പായസമാക്കിയാലും പാസ്ത ബഹുകേമം

11:19 AM
01/09/2017

കുട്ടിപ്പട്ടാളത്തിന്​ വേണ്ടി ഒരു പുതുമയുള്ള പായസം ആവാം ഇന്ന്. കുട്ടികള്‍ക്ക് പ്രിയമുള്ള പാസ്ത പായസരൂപത്തില്‍ ഉണ്ടാക്കിയാലും നല്ല രുചിയാണെന്ന്​ പറയുന്നു ഈ പാചകക്കുറിപ്പ് പരിചയപ്പെടുത്തുന്ന സുനി തോമസ്‌. നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ? 

ചേരുവകൾ: 

  • പാസ്ത -ഒന്നരകപ്പ്
  • പഞ്ചസാര -മുക്കാൽ കപ്പ്​
  • പാല്​ -മൂന്ന്​ കപ്പ്​
  • കണ്ടൻസ്​ഡ്​ മിൽക്ക്​ -അര കപ്പ്​
  • നെയ്യ്​ -ഒരു ടീസ്​പൂൺ
  • ഏലയ്​ക്കാ പൊടി -ഒരു നുള്ള്​
  • അണ്ടിപരിപ്പ്​ -ആറെണ്ണം
  • കിസ്​മിസ്​ -പത്ത്​ 

തയാറാക്കുന്ന വിധം:
ഒരടുപ്പില്‍ പാസ്ത രണ്ട്​ കപ്പ് തിളക്കുന്ന വെള്ളത്തില്‍ 10  മിനിട്ട് വേവിക്കാന്‍ വെക്കുക. ഇതേസമയം മറ്റൊരു അടുപ്പില്‍ പാല് പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കാന്‍ വെക്കുക. പാല്‍ തിളയ്ക്കുമ്പോഴേക്കും പാസ്ത ഏകദേശം വെന്തിട്ടുണ്ടാകും. കൂടുതല്‍ വെന്താല്‍ പാസ്തയുടെ ആകൃതി നഷ്​ടമാകും. വെള്ളം ഊറ്റിയ ശേഷം പാസ്ത നേരെ തിളച്ച പാലിലേക്കിടുക. പാലില്‍ കിടന്ന് പാസ്ത നന്നായി സോഫ്റ്റായാല്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക. ഇത്​ തിളച്ച് കുറുകി വരുമ്പോള്‍ ഏലക്കാപൊടിയും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കിയാല്‍ പായസം റെഡി.

(പാസ്ത ഏത് ഡിസൈനുള്ളതും ആകാം. എങ്കിലും ചെറുതാണ് ഭംഗിയും സൗകര്യവും)

തയാറാക്കിയത്: സുനി തോമസ്​

COMMENTS