കുട്ടവഞ്ചി സംഘം: ഉൾനാടൻ മത്സ്യസമ്പത്തിനും കുടിവെള്ളത്തിനും ഭീഷണി

05:35 AM
14/02/2018
പുനലൂർ: വേനൽക്കാലത്ത് കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിൽ ഇതരസംസ്ഥാനത്തുനിന്നുള്ള കുട്ടവഞ്ചി സംഘത്തി​െൻറ മീൻപിടിത്തം മത്സ്യസമ്പത്തിനും കുടിവെള്ളത്തിനും ഭീഷണിയാകുന്നു. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് നൂറുകണക്കിന് സംഘങ്ങൾ കുട്ടവള്ളങ്ങളുമായി മീൻകോരാൻ എത്തുന്നത്. കുടുംബസമേതം എത്തുന്ന സംഘം കാലവർഷം തുടങ്ങുമ്പോൾ മടങ്ങിപ്പോകും. ഇതിനകം ഇവിടുള്ള ആറുകൾ, തോടുകൾ, കുളങ്ങൾ അരിച്ചുപെറുക്കി മത്സ്യസമ്പത്ത് പൂർണമായി കൊള്ളയടിക്കും. മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാത്ത ജലാശയങ്ങളിലാണ് ഇവർ വലവീശുന്നത്. ജലാശയത്തിൽ രണ്ടും മൂന്നും പേരടങ്ങുന്ന സംഘം കുട്ടവഞ്ചിയിൽ സഞ്ചരിച്ച് വലവിരിച്ചാണ് മീൻപിടിക്കുന്നത്. കിട്ടുന്ന മീൻ സംഘത്തിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഇവിടത്തന്നെ വിറ്റഴിക്കും. മീനിനെ ആകർഷിക്കാൻ പാകത്തിൽ വലയിൽ എന്തോ വിഷദ്രാവകം ഒഴിച്ചതിന് ശേഷമാണ് വീശുന്നത്. വലയെത്തുന്ന ഭാഗത്തെ എല്ലാത്തരം ജലജീവികളും ഇതിൽ കുടുങ്ങും. കരക്കെത്തിക്കുന്നതിനുമുമ്പ് മീനുകൾ ചാവുന്നതും വെള്ളത്തിന് മീതെ വെളുത്ത പാട തെളിയുന്നതുമാണ് വിഷപ്രയോഗം നടത്തുന്നതായി സംശയം ഉ‍യർത്തുന്നത്. ഇത്തരത്തിൽ മീൻപിടിക്കാൻ കല്ലടയാറ്റിൽ എത്തിയ ഒരുസംഘത്തെ പുനലൂർ ശാസ്താംകോണം കടവിൽ നാട്ടുകാർ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. പല ഉൾനാടൻ ജലാശ‍യങ്ങളിലും ഫിഷറീസ് വകുപ്പി​െൻറ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. വളരുമ്പോൾ ഇതിനെ പിടിക്കാനുള്ള നടപടി ഉണ്ടാകാത്തതിനാൽ കുട്ടവഞ്ചി സംഘമെത്തി കൈക്കലാക്കുകയാണ് പതിവ്. വെള്ളത്തിൽ വിഷം കലർത്തുന്നത് കുടിവെള്ള പദ്ധതികൾക്ക് ഭീഷണിയാണ്. മിക്ക കുടിവെള്ള പദ്ധതികൾക്കും വെള്ളം ശേഖരിക്കുന്നത് പുഴകളുടെ തീരത്തുനിന്നാണ്. വിഷപ്രയോഗം പുഴകളിലെ വെള്ളം നേരിട്ടു ഉപയോഗിക്കുന്നവരിലും ബുദ്ധിമുട്ടുണ്ടാക്കുന്നു.

COMMENTS