Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാപ്പിള കലകളുടെ...

മാപ്പിള കലകളുടെ യുവജനോത്സവാവിഷ്കാരങ്ങൾ പറയുന്നത്​

text_fields
bookmark_border
മാപ്പിള കലകളുടെ യുവജനോത്സവാവിഷ്കാരങ്ങൾ പറയുന്നത്​
cancel

ഏതൊരു കലയെയും പോലെ മാപ്പിളകലകളും മത്സരവേദിയിലെത്തുമ്പോൾ സ്വാഭാവികമായും അതി​​​െൻറ തനിമയും പൂർണതയും നഷ്​ടപ്പെടുത്തുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിലേക്ക് മുറിച്ചെടുത്ത് ആടിത്തീരേണ്ടതല്ല ഒരു പാരമ്പര്യകലയും എന്ന മൗലികവാദംകൊണ്ട് കാര്യവുമില്ല. ഇന്നത്തെ കാലത്ത് കലയും പാരമ്പര്യവും ഏറക്കുറെ നിലനിന്നുപോകുന്നത് മത്സരവേദികളിലും ടെലിവിഷൻ ചാനലുകളിലുമാണല്ലോ. അവ അങ്ങനെ നിലനിൽക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിൽ മാത്രമെ  ഇത്തിരി കാര്യമുള്ളൂ. അതൊരു പിന്തിരിപ്പൻ ചോദ്യമാകയാൽ എങ്ങനെയെങ്കിലും നിലനിന്നുപോട്ടെ എന്ന സമാധാനത്തിൽ മത്സരവേദികളിലെ കലാപ്രകടനങ്ങളെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോവുകയേ വഴിയുള്ളൂ. ഈ പശ്ചാത്തലത്തിൽ മാപ്പിള കലകളുടെ യുവജനോത്സവാവിഷ്കാരങ്ങളിലെ പ്രശ്നങ്ങളിലേക്ക് ചില നോട്ടങ്ങൾ നല്ലതാണ്.

മാപ്പിളപ്പാട്ടാണ് ഈ ഇനത്തിൽ ഏറെ പരാമർശിക്കേണ്ട ഒന്ന്. മോയിൻകുട്ടി വൈദ്യരാണ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാകവി. ഭാഷയിലും വിഷയസ്വീകരണത്തിലും മലയാള കാവ്യപാരമ്പര്യത്തിൽ വിസ്മയം തീർത്ത പാട്ടുപ്രസ്ഥാനമാണ് അത്. ഓരോ കാലത്തും അനുയോജ്യമായ പുതുക്കലുകൾക്ക് വിധേയമായി മാത്രമേ ഏതൊരു ജനകീയ കലയും നിലനിൽക്കുകയുള്ളൂ. ഭാഷയിലും വിഷയത്തിലും ഏറ്റവും പുതിയ പ്രവണതകളെ വരെ ഉൾക്കൊള്ളാൻ മാപ്പിളപ്പാട്ട് തയാറായിട്ടുണ്ടെങ്കിലും ഇന്നു യുവജനോത്സവ വേദികളിൽ മാപ്പിളപ്പാട്ട് പഴയ സങ്കരഭാഷയിലെ പാരഡി രചനകളിൽ അടഞ്ഞുപോയിരിക്കുകയാണ്. പുതിയ കവികൾ എഴുതിക്കൂട്ടുന്ന ആർക്കും മനസ്സിലാകാത്ത വരികളെ സംഗീതസംവിധായകർ ചിട്ടപ്പെടുത്തിയ പുതിയ ഈണത്തിൽ ചൊല്ലിയൊപ്പിക്കുന്ന പാട്ടുകളെയാണ് ഇന്ന് മാപ്പിളപ്പാട്ടുകൾ എന്ന് പറയപ്പെടുന്നത്. പാടുന്ന കുട്ടിക്കോ മാർക്കിടുന്ന വിധികർത്താക്കൾക്കോ കേൾക്കുന്ന ആസ്വാദകർക്കോ പാട്ടോ ഇശലോ ഉള്ളടക്കമോ ഭാഷയോ മനസ്സിലാകാത്ത ഒരേയൊരു ഐറ്റം മാപ്പിളപ്പാട്ടായിരിക്കും. കടകട, കുടുകുടു, ശങ്കര, മങ്കര... തുടങ്ങി പ്രാസത്തി​​​െൻറ വേലിയേറ്റത്തിലും അന്യഭാഷാപദങ്ങളുടെ അനൗചിത്യ ചേർച്ചയിലും വികലമാക്കിയ ഈ മാപ്പിളപ്പാട്ടുകളുടെ, ആവേശത്തിലുള്ള അവതരണം അനാവശ്യ നിഗൂഢതകൾ ഈ രംഗത്ത് സൃഷ്​ടിച്ചിരിക്കുന്നു. സുന്ദരമായ മെലഡികളും നല്ല മലയാളത്തിലുള്ള മാപ്പിളപ്പാട്ടുകളും മത്സരവേദിയിൽ നിന്ന് തൂത്തുമാറ്റപ്പെട്ടിരിക്കുന്നു. മോയിൻ കുട്ടിവൈദ്യരുടെ പാരമ്പര്യത്തെ ഏറ്റവും ജനകീയമായി പുനർനിർമിച്ച പുലിക്കോട്ടിൽ ഹൈദർ, ടി. ഉബൈദ്, യു.കെ. അബൂസഹ്​ല, മെഹർ, പി.ഭാസ്കരൻ, പി.ടി. അബ്​ദുറഹ്മാൻ, ഒ.എം. കരുവാരക്കുണ്ട് എന്നിവരെ കൈവിട്ട് പാരഡിഎഴുത്തുകാരെ എഴുന്നള്ളിക്കുന്ന മാപ്പിളപ്പാട്ട് മത്സരവേദികൾ ഈ കലാമേഖലക്ക് ഒരു ഗുണവും സംഭാവന ചെയ്യുന്നില്ല.

