Tue, 07/16/2013 - 17:52 ( 1 year 15 weeksago)
അമ്പയര്‍മാര്‍ക്ക് തെറ്റുപറ്റി, ഡി.ആര്‍.എസിന് പിന്തുണ -ഐ.സി.സി
(+)(-) Font Size

ദുബൈ: മഴ തോര്‍ന്നിട്ടും മരം പെയ്യുന്ന ആഷസ് പരമ്പരയിലെ പ്രഥമ ടെസ്റ്റില്‍ അമ്പയര്‍മാര്‍ ഭീമാബദ്ധങ്ങള്‍ വരുത്തിയതായി ഐ.സി.സിയുടെ കുറ്റ സമ്മതം. ഇംഗ്ളണ്ട് 14 റണ്‍സിന്‍െറ വിജയം ആഘോഷിച്ച മത്സരത്തില്‍, ശരിയായ തീരുമാനങ്ങള്‍ മാത്രമുണ്ടാവേണ്ട അമ്പയര്‍മാരില്‍ നിന്ന് ഏഴ് പിഴവുകളാണ് സംഭവിച്ചത്. ഇവയില്‍ നാലെണ്ണം റിവ്യൂ വഴി തിരുത്തപ്പെട്ടപ്പോള്‍ ജൊനാഥന്‍ ട്രോട്ടിന്‍െറ അനുവദിക്കപ്പെടാത്ത എല്‍.ബി.ഡബ്ള്യു, സ്റ്റുവര്‍ട്ട് ബ്രോഡിനെ സ്ളിപ്പില്‍ പിടിച്ചിട്ടും കളി തുടരാന്‍ അനുവദിച്ചത്, എല്‍.ബി.ഡബ്ള്യുവില്‍ ഷോട്ട് അംഗീകരിക്കാതിരുന്നത് എന്നിവ തീരാ കളങ്കമായി തിരുത്തപ്പെടാതെ കിടന്നു.
ആദ്യ ടെസ്റ്റില്‍ അമ്പയര്‍മാര്‍ മൊത്തം 72 തീരുമാനങ്ങളാണെടുത്തത്. ടെസ്റ്റില്‍ പൊതുവെ 49 തീരുമാനങ്ങളെന്ന പതിവ് തെറ്റിച്ചതാണ് നിര്‍ണായക മത്സരത്തില്‍ എണ്ണം വര്‍ധിച്ചത്. ഇത് തെറ്റുകള്‍ വരാന്‍ കാരണമായെന്ന്  ഐ.സി.സി പറയുന്നു.
റിവ്യൂ സംവിധാനം വരുംമുമ്പ് ടെസ്റ്റില്‍ 90.3 ശതമാനമായിരുന്നു ശരാശരി കൃത്യതയെങ്കില്‍ റിവ്യൂ അനുവദിച്ചതോടെ 95.8ശതമാനമായി ഉയര്‍ന്നതായി ഐ.സി.സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബൗളര്‍മാര്‍ നിരന്തരം പരീക്ഷിച്ച റിവേഴ്സ് സ്വിങ്ങും സ്പിന്നും ഒപ്പം ഒന്നാം ആഷസ് ടെസ്റ്റിന്‍െറ പിരിമുറുക്കവുമായതോടെ മത്സരം നിയന്ത്രിക്കുന്നതിനെ ബാധിച്ചത് സ്വാഭാവികം. എന്നിട്ടും മികച്ച അമ്പയറിങ്ങാണ് ദര്‍, ധര്‍മസേന, ഇറാസ്മസ് എന്നിവര്‍ നടത്തിയതെന്ന് ഐ.സി.സി  ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.
കടുത്ത വിമര്‍ശമുയര്‍ന്ന ഡി.ആര്‍.എസ് സംവിധാനത്തിനും ചൊവ്വാഴ്ച സമാപിച്ച ഐ.സി.സി യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മെച്ചപ്പെട്ട സാങ്കേതികത നടപ്പാക്കുക വഴി തീരുമാനങ്ങള്‍ കൃത്യമാക്കാനാവുന്നത് ആശാവഹമാണെന്നും റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus