Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വപ്നം കാണുന്നു ഞങ്ങള്‍ പ്രാക്ടിക്കലായി
cancel
camera_alt???. ??. ????????????? ???. ???? ???????

കാലത്തിന്‍റെ ക്ലോക്ക് അല്‍പം പിന്നിലേക്ക് തിരിച്ചുവെക്കാം. 2001ലെ ഒരു സായാഹ്നം. തിരുവനന്തപുരം നഗരമധ്യത്തിലൂടെ നടക്കുന്ന ഒരു മെല്ലിച്ച ചെറുപ്പക്കാരനെ ആ ഫ്രെയിമില്‍ കാണാം. കാസര്‍കോട്ടെ മാളങ്കൈ എന്ന കുഗ്രാമത്തില്‍നിന്നാണ് അയാളുടെ വരവ്. നഗരക്കാഴ്ചകള്‍ കണ്ടുനടക്കവെ പാളയം പള്ളിക്കു പിന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരള യൂനിവേഴ്സിറ്റി കാമ്പസിനു മുന്നിലെത്തിയപ്പോള്‍ അയാള്‍ ഒന്നുനിന്നു. ആ നിമിഷം 26കാരനായ അയാളുടെ ഉള്ളിലൂടെ ഒരു തോന്നല്‍ മിന്നിമാഞ്ഞു. ‘ഒരിക്കല്‍ ഞാന്‍ ഈ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാവും’. അങ്ങ് കേരളത്തിന്‍റെ വടക്കേയറ്റത്തെ കന്നടയും തുളുവുമൊക്കെ സംസാരിക്കുന്ന, വിദ്യാഭ്യാസപരമായി വളരെ പിന്നാക്കമായ ഒരു ഗ്രാമത്തിലെ ചെറുകിട കോണ്‍ട്രാക്ടറുടെ മകന്‍റെ അതിമോഹമെന്ന് ആര്‍ക്കും തോന്നാം. എങ്കിലും ആ തോന്നല്‍ അന്നയാള്‍ ചിലരോടൊക്കെ പങ്കുവെച്ചു. ചെങ്കള പൈക്കയിലെ കൊട്ടയടുക്കം വീട്ടില്‍ അബ്ദുല്ലയുടെയും നഫീസയുടെയും ആറുമക്കളില്‍ 10ാം ക്ലാസിനപ്പുറം പഠിച്ച ഏക സന്താനമായിരുന്നു അബ്ദുറഹ്മാന്‍ എന്ന ആ ചെറുപ്പക്കാരന്‍. കാലം ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കി 2014ലെത്തിയപ്പോള്‍ ആ പൈക്കക്കാരന്‍ പയ്യന്‍ കേരളത്തിലെ ആദ്യ സാങ്കേതിക സര്‍വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലറായി. അതും 39ാം വയസ്സില്‍! ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പി.വി.സി. രാജ്യത്തെ ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറകേകിയ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ പേരിലുള്ള സര്‍വകലാശാലയുടെ അമരത്ത് അദ്ദേഹം ‘മോസ്റ്റ് എനര്‍ജറ്റിക് ആന്‍ഡ് ഡൈനാമിക്’ എന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച ഈ നാട്ടുംപുറത്തുകാരന്‍ തന്നെ എത്തണം എന്നത് കാലത്തിന്‍റെ നിശ്ചയമായിരിക്കാം.

കാലചക്രത്തിന്‍റെ മറ്റൊരു ഫ്രെയിം കൂടി കാണുക. സിവില്‍ സര്‍വിസ് സ്വപ്നം കണ്ട ഒരു നാലാം ക്ലാസുകാരിയുണ്ട് ആ ഫ്രെയിമില്‍. തൃശൂര്‍ മാനങ്കണ്ടത്ത് വീട്ടില്‍ അബ്ദുല്ല സോണയുടെയും ഷീലയുടെയും ഏക മകള്‍ നീതു. സ്കൂളില്‍ ബീക്കണ്‍ലൈറ്റ് വെച്ച കാറില്‍ വന്നിറങ്ങിയ ഐ.എ.എസുകാരനാണ് അവളെ മോഹിപ്പിച്ചത്. പഠിച്ച ക്ലാസിലൊക്കെയും ഒന്നാം സ്ഥാനം നേടി അവള്‍ പടവുകള്‍ കയറി. മുതിര്‍ന്നപ്പോള്‍ തന്‍റെ വഴിയായി എം.ബി.ബി.എസ് തെരഞ്ഞെടുത്തെങ്കിലും ഉള്ളില്‍ ആ സ്വപ്നം മങ്ങാതെകിടന്നു. അതുകൊണ്ട് വിവാഹം ചെയ്യാനെത്തിയ ആളോടും അവള്‍ക്കാദ്യം ചോദിക്കാനുണ്ടായത് തന്‍റെ സ്വപ്നത്തിന് കൂട്ടുവരാമോ എന്നാണ്. കൂട്ടുവരാമെന്നല്ല, അത് തന്‍റെയും കൂടി സ്വപ്നമാണെന്നായിരുന്നു അയാളുടെ മറുപടി. ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ കിലോ മീറ്ററുകളുടെ അന്തരമുണ്ടായിരുന്നിട്ടും അവര്‍ ഉറച്ചുനിന്നു. ഒന്നിച്ചു. വിവാഹത്തോടെ സ്വപ്നങ്ങള്‍ കുഴിച്ചുമൂടി വീട്ടമ്മയായി ഒതുങ്ങേണ്ടി വരുന്ന അനവധി പെണ്‍കുട്ടികളില്‍ ഒരാളാകാതെ അവളെ അയാള്‍ കൈപിടിച്ച് നടത്തി. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറുമായ നീതു സോണയാണ് ആ പഴയ നാലാം ക്ലാസുകാരി. ടെക്നിക്കല്‍ യൂനിവേഴ്സിറ്റി പി.വി.സി ഡോ. അബ്ദുറഹ്മാന്‍റെ പ്രിയതമ. തികച്ചും വ്യത്യസ്തമായ രണ്ടു സാഹചര്യങ്ങളില്‍ നിന്നെത്തി പരസ്പരം താങ്ങുംതണലുമായി മുന്നേറി സ്വപ്നനേട്ടങ്ങള്‍ കൈവരിച്ച ഈ ഹൈ പ്രൊഫൈല്‍ ദമ്പതികളുടെ ജീവിതത്തില്‍ സ്വപ്നം കാണുന്നവര്‍ക്ക് പഠിക്കാന്‍ ചിലതുണ്ട്. മാനത്ത് തുലാക്കോൾ തിങ്ങിയ ഒരു വൈകീട്ട് കവടിയാറിലെ ഹീര അപ്പാര്‍ട്മെന്‍റിലെ ഫ്ലാറ്റിലിരുന്ന് റഹ്മാനും നീതുവും കടന്നുവന്ന വഴികളിലെ ടേണിങ് പോയന്‍റുകള്‍ വീണ്ടെടുത്തു.

കൊട്ടയടുക്കം വീട്ടിലെ പഠിപ്പിസ്റ്റ്
ആറു മക്കളില്‍ നാലാമനായ റഹ്മാന് പഠനത്തില്‍ താല്‍പര്യമുണ്ടെന്ന് അവന്‍റെ നോട്ടുബുക്കുകളാണ് വാപ്പയോട് വിളിച്ചുപറഞ്ഞത്. അഞ്ചും ഏഴും വരെ പഠിച്ച് കാസര്‍കോട്ടെ ആണ്‍കുട്ടികള്‍ ഗള്‍ഫിലേക്ക് കടല്‍കടക്കുന്ന കാലം. ജ്യേഷ്ഠന്മാര്‍ രണ്ടുപേരും ഏഴില്‍ തന്നെ പഠനം അവസാനിപ്പിച്ചു. നോട്ടുബുക്കുകളില്‍ പതിവായി ഗുഡും വെരി ഗുഡും നല്‍കിയ ടീച്ചര്‍മാര്‍ അബ്ദുല്ലയോട് പറഞ്ഞു, ‘‘മകനെ പഠിപ്പിക്കണം’’. പ്രാരബ്ധങ്ങളുടെ ഇരുട്ട് വീണുകിടന്ന വീട്ടില്‍ അന്ന് മുതല്‍ അബ്ദുല്ല അവനുവേണ്ടി ഒരു മണ്ണെണ്ണ വിളക്ക് കെടാതെ കാത്തുവെച്ചു. അഞ്ചു കിലോമീറ്റര്‍ അകലെയുള്ള കാറഡുക്ക ഹൈസ്കൂളിലേക്ക് നിത്യവും അവന്‍ നടന്നുപോയി. കണക്കായിരുന്നു ഏറെയിഷ്ടം. ഹൈ ഫസ്റ്റ് ക്ലാസോടെ 10ാം ക്ലാസ് വിജയിച്ച ആ കുട്ടിയായിരുന്നു അന്ന് പഞ്ചായത്തിലെ ടോപ്പര്‍. അന്ന് ഡി.വൈ.എഫ്.ഐക്കാര്‍ സ്വീകരണം നല്‍കി ഡിക്ഷ്ണറി സമ്മാനം തന്നത് ഇന്നുമെനിക്ക് ഓര്‍മയുണ്ട് -ഡോ. റഹ്മാന്‍റെ ഓര്‍മകളില്‍ 210 മാര്‍ക്ക് കാലത്തെ ഒരു പത്താം ക്ലാസുകാരന്‍റെ വിജയച്ചിരി.

സൂപ്പര്‍മാര്‍ക്കറ്റിനു മുകളിലെ കോളജ്
കാസര്‍കോട് ഗവ. കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോഴും കൃത്യമായി ഗൈഡ് ചെയ്യാനൊന്നും ആരുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ഗ്രൂപ് നല്ലതാണെന്ന് ആരൊക്കെയോ പറഞ്ഞു. അങ്ങനെ പ്രീഡിഗ്രിക്ക് ചേര്‍ന്നു. പക്ഷേ, മലയാളം മീഡിയത്തില്‍നിന്നുള്ള മാറ്റവും കോളജ് നല്‍കിയ സ്വാതന്ത്ര്യവും അല്‍പം രാഷ്ട്രീയവുമൊക്കെയായപ്പോള്‍ പ്രീഡിഗ്രി സെക്കന്‍ഡ് ക്ലാസിലൊതുങ്ങി. സിവില്‍ സര്‍വിസ് എന്ന സ്വപ്നം അങ്ങനെയാണ് താന്‍ കൈവെടിഞ്ഞതെന്ന് റഹ്മാന്‍. പിന്നീട് ആ സ്വപ്നം ഇവളിലൂടെയാണ് സഫലമാക്കിയത്- അടുത്തിരിക്കുന്ന ഭാര്യയെ നോക്കി റഹ്മാന്‍ പറഞ്ഞു. സെക്കന്‍ഡ് ക്ലാസ് മാത്രം ലഭിച്ച റഹ്മാനെ എന്‍ട്രന്‍സും കൈവെടിഞ്ഞതോടെ കാസര്‍കോട് ഗവ. കോളജില്‍

ഡോ. അബ്ദുറഹ്മാനും നീതു സോണയും മകള്‍ മറിയത്തിനൊപ്പം
 

ഡിഗ്രിക്ക് ചേര്‍ന്നു. വീട്ടിലെയും നാട്ടിലെയും ദരിദ്രമായ ചുറ്റുപാടുകള്‍ പഠിച്ച് എവിടെയെങ്കിലും എത്തണമെന്ന ചിന്ത അയാളിലുറപ്പിച്ചു. തൊട്ടടുത്തവര്‍ഷം ’93ല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സില്‍ വിജയിച്ച് കേരളത്തിലെ ആദ്യ സ്വാശ്രയ കോളജുകളിലൊന്നായ കാസര്‍കോട്ടെ എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജില്‍ കമ്പ്യൂട്ടര്‍സയന്‍സിന് ചേര്‍ന്നു. ഒരു സൂപ്പര്‍മാര്‍ക്കറ്റിന്‍റെ മുകളിലായിരുന്നു കോളജ്. കമ്പ്യൂട്ടര്‍ ആദ്യമായി കാണുന്നതുതന്നെ ഒന്നരവര്‍ഷം കഴിഞ്ഞാണ് -ഇന്ന് കേരളത്തിലെ 152 എന്‍ജിനീയറിങ് കോളജുകളുടെ ഭരണത്തലവനായ റഹ്മാന്‍ പറഞ്ഞു. ബി.ടെക് കഴിഞ്ഞ് ഏതെങ്കിലും വന്‍കിട സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലിക്ക് കയറണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കാമ്പസ് പ്ലേസ്മെന്‍റുകാരുടെ കണ്ണെത്താദൂരെയായിരുന്നു കാസര്‍കോട് അന്ന്. അങ്ങനെയാണ് നല്ല മാര്‍ക്കോടെ എന്‍ജിനീയറിങ് പാസായ റഹ്മാന്‍ യാദൃച്ഛികമായി അധ്യാപനത്തിലെത്തിയത്.  പഠിച്ച കോളജില്‍തന്നെ ഗെസ്റ്റ് ലെക്ചററായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് ’99ല്‍ കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജില്‍ അധ്യാപകനായി. അവിടെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍.ബി.എസില്‍ ലെക്ചറര്‍ ആയി സ്ഥിരനിയമനം ലഭിച്ചു.


39ാം വയസ്സില്‍ പി.വി.സി!
റഹ്മാന്‍ എന്ന ഒരു സാധാരണ ബി.ടെക്കുകാരന്‍റെ ജീവിതത്തിലെ വലിയ ടേണിങ് പോയന്‍റ് സംഭവിക്കുന്നത് അക്കാലത്താണ്. 2001ലെ ആന്‍റണി സര്‍ക്കാറില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായ ചെര്‍ക്കളം അബ്ദുല്ലയായിരുന്നു അതിന് കാരണക്കാരന്‍. മുമ്പ് എം.എസ്.എഫിന്‍റെ ജില്ല സെക്രട്ടറിയും പ്രഫഷനല്‍ വിങ് കണ്‍വീനറും ഒക്കെയായിരുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ ചെര്‍ക്കളം തന്‍റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. അങ്ങനെ 26ാം വയസ്സില്‍ പ്രായത്തെക്കാള്‍ വലിയ കസേരയില്‍ റഹ്മാന്‍ സെക്രട്ടേറിയറ്റിലെത്തി. നല്ലൊരു ഭരണകര്‍ത്താവായ ചെര്‍ക്കളത്തോടൊത്തുള്ള കാലം തന്നെ ഏറെ സ്വാധീനിച്ചെന്ന് റഹ്മാന്‍. ചെയ്യാനുദ്ദേശിക്കുന്നത് എന്ത് പ്രതിബന്ധം മറികടന്നും ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യം ചെര്‍ക്കളവുമൊത്തുള്ള പ്രവര്‍ത്തനത്തില്‍നിന്ന് ലഭിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ, 2001 അവസാനം താല്‍ക്കാലികമായി ജോലിയില്‍നിന്ന് വിട്ട് കാര്യവട്ടം കാമ്പസിലെത്തി എം.ടെക് പൂര്‍ത്തിയാക്കിയ റഹ്മാന്‍ 2002ല്‍ വീണ്ടും ചെര്‍ക്കളത്തിന്‍റെ ഓഫിസില്‍ തിരികെയെത്തി. പിന്നീട് 2004ല്‍ ചെര്‍ക്കളം സ്ഥാനമൊഴിഞ്ഞതോടെ പൂജപ്പുര വിമന്‍സ് കോളജില്‍ ലെക്ചററായി അധ്യാപനത്തിലേക്ക് മടങ്ങി. ഒപ്പം കര്‍പ്പാഗം യൂനിവേഴ്സിറ്റിയില്‍ പാര്‍ട്ട്ടൈം പിഎച്ച്.ഡി പഠനവും തുടര്‍ന്നു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ റഹ്മാന്‍ വി.എച്ച്.എസ്.ഇ ഡയറക്ടാറായി നിയമിതനായി. ആറു മാസമേ അവിടെ തുടര്‍ന്നുള്ളൂ. അതിനിടെ, രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഉന്നതസ്ഥാപനമായ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ (AICTE) ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു.

വടക്കേ ഇന്ത്യക്കാരുടെ കുത്തകയായ കസേരയില്‍ എത്തിയ മലയാളിപ്പയ്യന്‍ പക്ഷേ, കുറഞ്ഞകാലം കൊണ്ട് അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്ന എ.ഐ.സി.ടി.ഇയെ ഇ- ഗവേണന്‍സിലൂടെ സുതാര്യമാക്കിയത് കേന്ദ്രസര്‍ക്കാറിന്‍റെ തന്നെ അഭിനന്ദനം നേടിക്കൊടുത്തു. രാജ്യത്തെ പതിനൊന്നായിരത്തിലധികം സാങ്കേതിക സ്ഥാപനങ്ങളുടെ മേല്‍നോട്ടച്ചുമതലയുള്ള ഉന്നത പോസ്റ്റിലിരിക്കുമ്പോഴാണ് സംസ്ഥാനത്തെ ആദ്യ സാങ്കേതിക സര്‍വകലാശാലയുടെ പി.വി.സി ചുമതലയിലേക്ക് വിളിവരുന്നത്. 2014 സെപ്റ്റംബറില്‍ ചുമതലയേറ്റ റഹ്മാന് സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് കുറഞ്ഞകാലം കൊണ്ടുതന്നെ വലിയ ചലനങ്ങള്‍ ഉണ്ടാക്കാനായി. തലനരച്ചവര്‍ മാത്രമിരുന്നിരുന്ന പി.വി.സി കസേരയില്‍ ഒരു 39കാരന്‍ ഇരുന്നതിന്‍റെ ഫലം ഇക്കഴിഞ്ഞ കാലത്തിനിടെ കേരളം കണ്ടു. പ്രവേശനം മുതല്‍ അഫിലിയേഷന്‍ വരെ ഓണ്‍ലൈനായി. മറ്റു സര്‍വകലാശാലകളില്‍ റിസല്‍ട്ടിനുവേണ്ടി ആറുമാസം വരെ കാത്തിരിക്കേണ്ടിവരുമ്പോള്‍ കെ.ടി.യു മൂന്നാഴ്ചക്കുള്ളില്‍ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പണിയറിയാവുന്ന എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കാന്‍ ഇയര്‍ഒൗട്ട് സംവിധാനവും ഒൗട്ട്കം ബേസ്ഡ് സിലബസും കൊണ്ടുവന്നു. പ്രതിഷേധങ്ങളും സമരങ്ങളും ഏറെയുണ്ടായിട്ടും മികവിന്‍റെ കലാലയങ്ങളാക്കി സംസ്ഥാനത്തെ കോളജുകളെ മാറ്റാനുള്ള ശ്രമത്തില്‍നിന്ന് അദ്ദേഹം പിന്നോട്ടുപോയില്ല. റിസല്‍ട്ട് അറിയാനും സംശയങ്ങള്‍ ചോദിക്കാന്‍പോലും ആര്‍ക്കും എപ്പോഴും വിളിക്കാന്‍ കഴിയുന്ന അക്സസിബിളായ ന്യൂജന്‍ പി.വി.സിയാണിന്ന് കുട്ടികള്‍ക്ക് റഹ്മാന്‍.

സ്വപ്നത്തിന് കൂട്ടുവരാമോ...
തിരിഞ്ഞുനോക്കുമ്പോള്‍ റഹ്മാന്‍ കടന്നുവന്ന വഴികളില്‍നിന്ന് തികച്ചും വ്യത്യസ്തമായ വഴികളിലൂടെയാണ് തന്‍റെ വരവെന്ന് നീതു സോണ തുടക്കത്തിലേ പറഞ്ഞു. മലപ്പുറത്തെയും കൊടുങ്ങല്ലൂരെയും പ്രമുഖ കുടുംബാംഗങ്ങളായിരുന്നു വാപ്പ അബ്ദുല്ല സോണയും ഉമ്മ ഷീലയും. വികലാംഗ കോര്‍പറേഷന്‍ ഡയറക്ടറും കണ്‍സ്യൂമര്‍ കോര്‍ട്ട് മെംബറുമൊക്കെയായി ഒട്ടേറെ ഉന്നത പദവികള്‍ വഹിച്ചിട്ടുള്ളയാളാണ് വാപ്പ.  സൗകര്യങ്ങളുടെ മധ്യത്തില്‍ തന്നെയായിരുന്നു ജീവിതമെങ്കിലും ചുറ്റുപാടുകളിലെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവിധം കൃത്യമായ കാഴ്ചപ്പാടോടെയാണ് വാപ്പ വളര്‍ത്തിയതെന്ന് നീതു. തൃശൂര്‍ ഭാരതീയ വിദ്യാഭവനിലായിരുന്നു സ്കൂള്‍ പഠനം. ആധുനിക കാഴ്ചപ്പാട് പുലര്‍ത്തിയിരുന്ന വാപ്പ കുഞ്ഞുന്നാളിലേ വായനയുടെ ലോകത്തേക്ക് വഴി നടത്തി. കഥയും കാര്‍ട്ടൂണുമൊക്കെ തനിക്ക് വഴങ്ങിയത് വാപ്പയുടെ ഈ ശിക്ഷണം കൊണ്ടാണെന്ന് നീതു. സംസ്ഥാനത്തെ മുസ്ലിം വിദ്യാര്‍ഥികളില്‍ ഒന്നാം സ്ഥാനം നേടിയാണ് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്.

ഡോ. അബ്ദുറഹ്മാനും നീതു സോണയും മകള്‍ മറിയത്തിനൊപ്പം
 


കരിയറിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോള്‍ രണ്ടു ലക്ഷ്യങ്ങളേ നീതുവിന് മനസ്സിലുണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ സിവില്‍ സര്‍വിസ്. അല്ലെങ്കില്‍ എം.ബി.ബി.എസ്. പ്ലസ് ടുവിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് ചേരുമ്പോഴും ഉള്ളില്‍ സിവില്‍ സര്‍വിസ് മോഹം മങ്ങാതെ കിടന്നു. പഠനത്തിനിടെയായിരുന്നു വിവാഹം. തന്‍റെ സ്വപ്നത്തിന് കൂട്ടുവരാന്‍ ആദ്യ വിവാഹാലോചനയുമായെത്തിയ റഹ്മാന്‍ തയാറായപ്പോള്‍ നീതു ഒന്നുറപ്പിച്ചു; ഇയാള്‍ തന്നെ തന്‍റെ ജീവിതപങ്കാളി. അങ്ങനെ 2004 ഡിസംബറില്‍ വിവാഹം. പഠനശേഷം വടക്കേക്കാടും ആനക്കട്ടിയും പോലുള്ള ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ അവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും അപര്യാപ്തത സിവില്‍ സര്‍വിസ് സ്വപ്നം തീവ്രമാക്കി.

സിവില്‍ സര്‍വിസ് പ്രിലിമിനറിയില്‍ വിജയിച്ചപ്പോള്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ് ടി.ബി ഓഫിസിലേക്ക് മാറ്റം വാങ്ങി. എല്ലാ പിന്തുണയുമായി റഹ്മാന്‍ കൂടെ നിന്നുവെന്ന് നീതു. പഠനസാമഗ്രികള്‍ സംഘടിപ്പിക്കലും സൗകര്യങ്ങളൊരുക്കലുമൊക്കെ റഹ്മാന്‍ ഏറ്റെടുത്തു. അങ്ങനെ 2009ല്‍ നീതു സിവില്‍ സര്‍വിസിലെത്തി. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസിലായിരുന്നു നിയമനം. ഒരിക്കല്‍ക്കൂടി പരീക്ഷയെഴുതണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഗര്‍ഭിണിയായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് നീതു പറഞ്ഞു. ആദ്യ നിയമനം ഡല്‍ഹി ആകാശവാണിയിലായിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരണമായ യോജനയുടെ ഉത്തരവാദിത്തവുമായി കേരളത്തിലേക്ക്. കഴിഞ്ഞവര്‍ഷം മുതല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറാണ്.

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍...
ആഗ്രഹിച്ചതെല്ലാം ദൈവം തന്നു എന്ന് വിശ്വസിക്കുന്ന ഇരുവരും തങ്ങളുടെ സംതൃപ്ത ദാമ്പത്യത്തിന്‍റെ രസച്ചരട് കാണുന്നത് ബാലന്‍സിങ്ങിലാണ്. ഇഷ്ടങ്ങളും താല്‍പര്യങ്ങളും വ്യത്യസ്തമായപ്പോഴും പരസ്പരം മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിഞ്ഞുവെന്ന് നീതു. “ഞാനൊരു ഡ്രീമി കാരക്ടറാണ്. റഹ്മാന്‍ വളരെ പ്രാക്ടിക്കലും. വ്യക്തിപരമായ ഫ്രീഡം പരസ്പരം അനുവദിച്ചുകൊടുക്കുന്നതു കൊണ്ട് ഇരുവരുടെയും ഇഷ്ടങ്ങള്‍ക്ക് ഇവിടെ സ്പേസുണ്ട്. ഈ പരസ്പര ധാരണയുള്ളതുകൊണ്ടാണ് പ്രഫഷനല്‍ ജീവിതവും പേഴ്സനല്‍ ജീവിതവും ബാലന്‍സ് ചെയ്തു കൊണ്ടു പോകാനാവുന്നത് -നീതു പറഞ്ഞു. വിവാഹത്തോടെ സ്വപ്നങ്ങള്‍ ബലികഴിക്കുന്നവരാണ് അധിക സ്ത്രീകളും. എന്നാല്‍, പരസ്പരം കോംപ്ലിമെന്‍ററിയായി പ്രവര്‍ത്തിച്ചാല്‍ രണ്ടുപേരുടെയും സ്വപ്നങ്ങള്‍ സഫലമാക്കാവുന്നതേയുള്ളൂ എന്നാണ് നീതുവിന്‍റെ പക്ഷം. ഓഫിസിലെ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാറുണ്ട്. പതിവുള്ള സായാഹ്ന നടത്തത്തിനിടെയാണ് ഇത്തരം ചര്‍ച്ചകള്‍. എത്ര തിരക്കുള്ളപ്പോഴും രണ്ടാഴ്ചയിലൊരിക്കല്‍ ഒരു യാത്ര പോകാറുണ്ട് -നീതു പറഞ്ഞു. ഈ ഹൈ പ്രൊഫൈല്‍ ദമ്പതികളുടെ ജീവിതത്തില്‍ ഒരു പുതിയ അതിഥി കൂടിയെത്തിയിട്ടുണ്ട്. മറിയം സോണ റഹ്മാന്‍ എന്ന കൊച്ചുസുന്ദരി.

സക്സസ് ടിപ്സ്

  • ക്വാളിറ്റി/ ഡോ. റഹ്മാന്‍: എന്‍റെ ഏറ്റവും നല്ല ഗുണമായി തോന്നിയിട്ടുള്ളത് വിനയമാണ്. എപ്പോഴും വിനയാന്വിതനായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചെയ്യുന്ന കാര്യം പരമാവധി ആത്മാര്‍ഥതയോടെ ചെയ്യാനും ശ്രമിക്കാറുണ്ട്.
  • ഡോ. നീതു: ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താനുള്ള കഴിവാണ് എന്‍റെ നല്ല ഗുണമായി തോന്നിയിട്ടുള്ളത്. നെഗറ്റീവായ സാഹചര്യങ്ങളില്‍പോലും ഞാന്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കും.
  • പ്രതിസന്ധികളെ മറികടക്കല്‍/ റഹ്മാന്‍: കഴിവും ആത്മാര്‍ഥതയുംകൊണ്ട് ഏത് പ്രതിസന്ധിയെയും മറികടക്കാനാവും എന്നാണ് അനുഭവം. നമ്മള്‍ സ്ട്രെയ്റ്റായിരിക്കുക. പിന്നെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുക.  
  • നീതു: ഏത് കരിയറായാലും അല്‍പം മാനേജീരിയല്‍ സ്കില്‍ വേണം. കാര്യങ്ങള്‍ നയപരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രതിസന്ധികള്‍ മറികടക്കല്‍ എളുപ്പമാവും. പിന്നെ എപ്പോഴും ടീമായി വര്‍ക്ക് ചെയ്യാന്‍ കഴിയണം.
  • പുതുതലമുറയോട്/റഹ്മാന്‍: സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുമ്പോഴും മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ജീവിതരീതി സ്വീകരിച്ചില്ലെങ്കില്‍ കരിയറില്‍ വിജയിക്കുമ്പോള്‍ ലൈഫ് ഉണ്ടാവില്ല.
  • നീതു: ജീവിത വിജയത്തിനു വേണ്ടി പരിശ്രമിക്കുമ്പോള്‍തന്നെ കുറച്ചുസമയം മറ്റുള്ളവര്‍ക്കുവേണ്ടി മാറ്റിവെക്കുക. അത് സമൂഹത്തിലും നിങ്ങളിലുമുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:technical universitypro vice chancellorDr. Abdul Rehmandeputy directorDr. Neethu Sonapress information bureaumadhyamam lifesyle
News Summary - life history of Dr. Abdul Rehman and Dr. Neethu Sona
Next Story