Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരിക്കെതിരെ ഒരേസ്വരം

ലഹരിക്കെതിരെ ഒരേസ്വരം

text_fields
bookmark_border
തിരുവനന്തപുരം: വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലും ലഹരി ഉപയോഗം തടയാന്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഉന്നയിക്കേണ്ട ജനകീയപ്രശ്നങ്ങള്‍ എല്ലാമാസവും 10ന് മുമ്പ് ജനപ്രതിനിധികള്‍ വികസന സമിതിയെ അറിയിക്കണമെന്നും യോഗം തീരുമാനമെടുത്തു. എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും ലഹരി ഉപയോഗം സംബന്ധിച്ചും മറ്റു പ്രശ്നങ്ങളും അറിയിക്കാന്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്ന് ഡോ. എ. സമ്പത്ത് എം.പി ആവശ്യപ്പെട്ടു. പരമ്പരാഗത ലഹരി വസ്തുക്കള്‍ക്കുപുറമേ, പുതുതായി ഉപയോഗിക്കപ്പെടുന്ന രാസപദാര്‍ഥങ്ങളെപ്പറ്റിയും ഉദ്യോഗസ്ഥര്‍ക്ക് അവബോധമുണ്ടാകണമെന്ന് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ തടയാന്‍ സ്കൂളുകള്‍ക്ക് മുന്നില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാലയങ്ങള്‍ക്ക് മുന്നിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കാന്‍ നടപടിവേണമെന്ന് ഡോ. എ. സമ്പത്ത് എം.പി ആവശ്യപ്പെട്ടു. സ്കൂളുകളില്‍ ആവശ്യമായ ശൗചാലയങ്ങളില്ലാത്ത അവസ്ഥ പരിഹരിക്കണം. തലസ്ഥാനത്തെ അശാസ്ത്രീയമായ ട്രാഫിക് ഐലന്‍റുകളെക്കുറിച്ച് വിദഗ്ധപഠനം വേണമെന്നും എം.പി ആവശ്യപ്പെട്ടു. ജില്ലയിലെ ക്വാറികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതിപരവും സാമൂഹികവുമായ പ്രശ്നങ്ങള്‍ വിലയിരുത്തി നടപടി വേണമെന്ന് സി. ദിവാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അനധികൃത ക്വാറികളും ഇവിടേക്കുള്ള ടിപ്പറുകളുടെ മരണപ്പാച്ചിലും മണ്ണുകടത്തലും വന്‍പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വാറികളുടെ വിഷയത്തില്‍ നിയമപരമായി കൈക്കൊള്ളാവുന്ന നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ച കലക്ടര്‍, ടിപ്പറുകളുടെ കാര്യത്തില്‍ ജാഗ്രതക്ക് ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. ആറ്റിങ്ങലിലെ പാതവികസനത്തിന്‍െറയും ബൈപാസിന്‍െറയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനം വേണമെന്ന് ബി. സത്യന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും പൊതുമരാമത്ത്, ജല അതോറിറ്റി, മറ്റ് അനുബന്ധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മണ്ഡലതല ഉപസമിതികള്‍ കൂടാനുള്ള സാധ്യത പരിഗണിക്കണമെന്ന് ഡി.കെ. മുരളി എം.എല്‍.എ ആവശ്യപ്പെട്ടു. പൂവാര്‍ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സമഗ്രപദ്ധതി വേണമെന്ന് എം. വിന്‍സെന്‍റ് എം.എല്‍.എ ആവശ്യപ്പെട്ടു. വെള്ളായണി കുടിവെള്ളപദ്ധതിക്ക് പുതിയ വിതരണസംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ കടമ്പാട്ടുകോണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായ നിലപാടെടുക്കുന്നതായി വി. ജോയ് എം.എല്‍.എ ചൂണ്ടിക്കാട്ടി. ആവശ്യമായ സ്ഥലം എതിര്‍വശത്തുണ്ടായിട്ടും നിരവധിപ്പേരെ കുടിയൊഴിപ്പിക്കുന്ന രീതിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ മറുപടി നല്‍കി. പാപനാശത്ത് പൊളിച്ചുമാറ്റിയ ഹൈമാസ്റ്റ് ലൈറ്റ് പുന$സ്ഥാപിക്കാന്‍ നടപടി വേണമെന്നും പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായം നല്‍കാന്‍ നടപടി വേണമെന്നും വി. ജോയ് എം.എല്‍.എ ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കണമെന്നും മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാന്‍ നിലവിലുള്ള സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി പുന$ക്രമീകരിക്കണമെന്നും കെ. ആന്‍സലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ പട്ടയം, റീസര്‍വേ വിഷയങ്ങളും മഴക്കെടുതി ദുരിതാശ്വാസം സംബന്ധിച്ച പ്രശ്നങ്ങളും എം.എല്‍.എമാര്‍ സമിതിയുടെ ശ്രദ്ധയില്‍പെടുത്തി. അപകടകരമായ മരങ്ങളുടെ ചില്ലകള്‍ വെട്ടാത്തതിനാല്‍ ദുരന്തമുണ്ടായാല്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കാന്‍ നടപടിയുണ്ടാകുമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. യോഗത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ള്യു.ആര്‍. ഹീബ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, ഡോ. ശശി തരൂര്‍ എം.പിയുടെ പ്രതിനിധി എ. ഷിബു, വി. ശശി എം.എല്‍.എയുടെ പ്രതിനിധി കെ.എ. സമീന്‍ ഷാ, കലക്ടര്‍ ബിജു പ്രഭാകര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ എന്‍.കെ. രാജേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story