Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യഭദ്രത...

ഭക്ഷ്യഭദ്രത നിയമത്തിൽനിന്ന് സർക്കാർ പിന്നോട്ടില്ല

text_fields
bookmark_border
സർക്കാറി​െൻറ നല്ല പ്രവൃത്തികൾ മാധ്യമങ്ങൾക്ക് പ്രിയപ്പെട്ട വാർത്തയാവുകയില്ല. മാധ്യമങ്ങളുടെ പ്രിയപ്പെട്ട വാർത്തകൾ സർക്കാറിന് സുഖകരമായവ ആവുകയും ഇല്ല. ജൂൺ 12ലെ മാധ്യമം ദിനപത്രത്തിലെ 'ഭക്ഷ്യ ഭദ്രത നിയമം കരിഞ്ചന്തയിൽ' എന്ന ലേഖനവും സർക്കാറിനെതിരെയുള്ള വിമർശനങ്ങൾതന്നെയാണ്. വിമർശനങ്ങളെ അതി​െൻറതായ ഗൗരവത്തിൽ ഉൾക്കൊള്ളുന്നു. കേരളത്തി​െൻറ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് എത്രയോ കാലങ്ങൾ കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 40 സൗജന്യ ധാന്യങ്ങൾ കരിഞ്ചന്തയിൽ ഒഴുകുകയാണെന്നും കേന്ദ്രം നൽകുന്ന ധാന്യങ്ങൾതന്നെ നമുക്ക് മിച്ചമാവും എന്ന നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി കൊണ്ടുവന്ന 'ഭക്ഷ്യ ഭദ്രത നിയമം 2013' ഒട്ടും വെള്ളം ചേർക്കാതെ നടപ്പാക്കാൻ ധീരമായ നടപടി സ്വീകരിച്ച ഈ സർക്കാറി​െൻറ നിശ്ചയദാർഢ്യത്തെ ലേഖകൻ അംഗീകരിക്കേണ്ടതായിരുന്നു. 1964 മുതൽ ഈ രംഗത്ത് നിലയുറപ്പിച്ച സ്വകാര്യ ഏജൻസികളെ ഒഴിവാക്കി പൊതുമേഖലയിൽ സപ്ലൈകോ റേഷൻ കടകളിൽ ധാന്യങ്ങൾ വാതിൽപടി വിതരണം ആരംഭിച്ചു. വർഷങ്ങളായി പൊതുവിതരണ രംഗത്ത് നിലനിന്നിരുന്ന ശാപഗ്രസ്തമായ അഴിമതിയുടെ തലവന്മാരായവർ ഉദ്യോഗസ്ഥതലത്തിലും വ്യാപാരിതലത്തിലും ഉണ്ടാക്കിയിട്ടിരുന്ന വലക്കണ്ണികൾ ഒറ്റയടിക്ക് പൊട്ടിച്ചെറിയാൻ സാധിക്കില്ല. അഴിമതി തടയാൻ അഴിമതിക്കിടയാക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക എന്ന നയമാണ് സർക്കാറിേൻറത്. 'റേഷൻ വിതരണം താറുമാറായി', 'കേന്ദ്രം നൽകുന്ന ധാന്യങ്ങൾ യഥാസമയം വിതരണം ചെയ്യാൻ കഴിയുന്നില്ല' 'മുൻഗണനപ്പട്ടികയിൽ മുഴുവൻ അനർഹരാണ് കയറി കൂടിയത്.' 'ഐക്യകേരളത്തിൽ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി, സംസ്ഥാനത്ത് അരിവില വർധിച്ചു.' 'വാതിൽപ്പടി വിതരണം കാര്യക്ഷമമാകുന്നില്ല, വാഹനങ്ങളിൽ ജി.പി.എസ്. സംവിധാനം ഘടിപ്പിക്കണമെന്ന കേന്ദ്ര നിർേദശം പാലിച്ചില്ല, റേഷൻ കടകളിൽ ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചിട്ടില്ല, വാതിൽപ്പടി വിതരണത്തി​െൻറ ഗതാഗത ടെണ്ടർ ഏറ്റെടുക്കുന്നത് അയോഗ്യരാണ്' എന്നിങ്ങനെ പോകുന്നു ഈ സർക്കാറിനെതിരെയുള്ള കുറ്റപത്രം. എന്താണ് വസ്തുതകൾ എന്ന് പരിശോധിക്കാം. ഈ സർക്കാർ വന്നതിനുശേഷം ചരിത്രത്തിലാദ്യമായി റേഷൻ വിതരണം മുടങ്ങിയെന്ന ആരോപണം ഒരു കഴമ്പുമില്ലാത്തതാണ്. നവംബർ മാസം മുതലാണ് കേന്ദ്ര സർക്കാറി​െൻറ കർക്കശമായ നിർദേശം പാലിക്കാനും, ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ധാന്യ വിതരണം നടത്താനും സർക്കാർ നിർബന്ധിതമായത്. കേന്ദ്ര സർക്കാറി​െൻറ സ്ഥാപനമായ ഫുഡ് കോർപറേഷനിലെ പുതിയ നടപടിക്രമങ്ങൾമൂലം സർക്കാർ നേരിട്ടു ധാന്യം വിട്ടെടുക്കുന്ന സാഹചര്യം സംജാതമാവുകയും തൊഴിൽപ്രശ്നങ്ങൾ ഉടലെടുത്തതും മൂലം താൽക്കാലികമായി വിട്ടെടുപ്പിൽ വന്ന താമസം ഈ സർക്കാർതന്നെയാണ് പരിഹരിച്ചത്. തൊഴിൽ സമരങ്ങൾ മൂലമോ, സർക്കാറി​െൻറ അനാസ്ഥമൂലമോ ധാന്യങ്ങൾ ലാപ്സായിപോയ സാഹചര്യം ഉണ്ടായിട്ടില്ല. കോട്ടയം ജില്ലയിൽ മാത്രമാണ് റെയിൽ വാഗൺ വന്നതുമൂലം കയറ്റിറക്ക് തടസ്സപ്പെട്ട് 1200 ടൺ ധാന്യം എറ്റെടുക്കാൻ സാധിക്കാതെ വന്നത്. ഫുഡ് കോർപറേഷൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം അത് ഉണ്ടായതിനാൽ കേന്ദ്ര സർക്കാറി​െൻറ മുമ്പാകെ വിഷയം ധരിപ്പിച്ചിട്ടുണ്ട്. ജൂൺ മാസംവരെ സംസ്ഥാനത്തിന് അനുവദിച്ച ധാന്യവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. നാളിതുവരെ നിലവിൽ ഇരുന്ന വ്യവസ്ഥിതിയിലും നടപടിക്രമങ്ങളിലും പെട്ടെന്നുണ്ടായ മാറ്റം മൂലം വിതരണത്തിൽ ചെറിയ കാലതാമസം വന്നിട്ടുണ്ട്. അതിനെയൊക്കെ പർവതീകരിക്കുന്നതിൽ എന്ത് അർഥമാണുള്ളത്. റേഷൻ വിതരണത്തിലെ തിരിമറികൾ സംസ്ഥാനത്തിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ധാന്യത്തി​െൻറ ഒരുവിഹിതം കരിഞ്ചന്തയിലേക്ക് ഒഴുകുകയും ആ ധാന്യം പോളിഷ്ചെയ്ത് ബ്രാൻഡ് അരിയാക്കി വിലകുറച്ച് വിപണിയിൽ എത്തിയിരുന്നതും ഒരു യാഥാർഥ്യമാണ്. ഈ സർക്കാർ വന്നതിനുശേഷം കരിഞ്ചന്തയിലേക്കും അരിമില്ലുകളിലേക്കും പൊതുവിതരണ ധാന്യത്തി​െൻറ ഒഴുക്കു നിലച്ചു. ആന്ധ്രയടക്കം അന്യസംസ്ഥാനങ്ങളിൽ ഉണ്ടായ വരൾച്ചയും കൃഷിനാശവും വിലവർധനക്ക് ആക്കം കൂട്ടി. എന്നാൽ, സർക്കാറി​െൻറ ഫലപ്രദമായ ഇടപെടലിൽ വിലപിടിച്ചുനിർത്താൻ കഴിഞ്ഞു. വാതിൽപ്പടി വിതരണത്തി​െൻറ ടെണ്ടർ നടപടികൾ തടസ്സപ്പെടുത്താൻ ഈ രംഗത്ത് വലിയ ശ്രമമാണ് നടത്തിയത്. ബഹു. ഹൈകോടതിയിൽ ഫയൽ ചെയ്ത 15ൽ അധികം റിട്ട് ഹരജികളിൽ എല്ലാം തന്നെ സർക്കാറി​െൻറ നിലപാടുകൾ ശരിെവച്ചു. ഈ നടപടികൾ എല്ലാം വാതിൽപ്പടി വിതരണത്തി​െൻറ ഗതിവിഗതികളെ ബാധിക്കാതെതന്നെ സമയക്രമം നിശ്ചയിച്ചു മുമ്പോട്ടുപോയി. ജൂൺ മാസത്തോടുകൂടി സംസ്ഥാനത്തുനിന്ന് മുഴുവൻ സ്വകാര്യ മൊത്തവിതരണക്കാരും നിഷ്കാസിതരായി. ഗതാഗത ടെണ്ടറിൽ അയോഗ്യരായവർ ഉണ്ടാകാതിരിക്കാൻ കർശനമായ മാനദണ്ഡങ്ങളാണ് സ്വീകരിച്ചുവരുന്നത്. ഒരുതരത്തിലും ഉള്ള അന്യായ ഇടപെടലുകളും ഇനിമേൽ സാധിക്കാത്തവിധം സുതാര്യമായ ഇ--ടെണ്ടർ നടപടികൾ ആണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ജി.പി.എസ്. സാങ്കേതിക സംവിധാനവും ഇ-പോസ് മെഷീനുകളും വിശദമായതും സുതാര്യമായതും ആയ ടെണ്ടർ നടപടികൾ പാലിച്ചുകൊണ്ടാണ് പൂർത്തീകരിക്കേണ്ടത്. എന്നാൽ, അവയെല്ലാം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുവേണം ചെയ്തുതീർക്കാൻ. റേഷൻ കടകളിലെ കമ്പ്യൂട്ടർവൽക്കരണത്തിന് സപ്ലൈകോ ടെണ്ടർ ക്ഷണിച്ചു. സാങ്കേതിക കമ്മിറ്റിയുടെ യോഗ്യതാമാനദണ്ഡങ്ങൾ പ്രകാരം യോഗ്യരായ അഞ്ചു കമ്പനികളാണ് നിലവിൽ യോഗ്യത നേടിയത്. അവരുടെ ഇ-പോസ് മെഷീനുകൾ സാങ്കേതിക വിദഗ്ധരുടെ മുമ്പാകെ പ്രവർത്തിച്ചു കാണിക്കുന്ന നടപടികൾ പൂർത്തീകരിച്ചു. ടെണ്ടർ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ജൂലൈ മാസത്തോടുകൂടി മെഷീനുകൾ കടകളിൽ സ്ഥാപിക്കാൻ സാധിക്കും. ജി.പി.എസ് സംവിധാനത്തി​െൻറ കാര്യത്തിലും സർക്കാർ പിന്നോട്ടില്ല. മുൻഗണനപ്പട്ടികയെ സംബന്ധിച്ച പരാതികൾ കഴമ്പുള്ളവയാണെന്ന് ഈ സർക്കാറിന് ബോധ്യമുണ്ട്. മുൻഗണന മാനദണ്ഡങ്ങൾ നിശ്ചയിച്ചതിൽ മാറ്റംവരുത്തി പുതിയ ലിസ്റ്റ് തയാറാക്കുന്നത് പ്രായോഗികമായിരുന്നില്ലാത്തതിനാൽ ആണ് പഴയ മാനദണ്ഡങ്ങൾ പ്രകാരം മുമ്പോട്ടുപോകേണ്ടിവന്നത്. ആദ്യം ലഭിച്ച 16 ലക്ഷത്തോളം പരാതികളിൽ തീർപ്പു കൽപിക്കാൻ സാധിച്ചു. റാങ്ക് പുനഃക്രമീകരിച്ചപ്പോൾ ഇനിയും മൂന്നു ലക്ഷം പരാതികൾകൂടി പരിഹരിക്കേണ്ടതായി അവശേഷിക്കുന്നു. അനർഹരായവരെ മുഴുവൻ കണ്ടെത്തി ഒഴിവാക്കും. തർക്കമില്ലാത്ത റേഷൻ കാർഡുകൾ വിതരണം തുടങ്ങി കഴിഞ്ഞു. 80 ലക്ഷത്തിൽപരം കാർഡുകളാണ് വിതരണം ചെയ്തു തീർക്കേണ്ടത്. വിതരണം പൂർത്തിയായതിനുശേഷം റേഷൻ കാർഡുകളുടെ തെറ്റുകൾ പരിഹരിക്കാൻ വിപുലമായ ക്രമീകരണം സമയബന്ധിതമായി ഒരുക്കുന്നതാണ്. ലേഖകൻ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം ജീവനക്കാരുടെ അപര്യാപ്തതയാണ്. താരതമ്യേന ജീവനക്കാരുടെ എണ്ണം കുറവായ ഒരു വകുപ്പിൽ മതിയായ സംവിധാനങ്ങളോ തയാറെടുപ്പുകളോ ഇല്ലാതെ വലയുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. പരിമിതികൾക്കുള്ളിൽനിന്ന് മുൻഗണനപ്പട്ടിക തയാറാക്കൽ, റേഷൻ വാതിൽപടി വിതരണം, ഗോഡൗൺ തയാറാക്കൽ, റേഷൻ കാർഡ് വിതരണം തുടങ്ങിയ ബഹുവിധ ജോലികളാണ് ജീവനക്കാർ ഏറ്റെടുത്തത്. ഇത് ഒരു ചരിത്രദൗത്യമാണ്. ഇതി​െൻറ പ്രാധാന്യം മനസ്സിലാക്കി കൂടെനിന്നവരും, നഷ്ടപ്പെട്ടുപോകുന്ന സൗഭാഗ്യങ്ങളെ കരുതി പിന്നിൽനിന്നു കുത്തിയവരും ഈ വകുപ്പിൽതന്നെ ഉണ്ട്. ആരെയും പിണക്കാതെയും എന്നാൽ, കർക്കശമായും ദൗത്യം നടപ്പാക്കുമെന്ന് സർക്കാർ നിശ്ചയിച്ചതാണ്. അത് മാറ്റമില്ലാതെ നടക്കും. പി. തിലോത്തമൻ (ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story