Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധുവിൻെറ...

മധുവിൻെറ കൊലപാതകത്തില്‍ വനം വകുപ്പിനെതിരെയും ആരോപണം

text_fields
bookmark_border
madhu
cancel

പാലക്കാട്: കൊല്ലപ്പെട്ട ആദിവാസി യുവാവ്​ മധുവിനെ ആക്രമിക്കാന്‍ നാട്ടുകാര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥ​​െൻറ ഒത്താശ ലഭിച്ചെന്ന് ആക്ഷേപം. അട്ടപ്പാടി ചിണ്ടക്കി ഊരിലെ എസ്.ടി പ്രമോട്ടർ സി.പി. രംഗൻ, മധുവി​​െൻറ സഹോദരി ചന്ദ്രിക എന്നിവരാണ് ആരോപണവുമായി രംഗത്തെത്തി‍യത്. ഭവാനി റേഞ്ച് ഫോറസ്​റ്റ് ഓഫിസിലെ ഡ്രൈവര്‍ വിനോദാണ് മധുവിനെ പിടികൂടാന്‍ നാട്ടുകാര്‍ക്ക് ഒത്താശ ചെയ്തതെന്നും വഴികാട്ടിയതെന്നും ഇവർ ആരോപിച്ചു.

മാവോവാദി ഭീഷണിയുള്ള പ്രദേശമായതിനാൽ മധു താമസിക്കുന്നിടത്തേക്ക് പ്രവേശിക്കാൻ കർശന നിയന്ത്രണമുണ്ട്. തിരിച്ചറിയൽ രേഖയോ പ്രത്യേക അനുമതിയോ ഇല്ലാതെ ആരെയും വനത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാറില്ല. എന്നാൽ, ഒരു പരിശോധനയുമില്ലാതെ ആൾക്കൂട്ടത്തെ മൂന്ന് കിലോമീറ്റർ ഉൾവനത്തിലേക്ക് കടത്തിവിടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നാണ്​ പരാതി. ഓട്ടോ ഡ്രൈവര്‍മാരും ജീപ്പ് ഡ്രൈവര്‍മാരുമടങ്ങിയ സംഘമാണ് വനത്തിനകത്തേക്ക് പ്രവേശിച്ചതെന്നും മധുവിനെ കാട്ടിലൂടെ നടത്തിക്കൊണ്ടുവരുമ്പോള്‍ വനംവകുപ്പി​​െൻറ ജീപ്പ് അകമ്പടിയായി വന്നെന്നും സഹോദരി ചന്ദ്രിക ആരോപിച്ചു. 

നിയന്ത്രണം നഷ്​ടപ്പെട്ട ആൾക്കൂട്ടം മധുവിനെ മർദിക്കുമ്പോൾ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കുകയായിരുന്നു. മുക്കാലി ഫോറസ്​റ്റ് ഓഫിസിന് മുന്നിലെത്തിച്ച്​ മർദിച്ചപ്പോഴും പരസ്യവിചാരണ നടത്തിയപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടുനിന്നെന്ന് എസ്.ടി പ്രമോട്ടർ രംഗൻ പറഞ്ഞു. മജിസ്ട്രേറ്റ്തല അന്വേഷണത്തിൽ താൻ ഇക്കാര്യം മൊഴിയായി നൽകിയിട്ടുണ്ടെന്നും ആദിവാസി എക്സ്​റ്റൻഷൻ ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അട്ടപ്പാടി: വനം വിജിലൻസ് അന്വേഷിക്കും -മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് വനം വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. ചാനൽ വാർത്തയിൽ സൂചിപ്പിച്ച ജീപ്പ് ഡ്രൈവർ വനംവകുപ്പ് ഉദ്യോഗസ്ഥനല്ല. മുക്കാലിയിലുള്ള ഏതോ ജീപ്പ് ഡ്രൈവറെ വനംവകുപ്പ്​ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിച്ചാണ് വ്യാജവാർത്ത നൽകിയത്. ആദിവാസികൾക്ക് വനത്തിനുള്ളിൽനിന്ന്​ തേനും മറ്റ് അനുവദനീയമായ വനോൽപന്നങ്ങളും ശേഖരിക്കുന്നതിന് ഒരു തടസ്സവും നിലവിലില്ല. തേൻ ശേഖരിക്കുന്നതിന് പോലും ആദിവാസികൾക്കെതിരെ കേസെടുക്കു​െന്നന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. അട്ടപ്പാടി സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

ആരോപണം അന്വേഷണം വഴിതിരിക്കാൻ -ഫോറസ്​റ്റ് ഓഫിസർ
പാലക്കാട്: മധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന വാദം അന്വേഷണം വഴിതിരിച്ചുവിടാനാണെന്ന് മണ്ണാർക്കാട് ഡിവിഷനൽ ഫോറസ്​റ്റ് ഓഫിസർ വി.പി. ജയപ്രകാശ്. മണ്ണാർക്കാട് ഡിവിഷനിൽ വിനോദ് എന്ന പേരിൽ ഉദ്യോഗസ്ഥനില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, ഭവാനി ഫോറസ്​റ്റ് റേഞ്ച് ഓഫിസിൽ ദിവസവേതനാടിസ്ഥാനത്തിൽ വിനോദ് എന്ന ഡ്രൈവറുണ്ടെന്ന് സൈലൻറ് വാലി റേഞ്ച് ഓഫിസർ നജ്മൽ അമീൻ പറഞ്ഞു. പക്ഷേ, സംഭവം നടന്ന ദിവസം ഇയാൾ അവിടെയുണ്ടായിരുന്നില്ല. താനും വിനോദുമടക്കമുള്ളവർ തമിഴ്നാട് കോത്തഗിരിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. 22ന് രാവിലെ ഏഴിന് പുറപ്പെട്ട ഉദ്യോഗസ്ഥസംഘം രാത്രി 11നാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