മറ്റു മാപ്പിളകലകളിൽ ഒപ്പനയാണ് ജനകീയമായ മറ്റൊരു കല. പാട്ടിലും കൈകൊട്ടലിലും ഏറക്കുറെ മികച്ച രീതി പിന്തുടരാൻ ഒപ്പനക്ക്​ കഴിയുന്നുണ്ട്. എന്നാൽ വേഷത്തിലെ വൈവിധ്യത്തെ വിധികർത്താക്കൾ അംഗീകരിക്കുന്നില്ല എന്നത് ചില അജ്ഞതകൾ വെളിവാക്കുന്നുണ്ട്. മാപ്പിളപ്പെണ്ണുങ്ങളുടെ പാരമ്പര്യ വേഷമെന്നത് കോഴിക്കോട് കുറ്റിച്ചിറയിലെ സമ്പന്ന മുസ്​ലിം സ്ത്രീകളുടെ വേഷമാണെന്ന് സ്ഥാപിച്ചുകൊണ്ട് തൊണ്ണൂറുകളുടെ മധ്യത്തിലാണ് ഈ ഒപ്പനവേഷം അടിച്ചേൽപിക്കപ്പെട്ടത്. മലപ്പുറത്തെ മുസ്​ലിം പെണ്ണുങ്ങൾ സൂപ്പ് എന്നു പേരുള്ള കറുത്ത കസവു മുണ്ടുവരെ കല്യാണത്തിന് ധരിച്ചിരുന്നു. അത്തരം സൗന്ദര്യങ്ങളെ മുഴുവൻ ഈ വെളുത്ത മുണ്ടിലേക്കും ആടയാഭരണങ്ങളിലേക്കും ചുരുക്കിയത് ഒപ്പനയുടെ പ്രാദേശിക വൈവിധ്യങ്ങളെ നിരാകരിക്കലാണ്. പുരുഷൻമാരുടെ ഒപ്പന എന്നു പറയാവുന്ന (ഒപ്പന, യഥാർഥത്തിൽ പുരുഷൻമാരുടെ കലയാണെന്നത് വേറെ ചരിത്രം) വട്ടപ്പാട്ടിലെ വേഷത്തിലും ഈ വൈവിധ്യനിരാകരണം ഉണ്ട്. 

മാപ്പിള പുരുഷ കലകളിൽ പ്രധാനപ്പെട്ട കോൽക്കളി, ദഫ്മുട്ട്, അറബനമുട്ട് എന്നിവ ഇന്ന് അവതരിപ്പിക്കപ്പെടുന്നത് ഏറക്കുറെ ഏറ്റവും കലാപരവും സുന്ദരവുമായ രീതിയിലാണെന്നത് സന്തോഷകരമാണ്. അവയിൽ ഏറ്റവും അഭിനന്ദനമർഹിക്കുന്നത് കോൽക്കളിയാണ്. ദഫ്​മുട്ടി​​​െൻറ താളക്രമം വിസ്മയകരമാണ്. പുതിയ സംഗീതഗവേഷകരുടെ ശ്രദ്ധ പക്ഷേ, അതിൽ വേണ്ടത്ര പതിഞ്ഞിട്ടില്ല എന്നുമാത്രം. ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി എന്നിവയാണ് മാപ്പിള അവതരണകലകളിൽ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്നത്. ഒപ്പന ഉരുത്തിരിഞ്ഞുവന്നിട്ട് അരനൂറ്റാണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഒപ്പനയെ മാപ്പിള പാരമ്പര്യ കല എന്ന ഭാവത്തിൽ പരിചരിക്കുന്നതും ശരിയല്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskalolsavamoppanamappila songsmalayalam newskalolsavam 2018Thrissur News
News Summary - kerala school kalolsavam 2018 thrissur-Kerala news
Next Story