മുടെ സമൂഹം എത്ര ഗുരുതരമായാണ് അവരെ കാണുന്നതെന്ന് ബോധ്യപ്പെടുത്തുകയാണ്. ഇതിനെക്കാള്‍ ഭീകരമായിരുന്നു ഞാന്‍ ഒരു നിര്‍മാതാവിനെ തേടി നടന്നപ്പോള്‍ ഉണ്ടായത്. കഥപറയുമ്പോള്‍ ദലിത് സ്ത്രീയാണെന്നത് പലര്‍ക്കും ദഹിക്കില്ല. ഹിന്ദു-മുസ്ലിം പ്രണയം സമ്മതിക്കാം, പക്ഷേ ദലിത് എന്നത് നായരോ മറ്റോ ആക്കിക്കൂടേ..? എന്നുവരെ ചോദിച്ചിട്ടുണ്ട് പലരും.  കാസ്റ്റിങ്ങിലെ മറ്റൊരു വിജയമാണ് വിനയ് ഫോര്‍ട്ട്. അദ്ദേഹം ഇത് വരെ ചെയ്യാത്ത കഥാപാത്രമായിട്ടും വളരെ പെട്ടെന്ന് തന്നെ സമ്മതിച്ചു. ഇര്‍ഫാന്‍െറ ബാപ്പയായി അഭിനയിച്ച അലന്‍സിയര്‍ ചേട്ടനും ഗംഭീരമായി ചെയ്തു.  ഇതിലെ ഓരോ കഥാപാത്രങ്ങളും  ഈ ചിത്രത്തിന് ജീവന്‍ നല്‍കിയവരാണ്. എന്‍െറ സുഹൃത്തുക്കളടക്കം അഭിനയിച്ചു റോള്‍ ഭംഗിയാക്കി. ഗീതുമോഹന്‍ദാസ് ഒരിക്കല്‍ പറഞ്ഞു, ഷാനവാസിന്‍െറ പരിചയക്കുറവാണ് ഈ കാസ്റ്റിങ്ങടക്കമുള്ള വിജയങ്ങള്‍ക്ക് പിന്നിലെന്ന്.


 പൊന്നാനി പലരീതിയിലും അറിഞ്ഞോ അറിയാതെയോ വളരെ വലിയ അപരത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥലമാണ്.  ആ നാടിന്‍െറ സാംസ്കാരികപശ്ചാത്തലം പുറംലോകത്തറിയിക്കാനുള്ള  ശ്രമം കൂടി താങ്കള്‍ സിനിമയില്‍ നടത്തുന്നുണ്ടോ? 

 തീര്‍ച്ചയായും അതിനുള്ള ശ്രമം ഞാന്‍ ബോധപൂര്‍വം നടത്തിയിട്ടുണ്ട്. അല്ളെങ്കില്‍ ഈ കഥപറയാന്‍ എന്‍െറ സ്ഥലംതന്നെ തെരഞ്ഞെടുക്കേണ്ടതില്ലായിരുന്നു. ഇത് പൊന്നാനിയില്‍ സംഭവിച്ച കഥയാണേലും കഥപറയാനും സിനിമ ചിത്രീകരിക്കാനും കേരളത്തില്‍ മറ്റിടങ്ങളായിരുന്നു കൂടുതല്‍ എളുപ്പം. പക്ഷേ, ഞാന്‍ അത് ചെയ്യാതിരുന്നത് പൊന്നാനി എന്ന എന്‍െറ നാട്, അതിന്‍െറ യഥാര്‍ഥ സംസ്കാരം എന്നിവ സിനിമയിലൂടെ പറയണം  എന്നതുകൊണ്ട് തന്നെയാണ്. പൊന്നാനിയെന്തോ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് എന്നൊക്കെയുള്ള തോന്നല്‍ മറ്റുള്ളവര്‍ക്കുണ്ട്.  അതേ അപരത്വം മലപ്പുറം ജില്ലക്ക് മേലുമുണ്ട്. അത് ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച മാധ്യമം സിനിമതന്നെയാണ്. മലപ്പുറം കേന്ദ്രമായി വളരെ കുറച്ച് സിനിമകളേ ഉണ്ടായിട്ടുള്ളൂ. അതില്‍ തന്നെ മുഹ്സിന്‍ പരാരിയുടെ  ‘കെ.എല്‍.10’,  ഇപ്പോള്‍ ‘കിസ്മത്ത് ’എന്നീ ചിത്രങ്ങളേ നാടിന്‍െറ സംസ്കാരങ്ങളോട് നീതി പുലര്‍ത്തി എന്ന് പറയാനൊക്കൂ. പലപ്പോഴും വികലമായ രീതിയിലാണ് ഭാഷാപ്രയോഗങ്ങളും ഉണ്ടാവുന്നത്.  ഇനിയും ഇവിടങ്ങളില്‍ ധാരാളം സിനിമകള്‍ സംഭവിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. പൊന്നാനിപോലുള്ള സ്ഥലങ്ങളില്‍ വളരെ ശ്രമകരമായിരിക്കുമെന്നാണ് ഞാനടക്കമുള്ളവര്‍ ആദ്യം കരുതിയതെങ്കിലും ‘കിസ്മത്ത്’ ഷൂട്ട് തുടങ്ങിയപ്പോള്‍ നാട് ഒരു ഉത്സവംപോലെ ഏറ്റെടുക്കുകയായിരുന്നു. എന്താണ് കഥ എന്ന് പോലും അന്വേഷിച്ചില്ല.  ലക്ഷങ്ങള്‍  മുതല്‍മുടക്കുള്ള  പൊലീസ് സ്റ്റേഷനിലേക്ക് വേണ്ട ഫര്‍ണിച്ചറുകളും മറ്റും തന്നത് നാട്ടിലെ യൂത്ത് കോണ്‍ഗ്രസുകാരാണ്. ഞാനൊരു  സി.പി.എമ്മുകാരനാണെന്നത് ഓര്‍ക്കണം. നാട്ടുകാരായ  പലരും സഹായം വാഗ്ദാനംചെയ്ത് ഇങ്ങോട്ട് വരുകയായിരുന്നു. എന്തിനേറെ പറയുന്നു, വിശ്വഹിന്ദു പരിഷത്തിന്‍െറ പ്രവര്‍ത്തകര്‍ അവരുടെ ഓഫിസ് മുറികള്‍ ഷൂട്ടിങ്ങിനായി ഒഴിഞ്ഞുതന്നു. ഹിന്ദു-മുസ്ലിം പ്രണയകഥയാണെന്ന് അറിയാഞ്ഞിട്ടായിരുന്നില്ല. അതായിരുന്നു ആ നാടിന്‍െറ പാരമ്പര്യവും സംസ്കാരവും. പൊന്നാനി വലിയപള്ളിക്കകത്ത് വരെ ഷൂട്ട് ചെയ്യാനായി. പക്ഷേ,  ഇതൊന്നുമല്ല പുറത്തുള്ളവര്‍ പാടി നടക്കുന്നതെന്ന് കാണുമ്പോള്‍ സങ്കടമാണ്. 

 

ജീവിതത്തില്‍  സിനിമക്കാരന്‍െറ  വേഷമാണോ രാഷ്ട്രീയക്കാരന്‍െറ  വേഷമാണോ  കൂടുതല്‍  ചേരുന്നത്?

 എന്‍െറ ബാപ്പ ചെറുപ്പത്തില്‍ മരിച്ചെങ്കില്‍ അദ്ദേഹം ഇട്ടേച്ച് പോയ രാഷ്ട്രീയക്കാരന്‍െറ കുപ്പായം ചെറുപ്പത്തില്‍തന്നെ എടുത്തണിഞ്ഞയാളാണ്. രാഷ്ട്രീയം എന്‍െറ ജീനിലുള്ളതാണ്. അതേപോലെ  സിനിമയും. മുഴുസമയ സിനിമക്കാരനാകാന്‍ എനിക്കാവില്ലായിരിക്കാം. എന്നിലെ  രാഷ്ട്രീയക്കാരനിലൂടെ തന്നെയായിരിക്കും സിനിമകളും പിറവിയെടുക്കുക. അതുകൊണ്ട് എനിക്ക് രാഷ്ട്രീയം പറയാന്‍ സിനിമയെ ഉപയോഗപ്പെടുത്താം. അതുകൊണ്ട്  നാടുനന്നാക്കാനൊന്നുമല്ല. അല്ളെങ്കില്‍ പാര്‍ട്ടി തിട്ടൂരങ്ങള്‍ക്കനുസരിച്ച് സിനിമയെടുക്കാനല്ല. ഇത്തരം ജീവിതങ്ങളുടെ ചിത്രീകരണത്തിലൂടെയാണ് ഞാന്‍ എന്‍െറ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്. 

 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanikismathshanavas k bavakutty
Next Story