വനപാലകരുടെ പങ്ക് അന്വേഷിക്കും -ഐ.ജി
തൃശൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആക്രമിക്കാൻ കാട്ടിൽ എത്തിയവർക്ക്​ വഴി കാട്ടിയത്​ വനപാലകരാണെന്ന ആരോപണം അന്വേഷിക്കുമെന്ന് തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന്​ നേതൃത്വം നൽകുന്ന ​െഎ.ജി പറഞ്ഞു. 
പോസ്​റ്റ്​മോർട്ടം റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ഐ.പി.സി 307,302,324 വകുപ്പുകൾ പ്രകാരമാണ്​ കേസ്​. പട്ടികജാതി-^പട്ടികവർഗ  വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ തടയുന്ന നിയമമനുസരിച്ചും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി നിയമപ്രകാരവും സംരക്ഷിത വനത്തിൽ അതിക്രമിച്ച് കയറിയതിനും കേസെടുത്തിട്ടുണ്ട്​. 
മധു  മാനസികാസ്വാസ്ഥ്യമുള്ളയാളാണ്. കാട്ടിലെ ഗുഹയിലായിരുന്ന ഇയാളെ പിടിച്ചു കൊണ്ടുവന്നാണ് മർദിച്ചത്. മധു  മരണമൊഴിയിൽ പരാമർശിച്ചവരിൽ 11 പേർ കസ്​റ്റഡിയിലായിട്ടുണ്ട്. എട്ടുപേരുടെ അറസ്​റ്റ്​ രേഖപ്പെടുത്തി. കസ്​റ്റഡിയിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്യുകയാണ്. നാലുപേർ കൂടി പിടിയിലാവാനുണ്ട്. പൊലീസി​െൻറ  പ്രാഥമികാന്വേഷണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക്​ വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച്​ അന്വേഷണം നടത്തുന്നുണ്ടെന്നും ഐ.ജി പറഞ്ഞു.

ഏഴ്​ പേർക്കെതിരെ വനംവകുപ്പ് കേസ്​
പാലക്കാട്: മധുവിനെ കൊലപ്പെടുത്തിയ സംഭവത്തോടനുബന്ധിച്ച്​, വനത്തിൽ അതിക്രമിച്ചുകടന്നതിന് ഏഴ്​ പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കണ്ടാലറിയാവുന്ന ഏഴ്​ പേർക്കെതിരെയാണിതെന്ന് മണ്ണാർക്കാട് ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ വി.പി. ജയപ്രകാശ് പറഞ്ഞു. കേരള വനനിയമമനുസരിച്ച് സെക്​ഷൻ 27 പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്​. വനത്തിൽ അനുമതിയില്ലാതെ അതിക്രമിച്ച്​ കയറിയവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഫോട്ടോ പരിശോധിച്ച് ഓരോരുത്തരെയും തിരിച്ചറിഞ്ഞുവരികയാണ്. പൊലീസ് എഫ്.ഐ.ആർ ലഭിച്ച ശേഷമാണ് വനംവകുപ്പ് മറ്റ്​ നടപടികൾ സ്വീകരിക്കുക. കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇപ്പോൾ  ചുമത്തിയത്.  

വനം വകുപ്പ്​ ഉ​ദ്യോഗസ്​ഥർക്കെതിരെ ​കൊലക്കുറ്റത്തിന്​​ കേസെടുക്കണം -പി.സി. ജോർജ്​
കോട്ടയം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പ്​ ഉദ്യോഗസ്​ഥർക്കെതിരെ ​കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്ന്​ കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. വനത്തിനുള്ളിൽ താമസിച്ചിരുന്ന മധുവിനെ ആള്‍ക്കൂട്ടത്തിന് കാട്ടിക്കൊടുത്ത്​ വനം വകുപ്പ്​ ജീവനക്കാരനായ വിനോദാണെന്നും അദ്ദേഹം​ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
 സംഭവം സി.ബി.​െഎക്കൊണ്ട്​ അന്വേഷിപ്പിക്കണം. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി വേണം. മധു മോഷണം നടത്തിയിട്ടുണ്ടെങ്കിൽ അത്​ പട്ടിണികൊണ്ടാണ്. അങ്ങനെയെങ്കില്‍ ഖലീഫ ഉമര്‍ പറഞ്ഞതുപോലെ പട്ടിണിക്കിടുന്ന ഭരണാധികാരികളുടെ കൈയാണ് ഛേദിക്കേണ്ടത്. എൽ.ഡി.എഫ്​ സർക്കാർ ഇതി​​െൻറ ശിക്ഷ ഏറ്റുവാങ്ങണമെന്നും ജോർജ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmob attackmadhumalayalam newsAadivasyForest Officers
News Summary - Forest Officers Are Present At the Time of Lynching Says Sister - Kerala News
Next Story