12:30:26
02 Sep 2014
Tuesday
Facebook
Google Plus
Twitter
Rssfeed

ബിജുവും സരിതയും പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: സോളാര്‍ പവര്‍ പ്ളാന്‍റുകളും വിന്‍ഡ് ഫാമുകളും വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ്.നായരെയും എറണാകുളത്തെ കോടതിയില്‍ ഹാജരാക്കി. എറണാകുളം നോര്‍ത്, സൗത് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളുമായി ബന്ധപ്പെട്ടാണ് പ്രതികളെ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ (സാമ്പത്തികം) കോടതിയില്‍ ഹാജരാക്കിയത്.
കോടതിയില്‍ ഹാജരാക്കിയ ഉടന്‍ ശാരീരിക അസ്വസ്ഥത ഉണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മജിസ്ട്രേറ്റ് എന്‍.വി.രാജു പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹാജരാക്കിയശേഷം മെഡിക്കല്‍ റിപ്പോര്‍ട്ടിനൊപ്പം പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ബിജു രാധാകൃഷ്ണന് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ദിവസവും വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് മജിസ്ട്രേറ്റ് പൊലീസിന് നിര്‍ദേശം നല്‍കി.
കോടതിയില്‍ ബിജുവിനുവേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. തനിക്ക് അഭിഭാഷകനെ വെക്കണമെന്ന് ബിജു അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് കോടതി അഡ്വ.എം.മല്ലിനാഥനെ ഇതിനായി ചുമതലപ്പെടുത്തി. കൊച്ചിയിലെ വിവിധ കേസുകളുടെ തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ.ഹരികൃഷ്ണന്‍െറ അപേക്ഷ കോടതി അംഗീകരിച്ചു.
വിവിധയിടങ്ങളില്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ജൂലൈ 20 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ജില്ലയില്‍ ഇതുവരെ 11 കേസാണ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണത്തിന്‍െറ ഭാഗമായി പ്രതികളുടെ കൈയക്ഷരം പരിശോധനയും പരാതിക്കാരുടെ മുന്നില്‍ ഹാജരാക്കി തെളിവെടുപ്പും നടത്തുമെന്ന് ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണന്‍ പറഞ്ഞു. തട്ടിപ്പ് നടത്തി പ്രതികള്‍ സമ്പാദിച്ച പണം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. സരിതയുടെ അറസ്റ്റിന് കാരണക്കാരനായ പരാതിക്കാരന്‍ മുടിക്കല്‍ സ്വദേശി സജാദിനെ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കൊണ്ടുവന്ന് തെളിവെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com