Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാലിഗ്രഫിയുടെ തോഴൻ
cancel
camera_alt????

സമൂഹമാധ്യമങ്ങളിലൂടെ അക്ഷരങ്ങളെ വീര്യമുള്ള ചിത്രങ്ങളാക്കുന്ന ആ ചെറുപ്പക്കാരന്‍െറ പിന്നാലെ ഷെയറുകളും ലൈക്കുകളും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. രാഷ്ട്രീയവും പോരാട്ടവും പ്രതിഷേധവും തീപകരുന്ന ആ അക്ഷര ചിത്രങ്ങളൊന്നും ഒരിടത്തും ചില്ലിട്ട് വെക്കാനുള്ളതല്ലെന്നും അത് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വര്‍ത്തമാനങ്ങളാണെന്നും പറയേണ്ടിയിരിക്കുന്നു.  മലപ്പുറം-കോഴിക്കോട് ജില്ല അതിര്‍ത്തിയായ കക്കോവ് ഗ്രാമത്തില്‍നിന്ന് മണലാരണ്യത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനം കയറിയ ഈ യുവാവ് ഇന്ന് അക്ഷരകലയുടെ ഏറ്റവും വലിയ ഉപാസകനോ പ്രചാരകനോ ആണ്. ആ വിശേഷണങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന് ചേരുക.
 

കരീമിന്‍െറ കാലിഗ്രഫികളില്‍ ചിലത്
 

കരീം വരക്കുന്ന ‘കരീംഗ്രഫി’ അക്ഷരചിത്രങ്ങളില്‍ പലതും ഇന്ന് വൈറലാണ്. അത് വെറും അക്ഷരങ്ങളോ ആലങ്കാരികതയോ അല്ല എന്നതാണ് അവയെ ഇത്രമേല്‍ ജനശ്രദ്ധ നേടാന്‍ സഹായിച്ചത്. ലോകത്ത് നടക്കുന്ന തീക്ഷ്ണമായ സംഭവ വികാസങ്ങളോടുള്ള പ്രതികരണങ്ങളാണവ. ആലയില്‍ ചുട്ടുപഴുപ്പിച്ചെടുത്ത പച്ചിരുമ്പുപോലെ അവ തിളങ്ങുന്നു. അതിന്‍െറ വക്കില്‍നിന്ന് തീപ്പൊരി ചിതറുന്നു. തന്‍െറ അക്ഷരസര്‍ഗാത്മകതയുടെ പിറവിയെക്കുറിച്ച് കരീം പറയുമ്പോള്‍ അത് ഒരു കുഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന് അക്ഷരങ്ങളുടെ ഭംഗി തേടി ബോംബെയിലേക്ക് പോയ ഒരാണ്‍കുട്ടിയില്‍നിന്ന് തുടങ്ങുന്നു.


മദ്റസയിലെയും പള്ളിക്കൂടത്തിലെയും ബോര്‍ഡുകളില്‍ ഭംഗിയോടെ ചോക്കുകൊണ്ട് എഴുതിപ്പോകുന്ന മാഷുമാരും ഉസ്താദുമാരുമായിരുന്നു കുട്ടിയായ കരീമിന്‍െറ ഇന്നലെകളിലെ ഹീറോമാര്‍. കണ്ണ് വിടര്‍ത്തിയും ചൂണ്ടുവിരല്‍കൊണ്ട് ബെഞ്ചിന്‍തലത്തില്‍ കോറിയും പിന്നീട് അവ സ്ലേറ്റില്‍ പരീക്ഷിച്ചും അക്ഷരങ്ങള്‍ എഴുതി പഠിക്കുകയായിരുന്നു പതിയെ. അങ്ങനെ ഓത്തുപള്ളിയിലെയും പള്ളിക്കൂടത്തിലെയും ‘നല്ല എഴുത്തുകാരനായി’ കരീം. തുടര്‍ന്ന് സ്കൂളില്‍ പഠിക്കുമ്പോള്‍ പഠനത്തെക്കാള്‍ ശ്രദ്ധ അക്ഷരങ്ങളിലായി. പള്ളിക്കൂടത്തിലും മദ്റസയിലും ബാപ്പയുടെ ചായക്കടയിലും പോകുമ്പോള്‍ എവിടെയെല്ലാം അക്ഷരങ്ങള്‍ നിറഞ്ഞ ബോര്‍ഡുകള്‍ ഉണ്ടെന്നും അതിലെല്ലാം എന്തെല്ലാം ശൈലിയിലാണ് എഴുതിയിരിക്കുന്നതെന്നും അതെല്ലാം ഏത് ആര്‍ട്ടിസ്റ്റാണ് എഴുതിയിരിക്കുന്നതെന്നും അവന് മന:പാഠമായിരുന്നു.

അതിനിടയില്‍ ചിത്രകലയും വഴങ്ങിത്തുടങ്ങിയിരുന്നു. സീതിഹാജിയുടെ ചിത്രം വരച്ചപ്പോള്‍ ബാപ്പയുടെ ചായക്കടയിലുള്ളവര്‍ കണ്ട് അത് പിന്നീട് മുസ് ലിംലീഗ് ഓഫിസിന്‍െറ ചുമരില്‍ ചിലര്‍ കൊണ്ടുപോയി തൂക്കിയിട്ടു. അതിനുശേഷം ലീഗിന്‍െറ ഒരു ബോര്‍ഡെഴുതാന്‍ സ്കൂള്‍ വിദ്യാര്‍ഥിയായ കരീമിനെ അവര്‍ ചുമതല ഏല്‍പിക്കുകയും ചെയ്തു. സാധാരണ ഈര്‍ക്കില്‍ കൊണ്ടും നാളികേരത്തിന്‍െറ കാഞ്ഞില്‍ ചതച്ചുമാണ് അവിടെയുള്ള പ്രവര്‍ത്തകര്‍ ചെറിയ പോസ്റ്ററുകളും ബോര്‍ഡുകളും എഴുതിയിരുന്നത്. എന്നാല്‍, സീതിഹാജിയുടെ ചിത്രം വരച്ച് കഴിവ് തെളിയിച്ച പയ്യനു വേണ്ടി ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് പോയി എഴുതാന്‍ നല്ല ബ്രഷുകള്‍ വാങ്ങിവന്നു. എഴുത്തിന്‍െറ സങ്കേതമൊന്നും അറിയില്ലെങ്കിലും കരീം ബോര്‍ഡെഴുതി. അത് കണ്ട് പിന്നീട് സി.പി.എമ്മുകാരും കോണ്‍ഗ്രസുകാരും തങ്ങളുടെ ബോര്‍ഡുകളെഴുതാനും കുട്ടിയായ കരീമിനെ ക്ഷണിച്ചു. അവരെല്ലാം പ്രതിഫലവും നല്‍കി. പയ്യന്‍െറ അക്ഷരങ്ങള്‍ കൊള്ളാം എന്നായിരുന്നു നാട്ടുകാരുടെ കമന്‍റ്.

കരീമിന്‍െറ കാലിഗ്രഫികളില്‍ ചിലത്
 


തുടര്‍ന്ന് സ്കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ കരീം സി.ടി. അലി എന്ന ആര്‍ട്ടിസ്റ്റിന്‍െറ ശിഷ്യനായി. കോഴിക്കോട് പോയി കുറച്ചുകാലം ചിത്രകലയും പഠിച്ചു. ഇതിനെ തുടര്‍ന്ന് ചുമര്‍ എഴുത്തും രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും ബോര്‍ഡ് എഴുത്തുമായി നടക്കുമ്പോഴും പുതിയ അക്ഷരഭംഗികള്‍ എങ്ങനെ സൃഷ്ടിക്കാം എന്നുള്ളതായി ചിന്ത. ഇതിനിടയില്‍ ഉര്‍ദു അക്ഷരങ്ങളുടെ ഭംഗിയില്‍ താല്‍പര്യം തോന്നി. അതിന്‍െറ നീളവും ചിറകുകളും കോറിയിടപ്പെടുന്ന ആകാരവടിവും കണ്ട് അദ്ഭുതം നീളുന്ന അന്വേഷണങ്ങളായി പിന്നെ. ചെറുതായി വായിക്കാനും എഴുതാനും പഠിച്ചപ്പോള്‍ സുഹൃത്തുക്കളില്‍ നിന്നറിഞ്ഞു ഉര്‍ദുവിന്‍െറ യഥാര്‍ഥ ഭംഗി കാണണമെങ്കില്‍ ബോംബെയിലെ ചില തെരുവുകളിലെ ചുമരുകളും ദര്‍ഗകളും കാണണമെന്ന്. അതറിഞ്ഞ് ഇരിക്കപ്പൊറുതിയില്ലാതെ കരീം ഒരു നാള്‍  ബോംബെയിലേക്ക് തീവണ്ടി കയറി. ബോംബെയിലെത്തി ഉര്‍ദുവിന്‍െറ സൗന്ദര്യം അടയാളപ്പെടുത്തപ്പെട്ട തെരുവും ചുമരുകളും അന്വേഷിച്ച് നടന്നു. അതെല്ലാം കണ്ട് വിസ്മയിച്ചു. കൈയിലെ പൈസ തീര്‍ന്നപ്പോള്‍ ബോംബെയില്‍ കച്ചവടത്തിന് വന്ന കൊണ്ടോട്ടിക്കാരില്‍ ചിലരെ കണ്ടത് ഭാഗ്യമായി. അവരുടെ വാഹനത്തില്‍ നാട്ടിലേക്ക് കൂട്ടി.

എഴുത്തിന്‍െറയും അക്ഷരങ്ങളുടെയും പിന്നാലെയുള്ള അലച്ചിലില്‍ ജീവിതം വല്ലാതെ ഉലയുന്നു എന്ന തോന്നലുണ്ടായപ്പോഴാണ് 1998ല്‍ സൗദിയിലേക്ക് പുറപ്പെട്ടത്. ഗള്‍ഫ് യാത്രക്ക് സഹായം നല്‍കിയത് അമ്മാവന്മാരായിരുന്നു. അവിടെ മൂന്നു വര്‍ഷം ജോലി ചെയ്തു. പ്രവാസത്തിന്‍െറ ഭൂമികയില്‍നിന്ന് വീണുകിട്ടുന്ന വിശ്രമവേളകളില്‍ അക്ഷരങ്ങളുടെ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമായി. പല ഭാഷക്കാരായ വിദേശി സുഹൃത്തുക്കളുടെ പേരുകള്‍ അവരുടെ ഭാഷകളില്‍ എഴുതിക്കൊടുത്തു. അതിന്‍െറ ഭംഗി കണ്ട് അവരില്‍ പലരും വിസ്മയിച്ചു. കരീമിനെ അഭിനന്ദിച്ചു, സന്തോഷം കൈമാറി. ഇതിനിടയില്‍ നാട്ടിലേക്ക് വന്ന് 2001ല്‍ ദുബൈയിലേക്ക് പുറപ്പെട്ടു. അവിടെ ഒമ്പത് വര്‍ഷം. കരീമിന്‍െറ അക്ഷര കാന്‍വാസ് ഒന്നുകൂടി വലുതായി. തുടര്‍ന്ന് ഖത്തറില്‍ 2011ല്‍ എത്തി പ്രവാസ ജീവിതം തുടരുന്നു.

അതിനിടയില്‍ കാലിഗ്രഫിയുടെ വൈവിധ്യമാര്‍ന്ന രൂപകല്‍പനയിലേക്ക് കരീം പ്രവേശിച്ചുകഴിഞ്ഞിരുന്നു. കാലിഗ്രഫിയെ ഏറ്റവും ഗൗരവമായെടുക്കാന്‍ സുഹൃത്ത്  (ഇപ്പോള്‍ കോഴിക്കോട് എം.ബി.എല്‍ സ്കൂള്‍ അധ്യാപകന്‍) എം. നൗഷാദിന്‍െറ നിര്‍ദേശവും ഈ രംഗത്തുള്ള പ്രമുഖരുടെ ഉപദേശവും കരീം സ്വീകരിച്ചു. അങ്ങനെ നിരവധി അക്ഷര ചിത്രങ്ങള്‍ പിറന്നു. അതില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക വര്‍ത്തമാനങ്ങളുടെ പൊള്ളുന്ന സത്യങ്ങളും ഇടംപിടിച്ചു. ഒഡിഷയിലെ ഗ്രാമത്തില്‍ സ്വന്തം ഭാര്യയുടെ മൃതശരീരവുമായി നടന്നു പോകുന്ന സാധുവിന്‍െറ അവസ്ഥ കാലിഗ്രഫിയാക്കിയപ്പോള്‍ ആ അക്ഷരങ്ങളില്‍നിന്ന് ഇറ്റുവീണ രോഷവും വേദനയും സമൂഹമാധ്യമങ്ങളില്‍ അനേകായിരങ്ങള്‍ ഏറ്റെടുത്തു വൈറലാക്കി. അതിനുശേഷം നിരവധി അക്ഷരചിത്രങ്ങള്‍. എവിടെയാണ് നജീബ് എന്നത് മുതല്‍ രോഹിത് വെമുലയും എല്ലാം വിഷയമായ നൂറോളം കാലിഗ്രഫികള്‍.


ഇപ്പോള്‍ കാലിഗ്രഫിയില്‍ തന്‍െറതായ അടയാളപ്പെടുത്തലുകള്‍ നടത്തിയ കരീമിനെ തിരക്കി അഭിനന്ദനങ്ങളും അന്വേഷണങ്ങളും എത്തുന്നുണ്ട്. വരച്ച കാലിഗ്രഫിയില്‍ പലതും പരസ്യ ചിത്രങ്ങളിലേക്കും സമ്മേളന ലോഗോകളിലേക്കും എത്തുകയും ചെയ്യുന്നു. തനിക്ക് ഇനിയും ഈ രംഗത്ത് ഏറെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു.

‘നാരായണ ഭട്ടതിരി മലയാളം കാലിഗ്രഫിയിലും ഖലീലുള്ള ചെമ്നാട് അറബിക് അനാട്ടമിക് കാലിഗ്രഫിയിലും മലയാളത്തിൽ നിന്നുള്ള പ്രശസ്തന്മാരാണ്. അവരുടെ സംഭാവനകളെ ആദരവോടെ കണ്ട് മലയാളം അക്ഷരങ്ങളും അനാട്ടമി കാലിഗ്രഫിക്ക് വഴങ്ങും എന്നുള്ള പരീക്ഷണവുമായി  ഈ രംഗത്തേക്ക് ഇറങ്ങിയ ഒരാളാണ് താന്‍.  ഒപ്പം അറബി-മലയാളം കാലിഗ്രഫി’യില്‍ തനിക്ക് കൂടുതല്‍ പഠനങ്ങളും പുതിയശ്രമങ്ങളും നടത്തണമെന്നതാണ് ആഗ്രഹം. ഒപ്പം കാലിഗ്രഫിയുടെ ഒരു കള്‍ച്ചറല്‍ ഷോ നടത്തണമെന്ന സ്വപ്നവുമുണ്ട്. കരീം ഇപ്പോള്‍ ഖത്തറില്‍ കുടുംബസമേതാണ് കഴിയുന്നത്. അധ്യാപികയായ ഭാര്യ ഫാസിജയും ചിത്രകലാ രംഗത്തുണ്ട്. മക്കള്‍: അഹമ്മദ് കാഷിഫ്, അയിഷ ഇശാല്‍, മറിയം മനാല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artist KareemKareem graphy
News Summary - Artist Kareem Kareem graphy
Next Story