എംബ്രയേര്‍ ഇടപാട്; ആയുധ ഇടപാടുകാരനെതിരെ സി.ബി.ഐ കേസ്
text_fieldsന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്തെ എംബ്രയേര്‍ വിമാന ഇടപാടിലെ അഴിമിതി അന്വേഷിക്കുന്ന സി.ബി.ഐ സംഘം പ്രതിരോധ ഇടപാടുകാരനെ പ്രധാന കുറ്റവാളിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. 2008ല്‍ ഇന്ത്യ ബ്രസീലിലെ എംബ്രയേര്‍ കമ്പനിയില്‍നിന്നു മൂന്നു വിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ 5.7 ദശലക്ഷം യു.എസ് ഡോളര്‍ കൈക്കൂലി കൈപ്പറ്റിയ പ്രതിരോധ ഇടപാടുകാരന് വിപിന്‍ ഖന്നക്കെതിരെയാണ് അന്വേഷണസംഘം കേസെടുത്തത്. വിദേശത്തെ രണ്ടു കമ്പനികളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള ഇടപാടുകളില്‍ നേരത്തേ ഇടപെട്ടിരുന്ന ഖന്നയെ അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് സി.ബി.ഐ വെളിപ്പെടുത്തി.
ബ്രസീലിയന്‍ കമ്പനി എംബ്രയേര്‍ സിംഗപ്പൂരിലെ ഇന്റര്‍ഡേവ് കമ്പനി എന്നിവയുമായി ചേര്‍ന്ന് 208 മില്യണ്‍ യു.എസ് ഡോളറിന്‍െറ ഇടപാടിനിടെ കൈക്കൂലി കൈപ്പറ്റിയെന്നാണ് കേസ്. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ഡെനലുമായി നടത്തിയ തോക്ക് ഇടപാടിലും ഖന്ന സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്. ഇസ്രായേലില്‍നിന്ന് ബാരക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പാകിസ്താന് വിറ്റ ഇടപാടിലും അന്വേഷണം നേരിടുന്ന ഖന്ന മുന്‍ കോണ്‍ഗ്രസ് നേതാവിന്‍െറ ബന്ധുവാണെന്ന് പറയപ്പെടുന്നുണ്ട്.
എംബ്രയേര്‍ ഇടപാടിലെ അഴിമിതി അന്വേഷിച്ച സി.ബി.ഐ സംഘം സെപ്റ്റംബറില്‍ നടത്തിയ പ്രാഥമിക അന്വേഷണം ഒക്ടോബറിലാണ് പ്രഥമദൃഷ്ട്യാ വേണ്ടത്ര തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. പ്രതിരോധ സേനക്കായി റഡാര്‍ സംവിധാനമുള്ള മൂന്ന് വിമാനങ്ങളാണ് 2008ല്‍ ബ്രസീലിലെ എംബ്രയേര്‍ കമ്പനിയില്‍നിന്നു വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.