12:30:26
01 Sep 2014
Monday
Facebook
Google Plus
Twitter
Rssfeed

ഈജിപ്തില്‍ സംഘര്‍ഷം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഈജിപ്തില്‍ സംഘര്‍ഷം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

കൈറോ: ഈജിപ്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളും സൈനിക ഭരണകൂടത്തെ പിന്തുണക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. സംഘര്‍ഷത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭകര്‍ക്കുനേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ 261 ഓളം പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് വെടിമരുന്ന് പ്രയോഗിച്ചതായി മുസ്ലിം ബ്രദര്‍ഹുഡ് ആരോപിച്ചു.
പരിക്കേറ്റവരില്‍ 17 പൊലീസുകാര്‍ ഉള്‍പ്പെട്ടതായി ഔദ്യാഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 401 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവസ്ഥലത്ത് സൈനികരേയും വിന്യസിച്ചിരുന്നെന്നും പൊലീസ് മാത്രമാണ് ഏറ്റുമുട്ടലില്‍ പങ്കാളിയായതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് കുറ്റന്‍ റാലി നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. റാലിയില്‍ സമീപപ്രദേശങ്ങളിലെ ആളുകളും പങ്കെടുത്തേക്കും. കൈറോ നഗരം സ്തംഭിക്കുന്ന വിധത്തിലുള്ള റാലി സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, രാജ്യത്തിന്‍െറ ഭാവി നിര്‍ണയിക്കാന്‍ ജനങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന് അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പറഞ്ഞു. പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. മുര്‍സിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രതിനിധി ഈജിപ്തിലെത്തുന്നത്.
‘ആരേയും പഠിപ്പിക്കാനല്ല താന്‍ വന്നത്. ജനാധിപത്യത്തിലേക്കുള്ള വഴി രാജ്യത്തെ ജനങ്ങള്‍ തന്നെയാണ് രൂപപ്പെടുത്തേണ്ടത്. തങ്ങളുടെ മോഡല്‍ ഈജിപ്തില്‍ അടിച്ചേല്‍പിക്കില്ലെ’ ബേണ്‍സ് വ്യക്തമാക്കി. സ്വേച്ഛാധിപത്യ വ്യവസ്ഥക്കെതിരെ പോരാടിയ ഈജിപ്ഷ്യന്‍ ജനതയുടെ വികാരങ്ങള്‍ മാനിക്കുന്നവരോടൊപ്പമാണ് യു.എസ് നിലകൊള്ളുക.
പ്രത്യേക വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കുമൊപ്പമല്ല നയങ്ങള്‍ക്കൊപ്പമാണ് യു.എസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം അപലപിച്ചു. ഇടക്കാല ഭരണാധികാരികളുമായും സൈനിക നേതാക്കളുമായും ബേണ്‍സ് ചര്‍ച്ച നടത്തിയിരുന്നു.
സൈനിക അട്ടിമറി നടന്ന ഈജിപ്തില്‍ ഒരാഴ്ചയിലേറെയായി സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞയാഴ്ച സൈനിക വെടിവെപ്പില്‍ 53 മുര്‍സി അനുകൂല പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus