12:30:26
24 Apr 2014
Thursday
Facebook
Google Plus
Twitter
Rssfeed

കേരളത്തിലെ കക്കൂസ് മാലിന്യം: പ്ളാന്‍റ് നിര്‍മാണത്തിന് ഹൈകോടതി മേല്‍നോട്ടം വേണം

കേരളത്തിലെ കക്കൂസ് മാലിന്യം: പ്ളാന്‍റ് നിര്‍മാണത്തിന്  ഹൈകോടതി മേല്‍നോട്ടം വേണം

ന്യൂദല്‍ഹി: കേരളത്തിലെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിന് കേരള ഹൈകോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്കരണ പ്ളാന്‍റുകള്‍ സ്ഥാപിക്കാത്തത് സംബന്ധിച്ച കേസ് തീര്‍പ്പാക്കാനും ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. 2011ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിന് കേരളത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി കേസ് ഹൈകോടതിക്ക് കൈമാറിയത്.
1956ല്‍ കേരള സംസ്ഥാനം നിലവില്‍ വന്ന ശേഷം മാറിമാറിവന്ന സര്‍ക്കാറുകള്‍ വിഷയം ഗൗരവമായി എടുത്തില്ലെന്ന് ജസ്റ്റിസ് ദത്തു വിമര്‍ശിച്ചു. നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ മാലിന്യസംസ്കരണ പ്ളാന്‍റുകള്‍ ഇല്ലാത്തത് നാണക്കേടാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈകോടതി ഉത്തരവ് വന്നിട്ടും പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും ടെന്‍ഡറുകള്‍ സ്വീകരിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുപോലും പ്ളാന്‍റില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
പ്ളാന്‍റുകള്‍ക്ക് ആവശ്യമായ ഭൂമി ലഭിക്കാന്‍ പ്രയാസമാണെന്ന വാദമാണ് കേരളം പ്രധാനമായും ഉയര്‍ത്തിയത്. പദ്ധതിക്ക് സ്ഥലം ഏറ്റെടുത്താലുടന്‍ സമരവുമായി ജനങ്ങളെത്തുകയാണെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുന്‍ ഹൈകോടതി ജഡ്ജി കൂടിയായ അഡ്വ. ആര്‍. ബസന്ത് ബോധിപ്പിച്ചു. ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഏതാനും മന്ത്രിമാരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും പൊതുവായി നിര്‍ദേശം നല്‍കരുതെന്നും അദ്ദേഹം വാദിച്ചു. ഇതേതുടര്‍ന്നാണ് കേസ് ഉടന്‍ തീര്‍പ്പാക്കാനും പ്ളാന്‍റ് നിര്‍മാണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും സുപ്രീംകോടതി ഹൈകോടതിയോട് ആവശ്യപ്പെട്ടത്. കേസ് ഹൈകോടതിയിലേക്ക് കൈമാറിയതോടെ ഇതുമായി ബന്ധപ്പെട്ട് നേരത്തേ·സുപ്രീംകോടതി പുറപ്പെടുവിച്ച എല്ലാ ഇടക്കാല ഉത്തരവുകളും പിന്‍വലിച്ചു. ഹൈകോടതിയില്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കുമെന്നും ഓരോ ആറുമാസത്തെ· ഇടവേളകളിലും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേരളം അറിയിച്ചു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കേസില്‍ സ്വകാര്യ കമ്പനിയായ അക്വാകെം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ· ഹൈകോടതി കക്ഷിചേര്‍ത്തിരുന്നു. തുടര്‍ന്ന് അവരുടെ മാലിന്യസംസ്കരണ പദ്ധതി പഠിക്കാന്‍ ഹൈകോടതി അഡ്വക്കറ്റ് കമീഷണറെ നിയമിച്ചു. മാലിന്യപ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാനുള്ള വിദ്യകള്‍ വികസിക്കുന്നതുവരെ അക്വാകെമ്മിന്‍േറതുപോലുള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കാനായിരുന്നു കമീഷന്‍െറ ശിപാര്‍ശ. ശിപാര്‍ശ സ്വീകരിച്ച ഹൈകോടതി എല്ലാ ജില്ലയിലും പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് രൂക്ഷമായ വിമര്‍ശങ്ങള്‍ക്കൊടുവില്‍ ഹൈകോടതിയിലേക്കുതന്നെ തിരിച്ചുപോരേണ്ടിവന്നിരിക്കുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus