Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightകാനഡയിലെ ‘വൈറ്റ്...

കാനഡയിലെ ‘വൈറ്റ് കേക്കും ലെന്‍റില്‍ സൂപ്പും’

text_fields
bookmark_border
കാനഡയിലെ ‘വൈറ്റ് കേക്കും ലെന്‍റില്‍ സൂപ്പും’
cancel
ചോറും കറിയും ഉപ്പേരിയും പപ്പടവും അച്ചാറും മേശപ്പുറത്ത് നിരത്തുമ്പോഴാണ് ‘ഉമ്മാക്ക് വൈറ്റ്ഫുഡ് ഉണ്ടാക്കിയാലെന്താ’ എന്നു ചോദിച്ച് മകനെത്തിയത്. വൈറ്റ് ഫുഡ് ഉണ്ടാക്കാനുള്ള സാധനങ്ങളൊന്നും വീട്ടിലില്ലെന്ന് മുടന്തന്‍ ന്യായം പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. തനിച്ച് ഭക്ഷണം കഴിക്കുന്ന പ്രായമായപ്പോഴേക്കും ചോറ് കഴിക്കുന്ന ശീലം മക്കള്‍ ഉപേക്ഷിച്ച മട്ടാണ്. പ്രവാസത്തിലെ ഓരോ കൂടുമാറ്റത്തിലും അതത് നാടിന്‍െറ ഭക്ഷണരീതികളുമായി ഞങ്ങളെക്കാള്‍ വേഗത്തില്‍ കുട്ടികളാണ് ഇണങ്ങുന്നത്. കാനഡയിലെത്തിയിട്ടും അങ്ങനെതന്നെ. കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ടോറോന്‍െറാ നഗരവീഥികളിലൂടെ നടന്നാല്‍ ഇംഗ്ലീഷ് കൂടാതെ കേള്‍ക്കാവുന്ന വ്യത്യസ്ത ഭാഷകള്‍ ഇരുനൂറാണ്. ഭാഷ പോലെതന്നെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും സംസ്കാര രീതികളുംകൊണ്ട് സമ്പന്നമാണ് ടോറോന്‍െറാ.
‘പോട്ട് ലക്ക്’ പരിപാടി
 


കനേഡിയന്‍ കുടിയേറ്റത്തിന്‍െറ വൈവിധ്യം ആദ്യമായി അറിയുന്നത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ക്രിസ്മസിനു മുമ്പ് നടത്തുന്ന ‘പോട്ട് ലക്ക്’ പരിപാടിയിലാണ്. ഓരോരുത്തരും അവരവരുടെ നാട്ടിലെ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവന്ന് എല്ലാവരും കൂടെ ഒന്നിച്ചിരുന്ന് കഴിച്ച് സന്തോഷത്തോടെ പുതുവര്‍ഷാശംസകളും നേര്‍ന്ന് പിരിയുന്നു. മാംസാഹാരം മാത്രമല്ല ഉള്ളിയും വെളുത്തുള്ളിയും കഴിക്കാത്ത രാജസ്ഥാനിയായ കൂട്ടുകാരിയും ഞാനും ആകെ വിഷമത്തിലായി. ഭക്ഷണം കൊണ്ടു വരുന്നതിലല്ല, മറ്റുള്ളവര്‍ കൊണ്ടുവരുന്നതിലെ ചേരുവകള്‍ അറിയാതെ എങ്ങനെ കഴിക്കും. കഴിച്ചില്ലെങ്കില്‍ അത് അപമാനിക്കുന്നതു പോലെയാകില്ലേ... അങ്ങനെയെല്ലാം ആലോചിച്ചപ്പോള്‍ ആ ദിവസം ലീവ് എടുക്കുന്നതാണ് നല്ലതെന്നുവരെ തോന്നിപ്പോയി. മടിച്ചുമടിച്ചാണ് കനേഡിയന്‍ സുഹൃത്തിനോട് ഇത് പറഞ്ഞത്. ‘നിങ്ങള്‍ ഭക്ഷണം കൊണ്ടുവരൂ... പ്രശ്നങ്ങളൊക്കെ പരിഹരിക്കാം...’ എന്നു പറഞ്ഞ് ഞങ്ങളെ സമാധാനിപ്പിച്ചു.

ഇഡ്ഡലിയും സാമ്പാറും
 


മഞ്ഞില്‍ ഇരുന്നും നടന്നും ഉരുണ്ടുവീണും ആലോചിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും എന്തുണ്ടാക്കിക്കൊണ്ടു പോകുമെന്ന കാര്യത്തില്‍ മാത്രം തീരുമാനമായില്ല. ഒടുവില്‍ വീട്ടിലെ ചര്‍ച്ചയിലാണ് ഇഡ്ഡലിയും സാമ്പാറും തെരഞ്ഞെടുത്ത് ഉറപ്പിച്ചത്. അങ്ങനെ ‘പോട്ട് ലക്ക്’ ദിവസം രാവിലെ ഞാന്‍ അമ്പത് ഇഡ്ഡലിയും ഒരു കുഞ്ഞിക്കലം സാമ്പാറുമായി ഓഫിസിലെത്തി. പത്തു മണിക്കു തന്നെ മീറ്റിങ് ഹാള്‍ ഒരുക്കുന്ന തിരക്ക് തുടങ്ങി. അതിനിടെ മെമോ എത്തി. ഓരോരുത്തരും അവരവരുടെ നാടും ഭക്ഷണത്തിന്‍റെ പേരും ചേരുവകളും വൃത്തിയായി എഴുതിയോ ടൈപ് ചെയ്തോ ഭക്ഷണത്തിന്‍െറ അടുത്തുവെക്കണം എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഇഡ്ഡലി-സാമ്പാര്‍ എന്നെഴുതി ചേരുവകളുടെ ഇംഗ്ലീഷ് പേരുകള്‍ എഴുതി കൊണ്ടിരിക്കുന്നതിനിടയില്‍ എന്‍റെ കനേഡിയന്‍ സുഹൃത്ത് വായിച്ചുനോക്കി പരാജയപ്പെട്ടു. പേര് വായിക്കാന്‍ പറ്റുന്നില്ല. ഭക്ഷണം കാണിച്ചുതരൂ ഇംഗ്ലീഷ് പേര് അവരുണ്ടാക്കാമെന്നായി. അങ്ങനെയാണ് എന്‍െറ പാവം ഇഡ്ഡലിയും സാമ്പാറും ‘വൈറ്റ് കേക്കും ലെന്‍റില്‍ സൂപ്പു’മായി മേശപ്പുറത്ത് എത്തിയത്.

പന്ത്രണ്ട് മണിയായപ്പോഴേക്കും ഇന്ത്യന്‍, ചൈനീസ്, പേര്‍ഷ്യന്‍, അറേബ്യന്‍, പോളിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ശ്രീലങ്കന്‍, കനേഡിയന്‍ വിഭവങ്ങൾ കൊണ്ട് മേശനിറഞ്ഞു. പ്ലേറ്റുകളില്‍ അതിര്‍ത്തികള്‍ ലംഘിച്ച് പലവിധ രുചികള്‍ കൂട്ടിമുട്ടിയെങ്കിലും സമാധാന പ്രശ്നങ്ങളൊന്നും താറുമാറായില്ല. പിസ്സയും ബര്‍ഗറും അല്ല ‘പുട്ടീനാണ്’ കാനഡയുടെ തനതു ഭക്ഷണമെന്ന് ഞാനറിഞ്ഞതും അന്നായിരുന്നു. മൃദുവായ ഇഡ്ഡലിയെ ഫോര്‍ക്ക് കുത്തി വേദനിപ്പിക്കുന്നത് സഹിക്കാനായില്ലെങ്കിലും പാത്രത്തില്‍ ഒന്നുപോലും ബാക്കിയാകാഞ്ഞത് സന്തോഷിപ്പിച്ചു.

പുട്ടല്ല പുട്ടീന്‍

ഒരിക്കല്‍ ശൈത്യം അതിന്‍െറ ഉച്ചിയിലെത്തി നില്‍ക്കുമ്പോഴാണ് കാട്ടിലൂടെ മഞ്ഞില്‍ രാത്രി നടക്കാന്‍ പോകാനുള്ള മോഹമുദിച്ചത്. സ്ഥിരമായി വേനല്‍ക്കാലത്ത് ക്യാമ്പിന് പോകുന്ന സ്ഥലമാണ്. ശൈത്യകാലത്ത് എങ്ങനെയാവും കാടും രാത്രിയും എന്നറിയാനൊരു പൂതി. തനിച്ചുള്ള നടത്തം വേണ്ടെന്നുവെച്ച് ഒരുകൂട്ടം സായിപ്പന്മാരുടെ ഒപ്പം കൂടി. രാത്രി -20 ഡിഗ്രിയില്‍ മഞ്ഞിലൂടെ നിലാവെളിച്ചത്തില്‍ തപ്പിത്തടഞ്ഞുള്ള നടത്തം നല്ലൊരനുഭവമായിരുന്നു. തണുത്തുവിറച്ച്, വിശന്നുവലഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സംഘാടകര്‍ നല്‍കിയ ചൂടുള്ള പുട്ടീന്‍െറ രുചി പിന്നീടൊരിക്കലും എനിക്ക് കിട്ടിയില്ല.

കനേഡിയൻ വിഭവമായ പുട്ടീന്‍
 


കുറച്ച് മൈദ വെള്ളത്തില്‍ കലക്കി അടുപ്പത്തുവെച്ച് ഇളംചൂടില്‍ വേവിക്കുന്നതിലേക്ക് വെളുത്തുള്ളിയും വെണ്ണയും ഇറച്ചി വേവിച്ച വെള്ളവും ചേര്‍ക്കുന്നു. ഇതെല്ലാം കൂടി ചേര്‍ന്ന് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ കോണ്‍ഫ്ലവര്‍ കുറച്ച് കലക്കി ഇതിലേക്ക് ഒഴിച്ച് ഗ്രേവി കുറുക്കുന്നു. ഫ്രഞ്ച് ഫ്രൈസില്‍ ചൂടുള്ള ഗ്രേവി ഒഴിച്ച് ഇളക്കി മുകളില്‍ ചീസും കുരുമുളക് വിതറിയതും കൊണ്ട് അലങ്കരിച്ചാല്‍ പുട്ടീനായി.

കുടിയേറ്റ സംസ്കാരം പുട്ടീനെയും ബാധിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിക്കുന്നത് പുട്ടീന്‍ തന്നെയാണെങ്കിലും ഓരോ തവണയും രുചി വ്യത്യസ്തമാണ്. പലതരം ഭാഷയും വേഷവും ഇടകലര്‍ന്ന ടോറോന്‍െറാ മെട്രോയിലെ ഒരു യാത്ര പോലെ പുട്ടീനും പല രുചികള്‍ക്കിടയില്‍ മുങ്ങിപ്പൊങ്ങുന്നു. കനേഡിയന്‍ സുഹൃത്തുക്കള്‍ പറയുന്നതുപോലെ, ‘ഞങ്ങളുടെ, നിങ്ങളുടെ എന്ന വ്യത്യാസമില്ല, എല്ലാ രുചികളും കനേഡിയന്‍ ആയിരിക്കുന്നു...’ അതുകൊണ്ടാവും പുട്ടീന്‍പോലെ തന്നെ ‘വൈറ്റ് കേക്കും ലെന്‍റില്‍ സൂപ്പും’ ഇവര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്.

തയാറാക്കിയത്: ഫാത്തിമ മുബീന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sambarcanadian dishespoutineidliLifestyle News
News Summary - canadian dish poutine sambar and idli
Next Story