Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാ‍യിമാരുടെ സ്വന്തം...

ഭാ‍യിമാരുടെ സ്വന്തം നാട്

text_fields
bookmark_border
ഭാ‍യിമാരുടെ സ്വന്തം നാട്
cancel

അരനൂറ്റാണ്ടു മുമ്പ് സ്വപ്നങ്ങള്‍ മുറുകെപ്പിടിച്ച് മറുനാടുകളിലേക്ക് കുടിയേറിയ മലയാളികളുടെ മണ്ണ് ഇപ്പോള്‍ കുടിയേറ്റത്തിന്‍െറ പുതിയ കഥകളാല്‍ നിറയുന്നു. രാജ്യത്തിന്‍െറ നാനാഭാഗങ്ങളില്‍നിന്ന് ജീവിതം തേടി കേരളത്തില്‍ വന്നിറങ്ങുന്നവരുടെ എണ്ണം ദിനേന കൂടിക്കൊണ്ടിരിക്കുന്നു. 80കളുടെ തുടക്കത്തില്‍ കേരളത്തിലേക്ക് തുറന്നുവെച്ച മറുനാടന്‍ തൊഴിലാളികളുടെ ഒഴുക്ക് നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ഘടനയെ പുതുക്കിപ്പണിയുകയാണ്. ഒരു ചായ കുടിക്കണമെങ്കില്‍, മുടി വെട്ടണമെങ്കില്‍, വീട് കെട്ടണമെങ്കില്‍ പോലും മറുനാടന്‍ തൊഴിലാളികളെ ആശ്രയിക്കേണ്ടവിധം കേരളം മാറി. ബംഗാള്‍, ബിഹാര്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ ദേശങ്ങളില്‍നിന്ന് 35 ലക്ഷത്തോളം തൊഴിലാളികളാണ് ഇന്ന് കേരളത്തില്‍ ഉപജീവനം തേടുന്നത്. ഈ തൊഴില്‍ പടയെ കേരളം എങ്ങനെ ആശ്രയിക്കുന്നുവെന്നും ഇവരോടുള്ള മലയാളികളുടെ മനോഭാവം എന്താണെന്നും സാമൂഹികവും സാംസ്കാരികവുമായി ഇവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏതൊക്കെയെന്നും ‘മാധ്യമം’ ലേഖകര്‍ നടത്തിയ അന്വേഷണം ഇന്നു തുടങ്ങുന്നു.


കോഴിക്കോട് തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  പ്രീതി സോംഗാറിനെ പരിചയപ്പെടാം. കേരളത്തിലെ ആദ്യത്തെ ഇതര സംസ്ഥാന സ്റ്റുഡന്‍റ് പൊലീസ് കാഡറ്റാണ് ഈ ഒമ്പതാം ക്ളാസുകാരി.  ഉത്തര്‍പ്രദേശില്‍നിന്ന് 24 വര്‍ഷംമുമ്പ് തൊഴില്‍ തേടിയത്തെിയ ശിവസമൂജിന്‍െറയും സരിതദേവിയുടെയും മകളായ പ്രീതിക്ക് കേരളം സ്വന്തം നാടാണ്. നാലു വര്‍ഷമായി വലിയങ്ങാടിയില്‍ സ്ഥിരതാമസമാണ് ഇവര്‍. കേരളത്തിലേക്ക് ഉത്തരേന്ത്യയില്‍നിന്നുള്ള കുടിയേറ്റം ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇങ്ങനെയും ചില ചിത്രങ്ങള്‍ കാണാനാകും.  നിര്‍മാണത്തൊഴിലിനും റോഡുപണിക്കുമായി കേരളത്തിലത്തെിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൈവെക്കാത്ത തൊഴില്‍മേഖലകളില്ലാതായിരിക്കുന്നു. ആവോളം അധ്വാനിക്കുന്ന ഈ വിഭാഗത്തിന് മക്കളെ വിവാഹം ചെയ്ത് നല്‍കിയ കുടുംബങ്ങള്‍വരെയുണ്ട് കേരളത്തില്‍. അതേസമയംതന്നെയാണ് ഏറെ ചര്‍ച്ചചെയ്ത ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമെന്ന അസംകാരന്‍ പിടിയിലായതും. ഈ സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കേരള ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാകുന്നത്.

ഗള്‍ഫിലൊരു കേരളം; കേരളത്തിലൊരു ബംഗാള്‍
ദൈവത്തിന്‍െറ സ്വന്തം നാടാകുന്നതിനുംമുമ്പേ കേരളം കുടിയേറ്റത്തിന്‍െറ നാടായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടുന്നതിനുംമുമ്പേ മലയാളി കുടിയേറ്റം ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഉറച്ചുനിന്ന മലബാറുകാരെ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധപൂര്‍വം അന്തമാനിലേക്കും നികോബാറിലേക്കും കയറ്റിവിട്ടു. അവിടെ മലപ്പുറവും കോഴിക്കോടുമെല്ലാം രൂപംകൊണ്ടു. പിന്നെ, തൊഴില്‍ തേടി ബോംബെയിലേക്കും ബര്‍മയിലേക്കും കടന്നു.
1950കളില്‍ കേരളം കണ്ടത് ഗള്‍ഫിലേക്കുള്ള കുത്തൊഴുക്കായിരുന്നു. അവിടെനിന്ന് ആസ്ട്രേലിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കുമൊക്കെ മലയാളി കടന്നു.
ഇങ്ങനെ കേരളത്തില്‍നിന്ന് പുറത്തേക്ക് കുടിയേറ്റം നടക്കുമ്പോള്‍, കേരളത്തിന് അകത്തേക്ക് മറ്റൊരു കുടിയേറ്റധാര രൂപപ്പെടുകയായിരുന്നു. ആദ്യം കേരളത്തിന്‍െറ സാധ്യതകള്‍ കണ്ടറിഞ്ഞത്തെിയത് തമിഴ്നാട്ടുകാര്‍. കൃഷിപ്പണിക്കായും വീട്ടുജോലിക്കായും തമിഴ്നാട്ടില്‍നിന്ന് ആണും പെണ്ണും കേരളത്തിലത്തെി. തൃശൂര്‍ തളിക്കുളത്തിനടുത്ത്  പത്താംകല്ലിലും മറ്റും തമിഴ് ഗ്രാമങ്ങള്‍തന്നെ രൂപപ്പെട്ടു. പിന്നീട്, തമിഴ്നാട് കാര്‍ഷിക-വ്യവസായ പുരോഗതി നേടിയപ്പോള്‍ കേരളത്തില്‍നിന്ന് തമിഴര്‍ പിന്‍വാങ്ങി. ഈ നൂറ്റാണ്ടിന്‍െറ തുടക്കത്തിലാണ് കേരളത്തിലെ സാധ്യതകള്‍ തേടി ഉത്തരേന്ത്യ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച്, കേരളത്തില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ പത്തില്‍ ഒരാള്‍ ഇതര സംസ്ഥാനക്കാരനാണ്. കൃത്യമായി പറഞ്ഞാല്‍, കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇവിടെയുള്ള മറുനാടന്‍ തൊഴിലാളികളുടെ എണ്ണം 35 ലക്ഷത്തിനടുത്തും.

പണമൊഴുകിയത്തെി; തൊഴിലാളികളും
കേരളത്തിലേക്ക് ഗള്‍ഫ് പണത്തിന്‍െറ ഒഴുക്ക് ശക്തിപ്പെട്ട 2000-2001 കാലത്താണ് മറുനാടന്‍ തൊഴിലാളികളുടെ ഒഴുക്കും ശക്തമായത്. സംസ്ഥാന സര്‍ക്കാറിന്‍െറ 2015ലെ കണക്കനുസരിച്ച് 16,25,653 പ്രവാസി മലയാളികളാണുള്ളത്.  ഇവരില്‍നിന്ന് ഒരു വര്‍ഷം സംസ്ഥാനത്ത് എത്തുന്ന വരുമാനം 85,000 കോടി രൂപ. ഗള്‍ഫ് പണത്തിന്‍െറ വരവനുസരിച്ച് കേരളത്തില്‍ ഏറ്റവും ശക്തിപ്പെട്ടത് നിര്‍മാണ മേഖലയായിരുന്നു. മലയാളികളായ വിദഗ്ധ തൊഴിലാളികളും അവിദഗ്ധ തൊഴിലാളികളും ഇതിനകം ഗള്‍ഫിലത്തെിക്കഴിഞ്ഞിരുന്നു. ഇതോടെ, നിര്‍മാണ കരാര്‍ ഏറ്റെടുത്ത വന്‍കിട കമ്പനികള്‍ മുതല്‍ ചെറുകിട മേസ്തിരിമാര്‍വരെ തൊഴിലാളികളെത്തേടി നെട്ടോട്ടം തുടങ്ങി.  തൊഴിലാളികളെത്തേടി കോണ്‍ട്രാക്ടര്‍മാരുടെയും കമ്പനികളുടെയും പ്രതിനിധികള്‍ ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ കയറി. ഇവര്‍ വഴി ആദ്യം കേരളത്തിലത്തെിയവരില്‍നിന്ന് കേട്ടറിഞ്ഞ് ഉത്തരേന്ത്യക്കാര്‍ കേരളത്തിലേക്കും ട്രെയിന്‍ കയറിത്തുടങ്ങി. അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്,  ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇതോടെ വന്‍തോതില്‍ തൊഴിലാളികളത്തെി. നേപ്പാള്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, മ്യാന്മര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍നിന്നും തൊഴിലാളികള്‍ പച്ചപ്പ് തേടിയത്തെി. അങ്ങനെ കേരളം ‘ഭായി’മാരുടെ സ്വന്തം നാടായി.

പണമൊഴുകുന്നു; പുറത്തേക്കും
ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വാശ്രയ ധനകാര്യ ഗവേഷണ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍െറ (ഗിഫ്റ്റ്) രണ്ടുമൂന്നു വര്‍ഷം മുമ്പുള്ള പഠനമാണ് ഇതരദേശ തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച് ഇപ്പോഴും ആധികാരികമായി ഉദ്ധരിക്കപ്പെടുന്നത്.  ഒരിടത്തും ഉറച്ചുനില്‍ക്കാത്ത മറുനാടന്‍ തൊഴിലാളി സ്വഭാവമാണ് അവരുടെ കണക്കെടുപ്പിനും പഠനങ്ങള്‍ക്കും വിഘാതമാകുന്നത്. തൊഴില്‍ തേടി അവര്‍ നിരന്തരം ജില്ലകളില്‍നിന്ന് ജില്ലകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബവുമായി വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് താമസിക്കുന്നവരും മക്കളെ ഇവിടെ  സ്കൂളുകളില്‍ ചേര്‍ത്തവരുമുണ്ട്. 2012ല്‍ നടന്ന പഠനമനുസരിച്ച് 25 ലക്ഷം മറുനാടന്‍ തൊഴിലാളികളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. പ്രതിവര്‍ഷം 2.35 ലക്ഷം പേര്‍ കൂടുതലായി തൊഴില്‍തേടി കേരളത്തിലേക്ക് എത്തുന്നുമുണ്ട്.  ഈ കണക്കനുസരിച്ചാണ് 2016ല്‍ ഇവര്‍ 35 ലക്ഷമെങ്കിലുമുണ്ടാകും എന്ന് വിലയിരുത്തുന്നത്. അന്നത്തെ കണക്കില്‍, 17,500 കോടി രൂപയാണ് പ്രതിവര്‍ഷം നാട്ടിലേക്ക് അയച്ചിരുന്നത്. ഇപ്പോഴത് ചുരുങ്ങിയത് 25,000 കോടി കവിഞ്ഞിട്ടുണ്ടാകും എന്ന ഏകദേശ കണക്കു മാത്രമാണ് അധികൃതരുടെ പക്കലുമുള്ളത്.

കൊയ്യാനും മെതിക്കാനും ഇതര സംസ്ഥാന തൊഴിലാളികള്‍ (ഫയല്‍ ചിത്രം)
 


തൊഴിലിടങ്ങളില്‍ വൈവിധ്യം
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ കൈയടക്കുന്ന തൊഴിലിടങ്ങളിലും വൈവിധ്യമേറെയാണ്. കെട്ടിടംപണിക്കാര്‍ എന്ന പൊതുസങ്കല്‍പം മാറിത്തുടങ്ങി.   പാലക്കാട്ടെ വ്യവസായശാലകള്‍, തൃശൂരിലെയും കോഴിക്കോട്ടെയും ആഭരണനിര്‍മാണ കേന്ദ്രങ്ങള്‍, ഇടുക്കിയിലെയും വയനാട്ടിലെയും കൃഷിയിടങ്ങള്‍, എറണാകുളത്തെ പൈ്ളവുഡ് ഫാക്ടറികള്‍,  പലഹാരനിര്‍മാണ യൂനിറ്റുകള്‍,  ഭക്ഷണനിര്‍മാണ യൂനിറ്റുകള്‍ തുടങ്ങി ഹോട്ടലുകളിലും പച്ചക്കറിക്കടകളിലും ബേക്കറികളിലുമെല്ലാം ഇവര്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരളത്തിലത്തെി  ബാര്‍ബര്‍ഷോപ്പുകള്‍ തുടങ്ങിയവരുമുണ്ട്. പള്ളികളില്‍ ഇമാമുമാരായി നിരവധിപേര്‍ ജോലി ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവര്‍ ഭാര്യമാരെ തയ്യല്‍ ജോലികള്‍ക്കായും എത്തിക്കുന്നുണ്ട്.  എറണാകുളം നഗരത്തില്‍ ഒരു മലയാള പത്രത്തിന്‍െറ സിറ്റി ഏജന്‍റ് ഒഡിഷക്കാരനാണ്. മറ്റു പത്രങ്ങളും വിതരണം ചെയ്യുന്ന ഇയാള്‍ക്ക് ഏതു വീട്ടില്‍ ഏതു പത്രം എന്ന് കൃത്യമായി അറിയാം.  മിക്ക ഏജന്‍റുമാര്‍ക്ക് കീഴിലും ‘ഭായിമാര്‍’ വിതരണക്കാരായുണ്ട്. കേരളത്തിലെ ഓണത്തിന് ഒറ്റദിവസം മാത്രം അവധി നല്‍കുന്ന സ്ഥാപനങ്ങള്‍ ഉത്തരേന്ത്യയിലെ ദീപാവലിക്കും ബംഗാളിലെ പൂജക്കുമെല്ലാം ദിവസങ്ങളോളം അവധി നല്‍കേണ്ടിവരുകയാണ്. ദീപാവലിക്ക് മുന്നോടിയായി കേരളത്തിലെ പല വര്‍ക്സൈറ്റുകളും തൊഴിലാളികളില്ലാത്തതിനാല്‍ ദിവസങ്ങളോളം പണി നിര്‍ത്തിവെക്കും. ദീപാവലിയും പൂജയുമൊക്കെ ആഘോഷിക്കാന്‍ തൊഴിലാളികള്‍ അവധിയെടുത്ത് നാട്ടില്‍ പോകുന്നതാണ് കാരണം.

വിദ്യാലയങ്ങളിലെ ‘രാജകീയ' സ്വീകരണം
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നിരവധി സ്കൂളുകളില്‍ ഇക്കുറി ആദ്യാക്ഷരം കുറിക്കാനത്തെിയത് മറുനാടന്‍ തൊഴിലാളികളുടെ മക്കളായിരുന്നു. ഡിവിഷന്‍ നിലനിര്‍ത്താന്‍ വിയര്‍പ്പൊഴുക്കുന്ന പല സ്കൂളുകാരും മുന്‍കൂട്ടിത്തന്നെ മറുനാടന്‍ തൊഴിലാളികളുടെ മക്കളെ ‘ബുക് ചെയ്തു’. ചില സ്കൂളുകളില്‍ അധ്യയന മാധ്യമമായി ഹിന്ദികൂടി  തെരഞ്ഞെടുക്കുകയും ചെയ്തു. നേരത്തേ ‘ഭായി’മാരെ ജോലി പറഞ്ഞ് മനസ്സിലാക്കാന്‍ മേസ്തിരിമാരടക്കമുള്ളവര്‍ ഹിന്ദി പഠിച്ചെങ്കില്‍, ഇപ്പോള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ പറയുന്നത് മനസ്സിലാക്കാന്‍ അധ്യാപകര്‍ ഹിന്ദി പഠിക്കുകയാണ്. ഹിന്ദി പഠിച്ചും പുസ്തകവും കുടയും ചെരിപ്പുമൊക്കെ വാഗ്ദാനം ചെയ്തും അവരും സ്വന്തം തൊഴിലുറപ്പിക്കുന്നു. സ്വന്തം നാട്ടിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലെ സ്കൂളില്‍പോലും പ്രവേശം അസാധ്യമായിരുന്നവര്‍ മക്കള്‍ക്ക് ഇവിടെ കിട്ടുന്ന ‘രാജകീയ സ്വീകരണം’ കണ്ട് മനസ്സ് നിറയുകയാണ്. അതനുസരിച്ച് കൂടുതല്‍ തൊഴിലാളികള്‍ കുടുംബത്തെ  നാട്ടില്‍നിന്ന് കൊണ്ടുവരാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നു.

ആകര്‍ഷിക്കുന്നത് ഉയര്‍ന്ന വേതനവും തൊഴില്‍ സമത്വവും
ജോലിസാധ്യതയും ഉയര്‍ന്ന വേതനവുമാണ് ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങള്‍. തങ്ങളുടെ നാടിനെ അപേക്ഷിച്ചുള്ള തൊഴില്‍ സമത്വമാണ് മറ്റൊരു ഘടകം.  ജോലിക്ക് കൂലി കിട്ടുമെന്ന ഉറപ്പും തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുമെന്നതും പുതിയ അനുഭവമാണവര്‍ക്ക്. തങ്ങളുടെ നാട്ടില്‍ കിട്ടുന്നതിന്‍െറ മൂന്നു മടങ്ങുവരെയാണ് കേരളത്തില്‍ കിട്ടുന്നത്. പിന്നെ അതത് സംസ്ഥാനങ്ങളിലെ കൃഷിപ്പിഴ, ജാതിപീഡനം, ക്രമസമാധാന പ്രശ്നങ്ങള്‍, ജീവിതനിലവാരത്താഴ്ച... അങ്ങനെ നീളുന്നു തൊഴില്‍തേടി കേരളത്തിലേക്ക് ട്രെയിന്‍ കയറുന്നതിനുള്ള പ്രലോഭനങ്ങള്‍.  കേരളത്തിലെ സാമൂഹിക സുരക്ഷിതത്വം, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ കണ്ടറിഞ്ഞ് നാട്ടില്‍നിന്ന് കുടുംബത്തെ ഒപ്പം കൂട്ടിയവരുമുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് മാത്രം ചര്‍ച്ച നടക്കുമ്പോള്‍ തന്നെ സംസ്ഥാനത്തെ എറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോടിന് താങ്ങി നിര്‍ത്തുന്നത് ഈ തൊഴില്‍പടയുടെ അധ്വാനമാണ്. അതേകുറിച്ച് നാളെ..                                   (തുടരും)

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ഭാ‍യിമാരുടെ സ്വന്തം നാട്other state workers in kerala
Next Story