സി.പി.എം ബ്രാഞ്ച്​ സമ്മേളനങ്ങൾ വെള്ളിയാഴ്​ച മുതൽ; കരുക്കൾ നീക്കി പ്രതിനിധികൾ

05:35 AM
13/09/2017
പത്തനംതിട്ട: പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ഒക്ടോബർ 15ന് മുമ്പ് പൂർത്തിയാകും. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ഇതിനുശേഷം ലോക്കൽ, ഏരിയ സമ്മേളനങ്ങൾ ആരംഭിക്കും. ജില്ല സമ്മേളനം ഡിസംബർ 29, 30, 31 തീയതികളിലാണ്. ജില്ലയിൽ 1300ഒാളം ബ്രാഞ്ചാണുള്ളത്. 98 ലോക്കൽ കമ്മിറ്റികളും 10 ഏരിയ കമ്മിറ്റികളുമുണ്ട്. കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലയിൽ 20,000ത്തോളം പാർട്ടി മെംബർമാരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇതിനുശേഷം കാര്യമായ വർധന ഉണ്ടായിട്ടില്ല. പാർട്ടിയിൽ കൊഴിഞ്ഞുപോക്ക് ശക്തമായിട്ടുണ്ട്. പാർട്ടി നയങ്ങളിൽ വന്ന മാറ്റങ്ങളും ചില നേതാക്കളോട് അണികൾക്കുള്ള അതൃപ്തിയുമാണ് കൊഴിഞ്ഞുപോക്കിന് കാരണം. ഒാരോ വർഷവും ഇങ്ങനെ നിരവധി പേർ പാർട്ടിവിട്ട് പോകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടൂർ മേഖലയിൽ അടുത്തിടെ നിരവധി പേർ പാർട്ടിവിട്ട് സി.പി.െഎയിൽ ചേർന്നിരുന്നു. കഴിഞ്ഞ സമ്മേളനത്തിൽ അറുനൂറിലേറെ പേർ പാർട്ടി വിട്ടുപോയതായി റിപ്പോർട്ട് ചെയ്തിരുന്നു. ബ്രാഞ്ചിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചാകും ലോക്കൽ സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കുക. ഒരു ബ്രാഞ്ചിൽനിന്നും കുറഞ്ഞത് മൂന്നോ നാലോ േപർ ലോക്കൽ സമ്മേളന പ്രതിനിധികളായി പെങ്കടുക്കും. ബ്രാഞ്ചുതലം മുതൽ മേൽഘടകങ്ങളിലേക്കുള്ള പ്രതിനിധികളെ പെങ്കടുപ്പിക്കുന്നത് സംബന്ധിച്ച് രഹസ്യ ചർച്ചകളും ആശയവിനിമയങ്ങളും ചില ബ്രാഞ്ചുകളിൽ ആരംഭിച്ചിട്ടുണ്ട്. വിഭാഗിയത ശക്തമായിരുന്ന ജില്ലയായിരുന്നു പത്തനംതിട്ട. ഇതി​െൻറ തുടർച്ചയെന്നോണം കോന്നി, മല്ലപ്പള്ളി, അടൂർ, പന്തളം ഏരിയകളിൽ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നുണ്ട്. വെട്ടിനിരത്താനും പഴയകണക്കുകൾ തീർക്കാനുമൊക്കെ ചിലർ കാത്തിരിക്കുകയാണ്. ചൂടേറിയ ചർച്ചകൾക്ക് ഒാരോ സമ്മേളനവും വേദിയാകാനും സാധ്യതയുണ്ട്. കൂടുതലും പ്രദേശിക വിഷയങ്ങളായിരിക്കും പൊന്തിവരുക. ഭരണമുള്ളതിനാൽ പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. നേരേത്ത വി.എസ് പക്ഷത്തിന് ആധിപത്യമുള്ള ജില്ലയായിരുന്നു പത്തനംതിട്ട. എന്നാൽ, കഴിഞ്ഞ ജില്ല സമ്മേളനത്തോടെ ഒൗദ്യോഗികപക്ഷം പാർട്ടിയിൽ പിടിമുറുക്കി. വി.എസ് പക്ഷക്കാരനായ അനന്തഗോപൻ തുടർച്ചയായി നാല് തവണ ജില്ല സെക്രട്ടറിയായിരുന്ന ശേഷമാണ് കഴിഞ്ഞ തവണ ഒഴിഞ്ഞത്. മത്സരം ഉണ്ടാകാൻ പാടില്ലെന്ന സംസ്ഥാന നേതൃത്വത്തി​െൻറ കർശന നിർദേശത്തെത്തുടർന്ന് സമവായത്തിലൂടെ കെ.പി. ഉദയഭാനു സെക്രട്ടറിയാവുകയായിരുന്നു. ഒൗദ്യോഗികപക്ഷത്ത് എ. പദ്മകുമാറിനെ അനുകൂലിക്കുന്ന ഒരു വിഭാഗവുമുണ്ടായിരുന്നു. പിണറായി ഉൾപ്പെടെയുള്ള നേതാക്കളുടെ നിർദേശത്തെത്തുടർന്ന് അവസാനം പദ്മകുമാർ പിന്മാറുകയായിരുന്നു. ജില്ലയിൽ പാർട്ടിയെ നയിക്കുന്നതിൽ നിലവിലെ ജില്ല സെക്രട്ടറി പരാജയമായിരുന്നതായാണ് ഒരുവിഭാഗം പറയുന്നത്. ഇതോടെ പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

COMMENTS