Tue, 07/16/2013 - 23:21 ( 1 year 8 weeksago)
റയല്‍ അതിസമ്പന്നം: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടും ബാഴ്സ മൂന്നും സ്ഥാനത്ത്
(+)(-) Font Size
റയല്‍ അതിസമ്പന്നം: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടും  ബാഴ്സ മൂന്നും സ്ഥാനത്ത്

ലണ്ടന്‍: ഒമ്പതു തവണ യൂറോപ്പിന്‍െറ ചാമ്പ്യനായ റയല്‍ മഡ്രിഡ് ലോകത്തെ അതിസമ്പന്ന ക്ളബുകളില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം ഫോര്‍ബ്സ് പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് ഒരു പടി മുന്നോട്ടു കയറി സ്പാനിഷ് ക്ളബ് ഒന്നാമതെത്തിയത്. അഡിഡാസ്, എമിറേറ്റ്സ് എയര്‍ലൈന്‍സ് എന്നിവയുമായുണ്ടാക്കിയ കരാറുകളുടെ ബലത്തില്‍ 330 കോടി ഡോളര്‍ ആസ്തിയുള്ള റയലിനുതൊട്ടുപിറകില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 317 കോടി ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.
260 കോടി ഡോളര്‍ ആസ്തിയുള്ള സ്പാനിഷ് ലീഗ് ചാമ്പ്യന്‍ ക്ളബായ ബാഴ്സയാണ് മൂന്നാമത്. കഴിഞ്ഞ വര്‍ഷം 188 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന റയല്‍ ഒറ്റ വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് സ്വപ്നസമാനമായ കുതിപ്പാണ് പുതിയ കരാറുകളിലൂടെ കൈവരിച്ചത്. ലീഗിലെ ബദ്ധവൈരികളായ ബാഴ്സയാകട്ടെ, മുന്‍ വര്‍ഷത്തേതില്‍നിന്ന് അഞ്ചു സ്ഥാനം മെച്ചപ്പെടുത്തിയാണ് മൂന്നാമതെത്തിയത്.
പതിവുതെറ്റിച്ച് യൂറോപ്യന്‍ ഫുട്ബാള്‍ ക്ളബുകള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ റാഞ്ചിയപ്പോള്‍ പണക്കൊഴുപ്പിന്‍െറ മാമാങ്കമായ യു.എസ് ദേശീയ ഫുട്ബാള്‍ ലീഗിലെയും(എന്‍.എഫ്.എല്‍) മേജര്‍ ലീഗ് ബേസ്ബാളിലെയും(എം.എല്‍.ബി) പ്രമുഖര്‍ തൊട്ടടുത്ത സ്ഥാനങ്ങളിലേക്ക് താഴ്ന്നു.
കഴിഞ്ഞ വര്‍ഷം പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന എം.എല്‍.ബി ക്ളബ് ന്യൂയോര്‍ക് യാങ്കീസ് 230 കോടി ഡോളറുമായി നാലാമതായി. എന്‍.എഫ്.എലിലെ ഡളസ് കൗബോയ്സ് (ആസ്തി 210 കോടി ഡോളര്‍) അഞ്ചാമതും ന്യൂ ഇംഗ്ളണ്ട് പാട്രിയട്ട്സ് ആറാം സ്ഥാനത്തുമുണ്ട്.
എം.എല്‍.ബിയിലെ ലോസ് ആഞ്ജലസ് ഡോഡ്ജേഴ്സ് (160 കോടി ഡോളര്‍), എന്‍.എഫ്.എലിലെ ന്യൂയോര്‍ക് ജയന്‍റ്സ്, പ്രീമിയര്‍ ലീഗിലെ ആഴ്സനല്‍ (130 കോടി ഡോളര്‍) തുടങ്ങിയവയാണ് ആദ്യ 10ലുള്ള മറ്റു ടീമുകള്‍.
ആദ്യ 50 ടീമുകളിലെ 30ഉം സ്വന്തമാക്കി യു.എസ് ദേശീയ ഫുട്ബാള്‍ ലീഗ് തന്നെയാണ് ലിസ്റ്റിലെ ഗ്ളാമര്‍ നിര. ലീഗില്‍നിന്ന് പട്ടികയില്‍ ഇടം നേടിയ ശരാശരി ക്ളബിന്‍െറ ആസ്തി 124 കോടി ഡോളര്‍ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus