12:30:26
24 Nov 2014
Monday
Facebook
Google Plus
Twitter
Rssfeed

ടി.പി വധം: പ്രതികള്‍ സ്ഫോടകവസ്തു ഉപയോഗിച്ചത് വ്യക്തമെന്ന് പൊലീസ്

ടി.പി വധം: പ്രതികള്‍ സ്ഫോടകവസ്തു ഉപയോഗിച്ചത് വ്യക്തമെന്ന് പൊലീസ്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒന്നുമുതല്‍ ഏഴുവരെ പ്രതികള്‍ സ്ഫോടകവസ്തു നിയമപ്രകാരം കുറ്റം ചെയ്തെന്ന് വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷിന്‍െറ മൊഴി.
ടി.പി ആക്രമിക്കപ്പെട്ട സ്ഥലത്തുനിന്ന് ലഭിച്ച ചാക്കുനൂല്‍, കടലാസ് തുടങ്ങിയവ പരിശോധിച്ചതില്‍ പൊട്ടാസ്യം ക്ളോറൈറ്റ്, അലുമിനിയം, സള്‍ഫര്‍ എന്നിവ അടങ്ങിയതായി വ്യക്തമാക്കുന്ന തിരുവനന്തപുരം ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ എം.കെ. അജിത്കുമാറിന്‍െറ റിപ്പോര്‍ട്ട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി തെളിവായി രേഖപ്പെടുത്തി. 166ാം സാക്ഷിയായ ഡിവൈ.എസ്.പി സന്തോഷിന്‍െറ വിസ്താരം അഞ്ചാം ദിവസമായ ബുധനാഴ്ചയും തുടരും. ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് എക്സ്പ്ളോസീവ് ആക്ട് ആന്‍ഡ് റൂള്‍സ് പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്ന് അറിയിച്ചതായി ഡിവൈ.എസ്.പി മൊഴിനല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്ഫോടകവസ്തു നിയമപ്രകാരമുള്ള വസ്തുക്കള്‍ അനധികൃതമായി കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്ത പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ 2012 ആഗസ്റ്റ് ആറിന് കോഴിക്കോട് ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചിരുന്നതായി ഡിവൈ.എസ്.പി സന്തോഷ് കോടതിയില്‍ പറഞ്ഞു. ടി.പി. വധിക്കപ്പെട്ടതിന് പിറ്റേന്ന് സയന്‍റിഫിക് അസിസ്റ്റന്‍റിന്‍െറ നേതൃത്വത്തിലാണ് ബോംബിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
13ാം പ്രതി പി.കെ. കുഞ്ഞനന്തന്‍ പാറാലില്‍നിന്ന് ബംഗളൂരുവിലേക്ക് ഒളിവില്‍ പോകാന്‍ ഉപയോഗിച്ച ബൊലേറോ കാര്‍ 2012 ജൂലൈ 11ന് 4.30ന് ഹാജരാക്കുകയായിരുന്നെന്ന് സന്തോഷ് മൊഴി നല്‍കി. നാലാം പ്രതി ടി.കെ. രജീഷ് ഒന്നാംപ്രതി അനൂപ് എന്നിവര്‍ ടി.പിയെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ ജൂലൈ 11ന് 12.30നാണ് കസ്റ്റഡിയില്‍ എടുത്തത്.
സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫിസില്‍ ഉപയോഗിക്കുന്നതാണ് ബൊലേറോ കാറെന്നും ഇത് ഡ്രൈവര്‍ പ്രദീപന്‍ ഹാജരാക്കുന്നത് കണ്ടതായും കൂറുമാറിയ 77ാം സാക്ഷി കെ.കെ. സുധീന്ദ്രകുമാര്‍ അന്വേഷണസമയം മൊഴിനല്‍കിയതായും ഡിവൈ.എസ്.പി പറഞ്ഞു.
പാനൂര്‍ ഏരിയാ സെക്രട്ടറിയും കൂറുമാറിയ 68ാം സാക്ഷിയുമായ കെ.കെ. പവിത്രന്‍ വിളിക്കുമ്പോള്‍ പാര്‍ട്ടി വാഹനമായ ബൊലേറോ കാറില്‍ ഡ്രൈവറായി പോകാറുണ്ടെന്ന് കൂറുമാറിയ 81ാം സാക്ഷി കെ.കെ. പ്രദീപന്‍ അന്വേഷണസമയം മൊഴിനല്‍കിയിട്ടുണ്ട്. ഒന്നാംപ്രതി അനൂപ്, നാലാംപ്രതി ടി.കെ. രജീഷ് എന്നിവരെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ കാര്‍ ഏര്‍പ്പാടാക്കിയെന്ന് കൂറുമാറിയ 80ാം സാക്ഷി പി. രജീഷ് കേസന്വേഷണ സമയം മൊഴിനല്‍കിയിരുന്നു.
ടി.പിയെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ ആറാംപ്രതി അണ്ണന്‍ സിജിത്തിനെ പിറ്റേന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സിക്കാന്‍ 26ാം പ്രതി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനൊപ്പം കൊണ്ടുപോയത് 76ാം പ്രതി ധനീഷാണെന്ന് കണ്ടതിനാല്‍ 2012 ജൂലൈ 22ന് 11.30ന് പ്രത്യേക അന്വേഷണസംഘം ഓഫിസില്‍ ധനീഷിന്‍െറ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളുടെ വസ്ത്രങ്ങള്‍ കത്തിച്ച 32ാം പ്രതി സി.എം. സുനിതന്‍ എന്ന സുനിയെ 2012 ജൂലൈ 26നും അറസ്റ്റ് ചെയ്തു.
ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടിസുനി, അഞ്ചാംപ്രതി മുഹമ്മദ് ഷാഫി, ഏഴാംപ്രതി കെ. ഷിനോജ് എന്നീ അഞ്ച് പ്രതികളെ കൂത്തുപറമ്പ് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായം ചെയ്തത് 70ാം പ്രതി കെ. ധനഞ്ജയനാണെന്ന് വ്യക്തമായതിനാല്‍ 2012 ജൂലൈ 18ന് രാവിലെ 10ന് അയാളെയും അറസ്റ്റ് ചെയ്തു.
കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിയപ്പോള്‍ കാരായി രാജന്‍ അയാളുടെ കാറില്‍ എത്തിയെന്ന് കുറുമാറിയ 157ാം സാക്ഷി ഷിനോജ് മൊഴിനല്‍കിയിട്ടുണ്ട്. സി.പി.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫിസില്‍നിന്ന് ധനഞ്ജയന്‍, ബാബു എന്നീ പ്രതികള്‍ ഇറങ്ങിവരുന്നത് കണ്ടെന്ന് കൂറുമാറിയ 39ാം സാക്ഷി പി.കെ. പ്രത്യൂഷ് മൊഴി നല്‍കിയിട്ടുണ്ട്.
28ാം പ്രതി പി.എം. രമീഷ് എന്ന കുട്ടു ഉപയോഗിച്ച ഫോണ്‍ തന്‍െറ പേരില്‍ അയാളുടെ ചേച്ചിക്കുവേണ്ടി വാങ്ങിയതാണെന്ന് സാക്ഷി സുബിന ബാബുരാജ് മൊഴി നല്‍കിയിട്ടുണ്ട്. ആറാംപ്രതി അണ്ണന്‍ സിജിത്തിന്‍െറ ഫോണ്‍ തന്‍െറ പേരിലുള്ളതാണെന്ന് കൂറുമാറിയ 109ാം സാക്ഷിയും സിജിത്തിന്‍െറ മാതാവുമായ വസന്ത മൊഴി നല്‍കിയിരുന്നു.
പ്രതി കിര്‍മാണി മനോജിനെ വര്‍ഷങ്ങളായി പരിചയമുണ്ടെന്നും അയാള്‍ കൊടി സുനി, ഷാഫി, റഫീഖ് എന്നിവര്‍ക്കൊപ്പം മദ്യപിക്കുന്നത് കണ്ടെന്നും കൂറുമാറിയ സാക്ഷി മൊഴി നല്‍കിയിട്ടുണ്ടെന്നും ഡിവൈ.എസ്.പി സന്തോഷ്, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.കെ. ശ്രീധരന്‍, അഡ്വ.പി. കുമാരന്‍കുട്ടി എന്നിവരുടെ വിസ്താരത്തില്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com