12:30:26
24 Apr 2014
Thursday
Facebook
Google Plus
Twitter
Rssfeed

അന്വേഷണത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണം -സി.ബി.ഐ

അന്വേഷണത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണം -സി.ബി.ഐ

ന്യൂദല്‍ഹി: കേസ് അന്വേഷണത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ധന ഇടപാടുകളില്‍ കൂടുതല്‍ സ്വയംഭരണാവകാശം നല്‍കണമെന്നും സി.ബി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
ഡയറക്ടറുടെ കാലാവധി മൂന്ന് വര്‍ഷമാക്കണമെന്നും ഡയറക്ടര്‍ക്ക് കേന്ദ്ര സര്‍ക്കാറിലെ സെക്രട്ടറി റാങ്ക് നല്‍കണമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. സ്വയംഭരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഭിന്നമായ അഭിപ്രായമാണ് കേന്ദ്ര അന്വേഷണ ഏജന്‍സിക്കുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് കല്‍ക്കരിപ്പാടം അഴിമതിക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് മുമ്പാകെ സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലം.
രാഷ്ട്രീയ നിയന്ത്രണത്തില്‍നിന്ന് മുക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശിപാര്‍ശകളില്‍ അഭിപ്രായമറിയിക്കാനാണ് കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഡയറക്ടറുടെ കാലാവധി രണ്ടുവര്‍ഷം മതിയെന്ന കേന്ദ്രത്തിന്‍െറ ശിപാര്‍ശയില്‍നിന്ന് വ്യത്യസ്തമാണ് സി.ബി.ഐയുടെ അഭിപ്രായപ്രകടനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് സമീപിക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്ക് വേണമെന്ന ആവശ്യവും സി.ബി.ഐ ഉന്നയിച്ചു. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വഴി മാത്രമേ സി.ബി.ഐക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാന്‍ അനുവാദമുള്ളൂ. സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ പരിശോധിക്കുന്നതിന് സമിതിയുണ്ടാക്കാനുള്ള നിര്‍ദേശം ഏജന്‍സി എതിര്‍ത്തു. ഇത്തരമൊരു സമിതി ഏജന്‍സിയില്‍ അച്ചടക്ക രാഹിത്യത്തിന് വഴിവെക്കുമെന്ന് സി.ബി.ഐ ബോധിപ്പിച്ചു.
കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച 44 പേജുള്ള സത്യവാങ്മൂലത്തിലെ ശിപാര്‍ശകളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്‍റ് ആണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഉദ്യോഗസ്ഥരെയും പൊതുപ്രവര്‍ത്തകരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ സര്‍ക്കാറിന്‍െറ അനുമതി തേടുന്നതിന്‍െറ ആവശ്യമെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. സ്വന്തം നിലക്ക് സി.ബി.ഐക്ക് അഭിഭാഷകരെ വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെയും കോടതി ചോദ്യം ചെയ്തു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന പാനല്‍ സി.ബി.ഐ ഡയറക്ടറെ നിയമിക്കണമെന്ന അഭിപ്രായത്തോട് സുപ്രീംകോടതി യോജിച്ചു.
രാഷ്ട്രീയ യജമാനന്മാരുടെ നിയന്ത്രണത്തില്‍നിന്ന് സി.ബി.ഐയെ മോചിപ്പിക്കാന്‍ നടപടി വേണമെന്ന് കല്‍ക്കരി അഴിമതിക്കേസിന്‍െറ മേല്‍നോട്ടത്തിനിടെ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയുടെ സ്വയംഭരണത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. കല്‍ക്കരിപ്പാടം അന്വേഷണത്തില്‍ ഇടപെട്ട് റിപ്പോര്‍ട്ട് തിരുത്തിയതിന് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി സി.ബി.ഐ കൂട്ടിലടക്കപ്പെട്ട തത്തയാണെന്ന് പരിഹസിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus