Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightദക്ഷിണാഫ്രിക്കയും ലൗലി...

ദക്ഷിണാഫ്രിക്കയും ലൗലി പാപ്പും

text_fields
bookmark_border
ദക്ഷിണാഫ്രിക്കയും ലൗലി പാപ്പും
cancel
camera_alt??????, ?????????

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രത്യേകതയാണ് ഇവിടത്തെ ജനങ്ങളും അവരുടെ വിവിധ സംസ്കാരവും. ജനസംഖ്യ വളരെ കുറവാണെങ്കിലും ദക്ഷിണാഫ്രിക്ക വിവിധ രാജ്യങ്ങളില്‍നിന്നു വന്ന ജനസമൂഹങ്ങളാലും അവരുടെ വിവിധ സംസ്കാരങ്ങളാലും സമൃദ്ധമാണ്. ലോകത്തിന്‍െറ നാനാ ഭാഗത്തു നിന്നും വന്ന, വിവിധ രീതികളില്‍, കാലാവസ്ഥകളില്‍ ജീവിക്കുകയും വിവിധ ഭാഷകള്‍ സംസാരിക്കുകയും ചെയ്ത ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു റെയിന്‍ബോ നേഷന്‍ ആണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ടു തന്നെ, വിവിധ പാരമ്പര്യങ്ങളും അവക്കെല്ലാം വിവിധ സംസ്കാരങ്ങളും ഉണ്ട്.

ദക്ഷിണാഫ്രിക്കക്കാർ ഭക്ഷണം പാകം ചെയ്യുന്നു
 

വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക, അവിടത്തെ സവിശേഷതകള്‍ അനുഭവിച്ചറിയുക, വിവിധതരം ഭക്ഷണങ്ങള്‍ ആസ്വദിക്കുക എന്നിവ എല്ലാവരെയും പോലെ എനിക്കും കൗതുകമായിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്ക എന്ന് കേട്ടപ്പോള്‍തന്നെ എന്‍റെ മനസ്സിലെ ആദ്യത്തെ പേടി ഭക്ഷണം ആയിരുന്നു! ദൈവത്തിന്‍െറ സ്വന്തം നാടിന്‍െറ അനുഗ്രഹമായ നാവിനെന്നും കൊതിയുള്ള ഓര്‍മകള്‍ തരുന്ന, എരിവും ഉപ്പും ചേര്‍ത്ത  ഭക്ഷണരീതികളിൽ നിന്നു മാറി ചിന്തിക്കാന്‍ സ്വപ്നത്തില്‍ പോലും കഴിയുമെന്ന് കരുതിയതല്ല. പക്ഷേ, വേണ്ടിവന്നു. ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നപ്പിന്നെ ഇവിടത്തെ ഭക്ഷണം എന്‍െറ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായി മാറി. ആദ്യമാദ്യം അവ പാചകം ചെയ്യാന്‍ ഒരു കൗതുകമുണ്ടായി. പിന്നപ്പിന്നെ ആ കൗതുകം വളര്‍ന്ന്, താല്‍പര്യമായിത്തുടങ്ങി. അങ്ങനെ പതുക്കെ ഞാനും ദക്ഷിണാഫ്രിക്കന്‍ ഭക്ഷണത്തിന്‍െറ ആരാധികയായി മാറി.

ഭക്ഷണം പാകം ചെയ്യുന്ന കാസ്റ്റ്അയൺ പാത്രം
 

ഒന്നിച്ചിരുന്ന് പാചകം

വളരെ മനോഹരമായ രീതിയിലാണ് ഇവര്‍ ഭക്ഷണം തയാറാക്കുന്നത്. നമ്മുടെ വീടുകളില്‍ കണ്ടിട്ടുള്ളതില്‍നിന്ന് വ്യത്യസ്തമായി എന്നെ ആകര്‍ഷിച്ച പ്രധാനഘടകം അവരുടെ രീതികള്‍തന്നെ ആയിരുന്നു. വളരെ ചുരുക്കമായി മാത്രമേ ഇവര്‍ ഒറ്റക്ക് ഭക്ഷണം പാചകം ചെയ്യാറുള്ളൂ. ഭക്ഷണപാചകം ഒരു ഉത്സവമാണ് ഇവിടത്തുകാര്‍ക്ക്. രണ്ടോ അതിലധികമോ കുടുംബങ്ങള്‍, അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് എപ്പോഴും ഭക്ഷണം പാചകം ചെയ്യുന്നത്. അത് അവരുടെ സംസ്കാരത്തിന്‍െറ ഭാഗമാണെന്ന് പിന്നീടറിയാന്‍ സാധിച്ചു. മുറ്റത്ത് ഒരടുപ്പുകൂട്ടി, അതിനുചുറ്റും കൂട്ടമായിരുന്ന്, കൊച്ചുവര്‍ത്തമാനങ്ങളോടു കൂടിയ പാചകരീതി കാണാന്‍തന്നെ ഒരു പ്രത്യേക ഭംഗിയായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ? ഗ്രാമങ്ങളില്‍ മാത്രമാണ് ഇങ്ങനെ പരമ്പരാഗത രീതിയിലുള്ള ഭക്ഷണ പാചകരീതികള്‍ കേട്ടോ. പട്ടണങ്ങളിലേക്ക് ചെല്ലുംതോറും മണ്‍കലങ്ങളും വിറകടുപ്പുകളും ഒക്കെ മാറി വൈദ്യുതി അടുപ്പുകളിലേക്ക് ചേക്കേറും. ഓര്‍മകളും ആചാരങ്ങളും സംസ്കാരങ്ങളും ഇനിയും മറന്നിട്ടില്ലാത്ത വളരെ ചുരുക്കം ചില ഗ്രാമങ്ങളുടെ മാത്രം സ്വന്തമാണ് ഇന്നീ രീതികള്‍. പക്ഷേ, ഇന്നും ഈ രീതികളെ ആരാധിക്കുന്ന, ആസ്വദിക്കുന്ന ഒരുപറ്റം വിദേശികളുടെയും സ്വദേശികളുടെയും നിത്യസന്ദര്‍ശന സ്ഥലങ്ങളായി ഈ ഗ്രാമങ്ങളും അവയിലൂടെ ഈ രീതികളും ഇന്നും ജീവിക്കുന്നുണ്ട്.

ലൗലി പാപ്പ്

ദക്ഷിണാഫ്രിക്കന്‍ പരമ്പരാഗത ഭക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍, ഒരിക്കലെങ്കിലും ആഫ്രിക്കന്‍ ഭക്ഷണം ആസ്വദിച്ചിട്ടുള്ള ഒരു വ്യക്തിയുടെ മനസിലേക്ക് കടന്നുവരുന്നത് പാപ്പ് എന്ന് ഇവര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഭക്ഷണ പദാര്‍ഥമായിരിക്കും. സാധാരണക്കാരന്‍െറ ഭക്ഷണം എന്ന് വിശദീകരിക്കാവുന്ന ഒരു ഭക്ഷണമാണ് പാപ്പ് എന്ന പേരില്‍ സുലഭമായി ലഭിക്കുന്ന ‘മില്ലീ പാപ്പ്’. കിഴക്കന്‍ മേഖലകളില്‍ ഇവ ‘ഉഗളി’എന്നും അറിയപ്പെടുന്നുണ്ട്. ഇതിലെ പ്രധാന കൂട്ട് ചോളം തന്നെയാണ്. ‘മില്ലീ’ എന്നാല്‍ ചോളം എന്നാണര്‍ഥം. ചോളപ്പൊടി കൊണ്ടുണ്ടാക്കുന്നതിനാലാണ് മില്ലീപാപ്പ് എന്ന പേരുപോലും.

ലൗലി പാപ്പ്
 


കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് പ്രാതലും ഉച്ചഭക്ഷണവും എല്ലാം പാപ്പ് തന്നെയാണ്. അവര്‍ അത് പാല്, ബട്ടര്‍, പഞ്ചസാര എന്നിവക്കൊപ്പം കഴിക്കും. എന്നാല്‍, ചിലര്‍ മാംസാഹാരങ്ങള്‍ക്കൊപ്പവും കഴിക്കാറുണ്ട്. കേരളത്തില്‍ പണ്ട് സ്കൂളുകളില്‍ ചോളം ഉപ്പുമാവ് കിട്ടുമായിരുന്നല്ലോ. ഇപ്പോള്‍ കഞ്ഞിയും സദ്യയുമൊക്കെയായി. ഇതുപോലെ ഇവിടെ ഗവണ്‍മെന്‍റ്  വിദ്യാലയങ്ങളിലെ ഭക്ഷണം പാപ്പ് ആണ്. ഒരു ശരാശരി ദക്ഷിണാഫ്രിക്കക്കാരന്‍െറ ജീവിതത്തില്‍ പാപ്പിനുള്ള സ്ഥാനം അത്രത്തോളം വലുതാണ്. പാപ്പ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ പാപ്പം ഓര്‍മകളില്‍ എവിടെയോ തെളിയുന്നില്ലേ? സംശയം വേണ്ട... നമ്മുടെ പാപ്പത്തിനോട് നല്ല സാദൃശ്യമുണ്ട് ഇതിന്. പാപ്പം പോലെ മൃദുലമാണ് പാപ്പും.

പാപ്പ്

ചേരുവകൾ:

  1. ചോളപ്പൊടി  -2, 3 കപ്പ്    
  2. വെള്ളം -3, 4 കപ്പ്
  3. എണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
  4. ഉപ്പ് -ഒരു ടേബ്ള്‍ സ്പൂണ്‍
  5. ഉരുളക്കിഴങ്ങ് -മൂന്ന്

പാകം ചെയ്യേണ്ടവിധം:

ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് എടുക്കുക. ശേഷം വെള്ളം, ഉപ്പ്, എണ്ണ എന്നിവ ചേര്‍ത്ത് ഉരുളക്കിഴങ്ങിനൊപ്പം നന്നായി വേവിക്കുക. പാത്രം അടച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് നല്ലവിധം മാവാകുന്ന പരുവം വരെ കാത്തിരിക്കുക. അതിനുശേഷം ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തില്‍ കുഴച്ച് ചോളപ്പൊടിയോടു ചേര്‍ത്ത് ഇളക്കുക. ചോളപ്പൊടിയും ഉരുളക്കിഴങ്ങ് മാവും നന്നായി കൂടിച്ചേരുന്നതു വരെ തുടരുക. ഒരു തടി കൊണ്ട് നിര്‍മിച്ച സ്പൂണോ, തവിയോ ഉപയോഗിക്കുന്നതാവും ഉത്തമം (പാത്രത്തിന് അടിക്കു പിടിക്കുന്ന ഭാഗത്ത് സ്പൂണ്‍ എത്താതെ സൂക്ഷിക്കുക. മുകളിലെ മൃദുലമായ ഭാഗം മാത്രം ഒരു പാത്രത്തിലേക്ക് വിളമ്പുക). അതിനുശേഷം നിങ്ങള്‍ക്ക് താല്‍പര്യമുള്ള കറികള്‍ക്കൊപ്പം കഴിക്കാം. പാപ്പിനൊപ്പം പ്രധാനമായും കഴിക്കുന്നത് ‘ചക്കാലക്ക’ (chakalaka) എന്ന കറി ആണ്.

ചക്കാലക്ക
 


ചക്കാലക്ക

ഒരു വലിയ പാനില്‍ ഒരു ടേബ്ൾ സ്പൂണ്‍ എണ്ണ ചൂടാക്കിയശേഷം സവാളയും കുരുമുളകും ഇട്ട് നന്നായി വഴറ്റണം, ആ സമയം ഒരു കോളിഫ്ലവര്‍ അരിഞ്ഞ് ആവിയില്‍ ചെറുതായി പുഴുങ്ങണം. പക്ഷേ, ഒരുപാട് വെന്തുപോകാനും പാടില്ല. പകുതി പുഴുങ്ങിയ കോളിഫ്ലവര്‍ നല്ല തണുത്ത വെള്ളത്തില്‍ കഴുകിയെടുത്ത് ഉണക്കുക. അതിനുശേഷം, വഴറ്റി വെച്ചിരിക്കുന്ന സവാളയിലേക്ക് ഒരു ടേബ്ൾ സ്പൂണ്‍ ഗരംമസാലയും ഒരു ടേബ്ൾ സ്പൂണ്‍ ഷുഗറും ചേര്‍ത്ത് കുറച്ച് സമയം ചൂട് കൊടുക്കുക. പിന്നീട് വലിയ കഷണങ്ങളായരിഞ്ഞ അഞ്ച് തക്കാളികൂടി ചേര്‍ത്ത് ഒരു പതിനഞ്ച് മിനിറ്റ് ചൂട് കുറച്ചിട്ട് വേവിക്കുക. അതിനുശേഷം അടുപ്പില്‍നിന്ന് ഇറക്കി, ആവിയില്‍ പകുതി പുഴുങ്ങിയ കോളിഫ്ലവറും പുഴുങ്ങിയ കുറച്ച് ബീന്‍സും ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു മുകളില്‍ ഒരു നാരങ്ങകൂടി പിഴിഞ്ഞ് ഒഴിച്ചാല്‍ ചക്കാലക്ക റെഡി.

തയാറാക്കിയത്: ആന്‍ മേരി ജോസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South African dishesPapMieliepapchakalakaSpicy foodLifestyle News
Next Story