Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightറണ്ണമാരി ഒരു കടൽ...

റണ്ണമാരി ഒരു കടൽ ജിന്നാണ്​

text_fields
bookmark_border
റണ്ണമാരി ഒരു കടൽ ജിന്നാണ്​
cancel

മലയാളിയുടെ പ്രവാസകുറിപ്പുകൾ ഗൾഫിലൊതുങ്ങുന്നു എന്നത്​ അടുത്തകാലം വരെ ഒരു പരിമിതിയായിരുന്നു. ഇതിന്​ മോചനമായതിൽ ഒാൺലൈൻ പോർട്ടലുകൾ വഹിച്ച പങ്കു ചെറുതല്ല. പലദേശങ്ങളിൽ, പല കാലങ്ങളിലുള്ള അനുഭവങ്ങളുടെ എഴുത്തിന്​ നി​ർലോഭമായ ഇടം നൽകാൻ ഒാൺലൈൻ സ്​പേസിനായിട്ടുണ്ട്​.

ഗൾഫിനും മുമ്പ്​, അല്ലെങ്കിൽ ഗൾഫ്​ കുടിയേറ്റ കാലത്തോടൊപ്പം തന്നെ മലയാളികൾ കുടിയേറിയ നാടുകൾ അനവധിയുണ്ട്​. അതിൽ തൊട്ടടുത്തുള്ള സിലോണിലേക്ക്​ കച്ചവടത്തിനുപോയവർ മുതൽ ജർമനിയിലേക്ക്​ പോയ നഴ്​സുമാർ വരെയുണ്ട്​. എങ്കിലും എഴുത്തി​​​െൻറ ലോകത്തേക്ക്​ ഇൗ അനുഭവങ്ങൾക്ക്​ അധികമൊന്നും കടന്നുകയറാനായിട്ടില്ല. 

ഇന്ത്യക്ക്​ തൊട്ടുതാഴെ, ലക്ഷദ്വീപ്​ ദ്വീപ്​ സമൂഹത്തി​​​െൻറ ശൃംഖലയിൽ വരുന്ന, എന്നാൽ സ്വതന്ത്ര രാജ്യമായ പ്രദേശമാണ്​ മാലദ്വീപ്​. ലക്ഷദ്വീപ്​ തന്നെയാണ്​ മാലദ്വീപ്​ എന്നും അവിടേക്ക്​ യാത്രാരേഖകൾ ആവശ്യമില്ലെന്നുമാണ്​ പലരുടെയും ധാരണ. എന്നാൽ, ഇന്ത്യയിൽ നിന്നും ഭാഷ, വസ്​ത്രം, ഭക്ഷണം, ആചാരം തുടങ്ങിയ എല്ലാ കാര്യങ്ങളിലും വ്യതിരിക്​തത പുലർത്തുന്ന ജനതയാണ്​ മാലദ്വീപുകാർ. ആ നാടിനെ കുറിച്ചുള്ള അനുഭവ പുസ്​തകമാണ്​ കവി രാജേഷ്​ കരിപ്പാലി​​​െൻറ ‘റണ്ണമാരി’. 

കണ്ട സ്​ഥലങ്ങളെക്കുറിച്ചുള്ള വർണനകളുടെ പരിധി ലംഘിച്ച യാത്രാ വിവരണങ്ങളുടെ കാലത്താണ്​ ഇൗ ഒാർമപുസ്​തകം വരുന്നത്​. അതുകൊണ്ടുതന്നെ, ഇത്​ വൈയക്​തികമായ ഒാർമക്കുറിപ്പുകൾപ്പുറം മാലദ്വീപി​​​െൻറ നൂറ്റാണ്ടുകൾ പഴക്കമുള്ള രാഷ്​ട്രീയ ചരിത്രവും വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടവും ജനതയുടെ സാംസ്​കാരിക സവിശേഷതകളും അവർക്ക്​ കേരളവുമായുള്ള ബന്ധവും മറ്റും വിവരിക്കുന്ന പുസ്​തകം കൂടിയാണ്​. വൈദേശിക നാഗരികതകളെയും രാഷ്​ട്രങ്ങളെയും ജനതയെയും നോക്കുന്ന ഇടം ഏതാണ്​ എന്നത്​ ഒരു രാഷ്​ട്രീയ ചോദ്യമാണ്​. ആ ചോദ്യമാണ്​ മലയാളത്തി​െല ഏറ്റവും ജനപ്രിയ യാത്ര എഴുത്തുകാരനായ എസ്​.കെ.പൊറ്റക്കാടി​​​െൻറ കുറിപ്പുകളെയും പുസ്​തകങ്ങളെയും വരെ പ്രശ്​നവൽക്കരിക്കാനുള്ള കാരണമായത്​. രാജേഷി​​​െൻറ എഴുത്തിൽ ദ്വീപ്​ ജനതയോട്​ ചേർന്ന്​ നിൽക്കുന്ന ഒരു ഭാഷയും കാഴ്​ചയുമുണ്ട്​. അത്​ അവിടുത്തെ രാഷ്​ട്രീയ വികാസങ്ങളോടുള്ള വിമർശനത്തിൽ പോലും പ്രകടമാണ്​.

നൂറുകണക്കിന്​ ദ്വീപുകൾ ചേർന്ന മാലദീപി​​​െൻറ തെക്കെ അറ്റത്തുള്ള ദ്വീപസമൂഹത്തിൽപെട്ട അഡ്ഡുവിലെ ഹിതദുവിൽ 2001മുതൽ 2006 വരെ ഇംഗ്ലീഷ്​ അധ്യാപകനായിരുന്നു രാജേഷ്​. അക്കാലത്ത്​ താൻ നേരിട്ട്​ കണ്ടതും കേട്ടതുമായ രസകരമായ അനുഭവങ്ങളുടെ വിവരങ്ങൾ പുസ്​തക വായനയെ സമരമായ അനുഭവമാക്കും. എന്തുകാര്യത്തിലും തലയിടാനും പരദൂഷണം പറയാനുമുള്ള വ്യഗ്രത മധ്യവർഗ ഇന്ത്യൻ ജീവിതത്തി​​​െൻറ അടയാളമാണ്​. അത്​ മാലദ്വീപിലെത്തുന്ന അധ്യാപകരിലും കുറവല്ലായിരുന്നു. അങ്ങനെയുള്ള ഒരു കഥ ‘ആരുടേയോ ഭാര്യ’ എന്ന അധ്യായം പറയുന്നുണ്ട്​. 

ഇന്ത്യയിൽ നിന്ന്​ ഭാര്യയും ഭർത്താവുമായാണ്​ വിക്രം ഡിസൂസയും സൗമ്യ ഗുപ്​തയും സ്​കൂളിൽ ചേരുന്നത്​. അവർ സ്വഛന്ദം ദ്വീപിൽ അധ്യാപനവും പ്രണയവുമായി കഴിയുന്നതിനിടെ ബംഗളൂർ സ്വദേശി ജയന്തി, വിക്രമും സൗമ്യയും ഭാര്യയും ഭർത്താവും അല്ലെന്നും സൗമ്യക്ക്​ യഥാർഥ ഭർത്താവായി ഒരാൾ ഇന്ത്യയിലുണ്ടെന്നും പ്രഖ്യാപിക്കുന്നു. വിഷയം സ്റ്റാഫ്​ റൂമിലും സ്​കൂളിലും കോലാഹലമാകുന്നു. ഇത്​ വിദ്യാഭ്യാസ വകുപ്പിൽ വരെയെത്തി. അതിനുശേഷം, വിദേശത്തുനിന്ന്​ വരുന്ന ദമ്പതികൾ വിവാഹസർട്ടിഫിക്കറ്റ്​ കൂടി കൊണ്ടുവരണം എന്ന കർശന നിയമം വരുന്നു. സൗമ്യ ഒരിക്കൽ ത​​​െൻറ പേഴ്​സണൽ കമ്പ്യൂട്ടർ ഉപയോഗശേഷം ലോഗൗട്ട്​ ചെയ്യാൻ മറന്നതാണ്​ രാജ്യത്തി​​​െൻറ നിയമം മാറ്റാൻ കാരണമായത്​. ലോഗൗട്ട്​ ചെയ്യാത്ത കമ്പ്യൂട്ടർ ജയന്തി പരതി. അതിൽ തുറന്നിട്ട അവരുടെ മെയിലുകൾ നോക്കി. അങ്ങനെയാണ്​ ‘ശരിയായ’ ഭർത്താവിനയച്ച​ മെയിൽ കണ്ടത്​. അത്​ അവർ ആഘോഷിക്കുകയും ചെയ്​തു.

ദ്വീപി​​​െൻറയും പ്രണയത്തി​​​െൻറയും വശ്യതയിൽ പെടുകയും കുന്നും മലകളും പുഴകളും ഉറ്റവരുമെല്ലാമുള്ള നാടുതന്നെ വേണ്ടെന്ന്​ വെക്കുകയും ചെയ്​ത മനുഷ്യരെക്കുറിച്ച്​ ഇൗ പുസ്​തകത്തിൽ ചെറുകുറിപ്പുകളുണ്ട്​. അത്​ ചെറുകഥകൾ പോലെ മനോഹരമാണ്​. പാലക്കാട്ടുകാരനായ ​‘ഡോ.നായർ’ അഡ്ഡു ഹോസ്​പിറ്റലിൽ ശ്രീലങ്കയിൽ നിന്ന്​ പഠനം പൂർത്തിയാക്കിയെത്തിയ അയിഷത്തുമായി പ്രണയത്തിലാവുകയും ദ്വീപിനെയും അയിഷത്തിനെയും പിരിയാനാകാ​െത അവിടെ ‘​നായേഴ്​സ്​ ക്ലിനിക്​’ തുടങ്ങി താമസമായതും പുസ്​തകത്തിലുണ്ട്​. അതേപോലെ, ഒമ്പതാം ക്ലാസ്​ വിദ്യാർഥിനി ആമിനത്ത്​ സെലിൻ ഒരു ഇടവേളയിൽ ‘എനിക്ക്​ മലയാളം അറിയാം’ എന്ന്​ പറയുന്നത്​ ഗ്രന്ഥകാരനെ ഞെട്ടിക്കുന്നുണ്ട്​. പിന്നീടാണ്​ അവൾ അതിനുപിന്നിലുള്ള കഥ പറയുന്നത്​. അവളുടെ ചേച്ചിയുടെ ഭർത്താവ്​ ഇബ്രാഹിം (ചന്ദ്രൻ) തിരുവനന്തപുരത്തുകാരനാണ്​. ചേച്ചി തിരുവനന്തപുരത്ത്​ ചികിത്സക്ക്​ പോയപ്പോൾ പരിചയപ്പെട്ടതാണ്​ ചന്ദ്രനെ. പ്രണയത്തി​​​െൻറ കനമുള്ള കൊളുത്ത്​ ചന്ദ്രനെ വലിച്ച്​ ദ്വീപിലെത്തിക്കുകയായിരുന്നു. ചന്ദ്രനാണ്​ സെലിന്​ മലയാളം പകർന്നത്​.
 

150 ഒാളം പേജുകളിൽ മൂന്ന്​ ഭാഗങ്ങളിലായാണ്​ പുസ്​തകം എഴുതിയിട്ടുള്ളത്​. ആദ്യ ഭാഗം ദ്വീപി​​​െൻറ ജീവിതവും പോപ്പുലർ കൾച്ചറും അനുഭവങ്ങളുമായി കോർത്തുകിടക്കുന്നു. രണ്ടാം ഭാഗത്തിൽ മിത്തുകളും മധ്യകാലചരിത്രവും പ്രതിപാദിക്കുന്നു. മൂന്നാം ഭാഗത്തിൽ രാജ്യം സ്വതന്ത്രമാകുന്നതുമുതൽ ഇന്നത്തെ അവസ്​ഥവരെയുള്ള കാര്യങ്ങളുടെ ലഘുകുറിപ്പുകളാണ്​. ഇതിൽ സ്വഛമായ ജീവിതം നയിച്ചുപോന്ന ഒരു ജനത എങ്ങനെയാണ്​ സേഛാധിപത്യത്തി​​​െൻറ സ്വഭാവമുള്ള ഭരണകൂടങ്ങളിൽ അമരുന്നത്​ എന്നതി​​​െൻറ വിവരണമുണ്ട്​. കണ്ണൂരിലെ ആലി രാജയുമായും മലബാറിലെ മാപ്പിളമാരുമായും മാലദ്വീപിനുള്ള ചരിത്രപരമായ ബന്ധം വിശദീകരിക്കുന്ന ഭാഗങ്ങൾ ഏതൊരു മലയാളിക്കും ആവേശത്തോടെ വായിക്കാം. 

മാലദ്വീപി​​​െൻറ ചരിത്രവും ഭൂമിശാസ്​ത്രവും പാരമ്പര്യവും ചികയുന്ന പഠനങ്ങളും ഗവേഷണങ്ങളും വളരെ വളരെ കുറവാണ്​. എങ്കിലും ലഭ്യമായ 15ഒാളം പുസ്​തകങ്ങൾ റഫറൻസ്​ ആയി സ്വീകരിച്ചാണ്​ രാജേഷ്​ മാലദ്വീപിനെക്കുറിച്ചുള്ള ത​​​െൻറ പുസ്​തകം പൂർത്തിയാക്കുന്നത്​. അതുകൊണ്ടുതന്നെ ഒരു രണ്ടുമണിക്കൂർ വായനയിൽ മാലദ്വീപിനെക്കുറിച്ചുള്ള തെളിച്ചമുള്ള ചിത്രം നൽകാൻ ഇൗ പുസ്​തകം ഉപകരിക്കും.

 ‘റണ്ണമാരി’ എന്നത്​ മാലദ്വീപിയൻ മിത്താണ്​. എല്ലാ ദ്വീപുകാരുടെയും ഉള്ളിലുള്ള ‘കടൽജിന്നി’നെക്കുറിച്ചുള്ള ഒരു ഒാർമ. ഒാർമയും ചരിത്രവും സമകാലികതയും കെട്ടുപിണയുന്ന പുസ്​തകം സമ്മാനിക്കുന്ന വായനാനുഭവും ഭ്രമാത്​മകമാണ്​. ഇൻസൈറ്റ്​ പബ്ലിക ആണ്​ പ്രസാധകർ. വില: 150 രൂപ.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesbook reviewliterature newsRunnumariMaldives writing
News Summary - Maldives Runnumari literature
Next Story