ഡോക്ടര്‍മാര്‍ക്കിടയിലെ നര്‍ത്തകി

ഡോക്ടര്‍മാര്‍ക്കിടയിലെ നര്‍ത്തകി

ഡോക്ടര്‍മാര്‍ക്കിടയില്‍ ഗായകരെയോ നര്‍ത്തകരെയോ രാഷ്ട്രീയക്കാരെയോ കണ്ടെത്തുക പ്രയാസമാണ്. സ്‌റ്റെതസ്‌കോപ്പ് കയ്യിലെടുക്കുന്നതോടെ സാംസ്‌കാരിക- സാമൂഹ്യ- രാഷ്ട്രീയ ലോകവുമായി ഒരു ബന്ധവും വേണ്ടെന്നുവെക്കുന്നതിന്റെ മനശാസ്ത്രം എന്താണെന്ന് മനസ്സിലാകുന്നില്ല. ഇവരില്‍ പലരും തങ്ങളുടെ പഠനകാലത്ത് മികച്ച പ്രതിഭകളായി മെഡലുകള്‍ വാരിക്കൂട്ടിയവരായിരുന്നു..എന്നാല്‍ കലയെയും സാഹിത്യത്തെയുമൊക്കെ കൂട്ടുപിടിച്ചുകൊണ്ട് സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്ന അപൂര്‍വം ചില ഡോക്ടര്‍മാരും നമുക്കിടയിലുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ജ്ഞാനപീഠജേതാവായ പ്രൊഫ. ഒ.എന്‍.വി.കുറുപ്പിന്റെ മകള്‍ ഡോ.മായാദേവി കുറുപ്പ്. ഇംഗ്‌ളണ്ടിലെ ന്യൂകാസില്‍ ആതുരസേവനം നടത്തുന്നതോടൊപ്പം ഈ ഡോക്ടര്‍ നൃത്തം പഠിക്കുകയും അവതരിപ്പിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നു. ന്യൂകാസിലെ കേരളീയര്‍ക്ക് മലയാളത്തിന്റെ നിറസാന്നിദ്ധ്യമാണ് ഡോ.മായാദേവി.

പ്രൊഫഷന്റെ ലോകത്തേക്കു കാലുകുത്തുന്നതോടെ സ്വന്തം പ്രതിഭയെ കൈവെടിയുന്നവര്‍ക്ക് ഈ ഡോക്ടറുടെ ജീവിതം ഒരു പാഠമാണ്. ജോലിക്കിടയിലെ സംഘര്‍ഷങ്ങള്‍, വിരസത, വ്യായാമമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാണ് മായാദേവിക്ക് നൃത്തം. അതു പകര്‍ന്നുനല്‍കുന്ന ആത്മസംതൃപ്തി ജീവിതത്തിന് താളവും ഈണവും ഉന്മേഷവും നല്‍കുന്നുവെന്നാണ് മായാദേവി പറയുന്നത്. പ്രായത്തെ അതിജീവിക്കാന്‍ തക്ക പേശീബലവും സൗന്ദര്യവും ശരീരവടിവും നിലനിര്‍ത്താന്‍ നൃത്തം ഏറെ സഹായിക്കുന്നുണ്ടെന്ന് ആരും പറയാതെതന്നെ മനസിലാവുകയും ചെയ്യും.

വൈദ്യപാരമ്പര്യവും കലയും
കൊല്ലം ചവറയിലെ ഒറ്റപ്‌ളാക്കല്‍ തറവാട് പണ്ടേ പ്രശസ്തമായിരുന്നു. വൈദ്യപാരമ്പര്യത്തിന്റെപേരില്‍ നേടിയ ആ പ്രശസ്തി പിന്നീട് മലയാളകവിതാമണ്ഡലത്തിനു വഴിമാറി. ജ്ഞാനപീഠപുരസ്‌കാരവും നേടി കേരളത്തിന്റെഅഭിമാനമായി മാറിയ പ്രിയകവി ഒ.എന്‍.വി.യാണ് ആ പുതിയ പാത വെട്ടിക്കീറിയത്. അദ്ദേഹത്തിന്റെമകള്‍ ഡോ. മായാദേവി കുറുപ്പ് ഇന്ന് രണ്ടു പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നു. വൈദ്യപാരമ്പര്യത്തെ പിന്‍തുടര്‍ന്ന് പ്രശസ്തയായൊരു ഗൈനക്കോളജിസ്റ്റായി. കവിതകള്‍ക്ക് നൃത്താവിഷ്‌കാരം നല്‍കി അവതരിപ്പിച്ചുകൊണ്ട് കാവ്യപാരമ്പര്യത്തെയും ഒപ്പം കൂട്ടി. ചവറയില്‍നിന്ന് വഴുതക്കാട്ടെ ഇന്ദീവരത്തിലെത്തുമ്പോള്‍ സംഗീതവും നൃത്തവും ഇഴചേര്‍ന്ന സര്‍ഗ്ഗസംസ്‌കാരത്തിന്റെഈണവും താളവുമാണ് നമുക്കു കേള്‍ക്കാനാവുക. അറിയപ്പെടുന്ന സംഗീതസംവിധായകനും തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജരുമായ രാജീവ് ഒ.എന്‍.വി., ഡോ.മായാദേവി കുറുപ്പിന്റെ ഏകസഹോദരനാണ്. രാജീവിന്റെ മകള്‍ അപര്‍ണ പിന്നണിഗായികയും.
ഇനിയുമുണ്ട് ഈ സര്‍ഗ്ഗസദനത്തില്‍ പ്രതിഭയുടെ തിളങ്ങുന്ന മുത്തുകള്‍. ഡോ.മായാദേവിയുടെ ഭര്‍ത്താവ് ഡോ.ജയകൃഷ്ണന്‍ ന്യൂകാസിലെ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന കലാകാരനാണ്. നാടകാഭിനയത്തിലും നാടകസംവിധാനത്തിലുമാണ് അദ്ദേഹത്തിനു താല്പര്യം. ന്യൂകാസിലെ 'ശ്രുതി' എന്ന കലാസംഘടനയുടെ കലാവിഭാഗം കണ്‍വീനറാണ് ജയകൃഷ്ണന്‍. മകള്‍ അമൃത കവിതകളെഴുതും; ഇംഗ്‌ളീഷില്‍ മാത്രം. നിയമവിദ്യാര്‍ത്ഥിനിയായ അമൃത നൃത്തത്തിലും വ്യക്തമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഇളയ മകള്‍ സുമിതയ്ക്ക് കൂടുതല്‍ ഇഷ്ടം പാടാനാണ്.
കലയും കരിയറും
കേരളം വീണ്ടുമൊരു യുവജനോല്‍സത്തിനു കൂടി വേദിയാവുകയാണ്. ആയിരക്കണക്കിനു പ്രതിഭകള്‍ ആ വേദികളില്‍ മാറ്റുരയ്ക്കാനെത്തും. ചിലര്‍ സ്വര്‍ണ്ണത്തിളക്കവുമായും ചിലര്‍ കണ്ണീരുമായും മടങ്ങിപ്പോകും. ഏതാനും മാസങ്ങള്‍ക്കകം തന്നെ പോയിന്റുകള്‍ വാരിക്കൂട്ടിയ പ്രതിഭകള്‍ സ്വന്തം മാളങ്ങളിലേക്ക് വലിയും. ഇതാണ് കാലാകാലങ്ങളായി നാം കണ്ടുവരുന്നത്. കലയല്ല, കരിയറാണ് വലുതെന്ന് അവരുടെ ചെവിയില്‍ ആരോ നിരന്തരം മന്ത്രിക്കുന്നുണ്ട്. കരിയറിന്റെഅടിത്തറയുറപ്പിക്കാനുള്ള ചീളുകല്ലുകള്‍ മാത്രമാണ് പലര്‍ക്കും കല എന്നാണ് മനസിലാക്കേണ്ടത്. ഗ്രേസ്മാര്‍ക്ക്, എപ്‌ളസ്, ഉന്നതവിദ്യാഭ്യാസം, എന്‍ജിനിയര്‍, ഡോക്ടര്‍....ഇങ്ങനെ പോകുന്ന സ്വപ്നമണ്ഡലങ്ങളില്‍ കല വെറുമൊരു ബൂസ്റ്റ് മാത്രം. ഇവിടെയാണ് ഡോ.മായാദേവി കുറുപ്പിനെ നാം കൂടുതല്‍ മനസിലാക്കേണ്ടത്. ലോകത്തിന്റെഏതൊരു കോണിലായാലും ജീവിതത്തിന്റെഏതു ഘട്ടത്തിലായാലും പ്രതിഭയെ കൈവെടിയാതെ ഒപ്പം കൂട്ടാമെന്നാണ് ഡോ.മായാദേവിയും കുടുംബവും കാണിച്ചുതരുന്നു. കല കരിയറിനെ ബാധിക്കുകയില്ലെന്ന് ആ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
പൂജപ്പുരയിലെ 'നൂപുര' നൃത്തവിദ്യാലയമായിരുന്നു മായാദേവിയുടെ ആദ്യഗുരുകുലം. നൂപുരയുടെ സ്ഥാപകനായ രവി കുറുപ്പിന്റെും അദ്ദേഹത്തിന്റെഭാര്യ ചന്ദ്രികാ കുറുപ്പിന്റെും ശിക്ഷണം നൃത്തത്തിന്റെഅടിസ്ഥാനം ഉറപ്പിക്കാന്‍ സഹായകമായി. പിന്നീട് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കീഴില്‍ മോഹിനിയാട്ടത്തില്‍ ഉപരിപഠനവും വെമ്പായം അപ്പുക്കുട്ടന്‍ പിള്ളസാറിന്റെകീഴില്‍ കഥകളിയും പഠിച്ചു. ഭരതനാട്യത്തില്‍ ലീലാ പണിക്കരും ഒഡീസിയില്‍ ഗുരു ത്രിനാഥ് മാഹാറാണായും കുച്ചുപ്പുഡിയില്‍ ചന്ദ്രികാ കുറുപ്പുമാണ് ഗുരുക്കന്മാര്‍.
ഡോ. മായാദേവികുറുപ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസും എം.ഡി കഴിഞ്ഞാണ് ഉപരിപഠനത്തിനായി ഇംഗ്‌ളണ്ടിലേക്കു പറന്നത്. അവിടെ റോയല്‍ കോളേജില്‍നിന്ന് എം.ആര്‍.സി.ഓ.ജി (ങഞഇഛഏ) ഡിഗ്രി എടുത്തു. ചിന്താ പബ്‌ളിഷേഴ്‌സ് പുറത്തിറക്കിയ 'സ്ത്രീകള്‍ അറിയേണ്ടത്' എന്ന ഗ്രനഥം ഗൈനക്കോളജി രംഗത്തെ അവരുടെ അറിവുകളും കണ്ടെത്തലുകളും അനുഭവങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ്. ആസന്നമായ കലാമാമാങ്കത്തില്‍ അങ്കം കുറിക്കാനെത്തുന്ന പ്രതിഭകള്‍ക്ക് ഡോ. മായാദേവി ഒരു വഴിവിളക്കാവട്ടെ. അല്ലെങ്കില്‍ കലയും സാഹിത്യവുമില്ലാത്ത ഒരു തലമുറ ഈ മണ്ണിനെ ഇരുട്ടിലാക്കും. അതുണ്ടാവാതിരിക്കാനായി നമുക്കിടയില്‍ മായാദേവിമാര്‍ ഉണ്ടാവട്ടെ എന്നാശംസിക്കാം.
 
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com