Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightമഴയിൽ നനഞ്ഞ കുട

മഴയിൽ നനഞ്ഞ കുട

text_fields
bookmark_border
മഴയിൽ നനഞ്ഞ കുട
cancel

ആകാശം നീണ്ട വിരലുകളാൽ ഭൂമിയെ തൊട്ടു കൊണ്ടേയിരിക്കുന്നു.
മഴ പെയ്യുകയാണ്. മഴയെപ്പോൽ മനുഷ്യനെ അത്രമേൽ സുഖമാക്കുന്ന, സങ്കടമാക്കുന്ന മറ്റെന്തുണ്ട്? തണുതണുത്ത നൂലുകളാൽ അതു നെയ്ത സ്നേഹപ്പുതപ്പിൽ ഭൂമി മയങ്ങിക്കിടക്കുംനാളുകളിൽ മഴച്ചിന്തകൾ കൊള്ളുന്നതും ഒരു രസം.. 

കുഞ്ഞു പാദങ്ങളാൽ മഴസ്നേഹത്തെ ആദ്യമായി ചവിട്ടിയുണർത്തിയതും അമ്മ മഴയുടെ ആദ്യാനുഗ്രഹം നെറുകയിലേറ്റുവാങ്ങിയതും എന്നെന്നോർമയില്ല. എങ്കിലും ‘മഴേ മഴേ പോ മഴേ, നാളൊരിക്കൽ വാ മഴേ’ എന്ന് ചെവിയിൽ വിരൽ ചേർത്ത് ഉറക്കെ പാടിയ സന്തോഷക്കാലമോർമയുണ്ട്. മഴ കൊള്ളണ്ട എന്നു കരുതിയാൽപ്പോലും മഴ നനയ്ക്കുമിടങ്ങളായിരുന്നു വീട്ടിലുണ്ടായിരുന്നത് എന്നതിനാൽ പലപ്പോഴും അതൊരു ആവലാതിക്കാലവുമായിരുന്നു. മഴ നിർമിക്കുന്ന വീട്ടിനുള്ളിലെ മഴക്കുഴികളും മഴ ശേഖരങ്ങളുടെ ജല തരംഗ ചിത്രങ്ങളുമെല്ലാം കണ്ണീർപ്പെയ്ത്തുകളുടെ ഉപ്പു മഴക്കാലം! 

വിദ്യാലയ യാത്രകളിൽ കുടപ്പുറത്തെ മഴത്താളത്തിൽ കവിത മൂളാനും, പാടവും തോടും പറമ്പും ഒരു കടലായി വിലസുന്ന ഐക്യത്തിലേക്ക്​ ആത്മവിശ്വാസത്തോടെ പ്രവേശിച്ച് പഴയ വഴിയോർമകളിൽ വിജയകരമായി നടക്കാനും പരിശീലിച്ചത് പിന്നീടു വന്ന ജീവിത സാധ്യതകളിൽ ഗ്രേഡുയർത്തിയ പരിചയ സർട്ടിഫിക്കറ്റുകളായി. മഴയ്ക്ക് ഗന്ധം പകുത്ത ആലസ്യത്തിൽ മണ്ണിൽ മയങ്ങുന്ന മുല്ലപ്പൂക്കൾ, മഴയിൽ ചിതറിയഴുകിയ പഴം ചക്കച്ചുളകൾ, തണുത്ത് വിറച്ച് കുഞ്ഞിറയത്ത് ഒരുമയോടെ നിൽക്കുന്ന പട്ടികൾ, പൂച്ചകൾ, കോഴികൾ.. ഇങ്ങനെ വരയ്ക്കാൻ തുടങ്ങിയാൽ മഴച്ചിത്രങ്ങൾക്കു മാത്രമൊരാകാശം വേണ്ടിവരും.

സ്നേഹത്തിനും സങ്കടത്തിനും എന്നും കൂട്ടായിരുന്നവൾ. കവിളിൽ നിന്ന് കണ്ണീർത്തുള്ളികൾ തലയിണയിൽ വീഴുന്ന ദുഃഖ താളം ഒടുങ്ങുമ്പോഴേയ്ക്കും മിക്കവാറും തണുത്ത തലോടലായി അവൾ പൊതിയാറുണ്ട്.അടുപ്പത്തിന്റെ ഏറ്റവും ഇഴപിരിച്ചെടുത്ത തെളിവുകളിലൊന്ന് കനലായൊരു വേനൽ രാത്രിയിൽ ഉറങ്ങാൻ കൊതിച്ച് പ്രാർഥിക്കവേ, വിദൂര സാധ്യതകൾ പോലുമില്ലാത്തിടത്ത് അവളെത്തി സ്നേഹം കൊണ്ടെന്നെ വിസ്മയിപ്പിച്ചുറക്കി എന്നതാണ്. 

മഴയില്ലാക്കാലങ്ങൾ കൂടുന്നു.. മഴയാഗ്രഹങ്ങൾക്ക് ശക്തി വർധിക്കുന്നു .. 
മഴമരണങ്ങളും മഴ രോഗങ്ങളും പേടിപ്പിക്കുമ്പോൾപ്പോലും മഴയൊരു കാന്തമായി നമ്മെ വലിച്ചടുപ്പിക്കുന്നു. രണ്ടക്ഷരം കൊണ്ടത് തിമിർത്തു പെയ്ത് നിറവി​​​െൻറ കടലാവുന്നു.

ജീവിതത്തിൽ മഴയിങ്ങനെ തിരിമുറിയാതെ സമൃദ്ധമാവുമ്പോൾ അക്ഷരങ്ങളിലേക്കത്​ ഒഴുകി നിറയാതെങ്ങനെ.. വായനത്തുടക്കങ്ങളിൽ മഴ നിറഞ്ഞ കഥകളും കവിതകളും മഴയെപ്പോൽ തണുപ്പിച്ചിട്ടുണ്ട്. എം.ടിയുടെ മഴയോർമകളിൽ മുങ്ങി മഴയില്ലാക്കാലത്ത് തവളക്കരച്ചിൽ കേട്ടതും ചാറ്റൽ മഴ നനഞ്ഞതും വായനയുടെ സുഖമുള്ള വിഭ്രാന്തികൾ. എങ്കിലും മഴയെന്നും ചേർന്നു നിൽക്കുന്നത് കവിതയോടാണെന്നാണൊരു തോന്നൽ. ആ ഗന്ധവും താളവും ആത്മാവിനെ ഉണർത്തുന്ന സ്പർശവും കവിതയുടേതു തന്നെയല്ലെ. മണ്ണിനെ, അതിലെ പച്ചപ്പിനെ, ഉണർന്നാനന്ദിക്കുന്ന ജീവജാലങ്ങളെ ഒക്കെയത് അത്ഭുതാനുഗ്രഹത്താൽ ആനന്ദിപ്പിച്ചു കൊണ്ടേയിരിക്കുമ്പോൾ എന്തിനോടും ചേർന്നു നിന്ന് സ്വയമടയാളപ്പെടുന്ന ഒരു കവിക്കും അത് നനയാതിരിക്കാനാവില്ലെന്നറിയാം. ബാല്യം മുതലിതുവരെ കണ്ണും ചുണ്ടും മനസ്സും ഏറ്റുവാങ്ങിയ മഴക്കവിതകളേറെ. എങ്കിലും ജീവിതത്തിലെ പലയിടങ്ങളിലെ പല കാലങ്ങളിലെ പല തരം മഴകളെ ഇതുപോൽ കൊള്ളുകയും ഒരു തരി പോലും പാഴാക്കാതെ കവിതകളിലേയ്ക്കതിനെ കൊയ്തുകൂട്ടുകയും ചെയ്ത കുഴൂർ വിൽസ​​​െൻറ മഴക്കവിതകളെപ്പോലെ അവയൊന്നും നനയിച്ചിട്ടില്ല. ‘ഹാ, വെള്ളം ചേർക്കാത്ത മഴ’ എന്ന വിൽസ​​​െൻറ സമാഹാരത്തിലെ ഓരോ കവിതയും ഒഴുക്കിക്കൊണ്ടു പോകുന്നത് ജീവിതത്തിന്റെ പ്രാധാന്യമേറും പടവുകളിലേക്കാണ്​.  

കവിയ്ക്ക് മഴ സ്നേഹമാണ്, പ്രണയമാണ്, അനാഥത്വമാണ്, ഇല്ലായ്മയുടെ സങ്കടമാണ്, കാമമാണ്, നൂലു പൊട്ടിയ പട്ടം പോൽ പൊങ്ങുന്ന മനസ്സി​​​െൻറ  സ്വച്ഛന്ദ വിഹാരമാണ്: ഇനിയും പലതുമാണ്. ഉള്ളിൽ വിങ്ങുന്ന പ്രണയം കവിയെ കാർമേഘമാക്കുന്നു. അവളെ കണ്ടു പോയാൽ നിർത്താതെ പെയ്തു പോകുമെന്ന് ആഗ്രഹത്തോടെ പേടിക്കുന്ന ഈ മഴക്കാമുകനെയല്ല, പൊരി വേനലിനെ, വെള്ളം ചേർക്കാത്ത വെയിലിനെ കൊതിക്കും കവിതയിൽ കാണുക. ഇല്ലായ്മയുടെ വലിയ കുടക്കീഴിൽ നിൽക്കുന്ന അയാൾക്കെങ്ങനെ വേനൽമഴകളെ സ്വീകരിക്കാനാവും? ആ മഴ ത​േൻറതല്ലെന്നു പറഞ്ഞു കൊണ്ട് അയാൾ ജൂണിലെ മഴയെ തനിക്ക് ജീവിത സൗഭാഗ്യങ്ങൾ തീർക്കാൻ പാകത്തിന് പരുവപ്പെടുത്താൻ ചിന്തിക്കുകയാണ്. പ്രേമലേഖനങ്ങൾ മഴയത്ത് കുഴിച്ചിട്ട് അതിൽ നിന്ന് കവിത കായ്ക്കും ചെടികളുണ്ടാക്കുന്ന ഇയാൾ കച്ചവട മനസ്സുള്ള കൃഷിക്കാരനാവുന്നു. പ്രണയം, കവിത എല്ലാം വിൽക്കൽ വാങ്ങലുകളാവുന്ന ഇന്നിനോടുള്ള മുഖംകോട്ടലുണ്ട് ഈ കവിതയിൽ എങ്കിലും സ്വാർഥ മനോഭാവത്തിൽ നിന്നും സ്വത്വത്തെ മാറ്റി നിർത്തുന്നുണ്ട്, പിന്നത്തെ ജന്മത്തിലേയ്ക്കു കൂടി കവിതയെ മാറ്റി​െവച്ച് ഈ കവി. 

‘ഹാ, വെള്ളം ചേർക്കാത്ത മഴ’ കവിതാ സമാഹാരത്തി​​​െൻറ പ്രകാശനം ബെന്യാമിൻ നിർവഹിക്കുന്നു
 

‘എല്ലായിടത്തേയും പോലെ ഇവിടെയുമുണ്ടായിരുന്നു ഒരു പൂച്ചക്കുഞ്ഞ്​’ എന്നു പറഞ്ഞു കൊണ്ടാണ് ഒരു കവിത തുടങ്ങുന്നതെങ്കിലും പോകെപ്പോകെ നാമറിയുന്നു, അത് എല്ലായിടത്തുമുള്ള ഒന്നല്ലെന്ന്​. ചൂടിനെ പേടിക്കുന്ന, തണുപ്പിനെ ചേർന്നു നിൽക്കുന്ന ആ പൂച്ചക്കുഞ്ഞ് മേഘ കുഞ്ഞായി പരിവർത്തനം ചെയ്യപ്പെടുന്നതിനിടയിൽ മരണവും ഒറ്റപ്പെടലും ഇടിവെട്ടി പെയ്യുന്നുണ്ട്. മരണം പറിച്ചെടുത്ത സ്നേഹത്തെപ്പോലും തിരികെത്തരാൻ യത്നിക്കുന്ന മഴ മേഘങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന കവി, വേണ്ടെന്നു ​വെക്കുമ്പോൾപ്പോലും സ്നേഹത്തിൽ പെയ്തു പോകുന്ന മേഘ ചിത്തനെന്ന് ചിന്തിച്ചു പോവുന്നു. ‘പച്ചയിൽ മഞ്ഞയായ് പൊടുന്നനെ പെയ്ത മഴയിൽ സുവർണ ഭൂമിയിൽ അലഞ്ഞു പറക്കുന്ന സ്വപ്ന സഞ്ചാരങ്ങൾ, സങ്കല്പത്തിൽ അലിഞ്ഞു പോയ ആലിപ്പഴ പ്രണയങ്ങൾ യാഥാർഥ്യത്തിന്റെ വെയിലത്ത് അലിയാതെ നിൽക്കും ചിത്രങ്ങൾ ഒക്കെ നിരവധി വായനകളാൽ അനുഭൂതികളുടെ പല അടരുകൾ വിടർത്തുന്നവയാണ്.

മഴയും മണ്ണുമായുള്ള അടുപ്പത്തിന്റെ തിരയിളക്കങ്ങളിലേക്കും  കവിതപെയ്യുന്നു. ചാറ്റൽ മഴയുടെ സൂര്യനോടുള്ള പ്രാർഥന സാർഥകമായാൽ സ്വയം മറന്ന് മുളച്ച പച്ചപ്പുകൾ കരിയുമോ എന്ന് ആവലാതിപ്പെടുന്ന കവി പ്രകൃതിയുടെ ഹരിത ഗർഭത്തിലേക്ക്​ ചാഞ്ഞിരിക്കുന്നവനാകുന്നു. മഴയനക്കങ്ങൾ സിരകളിൽ ആസക്തിയുടെ കനൽത്തുള്ളികളാവുന്ന ചിന്തകളിൽ ‘മേഘഭോഗം’ തളർച്ചയുടെ സംതൃപ്തിയാവുന്നു. പക്ഷേ തോരാത്ത ആ പെയ്ത്ത് കാമത്തെ മാതൃത്വത്തിലേയ്ക്ക് ബന്ധിപ്പിക്കുന്നു എന്ന ഇടത്തിലാണ് കവിത ഉദാത്തമാവുന്നത്.

ഈ പെയ്ത്തുകളെല്ലാം കൊള്ളുംതോറും കൊതിപ്പിക്കുന്നവ തന്നെ. എങ്കിലും എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നുണ്ടിതിൽ. കവിയുടെയും എ​​െൻറയ​ും സമാനഭൂമികയിലെ പിറവിയായതുകൊണ്ടാകാം അത്. കുഞ്ഞുകൈകളിൽ തൂങ്ങി സ്കൂളിലേക്കു വന്ന അതോർത്തത് കുട്ടിക്കേറ്റവും പ്രിയപ്പെട്ടവൻ താനാണെന്നാണ്. മഴക്കാലത്ത് താനെന്ന പ്രിയപ്പെട്ട കുട അവന് മറവിയായിപ്പോയെന്നത് അത് സങ്കടത്തോടെ തിരിച്ചറിയുന്നു. ഉറക്കം മറന്ന കുടയുടെ ആ രാത്രി കറുപ്പിലെ വെളുപ്പുപോൽ അവ​​െൻറ പേരു മാത്രം ഓർമിച്ചുകൊണ്ടുള്ളത്. പിറ്റേന്ന് കൂടിച്ചേരലിന്റെ നൂറുമ്മ കൊതിച്ച അവ​​െൻറ സൗഹൃദം തഴയപ്പെട്ടതി​​െൻറ യാഥാർഥ്യം ഏറ്റുവാങ്ങുന്നു. ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിലെ ഇരുട്ടിൽ ചുരുങ്ങിയിരിക്കുന്ന ആ മറന്നു വച്ച കുട തീർക്കുന്ന സങ്കടത്തി​​െൻറ മഴപ്പെയ്ത്തിൽ മറ്റുമഴക്കവിതകളെല്ലാം മുങ്ങിപ്പോകുമെന്നെനിക്കു തോന്നുന്നു.

കവിതയെ ജീവിതത്തിൽ നിന്നു തൊട്ടിറക്കി വിരിയിച്ചെടുക്കുന്ന പ്രിയകവി, ഒരു മറന്നു വച്ച കുടയുടെ സങ്കട കാരണമാകാൻ മനസ്സു സമ്മതിച്ചില്ല. അതുകൊണ്ടു തന്നെയാണ് വായനയിലേക്ക്​്​ ഇൗ വിദ്യാലയക്കുഞ്ഞുങ്ങളെ വഴി നടത്തുവാൻ വന്ന വേളയിൽ മറന്നു വച്ച ആ കുട തിരിച്ചേൽപ്പിച്ചത്. അതു നിവർന്നപ്പോൾ ഞങ്ങൾ കൊള്ളാതിരുന്ന മഴ ജീവിതത്തിലാരും കൊള്ളരുതാത്ത മഴയാണ്. സങ്കടത്തി​​െൻറ,  ഒറ്റപ്പെടലി​​െൻറ, അവഗണനയുടെ, ദു:ഖ മഴകളിൽചൂടാൻ കവി നൽകുന്ന ഒറ്റക്കുട മതിയല്ലോ ‘ഇന്നു മഴപെയ്തേക്കു’ മെന്ന മുന്നറിയിപ്പിന് .ആ കുടയ്ക്കു മീതെ, സകല സമുദ്രങ്ങളിൽനിന്നുമുള്ള ഇന്ധനം വർഷിക്കുന്ന കവിതയുടെ വെള്ളം ചേർക്കാത്ത മഴയുടെ നിലയ്ക്കാത്ത ഊർജപ്രവാഹം പ്രതീക്ഷിച്ച്കാത്തിരിക്കുന്നു ഇനിയുമിനിയും പെയ്യൂ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainKuzhoor Wilsonpoemsmalayalam literaturepoetrythememonsoon poems
News Summary - Poems by Kuzhoor Wilson - Malayalam Literature
Next Story