Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘപരിവാർ ഭീഷണി...

സംഘപരിവാർ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം- ചെന്നിത്തല

text_fields
bookmark_border
സംഘപരിവാർ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം- ചെന്നിത്തല
cancel

തിരുവനന്തപുരം: മഹാഭാരതം ചലച്ചിത്രമാകുമ്പോൾ സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന സംഘപരിവാർ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക് പേജിലാണ് സംഘപരിവാർ ഭീഷണിക്കെതിരേ ആഞ്ഞടിച്ചത്. ഇത്തരം ഉത്തരവുകൾ പുറത്തിറക്കാൻ സംഘപരിവാറിനു ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

രണ്ടാമൂഴം  നോവലിനെ അധികരിച്ചെത്തുന്ന മഹാഭാരതം സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ശുദ്ധതെമ്മാടിത്തരമാണ്. ഇങ്ങനെയുള്ള ഭീഷണികളെ കേരളം വകവയ്ക്കില്ല. ഏതോ മഹത്തായകാര്യങ്ങൾ ചെയ്യുന്നു എന്ന തോന്നലിൽ വിളിച്ചു പറയുന്ന ഇത്തരം വിടുവായത്തങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. മഹാഭാരതത്തിന്റെ അവസാനവാക്ക് തങ്ങളുടേതാണ് എന്ന് വരുത്തിത്തീർക്കാൻ വർഗീയവാദികൾ ശ്രമിക്കേണ്ട. മലയാളിയുടെ മതേതര സാമൂഹ്യജീവിതം വിഷമയമാക്കാനുള്ള സംഘപരിവാർ അജണ്ടയെ കൃത്യമായി തിരിച്ചറിഞ്ഞു അകറ്റി നിർത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. 

മഹാഭാരതം സംരക്ഷിക്കാൻ ``സ്വയം പ്രഖ്യാപിത കുത്തകപാട്ടക്കാർ`` ആകുന്നതിന് മുൻപ് ഈ പുസ്തകം ഒന്ന് നിവർത്തി വായിക്കണം എന്നും പ്രതിപക്ഷ നേതാവ് സംഘപരിവാരത്തിനോട് ആവശ്യപ്പെടുന്നു. വരുംകാലത്തെ സാഹിത്യകാരന്മാർക്ക്, അവരുടെ വീക്ഷണകോണിൽ നിന്നും എഴുതാനായി നിരവധി തന്തുക്കൾ വേദവ്യാസൻ മഹാഭാരതത്തിൽ നിരത്തിയിട്ടുണ്ടെന്നും മഹാഭാരതത്തിന്റെ കുത്തകപട്ടം തങ്ങൾക്കാണ് എന്ന തരത്തിൽ സംഘപരിവാർ കരുതരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു.
 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം 
മഹാഭാരതം സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന സംഘപരിവാർ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇത്തരം ഉത്തരവുകൾ ഇറക്കാൻ ആരാണ് ഇവർക്ക് അധികാരം നൽകിയത് ? സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ നിയന്ത്രിക്കാൻ ഉത്തരവാദിത്വപെട്ടവർ തയാറാകാത്തത് എന്തുകൊണ്ടാണ് ? കേരളത്തിലെ സംഘപരിവാർ നേതാക്കൾ കേട്ടാലറക്കുന്ന ഭാഷയുമായിട്ടാണ് തെരുവിൽ പോർവിളി നടത്തുന്നത്. നിലവാരമില്ലാത്ത ഭാഷയിൽ വർഗീയ വിഷം തുപ്പുന്നതിൽ ഇവർ മത്സരിക്കുന്നത് സാക്ഷി മഹാരാജനോടും സാധ്വി പ്രാചിയോടുമൊക്കെയാണ്. മഹാഭാരതം സംരക്ഷിക്കാൻ ``സ്വയം പ്രഖ്യാപിത കുത്തകപാട്ടക്കാർ`` ആകുന്നതിന് മുൻപ് ഈ പുസ്തകം ഒന്ന് നിവർത്തി വായിക്കണം എന്നാണ് ഞാൻ ഇക്കൂട്ടരോട്
ആവശ്യപെടുന്നത്. വരുംകാലത്തെ സാഹിത്യകാരന്മാർക്ക്, അവരുടെ വീക്ഷണകോണിൽ നിന്നും എഴുതാനായി നിരവധി തന്തുക്കൾ വേദവ്യാസൻ മഹാഭാരതത്തിൽ നിരത്തിയിട്ടുണ്ട്.

മഹാഭാരതത്തിൽ നിന്നുള്ള ശ്രീകൃഷ്ണ കഥ വികസിപ്പിച്ചാണ് ശ്രീമദ് ഭാഗവതം വ്യാസൻ തന്നെ എഴുതിയത്. ഭീമനെ അടർത്തിയെടുത്ത് നായക പദവിയിലേക്ക് ഉയർത്തി വളരെ മനോഹരമായിട്ടാണ് എം ടി വാസുദേവൻ നായർ 'രണ്ടാംമൂഴം'എഴുതിയത്. ശിവജി സാവന്ത് കർണനെയാണ് ഏറ്റെടുത്തത്. എന്റെ സുഹൃത്തും പ്രിയ എഴുത്തുകാരനുമായ ആനന്ദ് നീലകണ്ഠൻ ദുര്യോധനനിലൂടെ മഹാഭാരതം വായിച്ചെടുക്കുന്നു. വ്യാസൻ വരച്ചിട്ട ദുര്യോധനൻ, ആനന്ദിന്റെ പുസ്തകത്തിൽ സുയോധനനായി പുനർജ്ജനിക്കുന്നു. പാഞ്ചാലി, ഗാന്ധാരി,ശകുനി തുടങ്ങിയ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവേകി എത്രയെത്ര നോവലുകൾ എത്രയെത്ര ഭാഷകളിൽ രചിച്ചിരിക്കുന്നു. രാമായണവും മഹാഭാരതവുമൊക്കെ പലതവണ പുനർവായനകൾക്ക് വിധേയമായിട്ടുണ്ട്.

രണ്ടാമൂഴം നോവലിനെ അധികരിച്ചെത്തുന്ന മഹാഭാരതം സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ശുദ്ധതെമ്മാടിത്തരമാണ്. ഇങ്ങനെയുള്ള ഭീഷണികളെ കേരളം വകവയ്ക്കില്ല. ഏതോ മഹത്തായകാര്യങ്ങൾ ചെയ്യുന്നു എന്ന തോന്നലിൽ വിളിച്ചു പറയുന്ന ഇത്തരം വിടുവായത്തങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. മഹാഭാരതത്തിന്റെ അവസാനവാക്ക് തങ്ങളുടേതാണ് എന്ന് വരുത്തിത്തീർക്കാൻ വർഗീയവാദികൾ ശ്രമിക്കേണ്ട. മലയാളിയുടെ മതേതര സാമൂഹ്യജീവിതം വിഷമയമാക്കാനുള്ള സംഘപരിവാർ അജണ്ടയെ നാം കൃത്യമായി തിരിച്ചറിഞ്ഞു അകറ്റി നിർത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithala
News Summary - Ramesh Chennithala
Next Story