Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദിയും പിണറായിയും...

മോദിയും പിണറായിയും കരിപ്പൂരിൽ ചെയ്യേണ്ടത്

text_fields
bookmark_border
മോദിയും പിണറായിയും കരിപ്പൂരിൽ ചെയ്യേണ്ടത്
cancel

രണ്ടാഴ്ച കഴിഞ്ഞാൽ കരിപ്പൂർ വിമാനത്താവളത്തിലെന്തു സംഭവിക്കുമെന്ന ജിജ്ഞാസയിലാണ് മലബാറും പ്രവാസി സമൂഹവും. രണ്ടാഴ്ചയോടെ റൺവേ റീ കാർപെറ്റിങ് പ്രവൃത്തി തീരുമ്പോൾ അതിനായി സസ്​പെൻഡ് ചെയ്ത വിമാനങ്ങളുടെ സർവിസ്​ പുനരാരംഭിക്കുമോ എന്ന ആശങ്കയാണ് എങ്ങും. റൺവേ റിപ്പയറുകൾക്കും ശക്തിപ്പെടുത്തലിനുമായി സർവിസ്​ നിർത്തിവെച്ച ഇന്ത്യയിലെ മറ്റേതെങ്കിലുമൊരു എയർപോർട്ടിെൻറ ചരിത്രത്തിൽ ഇത്തരമൊരു ആശങ്ക ഉയർന്നിട്ടുണ്ടാകില്ല.

റൺവേ പൊട്ടിപ്പൊളിഞ്ഞ് ഒരുമാസം ഇരുപതും മുപ്പതും പ്രാവശ്യം പാച്ച് വർക്ക് നടത്തുന്ന സ്​ഥിതിവിശേഷം സംജാതമായപ്പോഴാണ് 2015 മേയ് ഒന്നിന് കോഡ് ഇ വിഭാഗത്തിൽപെടുന്ന വലിയ വിമാനങ്ങൾ ആറുമാസത്തേക്ക് സർവിസ്​ സസ്​പെൻഡ് ചെയ്യുകയാണെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെ സർവിസ്​ നടത്തുന്ന വിമാനക്കമ്പനികളെ അറിയിച്ചത്. എയർ ഇന്ത്യയും എമിറേറ്റ്സും സൗദിയയും ഗൾഫിലേക്ക് സർവിസ്​ നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഈ താൽക്കാലിക വിലക്ക് നിലവിൽ വന്നത്. കരിപ്പൂരിനെ ആശ്രയിക്കുന്ന മലബാറുകാരുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമെന്ന നിലയിൽ അവരും ഈ നീക്കത്തെ സ്വാഗതം ചെയ്തു. 

കേവലം ആറുമാസത്തേക്ക് മാത്രമുള്ള താൽക്കാലിക നടപടിയാണെന്ന നിലയിലാണ് വിമാനക്കമ്പനികളും ഇതിനെ സമീപിച്ചിരുന്നത്.  ആറു മാസമെന്നത് നന്നെക്കവിഞ്ഞാൽ റീകാർപെറ്റിങ് പ്രവൃത്തി തീരുന്നതുവരെയെന്ന് മാത്രമേ അവിടെ ദിനേന വിമാനമിറക്കുകയും പറത്തുകയും ചെയ്തിരുന്ന വിമാനക്കമ്പനികൾ പോലും കരുതിയിരുന്നുള്ളൂ. അതു കൊണ്ടാണ് സർവിസ്​ നിർത്തിവെച്ചിട്ടും എമിറേറ്റ്സും സൗദിയയും അടക്കമുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികൾ മാസംതോറും മൂന്നു ലക്ഷം രൂപവരെ വാടക കൊടുത്ത് കരിപ്പൂരിലെ തങ്ങളുടെ ഓഫിസും സംവിധാനവും നിലനിർത്തിപ്പോന്നത്.
വിമാനക്കമ്പനികളുടെ വിശ്വാസം തന്നെയായിരുന്നു മലബാറിനും പ്രവാസികൾക്കുമുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് റൺവേ റീകാർപെറ്റിങ് പൂർത്തിയാക്കിയാൽ വിദേശ രാജ്യങ്ങളിലേക്കുള്ള സർവിസ്​ പുനരാരംഭിക്കുമെന്നവർ കരുതി.

മഴ കാരണം നീട്ടി നിശ്ചയിച്ച റൺവേയുടെ പ്രവൃത്തി സെപ്റ്റംബറിലും തുടങ്ങിയില്ലെന്ന് കണ്ടതോടെ കരിപ്പൂർ വിമാനത്താവള വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ സമരം തുടങ്ങുകയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കുമേൽ സമ്മർദം ചെലുത്താൻ മുൻ വിദേശ മന്ത്രികൂടിയായ ഇ. അഹമ്മദിനെ നേരിൽ കണ്ട് സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആ മുന്നറിയിപ്പ് മുഖവിലക്കെടുത്ത അഹമ്മദ് പിറ്റേന്നുതന്നെ എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ കരിപ്പൂരിലെ ഫയലില്ല എന്ന മറുപടിയാണ് അതോറിറ്റി നൽകിയത്.

എന്നാൽ, സമരസംഘടനകളെ ബന്ധപ്പെട്ട് അഹമ്മദ്തന്നെ ഫയലെത്തിച്ചതോടെ കഴിഞ്ഞ വർഷം സെപ്റ്റംബർ പകുതിയോടെ റീകാർപെറ്റിങ് പ്രവൃത്തി തുടങ്ങാൻ അതോറിറ്റി നിർബന്ധിതമായി. റൺവേ ശക്തിപ്പെടുത്തുന്ന പ്രവൃത്തി എന്തായാലും നടക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് പുതിയ തടസ്സവാദങ്ങളുമായി എയർപോർട്ട് അതോറിറ്റി രംഗത്തുവരുന്നത്. ബോയിങ് 777, 747 പോലുള്ള വലിയ വിമാനങ്ങൾക്ക് സർവിസ്​ നടത്താനുള്ള ശക്തി കരിപ്പൂരിനില്ല എന്നതായിരുന്നു പ്രധാന വാദം. വിമാനങ്ങളിറങ്ങി ഇടക്കിടെ പൊട്ടിപ്പൊളിഞ്ഞ് ബലക്ഷയം സംഭവിച്ച റൺവേ റീകാർപെറ്റിങ് നടത്തി ശക്തിപ്പെടുത്താനാണ് അടച്ചിട്ടതെന്ന സ്വന്തം തീരുമാനത്തെതന്നെ അപഹസിക്കുകയാണ് അതോറിറ്റി ഈ വിതണ്ഡവാദത്തിലൂടെ ചെയ്തത്. പ്രവൃത്തി തുടങ്ങുമ്പോൾ നിശ്ചയിച്ചതിലും നേരത്തേയാണ് റീകാർപെറ്റിങ് പ്രവൃത്തി പൂർത്തീകരണത്തോട് അടുക്കുന്നത്. റൺവേയുടെ ബലത്തിെൻറ സൂചകമായ പി.സി.എന്നിെൻറ അളവ് കരിപ്പൂരിൽ 56ൽനിന്ന് 75 ആയി ഉയർന്നു. അതോടെ റൺവേക്ക് ബലക്ഷയമെന്ന വാദം ദുർബലമായി.

കരിപ്പൂരിന് ലഖ്നോ ആയാലും മതി
കോഴിക്കോട് വിമാനത്താവളം എയറോഡ്രോം റഫറൻസ്​ കോഡ് പ്രകാരം ‘നാല് ഡി’ വിഭാഗത്തിൽപെടുന്നതിനാൽ ‘നാല് ഇ’ വിഭാഗത്തിൽപെടുന്ന എയർബസ്​ 320, ബോയിങ് 777, ബോയിങ് 747 വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കാൻ കഴിയില്ലെന്നാണ് രണ്ടാമത്തെ തടസ്സവാദം.  യഥാർഥത്തിൽ വിമാനങ്ങൾക്ക് സർവിസ്​ നടത്താൻ വേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ടതല്ല എയറോഡ്രോം റഫറൻസ്​ കോഡ്. അതുകൊണ്ടാണ് നാല് ഡി വിഭാഗത്തിൽപെടുന്ന ലഖ്നോ വിമാനത്താവളത്തിൽനിന്ന് ഇപ്പോഴും കരിപ്പൂരിൽ പറ്റില്ലെന്ന് പറയുന്ന നാല് ഇ വിഭാഗത്തിൽപെടുന്ന വിമാനങ്ങൾ ഗൾഫിലേക്ക് സമാനമായ സർവിസ്​ നടത്തിക്കൊണ്ടിരിക്കുന്നത്.

നാല് ഇ വിഭാഗത്തിലുള്ള മുംബൈ വിമാനത്താവളത്തിൽനിന്ന് നാല് എഫ് വിഭാഗത്തിൽപെടുന്ന വിമാനങ്ങൾ സർവിസ്​ നടത്തുന്നതിെൻറ കാരണവും അതുതന്നെയാണ്. ബോയിങ് 737. എയർബസ്​ എ 320 പോലുള്ള വിമാനങ്ങൾക്ക് അനുയോജ്യമായ തരത്തിലാണ് കോഴിക്കോട്ട് വിമാനത്താവളം നിർമിച്ചത്. അതിനുശേഷം നടത്തിയ വികസന പ്രവർത്തനങ്ങളിലൂടെ നാല് ഇ കാറ്റഗറിയിൽപെടുന്ന ബോയിങ് 747, ബോയിങ് 777  വിമാനങ്ങൾക്ക് അനുയോജ്യമാക്കി വിമാനത്താവളത്തെ പരിവർത്തിപ്പിച്ചിട്ടുമുണ്ട്. ഇതിനുശേഷം എയർപോർട്ട് അതോറിറ്റി സമഗ്ര സുരക്ഷ പരിശോധന നടത്തിയാണ് 2002ൽ വലിയ വിമാനമായ ബോയിങ് 747 ഉപയോഗിച്ച് ഹജ്ജ് സർവിസിന് എയർ ഇന്ത്യക്ക് അനുമതി നൽകിയത്. അതിെൻറ തുടർച്ചയെന്നോണം ജിദ്ദയിലേക്ക് സാധാരണ വിമാന സർവിസ്​ ആരംഭിക്കുകയും ചെയ്തു.

കരിപ്പൂരിനെ ആശ്രയിക്കുന്ന പ്രവാസികളിൽ വലിയൊരു വിഭാഗം സൗദി അറേബ്യയിലായതിനാൽ ജിദ്ദ സർവിസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പോയ 14 വർഷം എയർ ഇന്ത്യ മുഴുവൻ യാത്രക്കാരുമായാണ് കരിപ്പൂരിൽനിന്ന് ഉയർന്നുപൊങ്ങിയിരുന്നത്. ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഹജ്ജ്, ഉംറ സീസൺ നൽകുന്ന തീർഥാടകർ കൂടിയായതോടെ കരിപ്പൂരിലെ ജിദ്ദ സർവിസ്​ എയർ ഇന്ത്യയുടെ മികച്ച സർവിസായി മാറി. അതോടെ, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കർശനനിയന്ത്രണങ്ങളുള്ള ബോയിങ് 777 വിമാനങ്ങൾ കരിപ്പൂരിൽ പറത്താനും അനുമതി നൽകി. 

റൺവേയുടെ നീളവും വീതിയും
വിമാനത്താവളത്തിലെ റൺവേയുടെ ഇരുവശങ്ങളിലുമുള്ള സ്​ട്രിപ്പുകളുടെ വീതി 75 മീറ്റർ വീതമാണെന്നും അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ മാനദണ്ഡമനുസരിച്ച് വലിയ വിമാനങ്ങൾക്ക് സർവിസ്​ നടത്താൻ 150 മീറ്റർ വീതം ഇരുവശത്തും വേണമെന്നാണ് മറ്റൊരു തടസ്സവാദം. എന്നാൽ, സ്​ഥലപരിമിതി കാരണം ഈ മാനദണ്ഡത്തിൽനിന്ന് ഇന്ത്യയിലെ മിക്ക അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഒഴിവാക്കിയിട്ടുണ്ടെന്നുതന്നെയാണ് അതിനുള്ള മറുപടി.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ സ്വന്തം അഹ്മദാബാദിലും കരിപ്പൂരിനെപ്പോലെ 75 മീറ്റർ വീതം വീതിയുള്ള സ്​ട്രിപ് മാത്രമാണുള്ളത്. ഗോവ, ജയ്പൂർ, നാഗ്പൂർ, ലഖ്നോ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഈ കരിപ്പൂർ നിലവാരത്തിൽതന്നെയാണ്. 

കരിപ്പൂരിലെ റൺവേയുടെ നീളക്കുറവാണ് ചേർത്തുപറയുന്ന മറ്റൊരു പ്രശ്നം. 2850 മീറ്റർ നീളമുണ്ട് കരിപ്പൂരിലെ റൺവേക്ക്. എന്നാൽ, 2760 മീറ്റർ നീളമേ ലഖ്നോ വിമാനത്താവളത്തിനുള്ളൂ.  ഈ പശ്ചാത്തലത്തിൽ എയർപോർട്ട് അതോറിറ്റി ആർക്കോ വേണ്ടി ഏകപക്ഷീയമായി കാര്യങ്ങൾ നീക്കുകയാണെന്ന വാദം ബലപ്പെടുകയാണ്.

ഗുജറാത്തും കേരളവും
മോദിയുടെ ഗുജറാത്തിലുള്ള അഹ്മദാബാദ് വിമാനത്താവളത്തിെൻറ അളവുകോൽ സ്വന്തം സംസ്​ഥാനത്തെ പ്രധാനപ്പെട്ട ഒരു വിമാനത്താവളത്തിനും ബാധകമാക്കണമെന്നു പറയാൻ സംസ്​ഥാന മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമോ എന്നുള്ളതാണ് കരിപ്പൂർ ഉയർത്തുന്ന ചോദ്യം. റൺവേ റീകാർപെറ്റിങ് നടത്തി ബലപ്പെടുത്താനാണ് താൽക്കാലികമായി സർവിസ്​ നിർത്തിവെക്കുന്നതെന്ന് എയർപോർട്ട്  അതോറിറ്റി  വിമാനക്കമ്പനികൾക്ക് അയച്ച കത്ത് അവരുടെ പക്കലുണ്ട്. മുഖ്യമന്ത്രിക്ക് ആവശ്യമെങ്കിൽ അതിെൻറ പകർപ്പ് കിട്ടാൻ ഒരു പ്രയാസവുമില്ല.

പ്രധാനമന്ത്രി മോദിക്ക് മുന്നിൽ ആ  കത്ത് ഉയർത്തിക്കാണിച്ച് കരിപ്പൂരിെൻറ ദീർഘകാല വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ താൽക്കാലികമായി വലിയ വിമാന സർവിസ്​ നിർത്തിവെച്ചതുമായി കൂട്ടിക്കലർത്തരുതെന്ന് പറയാനുള്ള ത്രാണി പിണറായിക്കുണ്ടാകണം. അഹ്മദാബാദിന് ഒരു നീതിയും കരിപ്പൂരിന് മറ്റൊരു നീതിയുമെന്ന നിലപാട് തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തയാറാകണം. റീകാർപെറ്റിങ് കഴിയുന്ന മുറക്ക് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവിസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് തിങ്കളാഴ്ച പാർലമെൻറിലേക്ക് മാർച്ച് നടത്തുന്ന സമര സമിതിയും ആവശ്യപ്പെടുന്നത്.

കരിപ്പൂരിൽ സ്​ഥലമെടുത്തശേഷം നടപ്പാക്കേണ്ട ദീർഘകാലാടിസ്​ഥാനത്തിലുള്ള വികസന പ്രശ്നങ്ങളെയും എയർപോർട്ട് അതോറിറ്റി അപ്രതീക്ഷിതമായി വാക്കുമാറ്റി തടസ്സവാദങ്ങളുയർത്തിയതിനെ തുടർന്ന് ഉടലെടുത്ത  പ്രശ്നങ്ങളെയും വേർതിരിച്ചുകാണണം. ആ തരത്തിൽ കരിപ്പൂരിെൻറ വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്തനായ ഒരാൾ കേരളത്തിൽ ഇല്ലെന്നതാണ് മലബാറിെൻറയും കേരളത്തിെൻറയും നിർഭാഗ്യം. റെയിൽവേക്ക് വകുപ്പുണ്ടാക്കിയ കേരളം ഇത്രയും കാലമായി ഒരു വ്യോമയാന വകുപ്പുണ്ടാക്കിയിട്ടില്ല. ഇത്തരം വിഷയങ്ങളിൽ പരിജ്ഞാനമുള്ള ഒരാൾ കരിപ്പൂരിെൻറ കാര്യത്തിൽ സംസ്​ഥാന സർക്കാറിനെ സഹായിക്കാനില്ലാത്തതുകൊണ്ടാണ് സാങ്കേതികമായ തടസ്സവാദങ്ങൾ പ്രതിരോധിക്കാൻ സംസ്​ഥാന സർക്കാറിന് കഴിയാതെ പോകുന്നത്. കേന്ദ്ര സർക്കാറും അതോറിറ്റിയും ഉന്നയിക്കുന്ന ബാലിശമായ തടസ്സവാദങ്ങൾ കേട്ട് അപ്പടി വിഴുങ്ങി തിരിച്ചുപോരേണ്ടിവരുന്നത്. 

എയർപോർട്ട് അതോറിറ്റിയുമായും കേന്ദ്ര സർക്കാറുമായും നിരന്തരം ആശയവിനിമയം നടത്തുന്ന ഒരു ലെയ്സൺ ഓഫിസറെയെങ്കിലും നിയമിക്കാത്തിടത്തോളം സംസ്​ഥാനത്തിെൻറ താൽപര്യം മുൻനിർത്തി കരിപ്പൂരിനുവേണ്ടി സംസാരിക്കാൻ ആരുമുണ്ടാവില്ല. അതിനാൽ ഏതെങ്കിലും എം.എൽ.എയെ ഏൽപിച്ച് തീർക്കാവുന്നതുമല്ല പ്രശ്നങ്ങളെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipoor airport
News Summary - karipoor airport
Next Story