Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസാധാരണ രാഷ്ട്രീയ...

അസാധാരണ രാഷ്ട്രീയ പ്രതിഭ - പിണറായി

text_fields
bookmark_border
അസാധാരണ രാഷ്ട്രീയ പ്രതിഭ -  പിണറായി
cancel

തിരുവനന്തപുരം: ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അന്യാദൃശമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്‍റെ ഉടമയാക്കി. 

കേരളത്തോട് സവിശേഷ മമതാബന്ധം പുലര്‍ത്തിയിരുന്ന അവര്‍ എന്നും തമിഴര്‍ക്കും മലയാളികള്‍ക്കുമിടയില്‍ സാഹോദര്യം നിലനില്‍ക്കുന്നതിനുവേണ്ടി പരിശ്രമിച്ചു.
കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ രാഷ്ട്രീയരംഗത്തെ തന്‍റെ അസാമാന്യമായ വ്യക്തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. ആ പ്രക്രിയയില്‍ തമിഴ് ജനതയുടെ മനസ്സില്‍ മായാത്ത മാതൃബിംബമായി അവര്‍ ഉയര്‍ന്നു. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ അവര്‍ തമിഴ് ജനതയുടെയാകെ തന്നെ സ്നേഹവിശ്വാസങ്ങള്‍ ആര്‍ജിച്ചു. 

ഒരു ജനതയുടെ മനസ്സിനെയും ഭാഗധേയത്തേയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാര്‍ നമ്മുടെ രാജ്യത്ത് അധികമില്ല.
പൊതുവേ പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത് സ്ത്രീത്വം ഒരുവിധത്തിലും പോരായ്മയല്ല മറിച്ച് മികവാണ് എന്ന് അവര്‍ തെളിയിച്ചുകാട്ടി. എം ജി ആറിന്‍റെ മരണശേഷമുള്ള ഘട്ടത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ജയലളിതക്കു മുമ്പില്‍ ഒട്ടനവധി പ്രതികൂല ഘടകങ്ങളുണ്ടായിരുന്നു. ആ പ്രതികൂല ഘടകങ്ങളെയെല്ലാം ജനങ്ങളെ കൂടെനിര്‍ത്തിക്കൊണ്ട് അതിജീവിക്കുകയായിരുന്നു. അങ്ങനെ തമിഴ്നാട്ടിലെ എം ജി ആര്‍ രാഷ്ട്രീയശൈലിയുടെ തുടര്‍ക്കണ്ണിയായി ജയലളിത ജനമനസ്സുകളില്‍ സ്ഥാനം നേടി.

സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അങ്ങനെ ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുന്നതിനും മുഖ്യമന്ത്രി എന്ന നിലയില്‍ ജയലളിത പല ഘട്ടങ്ങളിലും വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല. രാജ്യസഭാംഗമെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമൊക്കെ അവര്‍ സ്വന്തം നാടിന്‍റെ മനസ്സും ശബ്ദവുമായി നിലനില്‍ക്കുകയായിരുന്നു. അതിനെ തമിഴ് ജനത മനസ്സുകൊണ്ട് അംഗീകരിക്കുകയുമായിരുന്നു.

ചലച്ചിത്രകലാരംഗത്ത് അസാമാന്യപ്രതിഭയായി തിളങ്ങിനിന്ന ഘട്ടത്തിലാണ് ജയലളിത ആ രംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നത്. കലാരംഗത്തിനുണ്ടായ നഷ്ടം രാഷ്ട്രീയരംഗത്തിന് മുതല്‍ക്കൂട്ടായി എന്നു പറയാം. എന്തായാലും മികച്ച അഭിനേത്രി എന്ന നിലയില്‍ ജയലളിത ചലച്ചിത്രരംഗത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന വലിയൊരു ആസ്വാദകസമൂഹമുണ്ട്.
ദ്രാവിഡ രാഷ്ട്രീയത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ട് അതിനെ പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്തിയ വ്യക്തി എന്ന നിലയില്‍ രാഷ്ട്രീയചരിത്രം ജയലളിതയെ അടയാളപ്പെടുത്തുമെന്നത് നിശ്ചയമാണ്. ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയ ഭരണാധികാരി എന്ന നിലയിലും സംസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ മാറ്റം വരുത്താന്‍ വേണ്ടി ഇടപെട്ട നേതാവ് എന്ന നിലയിലും ഒക്കെ ജയലളിതയുടെ സംഭാവനകള്‍ സ്മരിക്കപ്പെടും. 

ജയലളിതയുടെ വിയോഗം മൂലമുണ്ടാകുന്നത് തമിഴ്നാടിനു മാത്രമല്ല ഇന്ത്യയ്ക്ക് പൊതുവിലുള്ള നഷ്ടമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സാഹോദര്യഭാവത്തോടെ അയല്‍പക്കത്ത് നിലകൊണ്ടിരുന്ന ഒരു ഭരണാധികാരിയെയാണ് നഷ്ടപ്പെടുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും തീവ്രമായ ദുഃഖത്തില്‍ പങ്കുചേരുന്നു. ഹൃദയപൂര്‍വമായ അനുശോചനം രേഖപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J Jayalalithaa
News Summary - -
Next Story