Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightസിസ്റ്റര്‍ മേരി...

സിസ്റ്റര്‍ മേരി ലിറ്റി: അഗതികളുടെ മാലാഖ

text_fields
bookmark_border
സിസ്റ്റര്‍ മേരി ലിറ്റി: അഗതികളുടെ മാലാഖ
cancel
camera_alt?????????? ???. ???? ??????

പാവപ്പെട്ടവരെയും രോഗികളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ശുശ്രൂഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച കന്യാസ്ത്രീ സിസ്റ്റര്‍ ഡോ. മേരി ലിറ്റി. അവഗണിക്കപ്പെട്ട് കഴിയുന്നവര്‍ക്ക് ദൈവത്തിന്‍റെ സ്നേഹവും കരുണയും സാന്ത്വനവും പകര്‍ന്ന് നല്‍കി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ആനയിക്കാന്‍ സിസ്റ്റര്‍ മേരി ലിറ്റിയും അവര്‍ സ്ഥാപിച്ച ലിറ്റില്‍ സെര്‍വന്‍റ്സ് ഓഫ് ദി ഡിവൈന്‍ പ്രൊവിഡന്‍സ് സന്യാസി സമൂഹത്തിന്‍റെയും ശുശ്രൂഷകളാല്‍ സാധ്യമാകുന്നു. ഭാരത സഭക്കും സമൂഹത്തിനും അഭിമാനിക്കാവുന്നതാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. പാവങ്ങളെയും അശരണരെയും നിരാലംബരെയും സ്നേഹപൂര്‍വ്വം ശുശ്രൂഷിക്കുക എന്ന കര്‍ത്താവിന്‍റെ അതിശക്തമായ ആഗ്രഹം അവിടുത്തേക്ക് തന്നെ സമര്‍പ്പിച്ച് ഉറച്ച വിശ്വാസത്തോടെയും കര്‍ത്താവിന്‍റെ ഹിതപ്രകാരം അനേകര്‍ തങ്ങളുടെ ജീവിതം മാതൃകയാക്കട്ടെ എന്നുമാണ് സിസ്റ്റര്‍ കരുതുന്നത്.

കോതമംഗലമാണ് സിസ്റ്റര്‍ മേരി ലിറ്റിയുടെ ജന്മനാട്. ഇന്നത്തെ കോതമംഗലം രൂപതയിലെ കത്തീഡ്രല്‍ ഇടവകയില്‍ രാമല്ലൂര്‍ കരയില്‍ ഓലിപ്പുറം കുടുംബത്തില്‍ കൊച്ചൗസേപ്പ് എന്ന ഒ.പി ജോസഫിന്‍റെയും നെല്ലിമറ്റം പീച്ചാട്ട് ബ്രിജീത്തയുടെയും ഏഴാമത്തെ സന്താനമായി 1935 ഓഗസ്റ്റ് രണ്ടിന് പിറന്ന മേരി ലിറ്റിക്ക് മൂന്ന് ആങ്ങളമാരും മൂന്നു ചേച്ചിമാരും ഉണ്ടായിരുന്നു. ഒരു കര്‍ഷക കുടുംബത്തിലാണ് അവര്‍ ജനിച്ചു വളര്‍ന്നത്. ധാരാളം കൊയ്ത്തും മെതിയും നെല്ലുമൊക്കെ ഉണ്ടായിരുന്ന തറവാട് ആയിരുന്നു. ആഴത്തിലുള്ള ദൈവ വിശ്വാസം പുലര്‍ത്തിയിരുന്ന കുടുംബാംഗങ്ങള്‍. അപ്പന്‍റെ 45-ാം വയസിലായിരുന്നു ലിറ്റിയുടെ ജനനം.

ആധ്യാത്മിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായിരുന്നു അപ്പന്‍ ഏറെ മുന്‍തൂക്കം നല്‍കിയിരുന്നത്. ഒരു ഡോക്ടറായി കാണാനുള്ള അപ്പന്‍റെ താൽപര്യവും ഒരു പുണ്യവതിയായി കാണാനുള്ള അമ്മയുടെ താൽപര്യവും സാക്ഷാത്കരിക്കപ്പെട്ടതാണ് മേരി ലിറ്റിയുടെ ജീവിതം. കുടുംബം മുഴുവന്‍ ആധ്യാത്മികതക്ക് ഒന്നാം സ്ഥാനം കൊടുക്കണമെന്ന് അപ്പനും അമ്മക്കും നിര്‍ബന്ധമുണ്ടായിരുന്നു. ചങ്ങനാശേരി അസംപ്ഷന്‍ കോളജിലാണ് സെക്കന്‍റ് ഗ്രൂപ്പ് എടുത്ത് ഇന്‍റർഡിയറ്റ് പഠിച്ചത്.  സെക്കന്‍റ് ക്ലാസോടെ ഇന്‍റര്‍മീഡിയറ്റ് പാസായി. കോതമംഗലം എം.എസ്.ജെ സഭയുടെ ധര്‍മഗിരി മഠത്തില്‍  ചേര്‍ന്നു.

1957 സെപ്റ്റംബര്‍ 10നാണ് സഭാവസ്ത്രം അണിഞ്ഞത്. സിസ്റ്റര്‍ സാവിയോ എന്ന പേരു സ്വീകരിച്ചു. അങ്ങനെയിരിക്കെ റോമിലെ യൂണിവേഴ്സിറ്റിയില്‍ മെഡിസിന് പഠിക്കാന്‍ അവസരം ലഭിച്ചു സിസ്റ്റര്‍ കപ്പലില്‍ കയറി റോമിലേക്കു പോയി. റോം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇറ്റാലിയന്‍ ഭാഷ പഠിച്ചു വിജയിച്ചു. തുടര്‍ന്നാണ് മെഡിസിന് പ്രവേശനം കിട്ടിയത്. മെഡിസിന്‍ പഠനത്തിന്‍റെ രണ്ടാം വര്‍ഷത്തില്‍ അമ്മ മരിച്ചു. റോമില്‍ നിന്ന് എം.ഡി എടുത്തതിനു ശേഷം അയര്‍ലന്‍ഡില്‍ പോയാണ് ജൂനിയര്‍ ഹൗസ് സര്‍ജന്‍സിയും സീനിയര്‍ ഹൗസ് സര്‍ജന്‍സിയും ചെയ്തത്. പിന്നീട് ലൈസന്‍ഷ്യേറ്റ് ഓഫ് അപ്പോത്തിക്കാരീസ് ഹോള്‍ എന്ന ഡിഗ്രിയും എടുത്തു. ഇതിനിടക്ക് ഇംഗ്ലണ്ടില്‍ പ്രസവശുശ്രൂഷ പഠിക്കാന്‍ പോയി. ഡി.ജി.ഒ എടുത്തശേഷം ശിശുരോഗ ചികിത്സയില്‍ ഡിപ്ലോമയും എടുത്തു. അങ്ങനെ രണ്ടു വര്‍ഷം അയര്‍ലണ്ടിലും രണ്ടു വര്‍ഷം ഇംഗ്ലണ്ടിലുമായി കഴിഞ്ഞു.  

പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തി വിവിധ ആശുപത്രികളില്‍  ജോലി ചെയ്തു. പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കുന്നതിലായിരുന്നു സിസ്റ്ററിന്‍റെ ശ്രദ്ധ മുഴുവന്‍. ഒരു മാസക്കാലം  ധര്‍മഗിരിയില്‍ താമസിച്ചു. പിന്നെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലും പിന്നീട് ഒന്നര വര്‍ഷക്കാലം മഞ്ചേരിക്കടുത്ത് തുവ്വൂരിലും മലബാറില്‍ പാവപ്പെട്ട മുസ് ലിംകളുടെയിടയിലും സന്തോഷത്തോടെ ജോലി ചെയ്തു. പിന്നീട് മൂന്നര വര്‍ഷം കരിമണ്ണൂര്‍ സെന്‍റ് മേരീസ് ഹോസ്പിറ്റലില്‍. പിന്നെ ഒരു ഉള്‍വിളി പോലെ ധര്‍മഗിരിയിലേക്ക്. അവിടെയുള്ള പാവപ്പെട്ട രോഗികള്‍ വിദൂരത്തുള്ള ആശുപത്രികളില്‍ ഏറെ പണവും സമയവും ചെലവഴിച്ച് ചികിത്സ തേടുന്ന അവസ്ഥ മനസിലാക്കി സിസ്റ്റര്‍ പള്ളിക്കടുത്തുള്ള മൂന്നു കടമുറികള്‍ എടുത്ത് ഡിസ്പെന്‍സറി തുടങ്ങി. പിന്നീട് എം.എസ്.ജെ സഭയില്‍ നിന്ന് വ്രതമുക്തി നേടി എല്‍.എസ്.ഡി.പി സഭാ വസ്ത്രം അണിഞ്ഞു. സിസ്റ്റര്‍ സാവിയോ എന്ന പേരു മാറ്റി സിസ്റ്റര്‍ മേരി ലിറ്റി എന്ന പേരു സ്വീകരിച്ചു.

കുന്നന്താനത്ത് പ്രത്യാശ ഭവനും പിന്നീട് അതിനടുത്ത് ധ്യാന മന്ദിരവും തുടങ്ങി. സേവ് എ ഫാമിലി പ്ലാൻ മുഖേന ഭാഗ്യസ്മരണീയനായ മോണ്‍ അഗസ്റ്റിന്‍ കണ്ടത്തിലച്ചന്‍ 150 രോഗികളെ ശുശ്രൂഷിക്കാന്‍ സാധിക്കുന്ന മൂന്ന് നിലകെട്ടിടം പ്രത്യാശഭവന്‍ പണിയിച്ചു നല്‍കിയത് അനുഗ്രഹമായി. ഏറ്റവും കൂടുതല്‍ വൈകല്യങ്ങള്‍ ഉള്ളവരും ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കാണ് ഇവിടെ ഏറ്റവും വലിയ പരിഗണന നല്‍കുന്നത്. അതാണ് പ്രത്യാശ ഭവന്‍. എഴുമുട്ടം, ആഗ്രമിഷന്‍ ഛിബ്രാമവു, കാക്കനാട്, വിലങ്ങ്, കിള്ളി, അരുവിക്കുഴി, കീഴ്വായ്പ്പൂര്, കലയംകോണം, കുറ്റിക്കോണം, ഗാന്ധിനഗര്‍, കാരക്കുന്നം, വിളമന, കാവന, ബിജ്നോര്‍, ഗോരഖ്പൂര്‍, അയിരൂര്‍ എന്നിവിടങ്ങളില്‍ ശാഖാ ഭവനങ്ങളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sister dr. mary litty
Next Story