Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightTalkschevron_rightഉള്ളിൽ തീ...

ഉള്ളിൽ തീ സൂക്ഷിക്കുന്ന യുവാക്കളോട്

text_fields
bookmark_border
ഉള്ളിൽ തീ സൂക്ഷിക്കുന്ന യുവാക്കളോട്
cancel

മലയാളത്തിലെ യുവ സാഹിത്യകാരന്മാരില്‍ അമല്‍ എന്ന എഴുത്തുകാരനെ ശ്രദ്ധേയനാക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, എഴുത്ത് പ്രാണവായുപോലെ ഇയാള്‍ നിത്യം കൊണ്ടുനടക്കുന്നു. രണ്ട്, പുരസ്‌കാരങ്ങളോ അംഗീകാരങ്ങളോ തേടി വരുമോ എന്ന് ചിന്തിക്കാതെ സാഹിത്യത്തില്‍ സ്വന്തം കസേര പണിത് അതില്‍ ആത്മവിശ്വാസത്തോടെ കയറി ഇരിക്കുന്നു. മൂന്നു നോവലുകള്‍. നരകത്തി​​​െൻറ ടാറ്റു, മഞ്ഞക്കാര്‍ഡുകളുടെ സുവിശേഷം, പരസ്യക്കാരന്‍ തെരുവ് എന്നീ കഥാ സമാഹാരങ്ങള്‍. പി പത്മരാജ​​​െൻറ കള്ളന്‍ പവിത്ര​​​െൻറ ഗ്രാഫിക് നോവല്‍ രൂപാന്തരം, ദ്വയാര്‍ത്ഥം എന്ന ഗ്രാഫിക് നോവല്‍. മുള്ള് എന്ന കാര്‍ട്ടൂണ്‍ സമാഹാരം. കുട്ടികള്‍ക്കായി വിമാനം എന്നൊരു വരയെഴുത്ത്... ഇങ്ങനെ എഴുത്തും വരയും ഹസ്തദാനം ചെയ്യുന്ന നിരവധി മാധ്യമങ്ങളെ അമല്‍ എന്ന ചെറുപ്പക്കാരൻ നിര്‍ലോഭം ആഘോഷിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ യുവ പുരസ്‌കാര്‍ മലയാളത്തില്‍ ലഭിച്ചത് അമലിനാണ്. സമകാലികരായ എഴുത്തുകാരെ മുഴുവന്‍ സന്തോഷിപ്പിച്ച ഒരു അംഗീകാരം കൂടിയാണിത്. കേരളത്തിലെ വിവിധ ഫൈന്‍ ആര്‍ട്‌സ് കോളജുകളില്‍ ആര്‍ട്ട്​ ഹിസ്​റ്ററി അധ്യാപകനായി ജോലി ചെയ്തശേഷം ഇപ്പോള്‍ ജപ്പാനിലെ ടോക്യോവിലുളള ടി.സി.ജെ ഭാഷാ സ്‌കൂളില്‍ ജാപ്പനീസ് ഭാഷാ പരിശിലനം നേടുകയാണ് അമല്‍. ത​​​െൻറ സാഹിത്യം, എഴുത്ത്, വായന, കാഴ്ചപ്പാടുകള്‍... ഇങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് ഇ-മെയിലിലും വാട്‌സ്ആപ്പിലും മെസഞ്ചറിലും ഫോൺകാളുകളിലുമെല്ലാമായി അമല്‍ ജപ്പാനിലിരുന്ന് സംസാരിച്ചു. ആ സൗഹൃദ സംഭാഷണത്തി​​​െൻറ പ്രസക്ത ഭാഗങ്ങൾ.
വ്യസന സമുച്ചയം എന്ന കൃതിയിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാര്‍ ആദ്യമായി മലയാളത്തിലെ ഒരു നോവലിനു ലഭിച്ചിരിക്കുന്നു. എന്തു തോന്നുന്നു?
ആരും പ്രോത്സാഹനം നൽകാനില്ലെങ്കിലും ഉള്ളില്‍ തീ സൂക്ഷിച്ച്, സ്വയം പ്രോത്സാഹിപ്പിച്ച്, അകലെയെങ്ങോ ഉള്ള വെളിച്ചം പ്രതീക്ഷിച്ച്, നിരന്തരോ നിരന്തരം എഴുത്തില്‍, ചിത്രകലയില്‍, സിനിമയില്‍, രാഷ്​​ട്രീയത്തില്‍, കായിക മേഖലയില്‍, മറ്റു പ്രഫഷനുകളിലൊക്കെ പണിയെടുക്കുന്ന യുവജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ തോന്നുന്നു.
നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് പറഞ്ഞു കൊടുക്കൂ, എന്തിനെപറ്റിയാണ് ആ രചന?
സോഷ്യല്‍ മീഡിയ ഇല്ലാതെ ഇന്ന് നമ്മളില്ല. ഫേ​സ്​ബുക്ക് നമ്മുടെ ശരീരത്തി​​​െൻറ, മനസ്സി​​​െൻറ തന്നെ ഒരു വിപുലീകരണം (extension) ആയിക്കഴിഞ്ഞു. നല്ല വശങ്ങളേ ഫേ​സ്ബുക്കിനുള്ളൂ. എന്നാല്‍, ചില ചീത്ത വശങ്ങളും ഉണ്ടുതാനും. ഫേ​സ്​ബുക്കിലൂടെ നടക്കുന്ന ചെറിയൊരു കബളിപ്പിക്കലും അത് എങ്ങനെ ഒരു കുഗ്രാമത്തെ, അവിടത്തെ പാവം ജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ ബാധിക്കുന്നു എന്നതും ഒട്ടും ദോഷൈകദൃക്കാകാതെ അടയാളപ്പെടുത്താന്‍ നോക്കുകയാണ് ചെയ്തത്. നവമാധ്യമ ഏകലോകം vs കുഗ്രാമം. അതാണ് വ്യസനസമുച്ചയം.
കഥാകൃത്ത്, നോവലിസ്​റ്റ്​, ചിത്രകാരന്‍, കാര്‍ട്ടൂണിസ്​റ്റ്​, ഗ്രാഫിക് കഥാകാരന്‍.. കല്‍ഹണന്‍ എന്ന നോവലിലെ ഗോപിക്കുട്ട​​​െൻറ ജീവിതം പോലെ നിരവധി മാറാട്ടങ്ങളുണ്ട് താങ്കള്‍ക്കും. ഇതില്‍ ആരാണ് യഥാർഥ അമല്‍?
n സാധാരണക്കാര്‍ അസാധാരണക്കാരാണ്. ജീവിതത്തില്‍, മറ്റുള്ളവരോടുള്ള സമൂഹജീവിതത്തില്‍ അങ്ങേയറ്റം ലോക്കലായ സാധാരണക്കാരനാണ് ഞാന്‍. മനസ്സിലാണ് ഇപ്പറഞ്ഞ എഴുത്തുകാരനും മറ്റു ഭീകര നിഴലുകളുമൊക്കെ ഉള്ളത്. ഭാഗ്യത്തിന് ഞാന്‍ ഒറ്റക്കാകുമ്പോഴാണ് അത് പുറത്തിറങ്ങാറ്. ആ അസാധാരണത്വം എനിക്കുതന്നെ പിടികിട്ടാത്തതാണ്. മറ്റൊരാളെ കാണുമ്പോള്‍ അത് ഓടി പമ്പ കടന്നൊളിക്കും. എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാവും.
ഏറെ പ്രതീക്ഷയോടെയാണ് താങ്കളെ മലയാള നോവല്‍ രംഗത്ത് മുതിര്‍ന്ന എഴുത്തുകാരായ സക്കറിയ​െയയും ബെന്യാമി​െനയും പോലുള്ളവര്‍ കാണുന്നത്. സമകാലികരായ ഞങ്ങളും അമലിലേക്ക് ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. എന്താണ് പറയാനുള്ളത്?
ഒന്നും പറയാനില്ല. കാരണം സത്യത്തില്‍ സക്കറിയയും ബെന്യാമിനും സമകാലികരായ നിങ്ങളും എന്ത് എഴുതുന്നു, എന്ത് ചെയ്യുന്നു, പറയുന്നു എന്ന് ഉറ്റു നോക്കിയിരിക്കുന്ന, മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും ഒരു പാവമാണ് ഞാന്‍.
നോവല്‍ എന്ന സാഹിത്യരൂപത്തിലാണ് താങ്കള്‍ പതിനെട്ടടവും പയറ്റുന്ന അഭ്യാസിയായി മാറുന്നത് എന്നു തോന്നിയിട്ടുണ്ട്. എന്താണ് അമലിന് നോവല്‍ അഥവാ എന്തല്ല താങ്കള്‍ക്ക് നോവല്‍?
രണ്ടും അഭ്യസിക്കാന്‍ ഇഷ്​ടമാണ്. കഥയില്‍ ചുവടുറപ്പിച്ചാ​േല ഒരാള്‍ക്ക് അഭ്യാസി ആകാന്‍ പറ്റൂ. അതി​​​െൻറ ചട്ടക്കൂട് അതാണല്ലോ. ചുവടുറപ്പിച്ചവര്‍ പോലും അഭ്യാസം കാട്ടുവാന്‍ ഭയക്കുന്ന ഇടമാണ് കഥ. നോവല്‍ വാതിലുകളില്ലാത്ത പുല്‍പ്പരപ്പല്ലേ. ഒരു നിയമവും നോക്കാതെ ഓടിപ്പാഞ്ഞു നടക്കാം. ദീര്‍ഘകാലം അലയാം. വല്ലാത്ത സ്വാതന്ത്ര്യം ഉണ്ട്. നോവല്‍ ചെയ്യുമ്പോള്‍ ഒരു ഭയവും തോന്നാറില്ല. കഥ ചെയ്യുമ്പോള്‍ ആദിമധ്യാന്തം ഭയമാണ്. ഒരു മുറിക്കും ഒരു വീടിനും അതി​​​െൻറതായ ഭംഗി ഉണ്ടല്ലോ.
കഥ മനോഹരമായി അലങ്കരിച്ച മുറിയാണ്. നോവല്‍ മനോഹരമായും അല്ലാതെയും തീര്‍ത്ത പല മുറികളും അടുക്കളയും, ചപ്പും ചവറും, പൂന്തോട്ടവും കക്കൂസുമൊക്കെയുള്ള ഒരു വീടാണ്.
കല്‍ഹണന്‍, വ്യസന സമുച്ചയം,അന്വേഷിപ്പിന്‍ കണ്ടെത്തും... സമകാലിക മലയാള നോവലിലെ ശ്രദ്ധേയമായ ഈ മൂന്നു കൃതികളും താങ്കള്‍ രചിച്ചതാണ്. മലയാളത്തിലെ ഏറ്റവും സ്ഥിരോത്സാഹിയായ യുവ എഴുത്തുകാരനാണ് താങ്കള്‍ എന്നു പറഞ്ഞാല്‍?
അത് ഒരാളെങ്കിലും പറഞ്ഞു കേട്ടതില്‍ അഭിമാനിക്കും. അതില്‍ സത്യമുണ്ട്. വേറെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ഓരോ നിമിഷവും എഴുതാനായി ഉത്സാഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരെണ്ണമേ നടക്കൂ എങ്കിലും ആയിരം പദ്ധതികള്‍ ഇടുന്നുണ്ട്. എഴുതുന്നത് മാസ്​റ്റര്‍പീസാകണം എന്ന വാശിയില്ല. അടുത്തത് താഴെ പോകുമോ എന്ന പേടിയും ഇല്ല. തോറ്റാല്‍ വീണ്ടും തുടങ്ങാമല്ലോ. എഴുതി എഴുതിയാണ് എഴുത്ത് പഠിക്കുന്നത്. എല്ലാം ഒരു വിശ്വാസവും പ്രതീക്ഷയും മാത്രം.
അമലി​​​െൻറ എഴുത്തുരീതി ഏതുവിധം? ഒരു ദിവസം ഒരു വരി പോലും എഴുതാതെ ഉറങ്ങാനാവാത്ത മലയാളത്തിലെ ഏക യുവ എഴുത്തുകാരന്‍ ഒരു പക്ഷേ താങ്കളായിരിക്കുമെന്നു ഞാന്‍ സംശയിക്കുന്നു.
അതിശയോക്തി ഉള്ള ചോദ്യം പോലെ തോന്നുന്നു. എല്ലാ എഴുത്തുകാരും അങ്ങനെത്തന്നെ ആയിരിക്കും. എന്നും എഴുതും. സാഹചര്യം ഇല്ലെങ്കില്‍ ചെറിയ കടലാസ് തുണ്ടിലോ, ടിക്കറ്റിലോ ഒക്കെ എഴുതി​െവക്കും. എപ്പോഴും സ്‌കെച്ച് ചെയ്ത് കൊണ്ടിരിക്കുന്ന ഫൈന്‍ ആര്‍ട്‌സ് പഠനകാലത്തില്‍നിന്ന്​ കിട്ടിയ ശീലമാണത്. നാലഞ്ചു നോവലുകള്‍ അങ്ങനെ എഴുതി ഉപേക്ഷിച്ച മട്ടില്‍ ​െവച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ യുവ പുരസ്‌കാര്‍ ഒരു വലിയ അംഗീകാരമാണ്. മലയാള സാഹിത്യത്തിലെ നിരവധി യുവ തുര്‍ക്കികളെ കണ്ടെത്താന്‍ വരുംവര്‍ഷങ്ങളിലും ഈ പുരസ്‌കാരത്തിനു കഴിയേണ്ടതല്ലേ?
മുമ്പ്​ ലഭിച്ചവരോട് ആദരവുണ്ട്. എന്നെ ​െതരഞ്ഞെടുത്ത വിധികര്‍ത്താക്കളോട് സ്നേഹമുണ്ട്. അഹങ്കാരം കൊണ്ടല്ല, വിനയം കൊണ്ട് പറയുകയാണ് -എല്ലാ വര്‍ഷവും പ്രായപരിധിയൊക്കെ നോക്കി പുരസ്‌കാരം കൊടുക്കണം, അങ്ങനെ എനിക്കും കിട്ടി എന്നല്ലാതെ വേറൊന്നും തോന്നുന്നില്ല. ഇത് കിട്ടാതിരുന്നപ്പോഴും എഴുതിയ നോവലുകള്‍ ഇവിടുണ്ട്. കല്‍ഹണന്‍ അഭിപ്രായം കു​െറ നേടിയെങ്കിലും ആയിരം കോപ്പി കടന്നിട്ടില്ല. വ്യസനസമുച്ചയത്തി​​​െൻറ അവസ്ഥയും അതുതന്നെ. തിരിഞ്ഞുനോക്കാതിരുന്നവര്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടിയതുകൊണ്ട് ഇനി ശ്രദ്ധിക്കുമോ എന്നതാണ് ചോദ്യം. പുരസ്‌കാരം ചിലര്‍ക്ക് കിട്ടുമ്പോള്‍ കിട്ടാത്തവരുടെ മനസ്സ്​ വിഷമിക്കും. (ചിലരുടെയെങ്കിലും) ആത്മവിശ്വാസം നശിക്കും. തുല്യതയാണ് വേണ്ടത്. എല്ലാവരും യുവാക്കളാണ്. എല്ലാവര്‍ക്കും പുരസ്‌കാരം കൊടുക്കണം എന്നാണ് എ​​​െൻറ എളിയ അപേക്ഷ.
എഴുതാത്തപ്പോള്‍ മികച്ച വായനക്കാരനാണ് താങ്കള്‍. ആരൊക്കെയാണ് പ്രിയ എഴുത്തുകാര്‍?
ബഷീര്‍, വിജയന്‍, മുകുന്ദന്‍, സക്കറിയ എന്നിവരോട് പ്രത്യേക ഇഷ്​ടമുണ്ട്. മലയാളത്തില്‍ എഴുതുന്ന എല്ലാവരെയും വളരെ താൽപര്യത്തോടെ വായിക്കുന്നു. എല്ലാവരും പ്രിയപ്പെട്ടവരാണ്. ഇപ്പോള്‍ yuval noah harari എഴുതിയ sapiens, javier sierra യുടെ the secret supper എന്നീ പുസ്തകങ്ങള്‍ വായിക്കുകയാണ്..keigo higashino ഒക്കെ ചെയ്യുംപോലുള്ള കുറ്റാന്വേഷണ സാഹിത്യമാണ് ആസ്വദിച്ച് വായിക്കുന്ന മറ്റൊരു മേഖല.
ചോദിക്കട്ടേ, എന്താണ് അമല്‍ എന്ന എഴുത്തുകാര​​​െൻറ കരുത്ത്?
വിശ്വാസം. പ്രതീക്ഷ. ഈഗോ ഇല്ല എന്ന് തോന്നുന്നു. എല്ലാവരോടും സ്‌നേഹം, താൽപര്യം ഉണ്ട്.
തീര്‍ച്ചയായും താങ്കള്‍ക്ക് ദൗര്‍ബല്യങ്ങളും ഉണ്ട്!
ധാരാളം ഉണ്ട്. ആരോടും 'നോ' പറയാത്ത സ്വഭാവമാണ്. കരിയര്‍ നോക്കുക, സാമ്പത്തിക ഭദ്രത ഉണ്ടാക്കുക ഒന്നും പറ്റിയിട്ടില്ല. അടുത്ത 'ആള്‍ക്കാരോടുപോലും കുടുംബകാര്യങ്ങള്‍ സംസാരിക്കാറില്ല. ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. നല്ല കഥകള്‍ / നോവല്‍/ സിനിമ കാണുമ്പോ അസൂയ ഉണ്ടാവാറുണ്ട്
ജപ്പാനില്‍ താങ്കള്‍ എന്തു ചെയ്യുന്നു എന്നറിയാനുള്ള കൗതുകം മലയാളി വായനക്കാര്‍ക്കില്ലാതിരിക്കുമോ?
ശാന്തിനികേതന്‍ കലാഭവനില്‍ കലാചരിത്രം പഠിക്ക​െവ ശിൽപകലാ വിഭാഗത്തില്‍ ഉണ്ടായിരുന്ന കുമികോ തനാക എന്ന ജാപ്പനീസ് പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇപ്പോള്‍ എട്ടു വര്‍ഷത്തോളമായി. അതുമായി ബന്ധപ്പെട്ട പരക്കം പാച്ചിലുകളും വിധിവിളയാട്ടങ്ങളുമാണ് നടക്കുന്നത്. ജീവിതം എന്താകും എന്നൊന്നും അറിയില്ല. ഉട​െന ഒരു തീര്‍പ്പ് ഉണ്ടാകുമെന്ന് തോന്നുന്നു. അപ്പോള്‍ എല്ലാവരോടും പറയാമെന്ന് വിചാരിക്കുന്നു.
ബസ് ടിക്കറ്റില്‍ പോലും കഥാ കുറിപ്പുകള്‍ എഴുതുന്ന ശീലം, കുഞ്ഞു ചലനങ്ങ​െളയും കാഴ്ചക​െളയും ഒപ്പിയെടുക്കുന്ന സര്‍ഗാത്മക മനസ്സ്​. എഴുത്ത് അമലിന് ഗവേഷണം ആവശ്യമുള്ള ഒന്നാണോ?
ഞാന്‍ അറിയുന്ന എഴുത്തുകാരും വരക്കാരും എല്ലാവരും അങ്ങനെത്തന്നെയാണ്. ചിത്രം വരക്കുംപോലെയാണ് എഴുത്ത്. കാരണം ഞാന്‍ അടിസ്ഥാനപരമായി വര്‍ഷങ്ങളോളം വരക്കാന്‍ പഠിക്കാന്‍ ശ്രമിച്ചതാണ്. ചെറിയ ചെറിയ സ്‌കെച്ചുകള്‍ നിരന്തരം ചെയ്ത് അത് ഒന്നിപ്പിച്ചു​െവച്ച് ഒരു കോമ്പോസിഷന്‍ സാധ്യമാണോ എന്നാണ് അവിടെ നോക്കുക. വരച്ചു വരച്ച് സ്വയം പഠിക്കണം. നിരീക്ഷണം ഏറ്റവും പ്രധാനമാണ് ചിത്രം വരയില്‍. ഓരോ വസ്തുവിനെയും മണിക്കൂറുകള്‍ നിരീക്ഷിച്ചാണ് വരക്കുക. വാന്‍ഖോഘ് അഞ്ചു തവണ സ്വന്തം മുഖം നീലക്കണ്ണാടിയില്‍ നോക്കി വരക്കുമ്പോൾ ആറാമത് കണ്ണാടി നോക്കാതെ അയാളുടെ വിരല്‍ത്തുമ്പിലേക്ക് സ്വന്തം മുഖം വ്യക്തമായി തെളിയുകയാണ് ചെയ്യുന്നത്. പിന്നെ കാര്‍ട്ടൂണ്‍. അവിടെ നമ്മളൊരു പ്രതിപക്ഷമാണ് എപ്പോഴും. ഇരക്കൊപ്പമാണ് നമ്മള്‍. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുകയാണ് ചെയ്യുന്നത്. ഗുപ്തമായി, വ്യംഗ്യം കലര്‍ത്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഇതൊക്കെ എഴുതിപ്പഠിക്കുമ്പോള്‍ ഗുണം ചെയ്തിട്ടുണ്ട്. ബസില്‍ കാഴ്ചകള്‍ നോക്കി ഇരിക്കുമ്പോള്‍ ധാരാളം ആശയങ്ങള്‍ കിട്ടും. ടിക്കറ്റില്‍ അത് വരച്ചുകൂട്ടുന്ന ശീലം ഉണ്ടായിരുന്നു. വരക്കാതായപ്പോള്‍ ആ ശീലം എഴുത്തില്‍ തുടരുകയാണ് ചെയ്യുന്നത്...
അതെല്ലാം അവിടെ നില്‍ക്കട്ടെ, ഇനി എഴുത്തുകാരനല്ലാത്ത അമലിനെക്കുറിച്ച് കുറച്ചു പറയൂ?
ഇല്ല. പറയില്ല.
എന്തൊക്കെയാണ് ഇപ്പോഴത്തെ എഴുത്തു പദ്ധതികള്‍?
ധാരാളം കഥകള്‍ എഴുതണമെന്നുണ്ട്. ആശയങ്ങള്‍ സ്വരൂപിച്ചു​െവച്ച് സമയം കാത്തിരിക്കുകയാണ്. മു​െമ്പാരിക്കല്‍ ഒരു നോവല്‍ എഴുതി ഇടക്ക് നിന്നുപോയിരുന്നു; 'ബംഗാളി കലാപം' എന്ന പേരില്‍. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ചെറിയൊരു ആക്ഷേപഹാസ്യം ആണ് വിഷയം. എ​​​െൻറ സമീപകാലത്തെ ജീവിതാവസ്ഥ ഒരു ബംഗാളി തൊഴിലാളിക്ക് സമമാണെന്ന് തോന്നിയപ്പോള്‍ താനേ അത് പൊന്തിവന്നു. അത് എഴുതുകയാണ് ഇപ്പോള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsYuva sahithya puraskarAmal
Next Story