സാഹിത്യം-2016

15:58 PM
01/01/2017

വിവാദവും ചർച്ചയും പക്ഷം പിടിക്കലുകളും മലയാള സാഹിത്യലോകത്തെ ഇളക്കിമറിച്ച വർഷമായിരുന്നു 2016. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള പൊലീസിന്‍റെ നടപടികളും അതിനെ കേരളത്തിന്‍റെ പൊതുബോധം ധൈര്യപൂർവം നേരിട്ടതും ചർച്ചയായ ദിനങ്ങളായിരുന്നു 2016ന്‍റെ അവസാനദിവസങ്ങൾ. തന്‍റെ നോവലിലൂടെ ദേശീയഗാനത്തെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു കമൽസി ചവറയെന്ന എഴുത്തുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുണ്ടായ പൊതുജാഗ്രതയിലും കേരളജനതയുടെ ഉയർന്ന മനുഷ്യാവകാശ ബോധത്തിന്‍റെ മുന്നിലും പൊലീസ് താൽക്കാലികമായെങ്കിലും മുട്ടുമടക്കി. കേരളത്തിൽ അടുത്തിടെ ഒരു കഥയും ചർച്ച ചെയ്യപ്പെടാത്ത വിധത്തിൽ സന്തോഷ് ഏച്ചിക്കാനം എഴുതിയ 'ബിരിയാണി' ചർച്ച ചെയ്യപ്പെട്ടു എന്നതായിരുന്നു സാഹിത്യലോകത്തെ മറ്റൊരു പ്രധാനപ്പെട്ട സംഭവം. ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരമായ സാഹിത്യ നോബേലിന് സാഹിത്യകാരനായി അറിയപ്പെടാത്ത വ്യക്തിത്വം അർഹനായതിൽ പല കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നു. പുരസ്കാരത്തോട് പ്രതികരിക്കാതെ ബോബ് ഡിലൻ അക്കാദമിയെ വട്ടം കറക്കിയതും 2016ലെ ചൂടേറിയ ചർച്ചാവിഷയമായി. ഇന്ത്യന്‍ സാഹിത്യത്തിലെ അനശ്വര പ്രതിഭയായിരുന്ന മഹാശ്വേതാ ദേവിയുടേയും മലയാളത്തിന്‍റെ പ്രിയകവി ഒ.എൻ.വി കുറുപ്പിന്‍റെയും വിയോഗം 2016ന്‍റെ നികത്താൻ കഴിയാത്ത നഷ്ടങ്ങളായിരുന്നു. 2016ന്‍റെ സാഹിത്യ നഭസിലേക്ക് ഒരെത്തിനോട്ടം.

വിവാദങ്ങൾ

ദേശീയഗാനത്തിന്‍റെ പേരിൽ എഴുത്തുകാരൻ കസ്റ്റഡിയിൽ

ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന പരാതിയിൽ എഴുത്തുകാരൻ കമൽസി ചവറയെ പോലീസ് കസ്റ്റഡിയിലെടുത്തതും ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ വിട്ടയച്ചതും വിവാദമായി. കമലിന്‍റെ 'ശ്‍മശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന നോവലിലെയും എഴുതിക്കൊണ്ടിരിക്കുന്ന പുതിയ നോവലിലെയും പരാമര്‍ശങ്ങളുടെ പപേരിലായിരുന്നു നടപടി. ശ്‍മശാനങ്ങളുടെ കണക്കുപുസ്തകം എന്ന നോവലില്‍ മൂത്രമൊഴിക്കാന്‍ അനുവദിക്കാതെ ജനഗണമന ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടി വരുന്നതിനെ ചോദ്യം ചെയ്യുന്നതായുള്ള ഒരു കുട്ടിയെ കുറിച്ചുള്ള  പരമാര്‍ശത്തിനാണ് കസ്റ്റഡിയിലെടുത്തത്. ശശിയും ഞാനും എന്ന എഴുതി കൊണ്ടിരിക്കുന്ന നോവലിലെ ചില ഭാഗങ്ങള്‍ കമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും നടപടിക്ക് കാരണമായെന്നാണ് പൊലീസ് ഭാഷ്യം.

അസഹിഷ്ണുതയുടെ ബിരിയാണി

സന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. കഥയിൽ പ്രകടമായ രീതിയിൽ മുസ്ലിം വിരുദ്ധത ഉണ്ടെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ ആരോപണം. ഏത് നായ കുരച്ചാലും താന്‍ ഇനിയും എഴുത്തുതുടരുമെന്നും തന്‍റെ എഴുത്തിനെ തടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സന്തോഷ് ഏച്ചിക്കാനം മറുപടി പറഞ്ഞു. എം മുകുന്ദൻ, എൻ.എസ് മാധവൻ എന്നിവരടക്കമുള്ള സാഹിത്യനായകർ സന്തോഷിന് പിന്തുണയുമായി രംഗത്തെത്തി.

പെരുമാൾ മുരുഗന്‍റെ ഉയർത്തെഴുന്നേൽപ്പ്

തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ കവിതാസമാഹാരവുമായി സാഹിത്യലോകത്തിലേക്ക് മടങ്ങിയെത്തിയത് 2016നെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ വർഷം ഹിന്ദുത്വ വാദികളുടെ പ്രതിഷേധം മൂലം നിശബ്ദനാക്കപ്പെട്ട എഴുത്തുകാരനായിരുന്നു പെരുമാൾ മുരുഗൻ. മാതൊരുഭാഗൻ എന്ന കൃതിയായിരുന്നു പെരുമാൾ മുരുഗനെതിരെ തിരിയാൻ ഹിന്ദുത്വവാദികളെ പ്രേരിപ്പിച്ചത്. അനുകൂലമായ ഹൈകോടതി വിധിയുമായാണ് സർഗജീവിതം തുടരുമെന്ന് പെരുമാൾ മുരുഗൻ പ്രഖ്യാപിച്ചത്.

പുരസ്കാരങ്ങൾ

നോബേൽ പുരസ്കാരം ബോബ് ഡിലന്

റോക്ക് സംഗീതജ്ഞൻ ബോബ് ഡിലന് 2016-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. അമേരിക്കന്‍ സംഗീത പാരമ്പര്യത്തില്‍ പുതിയ കാവ്യാനുഭവം വിളക്കിച്ചേര്‍ത്തതിനാണ് ബോബ് ഡിലന് നൊബേല്‍ ലഭിച്ചത്. അറുപതുകളിലെ അമേരിക്കന്‍ ജീവിതത്തിന്‍റെ കാവ്യാത്മകമായ അനൗദ്യോഗിക ചരിത്രകാരനായാണ് ബോബ് ഡിലന്‍ അറിയപ്പെടുന്നത്. അഞ്ച് ദശകത്തോളം ഗാനരചനാ രംഗത്തു നിറഞ്ഞുനിന്ന ഡിലന്‍ സ്വയം പാടിയ കവിതകളിൽ അറുപതുകളിലെ പൗരാവകാശ പ്രക്ഷോഭങ്ങളും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളും നിറഞ്ഞുനിന്നു.

പോള്‍ ബീറ്റിക്ക് മാന്‍ബുക്കര്‍ പ്രൈസ്

അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക് മാന്‍ബുക്കര്‍ പ്രൈസ് ലഭിച്ചു. അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന 'ദ സെല്‍ഔട്ട്' എന്ന നോവലിനാണ് പുരസ്‌കാരം. ആദ്യമായാണ് ഒരു അമേരിക്കന്‍ എഴുത്തുകാരന് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. പോള്‍ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദ സെല്‍ഔട്ട്. നോബേല്‍ പ്രൈസ് കഴിഞ്ഞാല്‍ ഏറ്റവുമധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരമാണ് മാന്‍ബുക്കര്‍ പ്രൈസ്.

ജ്ഞാനപീഠ പുരസ്ക്കാരം ബംഗാളി കവി ശംഖ ഘോഷിന്

ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന് ജ്ഞാനപീഠ പുരസ്ക്കാരം. ബംഗാളിലെ അറിയപ്പെടുന്ന കവിയും വിമർശകനുമാണ് ശംഖ ഘോഷ്. അദിരിലത ഗുൽമോമോയ്, കബിർ അഭിപ്രായ്, മുർഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാർഥന എന്നിവയാണ് പ്രധാനകൃതികൾ. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന കവി കൂടിയാണ് ഘോഷ്. ഇദ്ദേഹത്തിന് രബീന്ദ്ര പുരസ്കാരം, സരസ്വതി സമ്മാൻ, സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1991ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് പ്രഭാവർമക്ക്

പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ശ്യാമമാധവം എന്ന കാവ്യാഖ്യായികയ്ക്കാണ് അവാര്‍ഡ്. ശ്രീകൃഷ്ണന്റെ ആത്മവ്യഥകളുടെ  ആവിഷ്കാരമായ  2013ല്‍  ഈ കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചിരുന്നു. ഒരുലക്ഷം രൂപയും ഫലകവും  പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. കൃഷ്ണായനം മുതല്‍  ശ്യാമമാധവംവരെ 15 അധ്യായങ്ങളില്‍ ശ്രീകൃഷ്ണന്‍ നടത്തുന്ന ആത്മവിചാരണയിലൂടെ ഇതള്‍വിടരുന്ന ഖണ്ഡകാവ്യമാണ് ശ്യാമമാധവം. സൌപര്‍ണിക,  അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, അവിചാരിതം, അപരിഗ്രഹം തുടങ്ങിയവയാണ്  പ്രഭാവര്‍മയുടെ കാവ്യസമാഹാരങ്ങള്‍. പാരായണത്തിന്റെ രീതിഭേദങ്ങള്‍ എന്ന  പ്രബന്ധസമാഹാരവും മലേഷ്യന്‍ ഡയറിക്കുറിപ്പുകള്‍ എന്ന യാത്രാവിവരണവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വയലാർ അവാർഡ് യു.കെ. കുമാരന്

നോവലിസ്റ്റും കഥാകൃത്തുമായ യു.കെ കുമാരന്  വയലാര്‍ പുരസ്‌കാരം ലഭിച്ചു. 'തക്ഷന്‍കുന്ന് സ്വരൂപം' എന്ന നോവലിനാണ് അവാര്‍ഡ്. രാമര്‍ എന്ന കഥാപാത്രത്തിലൂടെ ഇതള്‍വിടരുന്ന ഈ നോവല്‍ ഒരു കാലത്തിന്‍റെ കഥ പറയുന്നു. എസ്. കെ പൊറ്റെക്കാട് അവാര്‍ഡ്, ധിഷണ അവാര്‍ഡ്, അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം, തോപ്പില്‍ രവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എഴുതപ്പെട്ടത്, ഒരിടത്തുമെത്താത്തവര്‍, മുലപ്പാല്‍, ആസക്തി, കാണുന്നതല്ല കാഴ്ചകള്‍ എന്നീ നോവലുകളും ഓരോ വിളിയും കാത്ത്, അദ്ദേഹം മലര്‍ന്നുപറക്കുന്ന കാക്ക, പ്രസവവാര്‍ഡ്, എല്ലാം കാണുന്ന ഞാന്‍ എന്നീ നോവലെറ്റുകളും എഴുതിയിട്ടുണ്ട്.

എഴുത്തച്ഛൻ പുരസ്കാരം സി.രാധാകൃഷ്ണന്

പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം. നോവലിസ്റ്റ്, കഥാകാരന്‍, സംവിധായകന്‍, അധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നിങ്ങനെ സാംസ്‌കാരിക ലോകത്തിന്‍റെ നിരവധി തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ഗപ്രതിഭയാണ് സി.രാധാകൃഷ്ണന്‍. പാരിസ്ഥിതിക ജാഗ്രതയോടെ കേരളത്തിന്‍റെ ഭൂമിശാസ്ത്രത്തെ അവതരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ രചനകള്‍. എല്ലാം മായ്ക്കുന്ന കടല്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, പുഴ മുതല്‍ പുഴ വരെ, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി, ഉള്ളില്‍ ഉള്ളത്, തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നീവ ശ്രദ്ധേയ സൃഷ്ടികളാണ്.

വള്ളത്തോൾ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. 1966ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചാണ് അദ്ദേഹം സിനിമാലോകത്തത്തെിയത്. മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിക്കും എസ്.എല്‍ പുരത്തിനും ശേഷം മലയാളസിനിമക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളതും ഇദ്ദേഹമാണ്.

വിയോഗങ്ങൾ

ഉംബർട്ടോ എക്കോ

ആധുനിക നോവല്‍ സാഹിത്യത്തിന് ഉദ്വേഗത്തിന്‍റെ പുതിയ തലം സമ്മാനിച്ച പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉംബര്‍ട്ടോ എക്കോ ഫിബ്രവരി 20-ന് മിലാനില്‍ അന്തരിച്ചു. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ഉംബര്‍ട്ടോ എക്കോ അന്തരിച്ചു. 1932ല്‍ വടക്കന്‍ ഇറ്റലിയിലെ അലക്‌സാണ്ട്രിയയില്‍ ജനിച്ച ഉംബെര്‍ട്ടോ എക്കോ, തത്ത്വചിന്തകന്‍, ചിഹ്നശാസ്ത്രജ്ഞന്‍, സാഹിത്യനിരൂപകന്‍, നോവലിസ്റ്റ്, അദ്ധ്യാപകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്.

ഡാരിയോ ഡിഫോ

ഇറ്റാലിയൻ നാടകകൃത്തും നൊബേൽ സമ്മാന ജേതാവുമായ ഡാരിയോ ഫോ ഒക്ടോബർ 13ന് അന്തരിച്ചു. രാഷ്ട്രീയ ഹാസ്യനാടകങ്ങളിലൂടെ സാഹിത്യ ലോകത്ത് വേറിട്ട വ്യക്‌തി മുദ്രപതിപ്പിച്ച കലാകാരനാണ് ഫോ. ദ പോപ്സ് ഡോട്ടര്‍, ദ ട്രിക്സ് ഓഫ് ദ ട്രേഡ്, ദ പോപ് ആന്‍ഡ് വിച്ച് എന്നിവ പ്രശസ്ത കൃതികളാണ്. വംശീയത, കത്തോലിക ദൈവശാസ്ത്രം, അധികാരം, ലിംഗവിവേചനം, യുദ്ധം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കിയ സൃഷ്ടികള്‍ പലതും 30ലേറെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 1997ലാണ് അദ്ദേഹത്തിന് നൊബേല്‍ പുരസ്കാരം സമ്മാനിച്ചത്. സുവിശേഷത്തെ ആസ്പദമാക്കി 1969ൽ ഇറക്കിയ കോമിക്കൽ മിസ്റ്ററി ഫോയെ വിവാദ നായകനാക്കി.

മഹാശ്വേതാദേവി

ഇന്ത്യയിലെ എക്കാലത്തെയും പ്രമുഖ എഴുത്തുകാരിലൊരാളും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി ജൂലൈ 28ന് അന്തരിച്ചു. എഴുത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനവും തുടര്‍ന്ന മഹാശ്വേതാ ദേവി ആദിവാസികളുടെ ക്ഷേമത്തിനായി പോരാടി. ഇടതുപക്ഷ അനുഭാവിയായിരുന്ന അവര്‍, പക്ഷെ ബംഗാളിലെ ഇടതുസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകര്‍ക്കൊപ്പം സമരം ചെയ്തു. ബംഗാളിലെ ആദിവാസികളും ദലിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവര്‍ രചനകള്‍ക്ക് പ്രമേയമാക്കി.

എഴുത്തുകളിലൂടെയും ഇടപെടലുകളിലൂടെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിന്ന മഹാശ്വേതാ ദേവി മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളത്തിലുമെത്തി. ടി.പി ചന്ദ്രശേഖരൻ വധകേസിൽ ശക്തമായ നിലപാട് എടുത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതിക്കാരി എന്ന ആക്ഷേപത്തിന് ആക്കംകൂട്ടി. അതിവേഗ റെയ്ൽ വിരുദ്ധജനകീയ സമിതിയുടെ സമരപ്രഖ്യാപനത്തിൽ പങ്കാളിയായും നീറ്റ ജലാറ്റിൻ കമ്പനി ആക്ഷൻ കൗൺസിൽ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും കേരളത്തിലെ പാർശ്വവൽ്കകരിക്കുന്നവർക്കൊപ്പം നിന്നു. കേരളത്തിലെ സാമൂഹ്യപ്രവർത്തകരോടും സാഹ്യത്യകാരന്മാരോടും അടുപ്പം പുലർത്തിയിരുന്ന മഹാശ്വേതാദേവിയുടെ വിയോഗം മലയാളികളുടെ സ്വകാര്യ ദുഖം കൂടിയാണ്.

ഒ.എന്‍.വി കുറുപ്പ്

ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ പ്രിയ കവിയുമായ ഒ.എന്‍.വി കുറുപ്പ് ഫിബ്രവരി 13-ന് അന്തരിച്ചു. ആറുപതിറ്റാണ്ടായി മലയാള സാഹിത്യത്തിലെ നിറസാന്നിദ്ധ്യമായിരുന്നു ഒ.എന്‍.വി. ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, മയില്‍പ്പീലി, ഉജ്ജയിനി, അക്ഷരം, ഭൈരവന്റെ തുടി, കറുത്തപക്ഷിയുടെ പാട്ട്, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2007ല്‍ ജ്ഞാനപീഠം അദ്ദേഹത്തെ തേടിയെത്തി. 1998 ല്‍ പത്മശ്രീ പുരസ്കാരവും 2011 ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്കാരം നേടി. ദേശീയ പുരസ്കാരത്തിന് പുറമെ .മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് 13 തവണ ലഭിച്ചിട്ടുണ്ട്.

അക്ബർ കക്കട്ടിൽ

പ്രശസ്‌ത മലയാള സാഹിത്യകാരന്‍ അക്‌ബര്‍ കക്കട്ടില്‍(62) ഫെബ്രുവരി 17ന് അന്തരിച്ചു. ഗഹനവും സങ്കീർണവുമായ ആശയങ്ങളെ ലളിതമായി  അവതരിപ്പിക്കാൻ പ്രത്യേക വൈദഗ്ധ്യമുള്ള കക്കട്ടിൽ രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. അദ്ധ്യാപക കഥകൾ എന്നൊരു പ്രസ്ഥാനത്തിനു തന്നെ രൂപം നല്കുന്നതിൽ മുഖ്യപങ്കു വഹിച്ച അദ്ദേഹം മലയാളത്തിലെ പ്രഥമ അധ്യാപക സർവീസ് സ്റ്റോറിയുടെ രചയിതാവുമാണ്. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ കക്കട്ടിൽ രചിച്ചു .

കാവാലം നാരായണ പണിക്കർ

സാംസ്‌കാരിക, സാഹിത്യമണ്ഡലങ്ങളില്‍ ഒട്ടനവധി സംഭാവനകള്‍ നല്‍കിയ കവിയും നാടകാചാര്യനുമായ കാവാലം നാരായണപ്പണിക്കര്‍ ജൂൺ 26ന് അന്തരിച്ചു.  മലയാളത്തിന്‍റെ തനതു നാടകവേദിയെ രൂപപ്പെടുത്തിയ നാടകാചാര്യനായിരുന്നു അദ്ദേഹം. കാവാലം എഴുതിയ സാക്ഷി, തിരുവാഴിത്താന്‍, ജാബാലാ സത്യകാമന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കരിംകുട്ടി, നാടകചക്രം, കൈക്കുറ്റപ്പാട്, ഒറ്റയാന്‍ തുടങ്ങിയ നാടകങ്ങള്‍ അക്കാലത്ത് ഇന്ത്യന്‍ നാടകവേദിക്ക് നവ്യാനുഭവമാണു നല്‍കിയത്. കേരള സാഹിത്യ അക്കാദമിയുടെ നിരവധി പുരസ്‌കാരങ്ങള്‍, സംഗീത നാടക അക്കാദമിയുടെ ദേശീയ പുരസ്‌കാരം എന്നിങ്ങനെ നാടകരചനകള്‍ക്കും മറ്റു കലാപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 2007ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായും നാടകസമിതികളായ തിരുവരങ്ങിന്‍റെയും സോപാനത്തിന്‍റെയും ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടി.എന്‍.ഗോപകുമാര്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാർ ജനുവരി 30ന് അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് , മാതൃഭൂമി,  ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഇന്‍ഡിപ്പെന്‍ഡന്റ്, ഇന്ത്യാ ടുഡേ, ദ സ്റ്റേറ്റ്‌സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബി.ബി.സിയ്ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച ടി.എന്‍.ജി സാഹിത്യ രംഗത്തും സജീവമായി ഇടപെട്ടിരുന്നു. ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, വോള്‍ഗാ തരംഗങ്ങള്‍, കണ്ണകി തുടങ്ങിയവയാണ് കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഫ്.സി.സി.ജെ ടോക്കിയോ ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ കണ്ണാടി എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടി ശ്രദ്ധേയമായിരുന്നു. അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിന് മുന്‍പില്‍ എത്തിച്ച ഈ പരിപാടിയിലൂടെ നിരാലംബരായ ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്.

യൂസഫ് അറക്കൽ

പ്രശസ്ത ചിത്രകാരൻ യൂസഫ് അറക്കൽ ഒക്ടോബർ 4ന് അന്തരിച്ചു. കേരളത്തിൽ ജനിച്ച് അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഇദ്ദേഹം ചിത്രങ്ങൾ, പെയ്ന്‍റിങ്ങുകൾ, മ്യൂറലുകൾ, ശിൽപങ്ങൾ എന്നിങ്ങനെ ചിത്രകലയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് പുറമേ നിരവധി പുസ്തകങ്ങളും യൂസഫ് അറക്കൽ രചിച്ചിട്ടുണ്ട്.

ബാബു ഭരദ്വാജ്  

പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് മാർച്ച് 30ന് അന്തരിച്ചു.  പ്രവാസി എഴുത്തുകളിലൂടെയാണ് ശ്രദ്ധേയനായത്. ശവഘോഷയാത്ര, പഞ്ചകല്യാണി, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പപ്പറ്റ് തിയേറ്റര്‍, പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍ തുടങ്ങിയ കൃതികളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബൂദബി ശക്തി അവാർഡ് യൂത്ത്‌ ഇന്ത്യ സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ എന്ന സിനിമയുടെ നിർമാതാവാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത അന്യർ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ...’ എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.

COMMENTS