12:30:26
20 Dec 2014
Saturday
Facebook
Google Plus
Twitter
Rssfeed

ഡിഗ്രി സീറ്റിന് കോഴ: കടുത്ത നടപടിക്ക് സിന്‍ഡിക്കേറ്റ് ശിപാര്‍ശ

തേഞ്ഞിപ്പലം: ഡിഗ്രി സീറ്റിന് കോഴ വാങ്ങുന്ന എയ്ഡഡ്, സ്വാശ്രയ കോളജുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സിന്‍ഡിക്കേറ്റ് ശിപാര്‍ശ. കോഴ വാങ്ങിയെന്ന് തെളിഞ്ഞാല്‍ കോളജുകളുടെ അംഗീകാരം പിന്‍വലിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ കൈക്കൊള്ളാന്‍ ചൊവ്വാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോളജുകളില്‍ ഡിഗ്രി സീറ്റിന് വ്യാപകമായി കോഴ വാങ്ങുന്നുവെന്ന മാധ്യമം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ആരോപണം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്‍െറ അഞ്ച് ജില്ലാതല പരിശോധന സമിതികളെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ടിനനുസരിച്ച് ഇക്കാര്യത്തില്‍ നടപടിയുണ്ടാവുമെന്ന് വി.സി ഡോ. എം. അബ്ദുസ്സലാം അറിയിച്ചു.
എയ്ഡഡ് കോളജുകളില്‍ മാനേജ്മെന്‍റ് സീറ്റിലും സ്വാശ്രയ കോളജില്‍ മെറിറ്റ് സീറ്റിലും സീറ്റു വില്‍ക്കുന്നതാണ് വിവാദമായത്. പരമ്പരാഗത ഡിഗ്രി കോഴ്സുകള്‍ക്കുപോലും അരലക്ഷത്തോളം രൂപ കോഴ വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. സീറ്റിന് കോഴ വാങ്ങുന്നത് ഇത്രയും അധികമുള്ള കാലം ഉണ്ടായിട്ടില്ലെന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
ഡിഗ്രി ഏകജാലക സംവിധാനത്തിലെ പരാതികള്‍ പരിഹരിക്കാന്‍ ബുധനാഴ്ച പ്രത്യേക യോഗം വിളിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഏകജാലകം നടപ്പാക്കിയ കോളജ് ഡെവലപ്മെന്‍റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. എന്‍. മുഹമ്മദലി സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രവേശ പ്രക്രിയ വിശദീകരിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, ഐ.എച്ച്.ആര്‍.ഡി കോളജുകളിലെ 13,675 സീറ്റുകളില്‍ പ്രവേശത്തിന് 85,857 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതായി അദ്ദേഹം യോഗത്തെ അറിയിച്ചു. വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ പലതിലും നിരവധി അപാകതകള്‍ കടന്നുകൂടിയതാണ് ഏകജാലകത്തിനെതിരായ പരാതിയായത്. തിരുത്താന്‍ അവസരം നല്‍കിയതിലൂടെ പ്രശ്നം ഒരുപരിധിവരെ പരിഹരിച്ചു.
പട്ടികപ്രകാരം, കോളജുകളില്‍ 95 ശതമാനം വരെ സീറ്റുകളില്‍ പ്രവേശം പൂര്‍ത്തിയായതായും അദ്ദേഹം യോഗത്തെ അറിയിച്ചു. ഡിഗ്രിക്ക് അടുത്തവര്‍ഷം കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇതിനായി സര്‍വകലാശാലയില്‍ പ്രത്യേക വിഭാഗം രൂപവത്കരിക്കും.
ബി.പി.എല്‍, വികലാംഗ സംവരണ വിവരങ്ങള്‍ ചേര്‍ക്കാന്‍ വിട്ടത് ബുധനാഴ്ച ചേരുന്ന ഏകജാലക മോണിറ്ററിങ് സെല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനും യോഗം തീരുമാനിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com