Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപളനിസാമി നിഴൽ...

പളനിസാമി നിഴൽ മുഖ്യമന്ത്രി; അരങ്ങേറുക മന്നാർഗുഡി രാജ്

text_fields
bookmark_border
പളനിസാമി നിഴൽ മുഖ്യമന്ത്രി; അരങ്ങേറുക മന്നാർഗുഡി രാജ്
cancel

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി നാളെ വിശ്വാസവോട്ട് തേടാനിരിക്കെ തമിഴകത്തിന്‍റെ ഭരണസാരഥ്യം ഇനി മന്നാർഗുഡി മാഫിയയുടെ കൈകളിൽ തന്നെയാകുമെന്ന് വ്യക്തം. ഭരണത്തിന്‍റെ തലപ്പത്ത് എടപ്പാടി കെ. പളനിസാമിയായിരിക്കുമെങ്കിലും ശശികലയുടെ മരുമകനും എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ദിനകരനായിരിക്കും യഥാർഥത്തിൽ ഭരണം നടത്തുക എന്നാണ് സൂചന. ചിന്നമ്മ ജയിലിലേക്ക് പോകുന്നതിന് മുൻപ്   എ.ഐ.എ.ഡി.എം.കെയുടേയും ഭരണത്തിന്‍റെയും ചുക്കാൻ ദിനകരനെ ഏൽപ്പിച്ചിരുന്നു. ജയിലിൽ നിന്ന് ശശികലയുടെ റിമോട്ട് കൺട്രോൾ ഭരണം തന്നെയാകും നടപ്പാക്കപ്പെടുക എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ശശികലയോടുള്ള പരിപൂർണമായ വിശ്വസ്തതയും കൂറും മാത്രമാണ് പളനിസ്വാമിയുടെ യോഗ്യതകൾ എന്ന് എല്ലാവർക്കുമറിയാം. ഭരണകാര്യങ്ങളിൽ പ്രാവീണ്യമുള്ള പളനിസാമിക്ക് പക്ഷെ സ്വതന്ത്രമായ തീരുമാനം എടുക്കാനോ നടപ്പിലാക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്.

ദിനകരന് പുറമെ, മന്നാർഗുഡി മാഫിയിയയിൽ ഉൾപ്പെട്ട ആർ.പി രാവണനും പളനിസാമി ദിനംപ്രതി റിപ്പോർട്ട് നൽകേണ്ടതുണ്ടെന്നും പറ‍യപ്പെടുന്നു. പളനിസ്വാമി മുഖ്യമന്ത്രിയായാലും തമിഴ്നാട്ടിൽ ഇനി മന്നാർഗുഡി രാജ് തന്നെയാകും നടപ്പാകുകയെന്ന് വ്യക്തം. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഡി.എം.കെ വർക്കിങ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിൻ ഭരണഘടനാനുസൃതമായി തമിഴ്നാട് ഭരിക്കണമെന്ന് പളനിസാമിയോട് ആവശ്യപ്പെട്ടത്.

ജയലളിത പുറത്താക്കിയ ദിനകരനേയും ബന്ധു എസ്. വെങ്കടേശിനേയും കഴിഞ്ഞ ദിവസമാണ് ശശികല പാർട്ടിയിലേക്ക് തിരിച്ചെടുത്തതും തലപ്പത്ത് പ്രതിഷ്ഠിച്ചതും. ഭരണകാര്യങ്ങളിൽ ജയലളിതയുടെ അടുത്ത വൃത്തങ്ങളിലുണ്ടായിരുന്ന ഉപദേശക ഷീല ബാലകൃഷ്ണനേയും സെക്രട്ടറിമാരായ കെ.എൻ.വെങ്കട്ടരമണൻ, എ.രാമലിംഗം എന്നിവരേയും പുറത്താക്കിയതിന് പിന്നിൽ ദിനകരനും എസ്. വെങ്കടേശുമാണെന്നും ആരോപണമുണ്ട്.

സംസ്ഥാനത്തെ ഭരണയന്ത്രം പന്നീർസെൽവം അനുയായികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പളനിസാമിയും ദിനകരനും ഒരുപോലെ വിശ്വസിക്കുന്നതിനാൽ ഉടൻതന്നെ ഒരു ഉടച്ചുവാർക്കൽ പ്രതീക്ഷിക്കാം. ഇപ്പോൾത്തന്നെ തങ്ങൾക്ക് ആവശ്യമുള്ളവരെ പ്രധാനപ്പെട്ട പോസ്റ്റുകളിൽ നിയമിക്കാനായി ഇവർ ഒരു വലിയ പട്ടിക തന്നെ തയ്യാറാക്കിയിട്ടുണ്ടത്രെ. തിങ്കളാഴ്ച ഒ.പന്നീർസെൽവം തിരക്കിട്ട് നിയമിച്ച ഇന്‍റലിജൻസ് മേധാവി എസ്. ഡേവിഡ്സൺ ദേവസിർവതത്തിന്‍റെ സ്ഥാനം ഉടൻതന്നെ  തെറിക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് ചില പ്രധാനപ്പെട്ട തലകളും ഉടൻ തന്നെ ഉരുളുമെന്ന് ഉറപ്പാണ്. തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ശശികലക്കെതിരെ കേസ് നൽകിയ മധുരൈ എം.എൽ.എ എസ്.എസ് ശരവണനായിരിക്കും അതിൽ പ്രധാനി.

സ്വന്തം പാളയത്തിലുള്ളവരെപോലും ശശികല വിഭാഗത്തിന് വിശ്വാസമില്ല. ഒപ്പമുള്ളവരില്‍ ചിലര്‍ പന്നീര്‍സെല്‍വം ചേരിയിലേക്ക് കൂറുമാറുമോയെന്ന ഭയം പളനിസാമിയെ അലട്ടുന്നുണ്ട്. സത്യപ്രതിജ്ഞക്ക് എത്തിയ ചുരുക്കംചില എം.എല്‍.എമാര്‍ ഒമ്പത് ദിവസത്തിനുശേഷമാണ് പുറംലോകം കണ്ടത്. എടപ്പാടി കെ. പളനിസാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത് വിശ്വസ്തരായ 40ഓളം എം.എല്‍.എമാര്‍ മാത്രമാണ്. ഭൂരിപക്ഷം പേരെയും മഹാബലിപുരം കൂവത്തൂര്‍ റിസോര്‍ട്ടില്‍നിന്ന് പുറത്തിറക്കിയില്ല. മറുചേരിയിലത്തെുമെന്ന് സംശയമുണ്ടായിരുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ തടവറയിലാണ്. കൂടുതല്‍ വിശ്വസ്തരായ എം.എല്‍.എമാരെ മാത്രം മന്ത്രിമാരുടെ വാഹനങ്ങളിലാണ് സത്യപ്രതിജ്ഞക്ക് എത്തിച്ചത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaO paneerselvamtamil politics
News Summary - Mannargudi Raj
Next Story