12:30:26
31 Jul 2014
Thursday
Facebook
Google Plus
Twitter
Rssfeed

നെപ്റ്റ്യൂണില്‍ പുതിയ ചന്ദ്രനെ കണ്ടെത്തി

വാഷിങ്ടണ്‍: നെപ്റ്റ്യൂണിനെ വലം വെക്കുന്ന പുതിയ ചന്ദ്രനെ കണ്ടെത്തിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഹബ്ള്‍ സ്പേസ് ടെലിസ്കോപ്പിലൂടെയാണ് പുതിയ ഉപഗ്രഹത്തെ കണ്ടെത്തിയത്. പുതിയ ചന്ദ്രന്‍ നെപ്റ്റ്യൂണില്‍ നിന്ന് ഏകദേശം12 മൈലില്‍ താഴെ മാത്രം ദൂരത്തിലാണ് പ്രദക്ഷിണം ചെയ്യുന്നത്. നെപ്റ്റ്യൂണ്‍ വ്യൂഹത്തില്‍ ഇതുവരെ കണ്ടെത്തിയ 13 ഉപഗ്രഹങ്ങളില്‍ ഏറ്റവും ചെറുതാണിത്. എസ്/2004 എന്ന്് പേര് നല്‍കിയിരിക്കുന്ന ഉപഗ്രഹം ഓരോ 24 മണിക്കൂറിലും നെപ്റ്റ്യൂണിനെ വലംവെക്കുന്നു. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നതില്‍ വെച്ചേറ്റവും ചെറിയ ഉപഗ്രഹത്തെക്കാള്‍ വളരെ ചെറുതും പ്രകാശം കുറഞ്ഞതുമാണ് പുതുതായി കണ്ടെത്തിയതെന്ന് നാസ പറഞ്ഞു. 1989 ല്‍ നാസയുടെ ബഹിരാകാശ പേടകം വൊയേജര്‍ -രണ്ട് നെപ്റ്റ്യൂണിന് സമീപത്തായി ഇതിനെ കണ്ടിരുന്നെങ്കിലും പിന്തുടരാനായില്ല. ഉപഗ്രഹങ്ങള്‍ അവയുടെ പ്രദക്ഷിണവീഥിയില്‍ അതിവേഗമാണ് സഞ്ചരിക്കുന്നത്.അതിനാല്‍ അവയെ പഠനവിധേയമാക്കാന്‍ മറ്റ് വഴികള്‍ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു - നാസ ശാസ്ത്രജ്ഞന്‍ ഷോവള്‍ട്ടര്‍ പറഞ്ഞു.ഇതുതന്നെയാണ് ഓട്ടക്കാരനെ ഫോക്കസ് ചെയ്യുന്ന സ്പോര്‍ട്സ് ഫോട്ടോഗ്രാഫറുടെ കാര്യത്തിലും സംഭവിക്കുന്നത്, ഓട്ടക്കാരന്‍ ഫോക്കസില്‍ തന്നെയുണ്ടാകും പക്ഷേ, ചുറ്റുവട്ടം എപ്പോഴും അവ്യക്തമായിരിക്കും - അദ്ദേഹം വെളിപ്പെടുത്തി.
2004 മുതല്‍ 2005 വരെ ഹബ്ള്‍ പകര്‍ത്തിയ നെപ്റ്റ്യൂണിന്‍െറ 150 ഫോട്ടോകളുടെ ശേഖരത്തില്‍ നിന്നാണ് പ്രദക്ഷിണം വെക്കുന്ന വെളുത്ത ബിന്ദുവിനെ കണ്ടെത്തിയത്. ഇതില്‍ കൗതുകം തോന്നിയതിനെത്തുടര്‍ന്ന് ഷോവള്‍ട്ടര്‍ പ്രദക്ഷിണ വലയങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കുകയും 65,400 മൈലുകള്‍ക്കപ്പുറമുള്ള നെപ്റ്റ്യൂണ്‍ ഉപഗ്രഹങ്ങളായ ലാറിസക്കും പ്രോട്ടിയസിനും ഇടയില്‍ പുതിയ ഉപഗ്രഹത്തെ കണ്ടെത്തുകയുമായിരുന്നെന്ന് നാസ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus