ഉത്രാട പൂനിലാവ്

08:15 AM
03/09/2017
ഇന്ന് ഉത്രാടപ്പാച്ചിൽ പാലക്കാട്: ഗൃഹാതുര ഓർമകളുണർത്തി ഇന്ന് ഉത്രാടപ്പാച്ചിൽ. തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട തയാറെടുപ്പിലാണ് മലയാളികൾ. തിരുവോണത്തിന് എല്ലാ ഒരുക്കവും പൂർത്തിയായെന്ന് തോന്നുമ്പോഴും എന്തെങ്കിലുമൊന്ന് മറന്നിരിക്കും. കുട്ടികൾക്ക് പോലും വിശ്രമമുണ്ടാവില്ല. പപ്പടം, പാൽ തുടങ്ങിയ ചെറുവകകൾ കുട്ടികളുടെ ഉത്തരവാദിത്തമാണ്. സദ്യവട്ടം ഒരുക്കുന്നതിന് ഞായറാഴ്ച വൈകുന്നേരത്തോടെ അടുക്കളകൾ ഉണരും. കാളനും അവിയലും പുളിശ്ശേരിയും എലിശ്ശേരിയും രണ്ടുകൂട്ടം പായസവും തിരുവോണനാളിൽ നാക്കിലയിൽ എത്തണമെങ്കിൽ ഞായറാഴ്ച അടുക്കള ഉറങ്ങാതിരിക്കണം. സദ്യയിൽ വൈവിധ്യവും പരീക്ഷണവും തയാറാക്കുന്നതിലായിരിക്കും പാചകപ്രിയരുടെ ശ്രദ്ധ. ഓണാഘോഷത്തിന് എന്തെങ്കിലും കുറവ് വരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിലായിരിക്കും കാരണവന്മാരുടെ താൽപര്യം. തിരുവോണ സ്പെഷൽ പൂക്കളമൊരുക്കുന്നതിന് കുട്ടികളും ഒരുക്കം തുടങ്ങും. തിരുവോണ സദ്യപോലെ പ്രധാനമാണ് ഉത്രാട സദ്യയും. ഒന്നാം ഓണം കുട്ടികൾക്കുള്ളതായതിനാൽ ഞായറാഴ്ച അവരുടെ ആഘോഷമായിരിക്കും. ആഘോഷിക്കാനുള്ള സാധനങ്ങളെല്ലാം ഇന്നൊരു ദിവസം കൊണ്ടു വാങ്ങണം. ഉത്രാടപ്പാച്ചിലും കൂടി ചേരുമ്പോഴേ മലയാളികളുടെ ഓണം പൂര്‍ണമാകൂ. ആകെ ബഹളമയമാണ്, എല്ലായിടത്തും തിരക്ക്. തുണിക്കടകളിലും പൂക്കടകളിലും പച്ചക്കറി കടകളിലും സൂചി കുത്താനിടമില്ല. വമ്പൻ ഓഫറുകളും സമ്മാനങ്ങളും നൽകി ആളുകളെ വശീകരിക്കാനുള്ള ഇലക്ട്രോണിക്സ് നിർമാതാക്കളുടെയും മൊബൈൽ ഫോൺ കമ്പനികളുടെയും തന്ത്രം വിജയിച്ചെന്നാണ് തിരക്ക് കണ്ടാൽ തോന്നുക. ചിലയിടങ്ങളിൽ പച്ചക്കറി ചന്തയേക്കാൾ ആളു കൂടുതൽ മൊബൈൽ ഷോപ്പുകളിലാണ്. നിറമുള്ള ഓർമകളിൽ ഉത്രാടപുത്തരി പാലക്കാട്: കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ ഓണം പാലക്കാട്ടുകാർക്ക് എപ്പോഴും ഒരു പിടി നല്ല ഓർമകളും കൂടിയാണ്. തിരുവോണ ഒരുക്കം എല്ലാവർക്കും ഉത്രാടപ്പാച്ചിൽ മാത്രമാണെങ്കിൽ പാലക്കാട്ടുകാർക്ക് അങ്ങനെ മാത്രമല്ല, ഉത്രാടപുത്തരി കൂടിയാണ്. ചതിക്കാത്ത മണ്ണിനെയും മഴയെയും വണങ്ങുന്നതിനും കന്നിക്കൊയ്ത്തിന് തയാറെടുക്കുന്നതിനുമുള്ള ആഘോഷം. ഉത്രാടപ്പുലരിയിൽ കുളിച്ച് നിലം വണങ്ങിയശേഷം നെൽപാടത്തെത്തി കൊയ്തെടുത്ത ആദ്യ കറ്റ ഞവരവള്ളികൊണ്ട് കെട്ടി ക്ഷേത്രത്തിലേക്കെത്തിക്കും. പൂജിച്ച കറ്റ ക്ഷേത്രത്തി​െൻറ ഭാഗങ്ങളിൽ പതിച്ചുവെച്ച് ബാക്കി പ്രസാദമായി നൽകും. അന്ന് ക്ഷേത്രത്തിൽ പ്രസാദമായി പുത്തരിപ്പായസം നൽകും. ഇല്ലംനിറ, വല്ലംനിറ, വല്ലോട്ടി നിറ, നിറയോ നിറ എന്ന് പാടി, നിലവിളക്ക് കത്തിച്ചാണ് ക്ഷേത്രത്തിൽനിന്ന് കൊടുത്തയക്കുന്ന കതിർ ദേശക്കാർ സ്വീകരിക്കുക. കാലം മാറിയപ്പോൾ ഉത്രാടപ്പുത്തരി ആഘോഷത്തിന് തിളക്കം കുറഞ്ഞെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും സജീവമാണ്. ((ബോക്സ്)))

COMMENTS