പെരുന്നാൾ പുലരിയിൽ

08:12 AM
01/09/2017
പാലക്കാട്: പെരുന്നാളും ഓണവും ഒരുമിച്ചെത്തിയതി​െൻറ ആഹ്ലാദത്തിലാണ് നാടും നഗരവും. ഒത്തൊരുമയുടെയും സമത്വത്തി​െൻറയും ആഘോഷങ്ങൾ ഒരുമിച്ചെത്തിയതി​െൻറ സന്തോഷം. ത്യാഗസ്മരണയിൽ മുസ്ലിം സമൂഹം വെള്ളിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ ഓണത്തി​െൻറ അവസാന വട്ട ഒരുക്കങ്ങൾക്ക് തയാറെടുക്കുകയാണ് എല്ലാവരും. ത്യാഗത്തി​െൻറയും സഹനത്തി​െൻറയും സമർപ്പണമാണ് ഓരോ ബലിപെരുന്നാളും. വാർധക്യത്തിൽ തനിക്ക് പിറന്ന മകനെ ദൈവകൽപനയെ തുടർന്ന് ബലി നൽകാൻ തയാറായ ഇബ്രാഹിം നബിയുടെ അചഞ്ചല വിശ്വാസം ഓരോ വിശ്വാസിയെയും ഉണർത്തുന്നു. ഒന്നും സ്വന്തമല്ലെന്ന വലിയ പാഠമാണ് ബലിപെരുന്നാൾ നൽകുന്നത്. ആത്മാവിനെ കണ്ണീരുകൊണ്ട് ശുദ്ധീകരിച്ച് എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു. തെറ്റുകളിലേക്ക് മടങ്ങരുതേ എന്ന പ്രാർഥന മാത്രമായിരിക്കും ഈ ദിനം വിശ്വാസിയുടെ ഉള്ളിൽ മുഴങ്ങുക. ഭക്തിയാൽ മുഖരിതമാകുന്ന പുലരിയിൽ ഈദ് നമസ്കാരത്തിന് ശേഷം ബലിയറുക്കൽ ചടങ്ങിലേക്ക് കടക്കും. ബലിപെരുന്നാൾ വെള്ളിയാഴ്ചയായതി​െൻറ പ്രത്യേകതയുമുണ്ട്. ജുമുഅ നമസ്കാരത്തി​െൻറ പുണ്യവും നിർവൃതിയും വിശ്വാസികൾക്ക് ഇരട്ടിമധുരമാണ്. ബലിയിറച്ചി ദാനം ചെയ്യലും സമൃദ്ധമായ ഭക്ഷണത്തിനും ശേഷം പുത്തൻ വസ്ത്രങ്ങളണിഞ്ഞ് അത്തറുപൂശി ബന്ധു വീടുകൾ സന്ദർശിക്കൽ വിശ്വാസികൾക്ക് ഒഴിവാക്കാനാവില്ല. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം സ്നേഹം പങ്കിടുന്നതും പ്രധാനമാണ്. പെരുന്നാൾ തിരക്കിന് ശേഷം ഓണാഘോഷത്തി​െൻറ അവസാനവട്ട ഒരുക്കത്തിൽ നാടമരുകയാണ്. പൂവിളികളുമായി ഓണം അടുത്തെത്തി. ഓണപ്പൂക്കള മത്സരവും ഓണക്കളികളും ഓണാഘോഷവും ഓണ സദ്യയും എങ്ങും പൊടിപൊടിക്കുകയാണ്. തുണിക്കടകളും പൂക്കടകളും മുതൽ ഷോപ്പിങ് മാളുകൾവരെ സൂചികുത്താനിടമില്ലാത്തവിധം തിരക്ക്. പുതുവസ്ത്രങ്ങളെടുക്കാനുള്ള തിരക്കിലാണ് എല്ലാവരും. ഞായറാഴ്ചയാണ് ഒന്നാം ഓണമായ ഉത്രാട നാൾ. എല്ലാ ഒരുക്കവും പൂർത്തിയായെങ്കിലും ഉത്രാടപ്പാച്ചിലിനായി എന്തെങ്കിലും ബാക്കിവെക്കും. വിലക്കയറ്റം നടുവൊടിക്കുന്നുണ്ടെങ്കിലും ആഘോഷത്തിന് കുറവുവരാതിരിക്കാനാണ് ശ്രമം. ട്രാഫിക്ക് പരിഷ്കരണം: ഗുണഫലമെന്ന് വിലയിരുത്തൽ പാലക്കാട്: ഓണത്തോടനുബന്ധിച്ച് വാണിജ്യ പ്രധാനമായ കോർട്ട് റോഡിലെ തിരക്ക് കുറക്കാൻ ട്രാഫിക്ക് പൊലീസ് നടപ്പാക്കിയ ഗതാഗതപരിഷ്കരണം ഫലം കാണുന്നു. ഗതാഗത പരിഷ്കാരത്തിന് ശേഷം കോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറവായിരുന്നുവെന്നാണ് പൊതു അഭിപ്രായം. നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട സ്ഥലമായിരുന്നു കോർട്ട് റോഡ്. ഗതാഗത പരിഷ്കാരത്തിനെതിരെ ബസുടമകളുടെ സംഘടനയൊഴിച്ച് ആരും കാര്യമായ പ്രതിഷേധമുയർത്തിയില്ല. എന്നാൽ, ചെറുറോഡുകളിലും കോയമ്പത്തൂർ റോഡിലും തിരക്ക് വർധിച്ചെന്നും അഭിപ്രായമുണ്ട്. പരിഷ്കാരം വിജയകരമാണെങ്കിൽ ഓണത്തിരക്കിന് ശേഷവും തുടരാനാണ് ട്രാഫിക്ക് പൊലീസ് തീരുമാനം.

COMMENTS