രൂപ: റിസര്‍വ് ബാങ്ക് നടപടി ഭവന, വാഹന വയ്പാ പലിശ ഉയര്‍ത്തിയേക്കും

 രൂപ: റിസര്‍വ് ബാങ്ക് നടപടി ഭവന, വാഹന വയ്പാ പലിശ ഉയര്‍ത്തിയേക്കും

മുംബൈ: രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായേക്കും. കൂടാതെ ഭവന, വാഹന വായ്പകള്‍ക്കുള്‍പ്പെടെ പലിശ നിരക്ക് ഉയര്‍ത്താന്‍ വാണിജ്യ ബാങ്കുകള്‍ നിര്‍ബന്ധിതമാകുമെന്നതിനാല്‍ തീരുമാനം സാധാരണക്കാര്‍ക്കും തിരിച്ചടിയാകും.
മൂല്യം ഉയരുമെന്ന പ്രതീക്ഷയില്‍ വിദേശ നാണയ അവധി വിപണിയില്‍ ഡോളറുകള്‍ വാങ്ങിയിടുന്നത് നിയന്ത്രിക്കാനാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണ നടപടികള്‍ പ്രാഖ്യപിച്ചത്. ബാങ്കുകള്‍ സൂക്ഷിക്കേണ്ട സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതം (എസ്.എല്‍.ആര്‍) നിലനിര്‍ത്താനായി വാങ്ങുന്ന സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഈടു നല്‍കി റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന വായ്പയുടെ (മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി) പലിശ നിലവിലെ 7.25 ശതമാനത്തില്‍നിന്ന് 10.25 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഡോളറിന്‍െറ മൂല്യം ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ വിദേശ നാണയ അവധി വിപണിയില്‍ ഡോളര്‍ വാങ്ങാന്‍ ബാങ്കുകള്‍ക്ക് വരുന്ന ചെലവ് വര്‍ധിക്കും. ഇത് പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ വാണിജ്യ ബാങ്കുകളെ നിര്‍ബന്ധിതമാക്കുമെന്നും പണവിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
12,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ വില്‍ക്കാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇത് വിപണിയില്‍ പണലഭ്യത കുറക്കുകയും പലിശ നിരക്കുകള്‍ ഉയര്‍ത്തുകയും ചെയ്യും. എന്നാല്‍, ഈ നടപടികള്‍മൂലം ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള ലാഭം ഉയരുകയും ഇപ്പോള്‍ 500 കോടിയോളം ഡോളറിന്‍െറ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വിറ്റ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുമെന്നുമാണ് വിലയിരുത്തല്‍.
ഇതോടെ, ഈ മാസം അവസാനം അവതരിപ്പിക്കുന്ന വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയും ശക്തമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus