GUDA02 തേയില നുള്ളുകയായിരുന്ന സ്ത്രീയെ കരടി ആക്രമിച്ചു

05:54 AM
11/10/2017
കൈയിലും ദേഹത്തും പരിക്കേറ്റു ഗൂഡല്ലൂർ: തേയില നുള്ളുകയായിരുന്ന സ്ത്രീയെ കരടി ആക്രമിച്ചു. കൈയിലും ദേഹത്തും പരിക്കുകളോടെ ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവർഷോല മേഫീൽഡ് ഹാരിസൺ മലയാളം എസ്റ്റേറ്റ് തൊഴിലാളി അമ്മാളുവി(56)നെയാണ് കരടി ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. സൂപർവൈസർ ബസുവൻ ഉൾപ്പെടെ സമീപത്തെ മറ്റ് തൊഴിലാളികൾ എത്തിയപ്പോഴാണ് കരടി ഓടിയത്. കരടിക്കൊപ്പം രണ്ടു കുട്ടികളുമുണ്ടായിരുന്നു. ഉടനെ സുൽത്താൻ ബത്തേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കി ഫാക്ടറിക്കുമുന്നിൽ ധർണ നടത്തി. ദേവാല ഡിവൈ.എസ്.പി ശക്തിവേലു, എ.സി.എഫ് വിജയൻ, റേഞ്ചർ മണികണ്ഠൻ എന്നിവർ തൊഴിലാളികളുമായി ചർച്ചനടത്തി. കരടിയെ പിടികൂടാൻ കൂടുവെക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് തൊഴിലാളികൾ പ്രതിഷേധത്തിൽനിന്ന് പിന്മാറിയത്.

COMMENTS