12:30:26
20 Oct 2014
Monday
Facebook
Google Plus
Twitter
Rssfeed

മുംബൈയിലെ ഡാന്‍സ് ബാറുകള്‍ തുറക്കാം -സുപ്രീംകോടതി

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധത്തെ തുടര്‍ന്ന് ഏഴു വര്‍ഷമായി അടച്ചിട്ട മുംബൈയിലെ ഡാന്‍സ് ബാറുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. സര്‍ക്കാരിന്‍െറ വിലക്ക് റദ്ദാക്കിയും ബോംബെ ഹൈക്കോടതി വിധി ശരിവെച്ചും ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍, ജസ്റ്റിസ് എസ്.എസ് നിജ്ജാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
സദാചാര വിരുദ്ധമാണെന്നും വേശാവൃത്തിക്ക് വഴിയൊരുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി 2005ലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ മുംബൈ ഡാന്‍സ്ബാര്‍ ഓണേഴ്സ് അസോസിയേഷനും ബാര്‍ ഡാന്‍സര്‍മാരുടെ സംഘടനയും വനിതാ സന്നദ്ധ സംഘടനകളും ബോംബെ ഹൈകോടതിയെ സമീപിച്ചു. നിരോധം തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്‍െറ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി ബോംബെ ഹൈക്കോടതി 2006ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെ, സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ വിധിക്കെതിരെ സ്റ്റേ നേടുകയായിരുന്നു. ഡാന്‍സ്ബാറുകളില്‍ പ്രവര്‍ത്തിച്ചുവന്ന 70,000 ഓളം സ്ത്രീകള്‍ ജോലിയില്ലാതെ വഴിയാധാരമായെന്നും, സാമ്പത്തിക പരാധീനത കാരണം പലരും ആത്മഹത്യ ചെയ്തെന്നും വിശദീകരിച്ച് ഒരുപറ്റം സാമൂഹിക പ്രവര്‍ത്തകരും രംഗത്തുവന്നു. ഡാന്‍സ് ബാറുകള്‍ നിരോധിച്ച സര്‍ക്കാര്‍ നക്ഷത്ര ഹോട്ടലുകളിലെ നിശാ നൃത്തത്തിന് അനുമതി നല്‍കിയതിലെ വൈരുദ്ധ്യവും ചൂണ്ടിക്കാട്ടപ്പെട്ടു.
അതേസമയം, ലൈസന്‍സുള്ള 325 ഡാന്‍സ്ബാറുകള്‍ മാത്രമേയുള്ളൂവെന്നും എന്നാല്‍, ലൈസന്‍സില്ലാതെ 2500ലധികം അനധികൃത ഡാന്‍സ്ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം ഉള്‍ക്കൊണ്ട സുപ്രീം കോടതി, ഡാന്‍സ് ബാര്‍ നടത്താന്‍ ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus