12:30:26
25 Apr 2014
Friday
Facebook
Google Plus
Twitter
Rssfeed

പബിലെ ‘കൗമാരകേളി’യില്‍ കുടുങ്ങിയത് നൂറോളം വിദ്യാര്‍ഥികള്‍

ന്യൂദല്‍ഹി: ഗുഡ്ഗാവിലെ സിറ്റി മാള്‍ പബില്‍നിന്ന് 18 തികയാത്ത നൂറോളം കുട്ടികളെ മദ്യപാനത്തിനും പുകവലിക്കും നൃത്താഭാസങ്ങള്‍ക്കുമിടയില്‍ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഇതിനെല്ലാം സൗകര്യം ചെയ്തുകൊടുത്ത കേസില്‍ ഗുഡ്ഗാവ് സിറ്റി മാള്‍ പബ് മാനേജരെയും ഉടമയെയും പൊലീസ് അറസ്റ്റു ചെയ്തു.
11ാം ക്ളാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്‍െറ പേരിലാണ് പബില്‍ ‘കൗമാരകേളികള്‍’ അരങ്ങേറിയത്. ദല്‍ഹിയിലെ പ്രശസ്തമായ പല സ്കൂളുകളില്‍നിന്നുമുള്ള 14നും 18നുമിടയിലുള്ള വിദ്യാര്‍ഥികളാണ് ലഹരി നുരഞ്ഞ ആഘോഷത്തില്‍ പങ്കെടുത്തത്. ‘സെക്സ് ആന്‍ഡ് സ്മോക്’ എന്ന പേരിലാണ് പരിപാടി നടന്നതെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകള്‍ വഴിയും എസ്.എം.എസായും വിവരമറിയിച്ചാണ് ഇവര്‍ കൂട്ടുകാരെ സംഘടിപ്പിച്ചത്. പൊലീസ് വിവരമറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ അറിയുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചശേഷം മാതാപിതാക്കള്‍ പലരും ഉന്തിയും തള്ളിയും തല്ലിയും അവരെ കൊണ്ടുപോകുന്നത് കാണാമായിരുന്നു.
ദല്‍ഹിയുടെ അനുബന്ധ നഗരമായി വികസിച്ച ഗുഡ്ഗാവില്‍ നിരവധി മാളുകളും പബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ വ്യഭിചാര കേന്ദ്രങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നേരത്തേയും കുട്ടികള്‍ക്ക് മദ്യം വിളമ്പി ആഘോഷത്തിന് അവസരമൊരുക്കിക്കൊടുത്ത ഒരു പബ് പൊലീസ് റെയ്ഡ്ചെയ്തിരുന്നു. ഏതാനും ദിവസത്തേക്ക് ഈ സ്ഥാപനം അടച്ചിട്ടെങ്കിലും 80,000 രൂപ മാത്രം പിഴ നല്‍കി ദിവസങ്ങള്‍ക്കകം വീണ്ടും തുറന്നു. പബ് മാനേജരും ഉടമയും ചൊവ്വാഴ്ച ജാമ്യത്തിലിറങ്ങി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികള്‍ക്കെതിരെ കേസെടുത്തിട്ടില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus