Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കടത്തനാട്ടിലെ പദ്മ മീനാക്ഷി
cancel
camera_alt???????? ??????????

നാട്ടധികാരത്തിന്‍െറയും ആണധികാരത്തിന്‍െറയും മാമൂലുകള്‍ക്കെതിരെ അഭ്യാസമുറകള്‍കൊണ്ടും മനോവീര്യംകൊണ്ടും പോരാടുന്ന ഒരു സ്ത്രീജീവിതം. വടക്കന്‍കേരളത്തിന്‍െറ വാള്‍പ്പയറ്റ് ചരിത്രം ഉണ്ണിയാര്‍ച്ചയുടെ അങ്കച്ചുവടുകളുടെ കഥ പറഞ്ഞുനടക്കുമ്പോള്‍, അതുപോലെയൊരാള്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ചരിത്രംതന്നെയാകും. ആ തിരിച്ചറിവു തന്നെയായിരിക്കും കഴിഞ്ഞ 67 വര്‍ഷത്തിലധികമായി കളരിപ്പയറ്റ് അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്ന മീനാക്ഷി ഗുരുക്കള്‍ക്ക് രാജ്യം പദ്മശ്രീ ബഹുമതി നല്‍കി ആദരിക്കാനുള്ള കാരണവും. ആയോധന കലയിലെ ഈ വിദഗ്ധ ഒരുപക്ഷേ, ഏറ്റവും പ്രായംചെന്ന കളരിപ്പയറ്റുകാരിയായിരിക്കും. ഏഴാം വയസ്സു മുതല്‍ കളരി ജീവിതമാക്കിയ മീനാക്ഷിയമ്മ കളരിജീവിതം പറയുന്നു...

പ്രതീക്ഷിച്ചിരുന്നോ ‘പദ്മശ്രീ’ പോലുള്ള മഹത്തരമായ ഒരു ബഹുമതി?
ഒരിക്കലുമില്ല. ഡല്‍ഹിയില്‍നിന്ന് പദ്മശ്രീ അവാര്‍ഡ് ഉണ്ട്, മേല്‍വിലാസം പറഞ്ഞുതരണം എന്നുപറഞ്ഞ് ഫോണ്‍ വിളിച്ചപ്പോള്‍ ഞാനത് വിശ്വസിച്ചില്ല. അതുകഴിഞ്ഞ് മകളുടെ വീട്ടില്‍ പോകാനൊരുങ്ങുമ്പോഴുണ്ട് ചാനലുകാരും പത്രക്കാരും വരുന്നു. സത്യംതന്നെയാണോ നേരത്തേ ആ പറഞ്ഞതെന്നു വിചാരിച്ച് അന്തംവിട്ടുപോയി. ഇപ്പോഴും ഏതോ മായാലോകത്ത് പെട്ടതുപോലെയുണ്ട്. പദ്മശ്രീ കിട്ടിയശേഷം വിശ്രമം ഉണ്ടായിട്ടേയില്ല. ഇതുകാണാന്‍ എന്‍െറ മാഷില്ലാതെ പോയല്ലോ എന്ന സങ്കടമാണ് ആദ്യം തോന്നിയത്. പദ്മശ്രീ ബഹുമതി കിട്ടി എന്നറിഞ്ഞയുടന്‍തന്നെ ഞാനത് മാഷിന്‍െറ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു. മറ്റേതെങ്കിലും ലോകത്തിരുന്ന് അദ്ദേഹവും സന്തോഷിക്കുന്നുണ്ടാവും. ഈ കളരിയില്‍ വന്നവരും ഇതിനുവേണ്ടി പരിശ്രമിച്ചവരും ശിഷ്യന്മാരും മക്കളും നാട്ടുകാരും എല്ലാവര്‍ക്കുംകൂടിയുള്ള സമ്മാനമായാണ് ഇതിനെ കാണുന്നത്. 

കളരിക്കു മുൻപിൽ മീനാക്ഷി ഗുരുക്കൾ
 


എങ്ങനെയായിരുന്നു കളരിയിലേക്കുള്ള പ്രവേശനം?
ഏഴാം വയസ്സിലാണ് കളരിയിലേക്കുള്ള കാല്‍വെപ്പ്. സ്കൂളില്‍ പഠിക്കുന്ന സമയത്താണ് കോഴിക്കോട് വടകരക്കടുത്ത് ചെറിയൊരു ഗ്രാമത്തില്‍ രാഘവന്‍ ഗുരുക്കള്‍ കളരി തുടങ്ങുന്നത്. ആ സമയത്ത് സ്കൂളില്‍ നൃത്തമത്സരങ്ങളിലെല്ലാം പങ്കെടുക്കുമായിരുന്നു. ആയിടക്കാണ് രാഘവന്‍ ഗുരുക്കള്‍ കുട്ടിക്ക് കളരിയില്‍ കഴിവുണ്ടെന്നു പറഞ്ഞ് അച്ഛനെ വന്നുകണ്ടത്. അങ്ങനെ അച്ഛന്‍െറ കൈയും പിടിച്ച് ആദ്യമായി കളരിയിലത്തെി. ആറു വയസ്സ് കഴിഞ്ഞ് ഏഴ് ആവുന്നതേ ഉള്ളൂ എന്ന് ഓര്‍ക്കണം. ഏഴു വയസ്സ് മുതല്‍ 16 വയസ്സുവരെ അങ്ങനെ കളരി ഒരുവശത്തും ഡാന്‍സ് മറ്റൊരു വശത്തുമായി കൊണ്ടുപോയി. അവസാനം ഗുരുക്കള്‍ പറഞ്ഞു, നീയിനി കളരിയിലേക്ക് മാത്രം വന്നാല്‍ മതി, നൃത്തത്തിന് പോകണ്ട എന്ന്. അങ്ങനെ മുഴുസമയ കളരിയിലത്തെി. 17ാം വയസ്സില്‍ രാഘവന്‍ ഗുരുക്കളുമായി കല്യാണവും നടന്നു. പ്രേമമാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. 

കളരിയില്‍ കൊണ്ടുവന്ന് ചേര്‍ക്കാന്‍ പറഞ്ഞയാള്‍, പിന്നെ കളരി അഭ്യസിപ്പിച്ചയാള്‍, അയാള്‍തന്നെ കല്യാണം കഴിക്കുമ്പോള്‍ പറയുന്നത് സ്വാഭാവികം. എനിക്കാണെങ്കില്‍ ഗുരുക്കളെ കാണുന്നതേ പേടിയായിരുന്നു. അത്ര കണിശക്കാരനും ഗൗരവക്കാരനുമായിരുന്നു മാഷ്. ആരോടും അധികം ചിരിയും കളിയുമൊന്നുമില്ലാത്ത പ്രകൃതം. നിങ്ങളെങ്ങനെയാ ഇത്രകാലം ഇവരുടെ കൂടെ ജീവിച്ചതെന്ന് ചോദിക്കും ശിഷ്യന്മാരൊക്കെ. ചിരിയാണെങ്കിലും കളിയാണെങ്കിലും എല്ലാം ആവശ്യത്തിനുമാത്രം. അതായിരുന്നു പ്രകൃതം. ഗുരുക്കളുടെ മനസ്സില്‍ കൂടുതല്‍ ഇഷ്ടവും ഒരു അതിര്‍വരമ്പുമില്ലാതിരുന്നത് കളരിക്ക് മാത്രമായിരുന്നു. അത് എല്ലാ കാര്യത്തിലും അങ്ങനത്തെന്നെയാണ്. 


നാലു കുട്ടികളാണ് ഞങ്ങള്‍ക്ക്. പ്രസവസമയം മാത്രമാണ് ഞാന്‍ കളരിയില്‍നിന്ന് കുറച്ച് മാറിനിന്നത്. അഭ്യാസത്തിനൊന്നും ഉണ്ടാകില്ലെന്നേ ഉള്ളൂ. കളരിയിലെ മറ്റ് ആവശ്യങ്ങള്‍ക്കെല്ലാം അപ്പോഴുമുണ്ടായിരുന്നു. കുട്ടികള്‍ വലുതായശേഷം വീണ്ടും കളരിയില്‍ സജീവമായി. പക്ഷേ, സ്റ്റേജിലൊന്നും അപ്പോള്‍ പോയിരുന്നില്ല, കളരിയില്‍നിന്നുള്ള അഭ്യാസം മാത്രം. മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് മാഷ് എന്നോട് ചോദിച്ചു, നീ പഠിച്ചതൊന്നും മറന്നുപോയിട്ടില്ലല്ലോ എന്ന്. അത് യാദൃച്ഛികമാവാം. അതിനുമുമ്പ് മാഷിന്‍െറ ഗുരുക്കന്മാര്‍ വന്ന് പറഞ്ഞിരുന്നു, ഇവള്‍ ഇത്ര അഭ്യാസങ്ങളൊക്കെ പഠിച്ചിട്ട് അതൊന്നും ഉപയോഗപ്പെടുത്താതെ പോകരുതെന്ന്. അവസാന കാലമടുത്തപ്പോഴേക്ക് മാഷുതന്നെ എന്നെ കളരിയില്‍ കൊണ്ടുവന്ന് സജീവമാക്കി. ‘‘എനിക്കും വയസ്സായി നിങ്ങള്‍ക്കും വയസ്സായി, പിന്നെ ഞാനെന്ത് കളിക്കാനാണ്’’ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും പുറത്തേക്കുമൊന്നും പോകേണ്ട എന്നുവെച്ചതായിരുന്നു അപ്പോഴൊക്കെ. പക്ഷേ നിയോഗം ഇതാണ്, വീണ്ടും കളരിയിലേക്കുതന്നെ വന്നു. സ്ത്രീകള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍പോലും പലപ്പോഴും അവസരമുണ്ടാകാതിരുന്ന കാലത്താണ് താങ്കള്‍ കളരിയിലെത്തുന്നത്. 

എങ്ങനെയായിരുന്നു ‘ആണധികാരങ്ങളെ’ ചോദ്യംചെയ്തുകൊണ്ടുള്ള ആ വരവ് സാധ്യമായത്?
ഞാന്‍ കളരിയില്‍ വരുന്ന സമയത്ത് മാഷുടെ ഒരു പെങ്ങളും നാട്ടിലെ ഒന്നോ രണ്ടോ പെണ്‍കുട്ടികളും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അന്നൊക്കെ മിക്കവരും പുറത്തുപോലും സ്ത്രീകളെ ഒറ്റക്ക് വിടില്ല. അവര്‍ അവരുടെ ഇഷ്ടങ്ങളെല്ലാം മനസ്സിലൊതുക്കി ജീവിക്കണം എന്നതായിരുന്നു സമൂഹം കല്‍പിച്ച നിയമം. കളരി ശരിക്കും പുരുഷാധിപത്യത്തിന്‍െറ കീഴില്‍ ഒതുങ്ങി നിന്നിരുന്ന സമയം. വരുന്ന പെണ്‍കുട്ടികള്‍തന്നെ വിരലിലെണ്ണാവുന്നവര്‍. അവര്‍തന്നെ 13 വയസ്സുവരെയേ കളരി പഠിക്കൂ. അതുകഴിഞ്ഞാല്‍ നിര്‍ത്തിപ്പോകും. പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ പെണ്ണിന് ഇഷ്ടമുണ്ടെങ്കിലും വീട്ടുകാര്‍ വിടില്ല, അതായിരുന്നു അവസ്ഥ. എന്നെ വീട്ടുകാര്‍ വിട്ടതുകൊണ്ടാണ് ഞാന്‍ കളരിയില്‍ നിന്നത്. എന്നോട് ആരും കളരിയില്‍ പോകേണ്ടെന്ന് പറഞ്ഞിട്ടില്ല. എല്ലാവരുടെയും പ്രോത്സാഹനമുണ്ടായിരുന്നു. പക്ഷേ, അത് ഇഷ്ടമില്ലാത്തവര്‍ ഒരുപാടുണ്ടായിരുന്നു.

കടത്തനാടന്‍ കളരിസംഘത്തിന്‍െറ പിറവിയെക്കുറിച്ച്?
മാഷും മാഷിന്‍െറ അനുജനും പണ്ട് കളരി പഠിക്കാന്‍ പോയിരുന്ന സമയത്തുണ്ടായ ഒരു സംഭവമാണ് കടത്തനാടന്‍ കളരിസംഘത്തിന്‍െറ പിറവിക്കു പിന്നില്‍. ജാതിവിവേചനത്തിനെതിരെ പടവെട്ടിയാണ് അക്കാലത്ത് വിപ്ളവകരമായ മാറ്റംതന്നെയുണ്ടാക്കി കടത്തനാടന്‍ കളരിസംഘം പിറവിയെടുക്കുന്നത്. പണ്ട് പഠിക്കാന്‍ ചെന്ന ഒരു കളരിയില്‍നിന്ന് രാഘവന്‍ ഗുരുക്കളെയും അനുജനെയും ഇവിടെ ഈഴവ വിഭാഗക്കാര്‍ കളിക്കാന്‍ പാടില്ലെന്നു പറഞ്ഞ് ഇറക്കിവിട്ടു. മുന്തിയ ജാതിക്കാരുടെ കളരികളായിരുന്നു നാട്ടില്‍ മുഴുവനും. താഴ്ന്ന ജാതിക്കാരെയൊന്നും അതിലേക്ക് അടുക്കാന്‍പോലും സമ്മതിച്ചിരുന്നില്ല. അന്ന് ആ ഇറക്കിവിട്ടതിന്‍െറ വാശിക്ക് മാഷും അനുജനും നാട്ടിലെത്തി നാട്ടുകാരെയെല്ലാം കൂട്ടി രാത്രി പെട്രോമാക്സ് കത്തിച്ചുവെച്ച് ഒരൊറ്റ രാത്രികൊണ്ടാണ് ഈ കടത്തനാടന്‍ കളരിസംഘം ഉണ്ടാക്കിയത്. 1949ലാണ് അത്. ആ വാശിയും വീര്യവുംതന്നെയായിരുന്നു മാഷിന്‍െറ മുതല്‍ക്കൂട്ട്. ജാതിയും മതവും പറഞ്ഞ് ബഹളമുണ്ടാക്കുന്നവര്‍ക്ക് പാഠമാകാന്‍ വേണ്ടിയുള്ള ഒരു വിപ്ളവംതന്നെയായിരുന്നു അദ്ദേഹത്തിന്‍േറത്. ഏത് ജാതിയാണ് മതമാണ് എന്നുനോക്കാതെയായിരുന്നു അന്നുമുതല്‍ കടത്തനാടന്‍ കളരിസംഘം പ്രവര്‍ത്തിച്ചത്. ഇവിടെ കളരിയില്‍ ഒരൊറ്റ ജാതിയേ ഉള്ളൂ, ഒരു മതമേ ഉള്ളൂ. അന്നത്തെക്കാലത്ത് അതിനും വേണമായിരുന്നു ഒരു ധൈര്യം. അത് ഇപ്പോഴും അങ്ങനത്തെന്നെയാണ്. ഇപ്പോഴുമുണ്ടല്ളോ ജാതിയും മതവും പറഞ്ഞുള്ള പ്രശ്നങ്ങളൊക്കെ.

ഞങ്ങള്‍ക്ക് ഹിന്ദു വരുന്നുണ്ടോ ക്രിസ്ത്യന്‍ വരുന്നുണ്ടോ മുസ്ലിം വരുന്നുണ്ടോ എന്നൊന്നുമല്ല അറിയേണ്ടത്. വരുന്നവര്‍ കളരി ഇഷ്ടപ്പെടുന്നവരാണെന്നു മാത്രം അറിഞ്ഞാല്‍ മതി. 67 വര്‍ഷം കഴിഞ്ഞിട്ടും അതുകൊണ്ടുതന്നെ ഇവിടെ പഠിച്ചിറങ്ങിയ ഒരാളോടുപോലും ഒരു ഫീസും വാങ്ങിയിട്ടില്ല. അവര്‍ കളരിയെ സ്നേഹിക്കുന്നതുകൊണ്ടല്ളേ ഇങ്ങോട്ട് വരുന്നത്. ഞങ്ങള്‍ അത് പഠിപ്പിക്കുന്നു, അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഞങ്ങളും പഠിക്കുന്നു, അത്രതന്നെ. പണമില്ലാത്തതുകൊണ്ട് ആര്‍ക്കും കളരി അഭ്യസിക്കാന്‍ കഴിയാതെ പോകരുതെന്നതുകൊണ്ടാണ് അത്. പലരും കളരിയില്‍ ചേരാന്‍ വരുമ്പോഴും കഴിഞ്ഞുപോകുമ്പോഴുമെല്ലാം ദക്ഷിണ വെച്ചിരുന്നു. അത് ഇന്നും രാഘവന്‍ മാഷ് പുസ്തകത്തില്‍ കുറിച്ചുവെച്ചിട്ടുണ്ട്. ഉഴിച്ചിലിന് പുറത്തുനിന്നുവരുന്ന ആള്‍ക്കാരില്‍നിന്ന് അതിന് ചെലവായ പൈസ വാങ്ങിക്കാറുണ്ട്. പക്ഷേ, അഭ്യാസം പഠിക്കാന്‍ ഫീസ് വാങ്ങിക്കാത്ത മാഷിന്‍െറ അതേ പാതയില്‍തന്നെയാണ് ശിഷ്യന്മാരും മക്കളും ഞാനും പോകുന്നത്. അതിനിയും അങ്ങനത്തെന്നെയാവും. ആര്‍.എസ്.എസിന്‍െറ ഇടപെടല്‍കൊണ്ടാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ബഹുമതി കിട്ടിയതെന്ന് അവര്‍ പറയുന്നു. 


എന്താണ് മീനാക്ഷി ഗുരുക്കളുടെയും കടത്തനാടന്‍ കളരി സംഘത്തിന്‍െറയും രാഷ്ട്രീയം?
എന്നെ പദ്മശ്രീ ബഹുമതിക്കുവേണ്ടി ശിപാര്‍ശ ചെയ്തത് ആരാണെന്നൊന്നും എനിക്കറിയില്ല. അങ്ങനെയൊന്ന് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. എന്തായാലും ആ പറഞ്ഞത് ശരിയല്ല. ഒരുപാടു പേര്‍ പറയുന്നുണ്ടാവും ഞങ്ങള്‍ റെക്കമന്‍ഡ് ചെയ്തിട്ടാണ് ബഹുമതി കിട്ടിയത് എന്നൊക്കെ. അതുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരുമുണ്ടാകും. പക്ഷേ, ഞാനതൊന്നും വിശ്വസിക്കുന്നില്ല. എനിക്ക് ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയോട് അടുപ്പമൊന്നുമില്ല. എല്ലാവരും ഒരുപോലെ, കളരിപോലത്തെന്നെ. അത് എന്‍െറ കാര്യം. പക്ഷേ, മാഷ് അങ്ങനെയല്ല. മാഷിന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. മാഷ് പണ്ടത്തെ കമ്യൂണിസ്റ്റുകാരനാണ്. സജീവ പ്രവര്‍ത്തകനായിരുന്നില്ലെങ്കിലും വ്യക്തമായിരുന്നു ഗുരുക്കളുടെ ഓരോ നിലപാടും. അത് കമ്യൂണിസ്റ്റുകാരന്‍േറതായിരുന്നു. ജീവിച്ചത് വടകരയുടെ വിപ്ലവമണ്ണിലായതു കൊണ്ടാവാം.

അതുകൊണ്ടുതന്നെ ഇപ്പോഴും പാര്‍ട്ടിക്കാരുടെയെല്ലാം കത്തുകള്‍ വരാറുണ്ട്. ഇപ്പോഴത്തെ കമ്യൂണിസ്റ്റ് അല്ല കേട്ടോ, പണ്ടത്തെ കമ്യൂണിസ്റ്റ്. 73ാം വയസ്സിലാണ് രാഘവന്‍ ഗുരുക്കള്‍ മരിക്കുന്നത്. പെട്ടെന്നായിരുന്നു മരണം. വെറും 14 വയസ്സുള്ളപ്പോഴാണ് മാഷ് ഗുരുക്കളാകുന്നത്. അപ്പോള്‍തന്നെ അദ്ദേഹത്തിന്‍െറ അഭ്യാസത്തിന്‍െറ കാര്യം ഊഹിക്കാമല്ലോ. അതിനുശേഷം ടി.ടി.സിക്കൊക്കെ പോയി മാഷായി. ഞാന്‍ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. അപ്പോഴേക്ക് കളരിയും മാഷിന്‍െറ കൂടെയുള്ള ജീവിതവുമൊക്കെയായി അങ്ങനെപോയി. ആരും രാഷ്ട്രീയത്തിന്‍െറ പേരില്‍ തമ്മില്‍തല്ലുന്നതൊന്നും ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. എല്ലാവരോടും സ്നേഹം മാത്രം. കളരിയുടെ നാടുതന്നെയാണല്ളോ വടകരയും നാദാപുരവുമെല്ലാം. 


കളരി കുടുംബ പാരമ്പര്യം എന്തെങ്കിലുമുണ്ടോ?
ഞങ്ങള്‍ക്ക് അങ്ങനെയൊരു പാരമ്പര്യവുമില്ല. കടത്തനാടന്‍ കളരി സംഘത്തിന്‍െറ പിറവി എങ്ങനെയായിരുന്നുവെന്ന് പറഞ്ഞല്ളോ. ഒരു സാമൂഹിക പരിഷ്കരണം അതല്ലെങ്കില്‍ ജാതി വെറിയോടുള്ള ഏറ്റുമുട്ടല്‍, അതായിരുന്നു ഈ സംഘത്തിന്‍െറ പിറവിയുടെ കാതല്‍. 67 വര്‍ഷമായി ഇതേ സ്ഥലത്തുതന്നെയാണ് കളരി. ഒരുപാട് പേരുകേട്ട കളരികള്‍ ഉണ്ടായിരുന്നതാണ് ഈ ഭാഗങ്ങള്‍. ഓരോ കളരിയും അഭ്യാസത്തില്‍ മത്സരിച്ച് മികവുകാട്ടിയിരുന്ന സമയമുണ്ടായിരുന്നു. അന്ന് മത്സരങ്ങളും അഭ്യാസങ്ങളും മറ്റൊരു രീതിയിലായതു കൊണ്ട് കളരികള്‍ തമ്മില്‍ യോജിപ്പില്ലായിരുന്നു. ഇന്ന് കുറെ കളരികളുണ്ട്. എല്ലാം പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കുന്നു. കളരി വേരറ്റു പോകാതിരിക്കണമെങ്കില്‍ ആ കൂട്ടായ്മ അത്യാവശ്യംതന്നെയാണ്. ഒന്നിച്ചു പ്രവര്‍ത്തിച്ചാലേ ഭാവിതലമുറക്കുകൂടി ഈ അഭ്യാസങ്ങളെല്ലാം കാത്തുവെക്കാനാവൂ. പദ്മശ്രീ ലഭിച്ചതറിഞ്ഞ് ചുറ്റുവട്ടത്തുള്ള കളരികളില്‍നിന്നെല്ലാം ഗുരുക്കന്മാര്‍ വന്നിരുന്നു. വരാന്‍ കഴിയാത്തവര്‍ ഫോണ്‍ വിളിച്ചും അഭിനന്ദനമറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meenakshi gurukkalLifestyle News
News Summary - padmasree Meenakshi Gurukkal
Next Story