12:30:26
26 Oct 2014
Sunday
Facebook
Google Plus
Twitter
Rssfeed

ദുരന്തത്തിന്റെ കാര്‍മേഘങ്ങള്‍

ആദ്യമൊരു ശുഭവാര്‍ത്ത- രൂപയുടെ മൂല്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയിരുന്ന വിദേശ വ്യാപാര കമ്മി 50 ശതമാനത്തോളം കുറഞ്ഞിരിക്കുന്നു. ഏപ്രിലില്‍ 1779 കോടി ഡോളറും മേയില്‍ 2014 കോടി ഡോളറുമായിരുന്ന വിദേശ വ്യാപാര കമ്മി ജൂണില്‍ 1220 കോടി ഡോളറായാണ് കുറഞ്ഞത്. രൂപയുടെ നിലതെറ്റിയുള്ള തകര്‍ച്ചക്ക് താല്‍ക്കാലികമായെങ്കിലും തടയിടുന്ന ഈ നേട്ടത്തിന്‍െറ ക്രെഡിറ്റ്, സ്വര്‍ണം ഇറക്കുമതി തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ച റിസര്‍വ് ബാങ്കിന് അവകാശപ്പെട്ടതാണ്.
2013 ഏപ്രിലില്‍ 750 കോടി ഡോളറിന്‍െറയും മേയില്‍ 840 കോടി ഡോളറിന്‍െറയും സ്വര്‍ണം ഇറക്കുമതിചെയ്ത സ്ഥാനത്ത് ജൂണ്‍ മാസത്തെ ഇറക്കുമതി 245 കോടി ഡോളര്‍ മാത്രമാണ്. മഞ്ഞലോഹത്തിന്‍െറ ഇറക്കുമതി മൂന്നിലൊന്ന് കുറഞ്ഞത് ജൂണ്‍ മാസത്തെ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി (കയറ്റുമതി വരുമാനവും ഇറക്കുമതിക്ക് വരുന്ന ചെലവും തമ്മിലെ വ്യത്യാസം) 1220 കോടി ഡോളറില്‍ പിടിച്ചുനിര്‍ത്തുന്നതിന് നിര്‍ണായ പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍, ആഹ്ളാദം ഇവിടെ തീരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന കയറ്റുമതി-ഇറക്കുമതി സംബന്ധിച്ച കണക്കുകളില്‍പോലും സമീപ ഭാവിയില്‍ രൂപയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും നേരിട്ടേക്കാവുന്ന അപകടങ്ങള്‍ പലതും പതിയിരിക്കുന്നുണ്ട്.
വിദേശവ്യാപാര കമ്മി കാര്യമായി കുറഞ്ഞെങ്കിലും ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ ജൂണില്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ജൂണിലെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി കയറ്റുമതിയില്‍ 4.6 ശതമാനത്തിന്‍െറ കുറവാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതേസമയം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇറക്കുമതിയിലുണ്ടായ കുറവ് 0.36 ശതമാനം മാത്രമാണ്. അതായത്, പ്രധാന വിദേശ വിപണികളില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തെ തുടര്‍ന്ന് കയറ്റുമതി വരുമാനത്തില്‍ കാര്യമായ ഇടിവ് ഉണ്ടാകുമ്പോഴും ഇറക്കുമതി അതിന് ആനുപാതികമായി കുറയുന്നില്ല. ഈ സാഹചര്യത്തില്‍ സ്വര്‍ണ ഇറക്കുമതികൂടി സാധാരണ നിലയില്‍ തുടര്‍ന്നിരുന്നെങ്കില്‍ വിദേശ വ്യാപാര രംഗത്ത് ഇന്ത്യ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്നേനേ.
സ്വര്‍ണ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം വരും മാസങ്ങളിലും തുടരുമെന്നതിനാല്‍ സ്വര്‍ണം വിദേശ വ്യാപാര രംഗത്ത് പൊടുന്നനെ ഒരു പ്രതിസന്ധി ഉയര്‍ത്തില്ലെന്ന് പ്രതീക്ഷിക്കാം. എങ്കിലും ഇറക്കുമതി നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ സ്വര്‍ണം ഒഴിച്ചുനിര്‍ത്തിയാല്‍ പോലും അതിവിദൂരമല്ലാത്ത ഭാവിയില്‍ വിദേശവ്യാപാര രംഗത്ത് ഇന്ത്യ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരും- പ്രത്യേകിച്ച് 2014 മാര്‍ച്ച് 31ഓടെ 17,200 കോടി ഡോളറിന്‍െറ വിദേശ വായ്പകള്‍ ഇന്ത്യ അടച്ചു തീര്‍ക്കേണ്ടതിനാല്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിസന്ധികള്‍ വിദേശ വ്യാപാരത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. വ്യവസായിക ഉല്‍പാദന സൂചികയിലുണ്ടായ കൂപ്പുകുത്തലും പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതും പ്രത്യക്ഷ നികുതി വരുമാനം പ്രതീക്ഷിച്ച തോതില്‍ ഉയരാതിരുന്നതും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് അതിഗുരുതരമായ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.
മേയ് മാസത്തെ വ്യവസായിക ഉല്‍പാദന സൂചിക പൂജ്യത്തിലും താഴേക്കുപോയത് വ്യവസായിക മേഖല വീണ്ടും ഉണരുന്നുവെന്ന മുന്‍ മാസങ്ങളിലെ സൂചന തെറ്റാണെന്നാണ് വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേസമയത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യവസായിക ഉല്‍പാദന വളര്‍ച്ച -1.6 ശതമാനമായാണ് ഇടിഞ്ഞത്. 2012 മേയില്‍ 1.9 ശതമാനവും ഈ ഏപ്രിലില്‍ 2.5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയ നിലയില്‍നിന്നാണ് വളര്‍ച്ച നിരക്ക് പൂജ്യത്തിലും താഴേക്കുപോയത്. വ്യവസായിക ഉല്‍പാദന സൂചികയില്‍ 75 ശതമാനം വെയ്റ്റേജുള്ളതും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് നിര്‍ണായകവുമായ ഉല്‍പന്ന ഉല്‍പാദന മേഖലയിലെ വളര്‍ച്ച -2 ശതമാനമായാണ് കുറഞ്ഞത്. ഖനന മേഖലയിലെ വളര്‍ച്ച 5.7 ശതമാനവും വന്‍കിട എന്‍ജിനീയറിങ് മേഖലയുടെ വളര്‍ച്ച 2.7 ശതമാനവും ഇടിഞ്ഞു.
വ്യവസായിക മേഖലയുടെ തളര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന് വ്യവസായികളുടെ സംഘടനയായ അസോചം ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങളില്‍ വന്‍ തോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന് അവര്‍ പറയുന്നു. ഇത് തൊഴിലാളികളുടെ ലേ ഓഫിനും പിരിച്ചുവിടലിനും കാരണമാകും. വാഹന നിര്‍മാണ മേഖലയില്‍ പ്രതിസന്ധി ഇതിനകം രൂപപ്പെട്ടുകഴിഞ്ഞു. ഓരോ മാസവും വില്‍പന കുത്തനെ ഇടിഞ്ഞുതുടങ്ങിയതോടെ ഈ മേഖലയില്‍ ഇപ്പോള്‍ പുതിയ നിയമനങ്ങള്‍ പാടെ നിലച്ചിരിക്കുകയാണ്. പ്രശ്നം തുടര്‍ന്നാല്‍ വൈകാതെ മറ്റു മേഖലകളും ഈ വഴിക്കു നീങ്ങുമെന്നാണ് ആശങ്ക.
സാമ്പത്തിക വളര്‍ച്ച പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് വ്യവസായിക മേഖലയിലെ പ്രതിസന്ധി കൂടുതല്‍ ശക്തമാകുന്നത്. വ്യവസായിക മേഖലയിലെ പ്രതിസന്ധി മറ്റു മേഖലകളിലെ വളര്‍ച്ചക്കും ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയുടെ മുരടിപ്പ് ബജറ്റ് കമ്മി ഉയരുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍ക്കാറിന്‍െറ നികുതി പിരിവുമായി ബന്ധപ്പെട്ട കണക്കുകള്‍ ഈ ഭീഷണിയും യാഥാര്‍ഥ്യമാവുകയാണെന്ന സൂചനയാണ് നല്‍കുന്നത്.
സര്‍ക്കാറിന്‍െറ ഏറ്റവും പ്രധാന വരുമാന മാര്‍ഗമായ പ്രത്യക്ഷ നികുതി പരിവില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ച വര്‍ധന ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2013 ഏപ്രില്‍-ജൂണ്‍ കാലത്ത് പ്രത്യക്ഷ നികുതി വരുമാനത്തിലെ വര്‍ധന 6.44 ശതമാനം മാത്രമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ 84,274 കോടി രൂപയുടെ സ്ഥാനത്ത് ഇക്കുറി ലഭിച്ചത് 89,705 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യ പാദത്തില്‍ പ്രത്യക്ഷനികുതി വരുമാനത്തില്‍ 47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടത്. ആദായനികുതി റീഫണ്ടുകള്‍ പിടിച്ചുവെച്ചതാണ് കഴിഞ്ഞ വര്‍ഷത്തെ വന്‍ വര്‍ധനവിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കുറി സര്‍ക്കാറിന്‍െറ പ്രതീക്ഷകളുടെ അടുത്തുപോലും നികുതിവരുമാനം എത്തിയിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് ഒരു കാരണം വ്യവസായിക മേഖലയിലെ മാന്ദ്യമാകാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. അങ്ങനെയെങ്കില്‍ നടപ്പു സാമ്പത്തികവര്‍ഷത്തിന്‍െറ തുടക്കത്തില്‍ തന്നെ വ്യവസായ വളര്‍ച്ച കുത്തനെ ഇടിയുന്ന പ്രവണത കാണിക്കുന്നതിനാല്‍ വരും മാസങ്ങളിലെ നികുതി പിരിവിനെയും അത് ബാധിക്കും.
നടപ്പു സാമ്പത്തിക വര്‍ഷം 6.7ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി ഇനത്തില്‍ കേന്ദ്ര ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2012-13 സാമ്പത്തിക വര്‍ഷം ലഭിച്ച നികുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 18 ശതമാനം അധികമാണിത്. വരും മാസങ്ങളില്‍ നികുതി പിരിവ് മെച്ചപ്പെടുന്നില്ലെങ്കില്‍ പ്രത്യക്ഷ നികുതി വരുമാനം കാര്യമായി കുറയുകയും ധനക്കമ്മി ഭീമമായി വര്‍ധിക്കുകയും ചെയ്യും.
പ്രത്യക്ഷനികുതി വരുമാനം വര്‍ധിക്കണമെങ്കില്‍ വരും മാസങ്ങളില്‍ വ്യവസായിക മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടണം. അതിന് പലിശനിരക്ക് കുറയുകയും വ്യവസായ രംഗത്തെ നിക്ഷേപങ്ങള്‍ ശക്തിപ്പെടുകയും വേണം. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കില്‍ ചില്ലറ വിപണിയിലെ പണപ്പെരുപ്പം ഉയര്‍ന്നത് പലിശനിരക്കുകള്‍ കുറയാനുള്ള സാധ്യതകളാണ് ഇല്ലാതാക്കുന്നത്.
കഴിഞ്ഞയാഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ അവശ്യവസ്തുക്കളുടെ വിലപ്പെരുപ്പം മേയ് മാസത്തെ 9.31 ശതമാനത്തില്‍നിന്ന് ജൂണില്‍ 9.87 ശതമാനമായാണ് വര്‍ധിച്ചത്. രൂപയുടെ മൂല്യത്തകര്‍ച്ചകൂടി കണക്കിലെടുക്കുമ്പോള്‍ ഇനിയുള്ള മാസങ്ങളില്‍ പണപ്പെരുപ്പം കൂടുതല്‍ ഉയരാനാണ് സാധ്യത. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പലിശനിരക്ക് കുറക്കുന്ന കാര്യം ചിന്തിക്കാന്‍പോലും കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞ ദിവസംകൂടി വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) നേരിട്ട് പലിശനിരക്കുകള്‍ സമീപ ഭാവിയിലൊന്നും കുറക്കില്ലെന്ന് ഇതില്‍ നിന്ന് ഉറപ്പ്. വിപണിയിലെ മാന്ദ്യവും വ്യവസായിക വളര്‍ച്ചാ മുരടിപ്പും വാണിജ്യ ബാങ്കുകളെയും ബാധിച്ച് പലിശനിരക്ക് കുറയണം എന്നതാണ് ആര്‍.ബി.ഐ നിലപാട്. അല്ലെങ്കില്‍ പണപ്പെരുപ്പം കൂടുതല്‍ വഷളാവുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാവും ചെയ്യുക.
ഫലത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കുമുകളില്‍ പ്രശ്നങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus