പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ആ കുടുംബം....

 പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ആ കുടുംബം....

പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് പ്രമുഖ എഴുത്തുകാരന്‍ കാക്കനാടന്‍െറ പിതാവും സഹോദരന്‍മാരും അടങ്ങുന്ന കുടുംബത്തിന്‍െറ ഓര്‍മ്മകളെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍. തമ്പി കാക്കനാടന്‍െറ രണ്ടാം ചരമ വാര്‍ഷികവും അവാര്‍ഡ് ദാന ചടങ്ങും തിരുവനന്തപുരം പ്രസ്ക്ളബില്‍ ഉദ്ഘാടനം ചെയ്യവെയാണ് പെരുമ്പടവം കാക്കനാടന്‍ കുടുംബത്തെ സ്നേഹവായ്പ്പോടെ അനുസ്മരിച്ചത്. കാക്കനാടന്‍മാരുടെ പിതാവായ ജോര്‍ജ് കാക്കനാടന്‍ ഒരു വലിയ നിറകുടമായിരുന്നു. അതില്‍ നിറയെ കലര്‍പ്പില്ലാത്ത സ്നേഹമായിരുന്നു. ആ സ്നേഹനിധിയുടെ പ്രതിഭാധനന്‍മാരായ മക്കളും സ്നേഹത്തിന്‍െറ തെളിവുകളായിരുന്നു. അവരില്‍ ആരെയെങ്കിലും ഒറ്റയാള്‍ എന്ന നിലയില്‍ അനുസ്മരിയ്ക്കാന്‍ കഴിയില്ല. അത്രയ്ക്ക് ഒരുമിച്ച് നില്‍ക്കുന്ന ദൃഡതയാണ് അവര്‍.

‘ ഞാന്‍ കാക്കനാടന്‍.... ഇത് എം. മുകുന്ദന്‍.’

ഒരു മരത്തിലെ നാലഞ്ച് ശിഖരങ്ങളാണ് കാക്കനാടന്‍ കുടുംബത്തിലെ അംഗങ്ങള്‍. ആ ചില്ലകള്‍ക്ക് പൂക്കളുടെ മണമുണ്ടായിരുന്നെന്നും സൗന്ദര്യമുണ്ടായിരുന്നെന്നും പെരുമ്പടവം പറഞ്ഞു. താന്‍ തിരുവനന്തപുരത്ത് എത്തുന്ന വളരെ കാലം മുമ്പെ കാക്കനാടനെ കേട്ടിരുന്നു. ആ കഥകള്‍ വായിച്ച് , ആ ഭാഷ അറിഞ്ഞ് താന്‍ കോരിത്തരിച്ചിരുന്നു.മലയാളത്തില്‍ ആധുനികതയെ കൊണ്ടുവന്ന് വായനാലോകത്തെ ഞെട്ടിച്ച കഥാകൃത്തായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കാണണമെന്ന് വളരെ കാലമായി ആഗ്രഹിക്കുകയായിരുന്നു. അപ്പോഴാണ് തിരുവനന്തപുരത്തെ തമലത്തുള്ള വാടകവീട്ടിലെ വാതില്‍ക്കല്‍ ഒരു മുട്ടിവിളി കേള്‍ക്കുന്നത്.അതുകേട്ട് അയലത്തുകാരെ തിരക്കി ആരോ വന്നതാണെന്ന് കരുതി വാതില്‍ തുറന്നു. കാരണം തന്നെ അന്നൊന്നും ആരും തിരക്കി വരാറില്ലായിരുന്നു. തിരുവനന്തപുരത്ത് അടുത്തിടെയാണ് വന്നത്തെിയത്. അല്ളെങ്കില്‍തന്നെ എന്നും തനിക്ക് സുഹൃത്തുക്കള്‍ വളരെ കുറവാണ്. തിരക്കി വന്നവരോട് താന്‍ വാതില്‍ തുറന്നു പറഞ്ഞത് നിങ്ങള്‍ ഉദ്ദേശിക്കുന്ന വീട് ‘ദാ അപ്പുറത്താണ്’ എന്ന് പറഞ്ഞു. കാരണം ആ വീട് തിരക്കി വരുന്നവര്‍ വഴിയറിയാതെ പലപ്പോഴും തന്‍െറ വീട് തിരക്കി വന്നിടുണ്ടായിരുന്നു. എന്നാല്‍ വന്ന് നിന്നവരില്‍ ഒരാള്‍ ചോദിക്കുന്നു..‘പെരുമ്പടവം ശ്രീധരന്‍െറ വീടിതാണോ...’ താന്‍ അത്ഭുതത്തോടെ തലകുലുക്കിയപ്പോള്‍ ആ ആള്‍ പറയുകയാണ് ‘ ഞാന്‍ കാക്കനാടന്‍. ഇത് എം. മുകുന്ദന്‍.’ അപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അന്നെല്ലാം കഥകള്‍ വരുമ്പോള്‍ ഇന്നത്തെ പോലെ കഥാകൃത്തിന്‍െറ ഫോട്ടോ പ്രസിദ്ധീകരണങ്ങളില്‍ വരാറില്ല. അതുകൊണ്ട് തന്നെ കാക്കനാടനെയും മുകുന്ദനെയും തിരിച്ചറിയാതെ പോകുകയായിരുന്നു. അതുമാത്രമല്ല തന്നെ വിസ്മയിപ്പിച്ചത് താന്‍ അന്നൊന്നും അത്രയ്ക്ക് അറിയപ്പെട്ടുതുടങ്ങിയിരുന്നുമില്ല. ‘അഭയം’ നോവല്‍ ഒക്കെ പുറത്തിറങ്ങിയിട്ടുണ്ടായിട്ടേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ആ സൗഹൃദം ആരംഭിച്ചത്.

ചിലമ്പിച്ച അമ്പലമണിയുടെ ഒച്ച

കാക്കനാടന്‍െറ കൂടപ്പിറപ്പായ തമ്പി കാക്കനാടന്‍ വരുന്നത് ഹൃദയം നിറയെ സ്നേഹവുമായാണ്. അദ്ദേഹത്തിന്‍െറ നഖത്തുമ്പില്‍ വരെ ഹൃദയമുണ്ടെന്ന് തോന്നിപ്പോകും. അത്രയ്ക്ക് മറ്റുള്ളവരെ സൗഹൃദം കൊണ്ട് മൂടിയ വിസ്മയമായിരുന്നു ആ ജീവിതമെന്നും പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ചിലമ്പിച്ച അമ്പലമണിയുടെ പോലുള്ള ഒച്ചയാണ് അദ്ദേഹത്തിന്. അടിമുടി ഒരു കലാകാരനാണ് തമ്പി കാക്കനാടന്‍. കടന്നുവരുമ്പോള്‍ നമ്മെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കും. ഒരു വാക്കുകൊണ്ടോ വാക്ക്യംകൊണ്ടോ ആ വരവിനെ അടയാളപ്പെടുത്താനാകില്ളെന്നും പെരുമ്പടവം പറഞ്ഞു. വര്‍ണ്ണങ്ങളുടെ കാമുകന്‍ കൂടിയായിരുന്നു അദ്ദേഹം. ആ അപൂര്‍വ ചിത്രങ്ങള്‍ കാണാനുള്ള ഭാഗ്യം തനിയ്ക്ക് ഉണ്ടായിട്ടുണ്ട്. തമ്പി കാക്കനാടന്‍െറ കഴിവുകളെ നിര്‍വചിക്കുക അസാദ്ധ്യമാണ്.

രാജന്‍ ഒരു കാറ്റ്

ഇവരുടെ അടുത്ത സഹോദരനായ രാജന്‍ കാക്കനാടന്‍ ഒരു കാറ്റിനെ പോലെയെന്നും പെരുമ്പടവം അഭിപ്രായപ്പെട്ടു. അത് നമ്മെ വന്ന് കെട്ടിവരിയും. ഏതോ വിശുദ്ധ പര്‍വ്വതത്തില്‍നിന്നും വീശുന്ന പോലെയാണത്. കാറ്റ് അടുത്തടുത്ത് വരുന്ന സൗരഭ്യം നമുക്ക് ഉണ്ടാകും ആ വരവില്‍. ആര്‍ക്കും ഊഷ്മളമായ അനുഭവമായിരിക്കും അത്.

ചടങ്ങില്‍ തമ്പി കാക്കനാടന്‍ അവാര്‍ഡ് ഇ.വി ശ്രീധരന് ടി.വി ചന്ദ്രന്‍ നല്‍കി. ബി മുരളി, ഗോപിനാഥ്,ഗിരീഷ് പുലിയൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കാക്കനാടന്‍െറ ചിത്രം: വിക്കിപീഡിയയോട് കടപ്പാട്

Tags:
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com